- കെ. എം. രാജൻ മീമാംസക്
ആർഷഭാരതത്തിലെ ഋഷി പരമ്പരയിലെ തിളങ്ങുന്ന നക്ഷത്രമായിരുന്നു മഹർഷി ദയാനന്ദ സരസ്വതി. ഇന്ന് അദ്ദേഹത്തിന്റെ 200 ആം ജന്മദിനമാണ്. ഋഷി ദയാനന്ദൻ ഒരു യോഗി മാത്രമല്ല, ഉന്നത വേദപണ്ഡിതൻ കൂടിയായിരുന്നു. സമ്പൂർണ്ണ വിപ്ലവത്തിൻ്റെ സന്ദേശവാഹകനായിരുന്നു അദ്ദേഹം. സ്ത്രീവിദ്യാഭ്യാസം, തൊട്ടുകൂടായ്മ, അടിമത്ത നിർമ്മാർജ്ജനം, വിധവാ സംരക്ഷണം, അനാഥ പരിപാലനം, എല്ലാവർക്കും നിർബന്ധിത വിദ്യാഭ്യാസം, ജന്മനായുള്ള ജാതിക്ക് പകരം യോഗ്യതയും കർമ്മവും അനുസരിച്ചുള്ള വർണ്ണ വ്യവസ്ഥ, എല്ലാ മനുഷ്യർക്കും വേദപഠനത്തിൻ്റെ വാതിലുകൾ തുറന്നിടുക തുടങ്ങിയ നവോത്ഥാന പ്രവർത്തനങ്ങളുടെ അഗ്രദൂതനായിരുന്നു മഹർഷി ദയാനന്ദൻ. ലോകത്തിലെ അജ്ഞത ഇല്ലാതാക്കാനായി എല്ലാ മനുഷ്യരെയും ഒരു ജാതിയായി കണക്കാക്കി, സമത്വത്തിന് ജന്മം നൽകിയ ഗുരുകുല സമ്പ്രദായത്തെ പൊടിതട്ടിയെടുത്തു, സദാചാരത്തിനും ബ്രഹ്മചര്യത്തിനും ഊന്നൽ നൽകി, ഗുരുകുലങ്ങളിലെ പഠന – പാഠനത്തിന് ഉചിതമായ ആർഷ ഗ്രന്ഥങ്ങളെക്കുറിച്ചും ഉപേക്ഷിക്കേണ്ട അനാർഷ ഗ്രന്ഥങ്ങളെക്കുറിച്ചും അദ്ദേഹം വിശകലനം നടത്തി, ആര്യാവർത്തത്തിൻ്റെ മഹത്വം ലോകത്തിനുമുന്നിൽ ഉയർത്തിക്കാട്ടുക, ഹിന്ദിയെ ഭാരതത്തിൻ്റെ ദേശീയ ഭാഷയാക്കുന്നതിന് വഴിതെളിക്കുക, രാജ്യത്തെ കലാവൈദഗ്ധ്യത്തിനും ശാസ്ത്രത്തിനും ഊന്നൽ കൊടുക്കുക, കർഷകനെ രാജാക്കന്മാരുടെ രാജാവ് എന്ന് വിളിച്ച ഹരിതവിപ്ലവത്തിൻ്റെ സന്ദേശം നൽകുക, പശുക്കളിൽ നിന്ന് സാമ്പത്തിക ഉന്നതി ഉണ്ടാക്കാം എന്ന് പ്രഖ്യാപിച്ച് പശു സംരക്ഷണത്തിന് ഊന്നൽ നൽകിക്കൊണ്ടുള്ള പ്രവർത്തനം, ലഹരി പദാർത്ഥങ്ങളെ വർജ്ജിക്കാൻ ആഹ്വാനം ചെയ്യുക, ഈശ്വരാരാധനയും പഞ്ചമഹായജ്ഞങ്ങളുടെ അനുഷ്ഠാനവും ശക്തിപ്പെടുത്തുക, സ്വാതന്ത്ര്യ സമരത്തിനുള്ള പ്രചോദനം, വ്യാജ സിദ്ധാന്തങ്ങളെ തുറന്നു കാട്ടുക, സുവർണ്ണ വേദകാലത്തിൻ്റെ തിരിച്ചുവരവ് സങ്കൽപ്പിക്കുക തുടങ്ങിയവയെല്ലാം അദ്ദേഹത്തിൻ്റെ പ്രവർത്തനത്തിന്റെ ഭാഗമായിരുന്നു.
ആര്യാവർത്തത്തിൽ വിദേശികളുടെ ഭരണവും രാജ്യം കീഴടക്കപ്പെടാനുള്ള കാരണങ്ങളെക്കുറിച്ചും സ്വാമിജി സത്യാർത്ഥ പ്രകാശത്തിൽ പറയുന്നുണ്ട്. പരസ്പരം ഉള്ള അഭിപ്രായവ്യത്യാസങ്ങൾ, ബ്രഹ്മചര്യം അനുഷ്ഠിക്കാത്തത്, വിദ്യ പഠിക്കുകയും, പഠിപ്പിക്കുകയും ചെയ്യാതിരുന്നത്, ബാലവിവാഹം, ഇന്ദ്രിയസുഖങ്ങളോടുള്ള ആസക്തി, വേദപ്രചാരണമില്ലായ്മ എന്നീ ദുഷ്പ്രവൃത്തികളാണ് അവക്ക് കാരണം എന്നദ്ദേഹം പറയുന്നുണ്ട്. ഭാരതത്തിൻ്റെ ദാരിദ്ര്യം, ആശ്രിതത്വം, മൃഗഹത്യ, വിധവകളുടെയും അനാഥരുടെയും ദുരവസ്ഥ, സ്ത്രീകളുടെ നിരക്ഷരത, തൊട്ടുകൂടാത്തവരുടെ അപകർഷത, കാപട്യങ്ങൾ, മതത്തിൻ്റെ പേരിലുള്ള വഞ്ചന, വ്യഭിചാരം, അജ്ഞത, ഇതെല്ലാം ദയാനന്ദനെ ഉള്ളിൽ നിന്ന് അസ്വസ്ഥനാക്കി. കഷ്ടപ്പെടുന്ന എല്ലാവരുടെയും ദുഃഖം തൻ്റേതായി അദ്ദേഹം കരുതി. ഒരിക്കൽ അദ്ദേഹം ഗംഗയുടെ തീരത്ത് സമാധിയിൽ ലയിച്ചിരിക്കുകയായിരിരുന്നു. അപ്പോൾ ഒരു സ്ത്രീ തൻ്റെ മകൻ്റെ വേർപാടിൽ വിലപിക്കുന്നത് കണ്ട്, സമാധിയിലെ ഏകാന്തമായ സന്തോഷം ഉപേക്ഷിച്ച് അദ്ദേഹം പൊതുജനക്ഷേമത്തിൽ ഏർപ്പെട്ടു. യോഗികൾ ആത്മാവിന് പുറത്തുള്ള ലോകത്തെ തങ്ങളുടെ പാതയിൽ തടസ്സമായി കണക്കാക്കുന്നിടത്ത് ദയാനന്ദൻ ലോകത്തിൻ്റെ കഷ്ടപ്പാടുകൾ ഇല്ലാതാക്കാൻ തൻ്റെ സർവ്വശക്തിയുമെടുത്ത് പുറപ്പെടുകയും നിരവധി പ്രയാസങ്ങൾ സഹിച്ചിട്ടും ലോകക്ഷേമത്തിനായി പ്രതിജ്ഞയെടുക്കുകയും ചെയ്തു. അതിനായി അദ്ദേഹം നിരവധി കഷ്ടപ്പാടുകൾ സഹിക്കുക മാത്രമല്ല, തൻ്റെ ജീവൻ ബലിയർപ്പിക്കുകയും ചെയ്തു, മഹർഷി തൻ്റെ നവോത്ഥാന പ്രവർത്തനം മുന്നോട്ട് കൊണ്ടുപോവുക എന്ന പ്രതിജ്ഞയിൽ ഉറച്ചുനിൽക്കുകയും പൊതുസേവനത്തിൻ്റെ ദുഷ്കരമായ ദൗത്യം പൂർണ്ണഹൃദയത്തോടെ നിറവേറ്റുകയും ചെയ്തു. യോഗികൾക്കിടയിലും ദേവദയാനന്ദൻ്റെ പ്രത്യേകത ഇതായിരുന്നു.
യോഗദർശനത്തിന്റെയും സമ്പൂർണ്ണ ആർഷവിദ്യയുടെയും അടിസ്ഥാനത്തിൽ വേദങ്ങളുടെ യഥാർത്ഥ അർത്ഥം വ്യക്തമാക്കി മഹർഷി ദയാനന്ദൻ വേദങ്ങളുടെ പ്രാധാന്യം വർദ്ധിപ്പിച്ചു. വേദങ്ങളുടെ മറ്റ് വ്യാഖ്യാതാക്കൾ യാജ്ഞികവും ആഭിചാരക്രിയകളുമായി ബന്ധപ്പെട്ട അർത്ഥങ്ങൾ നൽകി വേദങ്ങളെ പരിമിതപ്പെടുത്തുകയും വികൃതമാക്കുകയും ചെയ്ത് വേദങ്ങളുടെ പ്രാധാന്യം കുറച്ചു. എന്നാൽ വേദങ്ങൾ എല്ലാ സത്യവിദ്യകളുടെയും ഗ്രന്ഥമാണെന്ന് തൻ്റെ വ്യാഖ്യാനത്തിൽ വ്യക്തമാക്കാൻ മഹർഷി ഒരു വിജയകരമായ ശ്രമം നടത്തി. സത്യശാസ്ത്രം, സാമൂഹ്യശാസ്ത്രം, ഭൗതികശാസ്ത്രം, ആത്മീയ ശാസ്ത്രം എന്നിവയുടെ ഉയർന്ന ഘടകങ്ങൾ അദ്ദേഹത്തിൻ്റെ വേദഭാഷയിൽ കണ്ടെത്താനാകും. കൃഷി, പശു സംരക്ഷണം, ആയുധ പരിജ്ഞാനം, വിമാനങ്ങൾ, വാഹനങ്ങൾ, വൈദ്യുതി തുടങ്ങിയ വിഷയങ്ങളിൽ അദ്ദേഹത്തിൻ്റെ വേദഭാഷയിൽ ലഭിച്ച നിർദേശങ്ങൾ ഇന്നത്തെ ശാസ്ത്രയുഗത്തിന് പുതിയ ദിശാബോധം നൽകാൻ പ്രാപ്തിയുള്ളതാണ്. വേദവ്യാഖ്യാതാക്കളിൽ പോലും ദയാനന്ദൻ അതുല്യനാണ്. യഥാർത്ഥ ശിവനെ ദർശിക്കുക, യോഗയിലൂടെ ആത്മാവിനെയും ഈശ്വരനെയും തിരിച്ചറിയുക, പശുക്കളുടെയും വിധവകളുടെയും അനാഥരുടെയും നികൃഷ്ടമായ അവസ്ഥ, രാജ്യത്തെ കീഴ്‌പ്പെടുത്തൽ, സ്ത്രീകളുടെയും ദളിതരുടെയും അസ്പൃശ്യരുടെയും ദുരവസ്ഥ തുടങ്ങിയ പ്രശ്‌നങ്ങളായിരുന്നു അദ്ദേഹത്തിന് മുന്നിൽ ഉണ്ടായിരുന്നത്. സ്വർണ്ണപ്പക്ഷി എന്ന് വിളിക്കപ്പെടുന്ന ഭാരതത്തിൽ മൃതദേഹങ്ങൾ ദഹിപ്പിക്കാതെ അടക്കം ചെയ്യുക എന്ന അജ്ഞതയുടെയും കാപട്യത്തിൻ്റെയും പ്രശ്നങ്ങളുണ്ടായിരുന്നു. അതിനെതിരായി അദ്ദേഹം തൻ്റെ ജീവിതകാലം മുഴുവൻ ഒരു ധീരയോദ്ധാവിനെപ്പോലെ പോരാടി, ഒടുവിൽ അതിനായി തൻ്റെ ജീവൻ ബലിയർപ്പിച്ചു. തന്റെ മരണശേഷം ശരീരം വേദവിധി പ്രകാരം അന്ത്യേഷ്ടി സംസ്കാരം നടത്തണം എന്നും സമാധി ഇരുത്തുക തുടങ്ങിയ വേദവിരുദ്ധമായ ആചാരങ്ങൾ ചെയ്യരുത് എന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ജീവിതത്തിലുടനീളം ആരെയും നിരാശപ്പെടുത്താത്ത ദയാനന്ദൻ എന്തിനാണ് മരണത്തെ പോലും നിരാശപ്പെടുത്തുന്നത്? മരണാസന്നനായ അവസരത്തിൽ ഗുരുദത്തിനെപ്പോലെയുള്ളവരെ ഉണർത്തി വിഷം നൽകിയവന് സംരക്ഷണം നൽകി ജീവൻ രക്ഷിച്ച മഹർഷി മറ്റൊരു പ്രത്യേകത കൂടി കാണിച്ചു. അദ്ദേഹം അവിടെ ഇരുന്ന് ഈശ്വരനെ സ്മരിച്ചുകൊണ്ട് പറഞ്ഞു – “ഈശ്വരാ! അങ്ങയുടെ ആഗ്രഹം സഫലമാകട്ടെ” എന്ന് പ്രാർത്ഥിക്കുകയും സ്വന്തം പ്രാണനെ മഹാപ്രാണനിൽ ലയിപ്പിക്കുകയും ചെയ്തു. വേദവ്യാഖ്യാനം അപൂർണ്ണമായതിൻ്റെ ദുഃഖമോ ആര്യസമാജത്തിൻ്റെ വളർച്ചയോ ഒന്നുമദ്ദേഹത്തിൽ അപ്പോൾ ദർശിച്ചില്ല. ജീവിതകാലം മുഴുവൻ ഈശ്വരന്റെ കൽപ്പനകൾ പാലിച്ചവൻ, ഇന്ന് അദ്ദേഹത്തിൻ്റെ ആജ്ഞകൾ നേടിയ ശേഷം, സുഖമോ ദുഃഖമോ ഇല്ലാത്ത നിത്യതയുടെ പാതയിലേക്ക് യാത്രയായി. ദേവ ദയാനന്ദാ, അങ്ങയുടെ മരണവും അതുല്യമായിരുന്നു.
ധർമ്മബോധത്തിൽ പോലും ദയാനന്ദൻ അതുല്യനാണ്. ഒരുപാട് കഷ്ടപ്പാടുകൾ സഹിച്ചിട്ടും ധർമ്മത്തിൻ്റെ പാതയിൽ അദ്ദേഹം ഉറച്ചുനിൽക്കുന്നതായി നാം കാണുന്നു. അദ്ദേഹത്തിൻ്റെ ജീവചരിത്രം വായിച്ചാൽ, തൻ്റെ മതം പിന്തുടരാൻ എന്തുമാത്രം പ്രയാസങ്ങൾ സഹിച്ചുവെന്ന് നമുക്ക് മനസ്സിലാകും. വാളുകൊണ്ടും, ഇഷ്ടികയും കല്ലുകൊണ്ടുമുള്ള ആക്രമണം, അപമാനിക്കൽ, വ്യാജ ആരോപണങ്ങൾ, വിഷം കഴിപ്പിക്കൽ, സാമ്പത്തിക പ്രലോഭനങ്ങൾ – ഇവയ്‌ക്കൊന്നും അദ്ദേഹത്തെ ധർമ്മത്തിൻ്റെ പാതയിൽ നിന്ന് വ്യതിചലിപ്പിക്കാൻ കഴിഞ്ഞില്ല. ആർക്കാണ് ഇത്രയും തപസ്സുചെയ്യാൻ കഴിയുക? “ഇദം ധർമ്മായ – ഇദം ന മമ” എന്ന് പറഞ്ഞ് സ്വയം ത്യാഗം ചെയ്യുന്ന എത്രപേരെ ലോകത്ത് കാണാം? സത്യത്തിൽ “ന്യായാത് പഥ: പ്രവിചലന്തി പദമ് ന ധീരാഃ” – അർത്ഥം: ആയിരക്കണക്കിന് പ്രയാസങ്ങൾ നേരിടുമ്പോഴും ക്ഷമാശീലരായ ആളുകൾ നീതിയുടെ പാതയിൽ നിന്ന് ഒരടി പോലും വ്യതിചലിക്കുന്നില്ല എന്നാണ്. ദയാനന്ദൻ ക്ഷമയുടെ മാതൃകയാണ്. ശാരീരിക തപസ്സായാലും, കഷ്ടപ്പാടുകൾ സഹിച്ചിട്ടും ധർമ്മത്തിൽ ഉറച്ചുനിൽക്കുന്നവരായാലും, ദയാനന്ദൻ രണ്ടിലും ഉന്നതനായ ഒരു മഹാനാണ്. ദയാനന്ദൻ എവിടെയും അതുല്യനാണ്.
ശരീരത്തിൻ്റെയും ആത്മാവിൻ്റെയും സമൂഹത്തിൻ്റെയും പുരോഗതിക്കായി അദ്ദേഹം ഒരു സമ്പൂർണ കാര്യപരിപാടി കൊണ്ടുവന്നിരുന്നു. കാലത്തിൻ്റെ പ്രവാഹം തൊട്ടുതീണ്ടാത്ത, യുഗത്തിനുപോലും മങ്ങലേൽപ്പിക്കാൻ പറ്റാത്ത പുതിയ തുണിയാണ് അദ്ദേഹം നെയ്തെടുത്തത്. അതാണ് ശാശ്വതവും അനശ്വരവുമായത്. മേൽപ്പറഞ്ഞ ഉന്നത ഗുണങ്ങളും നേതൃത്വപാടവവും സമ്പൂർണ്ണ വിപ്ലവത്തിൻ്റെ തുടക്കക്കാരനുമായിട്ടും, ഈ മഹാപുരുഷൻ പുതിയ മതങ്ങളോ സിദ്ധാന്തങ്ങളോ ഒന്നും ആരംഭിച്ചില്ല. എന്നാൽ പുരാതന വൈദിക വിശ്വാസങ്ങളിൽ അധിഷ്ഠിതമായ ഒരു സമാജം സ്ഥാപിച്ചു.
സ്വാമി ദയാനന്ദൻ്റെ 200-ാം ജന്മവാർഷികമാചരിക്കുന്ന ഈ അവസരത്തിൽ ലോകം മുഴുവൻ ആ മഹാനായ യോഗിയിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുന്നു. അദ്ദേഹം കാണിച്ച വേദങ്ങളുടെ പാത പിന്തുടരുന്നു. വേദങ്ങളെക്കുറിച്ചുള്ള അറിവ് ലോകത്ത് പ്രചരിപ്പിക്കുമെന്ന് പ്രതിജ്ഞയെടുക്കുന്നു.
(കടപ്പാട് : ഡോ. വിവേക് ആര്യയുടെ ലേഖനങ്ങൾ, സത്യർത്ഥപ്രകാശം, ഋഗ്വേദാദി ഭാഷ്യഭൂമിക തുടങ്ങിയ ഗ്രന്ഥങ്ങൾ)
🙏
കെ. എം. രാജൻ മീമാംസക്
ആര്യസമാജം പ്രചാരക് & അധിഷ്ഠാതാവ്
കാറൽമണ്ണ വേദഗുരുകുലം
dayanand200
vedamargam2025
aryasamajamkeralam
TEAM VEDA MARGAM 2025