BRAHMACHARIS OF VEDA GURUKULAM ATTENDING A FAMOUS YAJURVEDA CHANTING FUNCTION AT THRISSUR AS PART OF THEIR STUDY TOUR TODAY (26.09.2024)കാറൽമണ്ണ വേദഗുരുകുലത്തിലെ ബ്രഹ്മചാരികൾ പഠനയാത്രയുടെ ഭാഗമായി ആചര്യന്മാർക്കൊപ്പം ഇന്ന് (26.09.2024) തൃശ്ശൂർ ജില്ലയിലെ പെരുമനം വൈദിക ഗ്രാമത്തിൽ നടക്കുന്ന പ്രസിദ്ധമായ ഓത്തുകൊട്ടിന് എത്തിയപ്പോൾ

Blog News Print Media

എന്താണ് ഓത്തുകൊട്ട്?

പെരുമ്പിള്ളിശ്ശേരി മിത്രാനന്ദപുരം ശ്രീ വാമന മൂർത്തി ക്ഷേത്രത്തിൽ മൂന്നുവർഷത്തിലൊരിക്കൽ നടന്നുവരുന്ന യജുർവ്വേദ യജ്ഞം (ഓത്തുകൊട്ട്) വളരെ വിശേഷപ്പെട്ടതായി കണക്കാക്കപ്പെടുന്നു. ഈ വർഷം ഇത് 2024 ആഗസ്റ്റ് 9 (1199 കർക്കിടകം 25) വെള്ളിയാഴ്‌ച മുതൽ ഒക്ടോബർ 9 (1200 കന്നി 23) ബുധനാഴ്‌ച വരെ 38 സാദ്ധ്യായ ദിവസങ്ങളിലായി നടത്തപ്പെടുന്നു. രണ്ടുമാസത്തിലേറെ നീണ്ടുനിൽക്കുന്ന ഈ ഓത്തുകൊട്ടിൽ കേരളത്തിലെ നിരവധി വേദപണ്ഡിതന്മാർ പങ്കെടുക്കും.

യജുർവ്വേദത്തിന്റെ ഉപാസന, അല്ലെങ്കിൽ ആലാപനമാണ് ഓത്തുകൊട്ട് എന്നറിയപ്പെടുന്നത്. കൃഷ്‌ണ യജുർവ്വേദത്തിലെ ആദ്യത്തെ 44 പർച്ചം (അദ്ധ്യായം) മാത്രമേ ഇപ്പോൾ ഓത്തുകൊട്ടിന് സാധാരണയായി ഉപാസിക്കാറുള്ളൂ.

ഓത്തുകൊട്ടിൽ സംഹിതാ, പദം, കൊട്ട് എന്നീ മൂന്നുവിധത്തിലുള്ള ആലാപന ക്രമങ്ങളുണ്ട്. ഇതിൽ സംഹിത സ്വരനിയമത്തോടെ, മാത്രാ നിയമത്തോടെ കൂട്ടിച്ചേർത്ത് ആലപിക്കപ്പെടുന്നു. ഇതിനെ ചന്താതിക്കുക അല്ലെങ്കിൽ സ്വരത്തിൽ ചൊല്ലുക എന്നാണ് പറയുന്നത്. ഒരാൾ സംഹിതയിലെ 50 പദങ്ങൾ (പഞ്ഞാതി) അടങ്ങുന്ന ഒരു ഖണ്ഡിക വ്യാകരണ നിയമപ്രകാരം സ്വരത്തിൽ ചൊല്ലുകയും അത് മറ്റുള്ളവർ 5 തവണ സ്വരത്തോടുകൂടിയോ അല്ലാതെയോ ചൊല്ലുകയും ചെയ്യുന്നു.

എന്നാൽ ‘കൊട്ട്’ പാണ്ഡിത്യപ്രകടനമാണ്. കൊട്ട് സാധാരണയായി സന്ധ്യാസമയത്താണ് നടത്താറുള്ളത്. ഒരാൾ പരീക്ഷയ്ക്ക് ഇരിക്കുന്നതുപോലെ വേദപണ്ഡിതന്മാരുടെ
മുമ്പിൽ ഇരിക്കുകയും താൻ പഠിച്ച വേദം ഒരു ഓത്ത് നാല് പദങ്ങളായി ചൊല്ലുകയും മറ്റുള്ളവർ മൂന്നുതവണ ആവർത്തിക്കുകയും ചെയ്യുന്നു. ഇതിൽ പരീക്ഷകൻ സ്വരത്തിലും പദവിശ്ലേഷണത്തിലും പിഴവുകൂടാതെ തങ്ങളുടെ പാണ്ഡിത്യം പ്രകടിപ്പിക്കുന്നു. അങ്ങനെ 44 പർച്ചം കൃഷ്‌ണയജുർവ്വേദം 16 ആവർത്തി ആലാപനം ചെയ്യുന്നതിനെയാണ് ഓത്തുകൊട്ട് (ഓത്തുട്ട്) എന്ന് പറയുന്നത്.