രാമായണമാസാചരണത്തോനുബന്ധിച്ച് കാറൽമണ്ണ വേദഗുരുകുലത്തിന്‍റെ ആഭിമുഖ്യത്തിൽ ചെർപ്പുളശ്ശേരി നഗരസഭയുടെ വിവിധഭാഗങ്ങളിൽ വാല്മീകി രാമായണത്തെ അടിസ്ഥാനമാക്കിയ പഠനക്ലാസ്സുകളും സത്സംഗങ്ങളും നടത്താൻ 03.07.2022 ന് കാലത്ത് 10 ന് വേദഗുരുകുലത്തിൽ വെച്ചു നടന്ന ഗുരുകുലം ക്ഷേമസമിതി യോഗം തീരുമാനിച്ചു. തിരുമുല്ലപ്പള്ളി ക്ഷേത്രം ട്രസ്റ്റി ബ്രഹ്മശ്രീ ടി. എം. ഭവദാസൻ നമ്പൂതിരിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ വേദഗുരുകുലം അധ്യക്ഷൻ ശ്രീ. വി. ഗോവിന്ദദാസ് മാസ്റ്റർ സ്വാഗതം ആശംസിച്ചു. ആര്യസമാജം പ്രചാരകനും വേദഗുരുകുലം അധിഷ്ഠാതാവുമായ ബ്രഹ്മശ്രീ കെ. എം. രാജൻ മീമാംസക് വിഷയാവതരണം നടത്തി. തുടർന്ന് നടന്ന വിശദമായ ചർച്ചകൾക്ക് ശേഷം വിവിധ പ്രചാരണ പരിപാടികൾക്ക് നേതൃത്വം നൽകാൻ ഒരു സമിതിയെ തെരഞ്ഞെടുത്തു. തിരുമുല്ലപ്പള്ളി ക്ഷേത്രം ട്രസ്റ്റി ബ്രഹ്മശ്രീ ടി. എം. ഭവദാസൻ നമ്പൂതിരി, ചെർപ്പുളശ്ശേരി നഗരസഭാംഗം ശ്രീമതി. കെ. രജനി (രക്ഷാധികാരികൾ), ശ്രീ. അനിലകുമാർ. സി. (അധ്യക്ഷൻ), ശ്രീ. അജിത് കുമാർ (ഉപാധ്യക്ഷൻ), ശ്രീ. ഹരിദാസ്. കെ. (കാര്യദർശി), ശ്രീ. കെ. എം. പരമേശ്വരൻ നമ്പൂതിരി, ശ്രീ. എം. വി. വിശ്വനാഥൻ (സഹ കാര്യദർശിമാർ).
വേദഗുരുകുലത്തിന്‍റെ ആഭിമുഖ്യത്തിൽ താഴെ കൊടുക്കുന്ന സേവാപ്രവർത്തനങ്ങൾ തുടങ്ങാനും തീരുമാനിച്ചു.
- സനാതനധർമ്മ പഠനത്തിനായി കുട്ടികൾക്ക് വേണ്ടി ആർഷപഠനസരണി എന്ന ഒരു ക്ലാസ്സ് ജൂലൈ 17 ന് ആരംഭിക്കുന്നതാണ്. ആഴ്ചയിൽ ഒരിക്കൽ ഒരു മണിക്കൂർ വീതമായിരിക്കും ക്ലാസ്സുകൾ.
- ഇക്കഴിഞ്ഞ SSLC പരീക്ഷക്ക് ഉന്നത മാർക്ക് നേടി വിജയിച്ച് സർക്കാർ സ്‌കൂളുകളിൽ പ്ലസ് ടു കോഴ്സിന് ചേരുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരും മറ്റു ആനുകൂല്യങ്ങൾ ഒന്നും ലഭിക്കാത്തവരുമായ തെരഞ്ഞെടുക്കപ്പെടുന്ന ഏതാനും കുട്ടികൾക്ക് മുൻ വർഷത്തെ പോലെ പ്രത്യാശ ആര്യസമാജം സ്ക്കോളർഷിപ്പ് പദ്ധതിപ്രകാരം പഠന സഹായം നൽകുന്നതാണ്.
- സ്ത്രീകൾക്കും പുരുഷന്മാർക്കും വേണ്ടി വിദഗ്ധ യോഗാചാര്യന്മാരുടെ നേതൃത്വത്തിൽ യോഗ പരിശീലനം തുടങ്ങാൻ തീരുമാനിച്ചു.