ജനുവരി 23: സുഭാഷ് ചന്ദ്രബോസിന്റെ 126 ആം ജന്മദിനം: പ്രണാമങ്ങളോടെ🙏
23 JANUARY: 126TH BIRTHDAY OF NETAJI SUBHAS CHANDRA BOSE. SALUTE TO THE NATIONAL HERO

Uncategorized മലയാളം

ഭാരത സ്വാതന്ത്ര്യസമരത്തിലെ ജ്വലിക്കുന്ന നക്ഷത്രമായ നേതാജി സുഭാഷ് ചന്ദ്രബോസ് 1897 ജനുവരി 23-ാം തിയതി ഒറീസ്സയിലെ കട്ടക്കിലെ കായസ്ഥ വംശത്തില്‍ ജാനകീനാഥ ബോസ് എന്ന പ്രഭഗത്ഭനായ അഭിഭാഷകന്റെയും പ്രഭാവതി അമ്മയുടെയും ആറാമത്തെ മകനായിട്ടാണ് ജനിച്ചത്. അദ്ദേഹത്തിന് നാലുവയസുള്ളപ്പോള്‍ ആ കുടുംബം ബംഗാളിലേക്ക് കുടിയേറി. ബംഗാളിൽ രാഷ്ട്രീയമായ തീവ്രപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്ന കാലഘട്ടമായിരുന്നു അത്. ഭിന്നിപ്പിച്ച് രാജ്യത്തെ അസ്ഥിരപ്പെടുത്തുക എന്ന കൊളോണിയന്‍ സിദ്ധാന്തപ്രകാരം ബംഗാള്‍ വിഭജനം 1907 ൽ നടന്നു. പ്രതിഷേധത്തിന്റെയും അക്രമത്തിന്റെയും അഗ്നിജ്വാലകള്‍ നാടിനെ ഗ്രസിച്ചിരുന്നു. ആയിരക്കണക്കിന് സ്വാതന്ത്ര്യസമര ഭടൻമാർ കരുതല്‍ തടങ്കലിലായി.
ബംഗാള്‍ ലജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗമായിരുന്ന ജാനകീനാഥ ബോസിന്റെ വസതി അക്ഷരാര്‍ത്ഥത്തില്‍ ഒരു രാഷ്ട്രീയ സിരാകേന്ദ്രമായി മാറിക്കഴിഞ്ഞു. അദ്ദേഹം ബ്രിട്ടീഷ് സര്‍ക്കാറിനോട് കൂറു പുലര്‍ത്തുന്ന വ്യക്തിയും അവരുടെ സുഹൃത്തുമായിരുന്നു. ഈ സാഹചര്യത്തിലാണ് ബോസിന്റെ വളര്‍ച്ച. ചെറുപ്പംമുതലെ ചിന്താശീലനും അന്തര്‍മുഖനും അനിയന്ത്രിതമായ വിധത്തില്‍ സാഹസികനുമായ ഈ വിദ്യാര്‍ത്ഥി 1910 ല്‍ കോളേജില്‍ ഒരു പ്രൊഫസറെ കയ്യേറ്റം ചെയ്തതിന് പുറത്താക്കപ്പെട്ടു. ഇന്ത്യന്‍ ദേശീയ നേതാക്കളേയും സ്വാതന്ത്ര്യ സമര പ്രവര്‍ത്തനങ്ങളേയും അവഹേളിച്ച് സംസാരിക്കുക എന്നത് ഓട്ടന്‍ എന്ന ഇംഗ്ലണ്ടുകാരനായ പ്രൊഫസറുടെ സ്ഥിരം പല്ലവിയായിരുന്നു. അടുത്തവര്‍ഷം തന്നെ യൂണിവേഴ്‌സിറ്റിയില്‍ വീണ്ടും പ്രവേശനം ലഭിക്കുകയും പ്രശസ്തമായ നിലയില്‍ തന്നെ ബിരുദധാരിയാവുകയും ചെയ്തു. 1919 ല്‍ ഇംഗ്ലണ്ടിലെ കേംബ്രിഡ്ജില്‍ ഐ.സി.എസിന് ചേരുകയും പാശ്ചാത്യരെപ്പോലും പിന്നിലാക്കി മൂന്നാംറാങ്കോടെ ഐ.സി.എസ് ബിരുദം നേടുകയും ചെയ്തു.
ബംഗാളില്‍ തിരിച്ചെത്തിയ ബോസ് മഹാനായ വിപ്ലവകാരി സി.ആര്‍ ദാസിന്റെ ശിഷ്യത്വം സ്വീകരിച്ചു. ഐ.സി.എസ് ബിരുദധാരിയായ ബോസിനെ പ്രതിവര്‍ഷം 8000 പൗണ്ട് ശമ്പളത്തില്‍ ബ്രിട്ടീഷ് വൈസ്രോയിയുടെ പ്രതിനിധിയായി ഇന്ത്യയില്‍ ജോലി വാഗ്ദാനം ചെയ്‌തെങ്കിലും ഇംഗ്ലണ്ടുകാരന്റെ അടിമത്തത്തില്‍ ശമ്പളക്കാരനായി കഴിയുന്നതിനേക്കാള്‍ നല്ലത് സ്വതന്ത്ര ഭാരതത്തിലെ തൂപ്പുകാരനാണെന്ന് ഗര്‍ജിച്ച് ഐ.സി.എസ് ബിരുദം കീറി തുണ്ടുതുണ്ടാക്കി കാറ്റില്‍ പറത്തി. ബോസില്‍ അപകടകാരിയായ ഒരു വിപ്ലവകാരിയെ ദര്‍ശിച്ച ബ്രിട്ടീഷ് അധികാരിവര്‍ഗം അദ്ദേഹത്തെ നോട്ടപ്പുള്ളിയാക്കി. അറസ്റ്റും ജയില്‍വാസവും നിര്‍ബാധം തുടര്‍ന്നു. നാല്‍പ്പതുതവണ അദ്ദേഹത്തിന് ജയില്‍വാസം ലഭിച്ചു. ജയിലില്‍ നിരന്തരം നിരാഹാരം അനുഷ്ഠിച്ച ബോസിനെ രാജ്യദ്രോഹിയായി പ്രഖ്യാപിച്ച് താല്‍ക്കാലികമായി മോചിപ്പിച്ച് വീട്ടുതടങ്കലിലാക്കി. 1941 ജനുവരി 26-ാം തിയതി അദ്ദേഹത്തെ വിചാരണ ചെയ്യാന്‍ പ്രത്യേക കോടതി തയ്യാറാക്കി. 16-ാം തിയതി വരെ അദ്ദേഹത്തെ അടുത്ത ബന്ധുക്കള്‍ കണ്ടിരുന്നു. 1941 ജനുവരി 17-ാം തിയതി പുലര്‍ച്ചെയാണ് അദ്ദേഹം വീട്ടുതടങ്കലില്‍ നിന്ന് അതിസാഹസികമായി തടവ് ചാടി കാബൂളില്‍ എത്തുന്നതും അവിടെ നിന്ന് ഊഹാതീതമായ ക്ലേശങ്ങള്‍ സഹിച്ച് ഓര്‍ലാന്റോ ‘മൊസൊത്തൊ ഇസ് എക്‌സലന്‍സി മൊസൊത്തൊ’ എന്ന ഇറ്റാലിയന്‍ പൗരന്റെ പാസ്‌പോര്‍ട്ടില്‍ ജര്‍മ്മനിയില്‍ വിമാനമിറങ്ങുന്നതും. ജനുവരി 26-ാം തിയതിയോട് കൂടി അമേരിക്കന്‍, ബ്രിട്ടന്‍ സാമ്രാജ്യത്വ ശക്തികള്‍ ആഗോള വ്യാപകമായി ബോസിനെ പിടികൂടാന്‍ തീവ്രശ്രമമാരംഭിച്ചു. ജീവനോടെയോ അല്ലാതെയോ അദ്ദേഹത്തെ പിടികൂടുന്നവര്‍ക്ക് കനത്ത പാരിതോഷികം വാഗ്ദാനം ചെയ്തു.
ജര്‍മ്മനിയില്‍ എത്തിയ ബോസ് ഒരു നിമിഷം പോലും അടങ്ങിനിന്നില്ല. ഹിറ്റ്‌ലറുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ട അദ്ദേഹം ഞാന്‍ ത്രികക്ഷികളുടെ (ജര്‍മ്മന്‍, ജപ്പാന്‍, ഇറ്റലി) മുന്നില്‍ ‘ഭിക്ഷാംദേഹി’യായി വന്നവനല്ല. എന്റെ രാജ്യത്തിലെ ജനങ്ങളെ കാണുന്നതിന് എനിക്ക് ആരുടേയും അനുമതിപത്രം ആവശ്യമില്ലായെന്നുപറഞ്ഞാണ് സംഭാഷണമാരംഭിക്കുന്നത്. ഒന്നാം ലോക മഹായുദ്ധത്തില്‍ ബ്രിട്ടീഷ് ഇന്ത്യക്ക് വേണ്ടി യുദ്ധം ചെയ്ത് തടവിലാക്കപ്പെട്ടവരുടെ ജയിലറകള്‍ അദ്ദേഹം സന്ദര്‍ശിച്ചു. വര്‍ഷങ്ങളായി കൂലിപ്പട്ടാളക്കാരായി കഴിഞ്ഞുകൂടിയ അവരുടെ മനസ്സ് മാറ്റുക അത്ര എളുപ്പമല്ല. ബോസ് അവരെ നിരന്തരം മസ്തിഷ്‌ക പ്രക്ഷോളനം നടത്തി ദേശീയ വികാരം കുത്തിവെച്ച് ദേശസ്‌നേഹം പഠിപ്പിച്ച് തന്റെ സമര ഭടന്മാരാക്കി തീര്‍ത്തു. ഏകദേശം പതിനായിരത്തോളം പേരെ ഇങ്ങനെ ആസാദ് ഹിന്ദ് സേനയില്‍ അണിചേര്‍ത്തു.
ഐ.എന്‍.എ രൂപീകരിച്ചത് സുഭാഷ് ബോസ് എന്നാണ് പൊതുവെ അറിയപ്പെടുന്നത്. അത് സമ്പൂര്‍ണമായി ശരിയല്ല. പക്ഷെ ഐ.എന്‍.എ എന്ന വിപ്ലവ സംഘടന രൂപീകരിക്കാന്‍ കാരണം ബംഗാളിയായ റാഷ് ബിഹാരി ബോസാണ്. കല്‍ക്കത്തയില്‍ വളര്‍ന്നുവന്ന ദേശീയ തീവ്രവാദ പ്രസ്ഥാനത്തിന്റെ നേതാവായിരുന്നു റാഷ് ബിഹാരി. വൈസ്രോയി കഴ്‌സണ്‍ പ്രഭുവിനെ ഇന്ത്യ സന്ദര്‍ശന വേളയില്‍ ബോംബെറിഞ്ഞ് ജപ്പാനില്‍ രാഷ്ട്രീയാഭയം തേടിയ ബോസ് ഒരു ജപ്പാന്‍ വനിതയെ വിവാഹം കഴിച്ച് ജപ്പാന്‍ പൗരത്വം സ്വീകരിച്ച് ജപ്പാന്‍ പൗരനായി കഴിയവെയാണ് ഇന്ത്യന്‍ നാഷണല്‍ ആര്‍മി എന്ന ആശയം ഉദിച്ചത്. ഒന്നാംലോക മഹായുദ്ധത്തില്‍ ബര്‍മ്മയിലെ അലോര്‍‌സ്റ്റോ എന്ന പ്രവിശ്യയിലെ കാടുകളില്‍ കുടുങ്ങിയ ബ്രിട്ടീഷ് ഇന്ത്യന്‍ ഭടന്മാരെ ജപ്പാന്‍ പിടികൂടി തങ്ങളുടെ സമക്ഷത്തില്‍ നിര്‍ത്തുകയും ചെയ്തു. ആ റജിമെന്റിന്റെ നേതാവ് ക്യാപ്റ്റന്‍ മോഹന്‍ സിംഗിനെ ജപ്പാന്‍ സൈനികദളത്തിലെ മേജറായിരുന്ന മേജര്‍ ഫൂജിവാറ ആസന്നമായ ഇന്ത്യന്‍ സ്വാതന്ത്ര്യ ലബ്ധിയെകുറിച്ച് വാചാലനാവുകയും ജപ്പാന്‍ പിന്തുണയോടെ നേടുന്ന സ്വാതന്ത്ര്യത്തിന് തങ്ങളുടെ സുഹൃദ് രാഷ്ട്രമെന്ന നിലയില്‍ ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്തു തരുമെന്നും ജപ്പാനും ഇന്ത്യയും എക്കാലത്തും ആത്മമിത്രങ്ങളായിരിക്കുമെന്നുമുള്ള ധാരണയിലും മേജര്‍ ഫുജിവാറയുടേയും റാഷ്ബിഹാരി ബോസിന്റെയും ശ്രമഫലമായി ഉരുത്തിരിഞ്ഞുവന്ന സ്വാതന്ത്ര്യ ഭടന്മാരുടെ വിപ്ലവ സംഘടനയായിരുന്നു ഐ.എന്‍.എ. ഇത് റാഷ് ബിഹാരി ബോസിലൂടെ, മേജര്‍ ഫുജിവാറയിലൂടെ കടന്നുവന്ന് നേതാജി സുഭാഷ് ചന്ദ്ര ബോസ് എന്ന പ്രണവ മന്ത്രത്തില്‍ ലയിച്ചുചേരുകയായിരുന്നു.
1941ല്‍ ബര്‍മ്മയിലെ അലോര്‍ സ്റ്റോറില്‍ വെച്ച് താത്വിമായി ഐ.എന്‍.എ രൂപീകരിച്ചെങ്കിലും ഇത് ലോകമറിയുന്നതും ചര്‍ച്ച ചെയ്യപ്പെടുന്നതും രണ്ടാംലോക മഹായുദ്ധം തുടങ്ങുന്നതോടുകൂടിയാണ്.
ഐ.എന്‍.എയുടെ വികാസ പരിണാമങ്ങള്‍ക്കിടയില്‍ അതുമായി ബന്ധപ്പെട്ട് ഉന്നതവ്യക്തികള്‍ രചിച്ച അനുഭവസ്മരണകളും പഠനങ്ങളും ഐ.എന്‍.എയുടെയും സുഭാഷ് ബോസിന്റെയും സമഗ്രമായ ചരിത്രം എന്ന നിലയിലേക്ക് വളരെ അപൂര്‍ണ്ണമാണ്. എം. ശിവറാമിന്റെ ‘ചലോ ദില്ലി’, ക്യാപ്റ്റന്‍ ലക്ഷ്മിയുടെ ‘ഐ.എന്‍.എയും ഞാനും’, കെ.പി കേശവ മേനോന്റെ ‘ഭൂതവും ഭാവിയും’, കേണല്‍ ഷാനവാസ് ഖാന്റെ ‘ഐ.എന്‍.എ സ്മരണകള്‍’, ക്യാപ്റ്റന്‍ നെല്ലിക്ക അച്യുതന്റെ ‘ഐ.എന്‍.എയുടെ കൂടെ’, ദിലീപ്കുമാര്‍ റോയിയുടെ ‘സുഭാഷ് ഐ നോ’ തുടങ്ങിയവ ഏറെ ശ്രദ്ധിക്കപ്പെട്ട പ്രസിദ്ധീകരണങ്ങളാണ്.
എന്നാല്‍ ഈ ആഖ്യായികകളെയെല്ലാം മറികടന്ന് നമ്മെ ഏറെക്കുറെ സത്യസന്ധമായ ചരിത്രമെന്ന നിലയില്‍ സഹായിക്കുന്നത് രണ്ടാംലോക മഹായുദ്ധകാലത്ത് ബ്രിട്ടീഷ് റോയല്‍ ആര്‍മിയില്‍ ഇന്റലിജന്‍സ് ഓഫീസറായി സേവനമനുഷ്ടിച്ച ഹ്യൂടോയ് ഐ.എന്‍.എയുടെ ചരിത്രവുമായി ബന്ധപ്പെട്ട് കിട്ടാവുന്ന എല്ലാവിധ ശേഖരവും സസൂക്ഷ്മം പഠിച്ച് നീണ്ട 12 വര്‍ഷത്തെ ശ്രമഫലമായി പ്രസിദ്ധീകരിക്കപ്പെട്ട ‘സുഭാഷ് ചന്ദ്രബോസ് ദ സ്പ്രിംഗിങ് ടൈഗര്‍’ (സുഭാഷ് ചന്ദ്രബോസ് കുതിക്കുന്ന കടുവ) എന്ന ഗ്രന്ഥമാണ്. ഒരു ഇംഗ്ലണ്ടുകാരനാണെങ്കിലും സുഭാഷ് ബോസിന്റെയും ആസാദ് സേനയുടേയും ബദ്ധ ശത്രുവാണെങ്കിലും ചരിത്രകാരന്‍ എന്ന നിലയില്‍ അദ്ദേഹം നിതാന്ത നിഷ്പക്ഷതയും പഠനപാടവവും പ്രകടിപ്പിക്കുന്നുണ്ട്. ബോസിന്റെയും അനുയായികളുടെയും സഖ്യശക്തികള്‍ക്കെതിരെയുള്ള (അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്) കിടിലം കൊള്ളിക്കുന്ന പോരാട്ടങ്ങളുടെയും വീരമൃത്യുകളുടേയും രോമാഞ്ചജനക സംഭവങ്ങള്‍ വിവരിക്കുമ്പോള്‍ അദ്ദേഹം ഒട്ടും തന്നെ വികാരാധീനനാകുന്നുമില്ല. ഈ ചരിത്രഗ്രന്ഥരചനയില്‍ ഉള്‍ക്കൊള്ളുന്നതും സത്യവും നിക്ഷ്പവുമായ വിലയിരുത്തലുകളാണ്. ദേശീയ വിപ്ലവകാരികളെകുറിച്ചെഴുതുന്ന പഠനമെന്ന നിലയില്‍ യൂറോപ്പിലും ചില രാജ്യങ്ങളിലെ യൂണിവേഴ്‌സിറ്റികളിലും പാഠഭാഗമെന്ന നിലയില്‍ ബോസിന്റെ ചരിത്രം പഠിപ്പിക്കുന്നുണ്ട്. ഐ.എന്‍.എയുടെ ഏറെക്കുറെ നീതിപൂര്‍വ്വമായ സമരചരിത്രവും ബോസിന്റെ അതിസാഹസികമായ ജീവിതവും ഇതുതന്നെയാണെന്നാണ് ചിരിത്ര നിരീക്ഷകരുടെ കണക്ക് കൂട്ടലുകള്‍. യുദ്ധഭൂമിയിലെ പോരാട്ടത്തിനിടയില്‍ ബോസും അനുയായികളും തായ്‌ലന്റിനും ബര്‍മ്മക്കും ഇടക്കുള്ള നിബിഡ വനങ്ങള്‍ ഉള്‍ക്കൊള്ളുന്ന പോപ്പ പര്‍വ്വതനിരകളില്‍ ഒറ്റപ്പെട്ടുപോകുന്ന അത്യന്തം ഭീതിജനകമായ സംഭവങ്ങള്‍ ഇതില്‍ വിവരിക്കുന്നുണ്ട്. ഇംഫാല്‍ മുന്നേറ്റത്തിന്റെ മുന്നോടിയായി ബര്‍മ്മയിലും തായ്‌ലന്റിലും വെച്ച് സഖ്യമുണ്ടാക്കി ജപ്പാന്‍-ഐ.എന്‍.എ സഖ്യം സഖ്യശക്തികളുമായി ഘോരമായ ഏറ്റുമുട്ടലുകള്‍ നടന്നു. പോരാട്ടത്തിന്റെ ഉച്ചസ്ഥായിയില്‍ ബോസും സമര സേനാനികളും ജപ്പാന്റെ സഖ്യത്തില്‍ നിന്ന് യാദൃശ്ചികമെന്നോണം അകന്നുപോയി. പോപ്പ പര്‍വ്വതനിരകളില്‍ ഒറ്റപ്പെട്ടു. ജപ്പാന്‍ സേന വരേണ്ട പാലങ്ങളും റോഡുകളും തകര്‍ത്തും ഉപരോധിച്ചും പോപ്പാ പര്‍വ്വതനിരകളെ കേന്ദ്രീകരിച്ച് സഖ്യശക്തികള്‍ രൂക്ഷമായ ബോംബാക്രമണങ്ങള്‍ നടത്തി. കരയും ആകാശവും ഉപരോധിച്ചു. ബോംബര്‍ വിമാനങ്ങള്‍ താണുപറന്ന് ബോസിനെ ലക്ഷ്യമാക്കി ബോംബുകള്‍ വര്‍ഷിച്ചു. സഖ്യ ശക്തികളുടെ ബോംബിങ്ങ് മൂലം എലികള്‍ പോലും മാളത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ മടിച്ചുനിന്നുവെന്ന് പറയുന്നു.

ശത്രുക്കളുടെ ബോംബിങ്ങും ഷെല്‍ വര്‍ഷവും തരിമ്പെങ്കിലും കൂസാതെ പന്ത്രണ്ടു ദിവസങ്ങളോളം ഒരു സഹായവുമില്ലാതെ ബോസും സേനാനികളും ചെറുത്തുനിന്നു. അമേരിക്കന്‍-ബ്രിട്ടീഷ് പോര്‍വിമാനങ്ങളെ വെടിവെച്ചുവീഴ്ത്തി. അസംഖ്യം ആസാദ് ഹിന്ദ് ഭടന്മാര്‍ മരിച്ചുവീണു. ബോസ് അത്ഭുതകരമായി രക്ഷപ്പെട്ടു. സേനാനികളുടെ രക്തംകൊണ്ട് പോപ്പാ പര്‍വ്വതനിരകള്‍ ചുവപ്പണിഞ്ഞു. ലോക ചരിത്രത്തില്‍ രേഖപ്പെടുത്താന്‍ മറന്നുപോയ ദേശീയ സ്വാതന്ത്ര്യസമര മുന്നേറ്റമായിരുന്നു അത്. ഇംഫാലിലെ മുന്നേറ്റത്തിനിടയിലും അതിസാഹസികങ്ങളായ പോരാട്ടങ്ങള്‍ നടന്നു. ആന്റമാന്‍, നിക്കോബാര്‍ ദ്വീപസമൂഹങ്ങള്‍ പിടിച്ചെടുത്ത് ഭാരതത്തിന്റെ ദേശീയ പതാക ഉയര്‍ത്തി. മണിപ്പൂരിലും കോഹിമയിലും മുന്നേറിയ ആസാദ് ഹിന്ദ് ഒടുവില്‍ ഇംഫാലിന്റെ മൂന്നില്‍ രണ്ട് ഭാഗങ്ങളും കൈപ്പിടിയിലൊതുക്കി. ഇംഫാലിന്റെ പതനം അടുത്തുവന്നു. ഇംഫാല്‍ കീഴടങ്ങി. ആസാം വഴി ദില്ലിയിലേക്ക് പ്രവേശിക്കാന്‍ വെറും ഏഴുദിവസങ്ങള്‍ എന്ന് പ്രഖ്യാപിച്ച് ബോസും ഭടന്മാരും മുന്നേറിക്കൊണ്ടിരിക്കെ അപ്രതീക്ഷിതമായി നാനാഭാഗത്തുനിന്നും സഖ്യശക്തികളുടെ അക്രമങ്ങള്‍ നടന്നു. ബര്‍മ്മയിലെ പരിക്കേറ്റ ആസാദ് ഹിന്ദ് സൈനികരെ ചികിത്സിക്കുന്ന മിംബിള്‍ടണ്‍ ആസ്പത്രി ബോംബിട്ടുതകര്‍ത്തു. രോഗികളേയും സിവിലിയന്മാരേയും കൂട്ടക്കൊലചെയ്തു. ജപ്പാന്റെ സൈനിക നേതൃത്വത്തില്‍ തന്നെ ചൂടുപിടിച്ച ചര്‍ച്ചകള്‍ നടന്നു. ജപ്പാന്‍ ഇംഫാലില്‍ നിന്ന് പിന്മാറാന്‍ സൈനിക നേതൃത്വത്തിന്റെ ഓര്‍ഡര്‍ വന്നു. ആയിരക്കണക്കിന് ബ്രിട്ടീഷ്, അമേരിക്കന്‍, ഫ്രഞ്ച് പാരച്യൂട്ട് ഭടന്മാര്‍ ഇംഫാലിലും ബര്‍മ്മയിലും തായ്‌ലന്റിലും ഇറക്കുമതി ചെയ്യപ്പെട്ടു. ഇംഫാല്‍ മുന്നേറ്റത്തിനിടയില്‍ ആസാം ലക്ഷ്യമാക്കി ബോസും അനുയായികളും മുന്നേറിക്കൊണ്ടിരുന്നു. ആകാശവും കരമാര്‍ഗവും പ്രതിരോധത്തിലാവാന്‍ അധികസമയം വേണ്ടിവന്നില്ല. പോരാട്ടഭൂമിയില്‍ ഒറ്റപ്പെട്ട ബോസിനെ സഖ്യശക്തികള്‍ വളഞ്ഞു. അദ്ദേഹത്തിന്റെ തോക്കുകള്‍ തെറിപ്പിച്ചു. ഐ.എന്‍.എ ഭടന്മാര്‍ ജീവന്മരണ പോരാട്ടംനടത്തി. ബോസിനുചുറ്റും വലയം സൃഷ്ടിച്ചു. പൊരിഞ്ഞ പോരാട്ടങ്ങള്‍ക്കിടയില്‍ എവിടെ നിന്നോ ജപ്പാന്റെ ചാവേര്‍പ്പടയിലെ ‘ബുഷിദോ’ എന്ന വിഭാഗത്തില്‍പെട്ട കമാന്റോകള്‍ ഇടിമിന്നല്‍ പോലെ ചാടിവീണു. ജീവന്മരണ പോരാട്ടം. ഇരുപക്ഷത്തും അസംഖ്യം പേര്‍ മരിച്ചുവീണു. മുടിനാരിഴക്കിടയില്‍ ബോസിനേയും രക്ഷപ്പെടുത്തി അവര്‍ അദ്ദേഹത്തെ പിന്നണിയിലെ സുരക്ഷിത താവളത്തിലെത്തിച്ചു. ലോക സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ നമ്മുടെ ആസാദ് ഹിന്ദ് സൈനികരെപ്പോലെ ചരിത്രം സൃഷ്ടിച്ച സ്വാതന്ത്ര്യ സമരസേനാനികള്‍ വേറെ ഉണ്ടായിട്ടില്ല. ഐ.എന്‍.എയിലെ പാളയത്തില്‍ തന്നെ ഒറ്റിക്കൊടുക്കലും കൂറുമാറലും ചാരപ്പണിയുമെല്ലാം ബോസിന്റെ മഹത്തായ സ്വപ്നങ്ങളെ എരിച്ചുകളഞ്ഞു.

1944 ജനുവരിയിലാണ് ബർമ്മയിൽ നിന്നു ഇന്ത്യൻ അതിർത്തിലംഘിച്ചുള്ള ഒരാക്രമണം നടത്താൻ ജപ്പാൻ തീരുമാനിച്ചത്,ഐ.എൻ.എയിലെ സുഭാസ് റെജിമെന്റ് ജപ്പാൻ സേനയോടൊപ്പം മുന്നണിയിലേക്ക് നീങ്ങണമെന്ന് ബോസ് തീരുമാനിച്ചു.ആ സമയത്ത് ബർമ്മയിലെ സ്ഥിതിഗതികൾ ആകെ മാറി,ബർമ്മ വിട്ടൊഴിയാൻ ജപ്പാൻ സേനകൾക്ക് ഉത്തരവ് കിട്ടി.റംഗൂൺ മേഖലയിൽ അന്തിമമായ സമരത്തിന് നേതാജിആഗ്രഹം പ്രകടിപ്പിച്ചതായിട്ടാണ് കാണുന്നത്,പക്ഷേ സൈനികോപദേഷ്ടാക്കളുടെയും മന്ത്രിസഭാംഗങ്ങളുടെയുംഎതിർപ്പിനെ തുടർന്ന് ആ തീരുമാനം അദ്ദേഹം ഉപേക്ഷിച്ചു, റംഗൂണിൽ നിന്നു ഒഴിഞ്ഞുപോകാനും തീരുമാനിച്ചു.അങ്ങനെ ആസാദ് ഹിന്ദ് സർക്കാർബർമ്മയിൽ നിന്നും പിന്മാറി.

1945 ഓഗസ്റ്റ് 18-ന് ബോസ് തായ്‌വാനിലെ തെയ്ഹോകു വിമാനത്താവളത്തിലുണ്ടായ അപകടത്തിൽ മരിച്ചു
എന്നാണ് ഇന്ത്യൻ ഗവണ്മെന്റിന്റെ ഔദ്യോഗികഭാഷ്യം. ഇതിനെപ്പറ്റി അന്വേഷിക്കാൻ നെഹ്രുവിന്റെ ഭരണകാലത്ത്ഷാനവാസ് കമ്മീഷൻ, ഇന്ദിരാ ഗാന്ധിയുടെ ഭരണകാലത്ത് ഖോസ്ലാ കമ്മീഷൻ എന്നിവയെ നിയോഗിച്ചിരുന്നു. ഈ രണ്ടു കമ്മീഷനുകളും ബോസ് വിമാനാപകടത്തിൽ മരണപ്പെട്ടുഎന്ന് സ്ഥിരീകരിച്ചു. എന്നാൽ പാർലമെന്റ് അംഗങ്ങളുടേയും പൊതുജനങ്ങളുടേയും പ്രതിഷേധം കാരണം ഈ രണ്ടു റിപ്പോർട്ടുകളും മൊറാർജി ദേശായിയുടെ ഭരണകാലത്ത് ഗവണ്മെന്റ് തള്ളിക്കളഞ്ഞു. തുടർന്ന് 1999-ൽ വാജ്‌പേയിയുടെ ഭരണകാലത്ത് മുഖർജി കമ്മീഷൻ
നിലവിൽ വന്നു.

1945-ൽ മേൽപ്പറഞ്ഞ വിമാനാപകടം ഉണ്ടായിട്ടില്ലെന്നും അതിനാൽ ബോസ് അന്നു മരണപ്പെട്ടിട്ടില്ലെന്നും കമ്മീഷൻ കണ്ടെത്തി. ഈ കണ്ടെത്തൽ വിവാദമായതോടെ റിപ്പോർട്ട് മൻ‌മോഹൻ സിങ് ഗവണ്മെന്റ് തള്ളിക്കളഞ്ഞു. ബോസിന്റേതെന്ന് ഗവണ്മെന്റ് അവകാശപ്പെടുന്ന റെങ്കോജി ക്ഷേത്രത്തിലെ ചിതാഭസ്മം അദ്ദേഹത്തിന്റേതല്ലെന്നും കമ്മീഷൻ കണ്ടെത്തിയിരുന്നു. ബോസ് റഷ്യയിലേക്ക് കടന്നിരിക്കാം എന്നും കമ്മീഷൻ സൂചിപ്പിച്ചിരുന്നു.

1985 വരെ ഉത്തർ‌പ്രദേശിലെ അയോധ്യക്കു സമീപം രാംഭവൻ എന്ന വീട്ടിൽ താമസിച്ചിരുന്ന ഭഗ്‌വാൻ‌ജി എന്ന സന്യാസി, ബോസ് ആയിരുന്നു എന്ന് ചിലർ വിശ്വസിച്ചിരുന്നു. സന്യാസിയുടെ മരണത്തെതുടർന്ന് അദ്ദേഹത്തിന്റെ സ്വത്തുക്കൾ ഗവണ്മെന്റ് ഏറ്റെടുത്തു. ഇവ അന്വേഷണവിധേയമാക്കിയ മുഖർജി കമ്മീഷൻ, ‘ശക്തമായ തെളിവുകളുടെ അഭാവത്തിൽ ഈ വിശ്വാസത്തെ തള്ളിക്കളഞ്ഞു. ഈ സന്യാസിയുടെ ജീവിതവും ചെയ്തികളും ഇന്നും ദുരൂഹമായി തുടരുന്നു.

ഹിന്ദുസ്ഥാൻ ടൈംസ് ദിനപ്പത്രം നടത്തിയ അന്വേഷണത്തിൽ സന്യാസി ബോസ് തന്നെയായിരുന്നു എന്ന് അനുമാനിക്കത്തക്ക തെളിവുകൾ ലഭിച്ചിരുന്നു. കയ്യക്ഷരവിദഗ്ദ്ധനായ ഡോ. ബി. ലാൽ നടത്തിയ പരിശോധനയിൽ സന്യാസിയുടേയും ബോസിന്റേയും കയ്യക്ഷരം ഒന്നുതന്നെയാണെന്ന് തെളിഞ്ഞിരുന്നു.

1991-ൽ ഇന്ത്യൻ ഗവണ്മെന്റ് ബോസിന് മരണാനന്തരബഹുമതിയായി ഭാരതരത്നം പ്രഖ്യാപിച്ചു. എന്നാൽ ബോസിന്റെ മരണം സ്ഥിരീകരിക്കപ്പെട്ടിട്ടില്ലാത്ത സാഹചര്യത്തിൽ ഇതു പാടില്ല എന്ന് കോടതിയിൽ
ഒരു പരാതി സമർപ്പിക്കപ്പെടുകയും തുടർന്ന് ഗവണ്മെന്റ് പുരസ്കാരം പിൻ‌വലിക്കുകയും ചെയ്തു.

ആര്യസമാജവുമായി സുഭാഷ് ചന്ദ്രബോസിന് അടുത്ത ബന്ധം ഉണ്ടായിരുന്നു. ദേശീയവാദികളുടെ ഊർജ്ജസ്രോതസ്സായിരുന്നുവല്ലോ മഹർഷി ദയാനന്ദ സരസ്വതി. ആദ്യകാലത്ത് കോൺഗ്രസ്സിൽ ചേർന്ന് സ്വാതന്ത്ര്യ സമരത്തിൽ അണിചേർന്നു. പലപ്പോഴും അന്നത്തെ കോൺഗ്രസ്സിൻ്റെ ഭിക്ഷ യാചിക്കൽ നയത്തെ എതിർത്തു. ഗാന്ധിജിക്ക് അനഭിമതനായ സുഭാഷിനോട് വേറെ വഴി നോക്കാൻ ഗാന്ധിജി പറഞ്ഞു. ഐക്യത്തിനു വേണ്ടി ശ്രമിച്ചപ്പോൾ ഗാന്ധിജിയത് നിരാകരിച്ചു സ്വന്തം വഴി നോക്കാൻ ആവശ്യപ്പെട്ടു. നെഹ്റുവിനെയാണ് യുവനേതാക്കളിൽ സപ്പോർട്ടു ചെയ്ത് ഗാന്ധിജി വളർത്തിക്കൊണ്ടു വന്നത്. 1938 ൽ കോൺഗ്രസ് പ്രസിഡൻറ് സ്ഥാനത്തേക്ക് മത്സരിച്ചപ്പോൾ ഗാന്ധിജി എതിർ സ്ഥാനാർഥിയെ നിർത്തി. ജയിച്ച സുഭാഷിനോട് മഹാത്മാവ് വളരെ എതിർപ്പ് കാണിച്ചു, സഹകരിച്ചില്ല. ഗാന്ധിജിക്ക് മഹാത്മാ പട്ടം ചാർത്തി കൊടുത്ത ആളാണ് സുഭാഷ്. രണ്ടാം തവണയും തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം രാജിവച്ചു. കോൺഗ്രസ്സിനുള്ളിൽ തന്നെ 1939 ൽ ഓൾ ഇന്ത്യാ ഫോർവേഡ് ബ്ലോക് സ്ഥാപിച്ചു.

അദ്ദേഹത്തെ ബ്രിട്ടീഷുകാർ തടവിലാക്കിയത് A ക്ലാസ് തടവുകാരനായി ആലിപ്പൂർ ജയിലിലല്ല, ചായയും , വായിക്കാൻ പത്രവും, ഇഷ്ട ഭക്ഷണവും, കിടക്കയും, പുസ്തകമെഴുതാൻ പേനയും , കടലാസ്സും കൊടുത്തില്ല, കൊടും ക്രൂരതക്ക് പേരുകേട്ട ആൻഡമാനിലെ സെല്ലുലാർ ജയിലിൽ ഒരാൾക്ക് നിവർന്നു നിൽക്കാനാവാത്ത സെല്ലിലാണ് പൂട്ടിയിട്ടത്.

അവിടെ നിന്നും അതിസാഹസികമായി രക്ഷപെട്ട് ജർമ്മൻ അന്തർവാഹിനിയിൽ , ജർമ്മനിയിലും തുടർന്ന് ജപ്പാനിലുമെത്തി. അവിടെ ബ്രിട്ടനെതിരെ യുദ്ധം ചെയ്യാൻ, INA യുടെ നേതൃത്വം ഏറ്റെടുത്തു. INA യുടെ സൈന്യത്തെ വിപുലീകരിച്ച്, അച്ചുതണ്ട് ശക്തികളായ ജർമ്മനിയേയും, ജപ്പാനെയും, ഇറ്റലിയേയും കൂട്ടുപിടിച്ചു. ഹിറ്റ്ലറേയും, മുസ്സോളിനിയേയും കണ്ട് സഹായം ഉറപ്പിച്ചു. ബർമ്മ കേന്ദ്രമാക്കി ഇന്ത്യാ ഗവൺമൻ്റ് സ്ഥാപിച്ചു , ബ്രിട്ടനോട് യുദ്ധം പ്രഖ്യാപിച്ച് യുദ്ധം ചെയ്തു , ഭാരതാംബയെ മോചിപ്പിക്കുവാൻ.

ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ഏറ്റവും ത്യാഗമനുഭവിച്ച ഏറ്റവും വ്യക്തിത്വമുള്ള നേതാവാണ് സുഭാഷ്. അദ്ദേഹം ഇന്ത്യയിൽ മടങ്ങിയെത്തരുത് എന്ന് ചില അധികാരമോഹി നേതാക്കൾക്ക് വാശിയുണ്ടായിരുന്നു. ഒരു ഇന്ത്യൻ പ്രധാനമന്ത്രി സോവിയറ്റ് പ്രസിഡൻ്റിനെഴുതിയ കത്ത് 1991ൽ റഷ്യൻ ചാരസംഘടന KGB പുറത്തുവിട്ടിരുന്നു , നേതാജിയുമായി ബന്ധപ്പെട്ട മറ്റു ഫയലുകളും. കത്തിൽ പറയുന്ന വാക്കുകൾ , Subhas the traitor should not be released at any cost, he is a threat to India… എന്നാണ്. ഇത് The New Indian Express പത്രം പ്രസിദ്ധീകരിച്ചിരുന്നു.

എന്തായാലും സുഭാഷ് മടങ്ങി വന്നില്ല. സോവിയറ്റ് ജയിലിൽ ഉണ്ടായിരുന്നുവെന്ന് അവരുടെ രേഖകൾ പറയുന്നു. പിന്നിട് 80കൾ വരെ ഉത്തർപ്രദേശിൽ ഒരു ആശ്രമത്തിൽ ജീവിച്ച മൗനി ബാബയുടെ ബാഗിൽ നിന്ന് , സുഭാഷിൻ്റെ കുടുംബചിത്രങ്ങൾ, ഭാര്യ, കുടുംബാംഗങ്ങൾ ഉൾപ്പെടെ കണ്ടെടുത്തിട്ടുണ്ട് എന്ന് പറയപ്പെടുന്നു.

ആധുനികതയോട് പ്രതിപത്തിയുള്ള സാഹസികനും ചിന്താശീലനുമായ സുഭാഷ് ചന്ദ്രബോസ് സൈനിക വിദ്യാലയത്തില്‍ നിന്ന് ഒരു പാഠംപോലും പഠിക്കാതെയാണ് ബര്‍മ്മാ സമരമുഖത്ത് മൗണ്ട് ബാറ്റന്റെയും സ്റ്റീല്‍ വില്ലിന്റെയും ബ്രിട്ടീഷ്, അമേരിക്കന്‍, ഫ്രഞ്ച് സംയുക്ത കമാന്റിനെ നേരിട്ടത്. 1945 നവംബറില്‍ ദില്ലിയിലെ ചുവപ്പുകോട്ടയില്‍ ആസാദ് ഹിന്ദ് സേനക്കെതിരെ യുദ്ധ കുറ്റവാളി എന്ന നിലയില്‍ കേസ് വിചാരണ ചെയ്യപ്പെട്ടപ്പോള്‍ ഭാരതമെങ്ങും ലോകത്തിന്റെ നാനാ കോണുകളിലും സുഭാഷ് ബോസെന്ന ആ മനുഷ്യനെ കുറിച്ചുള്ള സ്മരണകളില്‍ ആവേശം അലതല്ലുകയായിരുന്നു.

48 ആം വയസ്സിലെ ആ തിരോധാനം ഭാരതത്തിന് മഹാനഷ്ടമാണ്. മഹാനായ ആ ഭാരതപുത്രൻ്റെ ഓർമ്മക്കുമുന്നിൽ അദ്ദേഹത്തിന്റെ ജന്മദിനത്തിൽ ശതകോടി പ്രണാമം.
(കടപ്പാട് : സോഷ്യൽ മീഡിയ)

🙏

കെ. എം. രാജൻ മീമാംസക്
ആര്യപ്രചാരക് & അധിഷ്ഠാതാവ്
വേദഗുരുകുലം.