ആര്യസമാജം എങ്ങനെയാണ് ഹിന്ദു വിരുദ്ധമാകുന്നത്?

Blog Print Media
  • കെ.എം. രാജൻ മീമാംസക്

സാമൂഹ്യ നവോത്ഥാന പ്രസ്ഥാനമായ ആര്യസമാജം അതിന്റെ ആരംഭം മുതൽ ഇന്നോളം ഈശ്വരീയ ജ്ഞാനമായ വേദങ്ങൾക്ക് വിരുദ്ധമായ ആശയങ്ങളെയും അനാചാരങ്ങളെയും പ്രമാണ സഹിതം ഖണ്ഡിക്കാറുണ്ട്. ഇത് കാരണം പലരും ആര്യസമാജം ഒരു നാസ്തിക മതമാണെന്നും ഹിന്ദുവിരുദ്ധമാണെന്നും വരെ പ്രചരിപ്പിക്കുന്നുണ്ട്. അത്തരം ആരോപണങ്ങൾക്കുള്ള ഒരു മറുപടിയാണ് ഇവിടെ കുറിക്കുന്നത്.

# ശ്രീകൃഷ്ണൻ വെണ്ണക്കള്ളനാണെന്നും, പശുക്കളെ മോഷ്ടിക്കുന്നവനാണെന്നും, ഗോപികമാരോടൊപ്പം രാസക്രീഡ നടത്തിയിരുന്നുവെന്നും രാധയുമായുള്ള പ്രണയബന്ധത്തിൽ ഏർപ്പെട്ടിരുന്നെന്നും, കുബ്ജ ദാസിയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിരുന്നെന്നും, ഈശ്വരന്റെ അവതാരമാണെന്നും ആര്യസമാജം വിശ്വസിക്കുന്നില്ല.

എന്നാൽ ശ്രീകൃഷ്ണൻ ജനനം മുതൽ 48 വയസ്സ് വരെ ബ്രഹ്മചാരിയായിരുന്നു, രുക്മണിയെ മാത്രം വിവാഹം കഴിച്ച്‌ ഏക പത്നീവ്രതം പാലിച്ച് വിഷ്ണു പർവതത്തിലെ ഋഷി ഉപമന്യുവിന്റെ ആശ്രമത്തിൽ 12 വർഷം ബ്രഹ്മചര്യം അനുഷ്ഠിക്കുകയും പ്രദ്യുമ്നൻ എന്ന പുത്രന് ജന്മം നൽകിയെന്നുമാണ് ആർഷഗ്രന്ഥങ്ങളിൽ കാണുന്നത്. യോഗേശ്വരൻ ആയിരുന്നതിനാൽ അദ്ദേഹം നിത്യേന ഈശ്വരനെ ആരാധിക്കാറുണ്ടായിരുന്നു. പ്രാണായാമം, സന്ധ്യ, അഗ്നിഹോത്രം തുടങ്ങിയവ നിത്യം അനുഷ്ഠിക്കുകയും പലതരം ആയോധനകലകളിൽ പ്രാവീണ്യമുള്ളവനുമായിരുന്നു. അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ആയുധം സുദർശന ചക്രമായിരുന്നു. ഒരു മഹാനായ ചിന്തകൻ, അതുല്യ യോദ്ധാവ്, യാദവരുടെ കീഴിൽ ഭാരതവർഷത്തിലെ എല്ലാ നാട്ടുരാജ്യങ്ങളെയും ഒന്നിപ്പിച്ച രാജനൈതിക വിദഗ്ധൻ എന്നീ നിലകളിൽ ശോഭിച്ചവനായി ശ്രീകൃഷ്ണനെ പ്രകീർത്തിക്കുന്ന
ആര്യസമാജം എങ്ങനെ ഹിന്ദു വിരുദ്ധമാകും?

# രാമചരിതമാനസത്തിന്റെ അടിസ്ഥാനത്തിൽ, ആര്യസമാജം ഹനുമാൻ വാനരമുഖമുള്ളയാളാണെന്ന് വിശ്വസിക്കുന്നില്ല, അല്ലെങ്കിൽ അദ്ദേഹം തന്റെ വാൽ കൊണ്ട് ലങ്ക കത്തിച്ചതായി വിശ്വസിക്കുന്നില്ല. ഇത്തരം അതിശയോക്തികൾക്ക്
പകരം മൂല രാമായണമായ വാൽമീകി രാമായണത്തിന്റെ അടിസ്ഥാനത്തിൽ, ഹനുമാൻ ദക്ഷിണേന്ത്യയിലെ വനവാസി ക്ഷത്രിയ ശാഖകളിൽ ഒരാളായിരുന്നു, അഖണ്ഡ ബ്രഹ്മചാരി, മഹാനായ യോദ്ധാവ്, വ്യാകരണ പണ്ഡിതൻ, വേദങ്ങളെക്കുറിച്ച് അറിവുള്ളവൻ എന്നിങ്ങനെയുള്ളവനായിരുന്നുവെന്ന് വിശ്വസിക്കുന്ന
ആര്യസമാജം എങ്ങനെ ഹിന്ദു വിരുദ്ധമാകും?

# ഗരുഡപുരാണം, അഗ്നിപുരാണം, ബ്രഹ്മവൈവർത്തം, മാർക്കണ്ഡേയ, ഭാഗവതം തുടങ്ങിയ 18 പുതിയ പുരാണങ്ങൾ വ്യാസകൃതമാണെന്ന് ആര്യസമാജം വിശ്വസിക്കുന്നില്ല. വേദാദി സത്യശാസ്ത്രങ്ങൾക്ക് വിരുദ്ധമായ ആശയങ്ങൾ ഉള്ള ഈ മാധ്യകാലീന സംസ്കൃത ഗ്രന്ഥങ്ങൾക്ക് പകരം
നാല് വേദങ്ങളിലെ നാല് ബ്രാഹ്മണ ഗ്രന്ഥങ്ങൾ (ഐതരേയ, തൈത്തിരീയ, ശതപഥ, ഗോപഥ) മാത്രമേ പുരാണങ്ങൾ എന്ന് വിളിക്കപ്പെടുന്നുള്ളൂ എന്ന് ആർഷ ദർശനത്തിൽ വിശ്വസിക്കുന്നു. അതിൽ ആശ്വാലയനൻ, യാജ്ഞവൽക്യൻ, ജൈമിനി തുടങ്ങിയ ഋഷിമാരുടെ ആധികാരിക ചരിത്രമുണ്ട്.
അങ്ങനെ വിശ്വസിക്കുന്ന ആര്യസമാജം എങ്ങനെ ഹിന്ദു വിരുദ്ധമാകും?

# ഹിന്ദുക്കളുടെ എല്ലാ സംസ്കൃത ഗ്രന്ഥങ്ങളും ആധികാരികമാണെന്ന് ആര്യസമാജം വിശ്വസിക്കുന്നില്ല.
മറിച്ച്, വേദങ്ങളും അവക്ക് അനുകൂലമായ ഗ്രന്ഥങ്ങൾ (ദർശനം, ഉപനിഷത്ത്, ആരണ്യകം, വേദാംഗം, വാല്മീകി രാമായണം, മനുസ്മൃതി, മഹാഭാരതം, കൗടില്യ അർത്ഥശാസ്ത്രം) മുതലായവയുടെ തത്വങ്ങൾക്ക് അനുസൃതമായ ഗ്രന്ഥങ്ങളും മാത്രമാണ് ആധികാരികമെന്ന് വിശ്വസിക്കുന്നു.
അങ്ങനെ വിശ്വസിക്കുന്ന ആര്യസമാജം എങ്ങനെ ഹിന്ദു വിരുദ്ധമാകും?

# കല്ല് കൊണ്ടുണ്ടാക്കിയ ലിംഗത്തിന് പാല് സമർപ്പിക്കുക, വിഗ്രഹത്തിന് മുന്നിൽ വണങ്ങുക, കൈകൂപ്പി, ധൂപം കാട്ടുക, വിഗ്രഹത്തിന് അന്നദാനം നടത്തുക, വസ്ത്രം ധരിപ്പിക്കുക, ചെണ്ട കൊട്ടി ഘോഷമുണ്ടാക്കുക, നൃത്തം ചെയ്യുക തുടങ്ങിയവ ഈശ്വരഭക്തിയിലേക്ക് നയിക്കുമെന്ന് ആര്യസമാജം വിശ്വസിക്കുന്നില്ല.
അതിന് പകരം, ഋഷി പതഞ്ജലിയുടെ യോഗശാസ്ത്രത്തിൽ വർണിച്ച അഷ്ടാംഗ യോഗാനുഷ്ഠാനത്തിലൂടെയുള്ള (യമനിയമങ്ങൾ, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി) ഉപാസനാ രീതിയിലൂടെ മാത്രമേ രൂപരഹിതനായ സർവ്വവ്യാപിയായ ഈശ്വരനെ ആരാധിക്കാനാവൂ എന്ന് വിശ്വസിക്കുന്നു. ഈ രീതി ഉപയോഗിച്ചായിരുന്നു നമ്മുടെ പൂർവ്വികരായ ഋഷിമാർ, ദുർഗ്ഗ, ശ്രീരാമൻ, ശ്രീകൃഷ്ണൻ, സീത, സാവിത്രി, ശിവൻ, ഹനുമാൻ തുടങ്ങിയവർ ഈശ്വരനെ ആരാധിച്ചിരുന്നത്. അതുകൊണ്ട് നാമും അതുതന്നെ ചെയ്യണം. അങ്ങനെ വിശ്വസിക്കുന്ന ആര്യസമാജം എങ്ങനെ ഹിന്ദു വിരുദ്ധമാകും?

# തീർത്ഥാടനം നടത്തി, ഗംഗാസ്നാനം വഴി, വ്യാജ പൂജാരിമാർക്ക് ദക്ഷിണ നൽകി അനാവശ്യ കാപട്യങ്ങൾ നടത്തി പണം, സമയം, ഊർജ്ജം മുതലായവ പാഴാക്കിയാൽ ആഗ്രഹങ്ങൾ സഫലമാകുമെന്ന് ആര്യസമാജം വിശ്വസിക്കുന്നില്ല.
പകരം, ഋഷി പാരമ്പര്യമനുസരിച്ച്, വീട്ടിൽ ഹോമം (അഗ്നിഹോത്രം) നടത്തുന്നതിലൂടെ, 33 കോടി (33 തരം) ദേവന്മാർ {11 രുദ്രൻ, 8 വാസു, 12 ആദിത്യൻമാർ, ഇന്ദ്രൻ (വൈദ്യുതി),പ്രജാപതി} പുഷ്‌ടീകരിക്കപ്പെടുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. അത് മൂലം യഥാസമയം മഴയുണ്ടാവുകയും ഓഷധികൾ പോഷിപ്പിക്കപ്പെടുകയും പഴങ്ങൾ, പൂക്കൾ, പച്ചക്കറികൾ, ധാന്യങ്ങൾ മുതലായവ വളർന്ന് ശുദ്ധമാകും, ഇത്തരമൊരു യജ്‌ഞം നടത്തുന്നതിലൂടെ ആയിരക്കണക്കിന് ആളുകൾക്ക് ഗീതയിൽ പറഞ്ഞിരിക്കുന്നതുപോലെ പ്രയോജനം ലഭിക്കുന്നു. ഒരു യജ്ഞത്തിൽ നിന്ന് മാത്രം ഒരാൾക്ക് ധാരാളം പുണ്യം ലഭിക്കും.
അങ്ങനെ വിശ്വസിക്കുന്ന ആര്യസമാജം എങ്ങനെ ഹിന്ദു വിരുദ്ധമാകും?

# പരേതന്റെ ശ്രാദ്ധം, ബ്രാഹ്മണ വേഷധാരികളുടെവയറു നിറയ്ക്കൽ, ചിതാഭസ്മം ഗംഗയിൽ ഒഴുക്കൽ തുടങ്ങിയവയിലൂടെ മരണപ്പെട്ടയാളുടെ ആത്മാവിന് ശാന്തി ലഭിക്കുമെന്ന് ആര്യസമാജം വിശ്വസിക്കുന്നില്ല.
പകരം, ഒരു വ്യക്തി തന്റെ കർമ്മ ഫലങ്ങൾക്ക് ഉത്തരവാദിയാണെന്ന് വിശ്വസിക്കുന്നു. മൃതദേഹം ദഹിപ്പിച്ച ശേഷം (നരമേധ യജ്‌ഞം ) വീട്ടിലെ വായു ശുദ്ധീകരിക്കാൻ ഒരു ഹോമം നടത്തണം, അതിനുശേഷം മരിച്ചയാളുടെ ചിതാഭസ്മം വെള്ളത്തിൽ ഇടുന്നതിന് പകരം, അവയെ ഒരു വയലിൽ നിക്ഷേപിച്ച് അത് കൃഷിക്കുള്ള വളമായി ഉപയോഗിക്കണം, പിന്നീട് പരേതാത്മാവിന് മറ്റൊന്നും ചെയ്യേണ്ടതില്ല.
അങ്ങനെ വിശ്വസിക്കുന്ന ആര്യസമാജം എങ്ങനെ ഹിന്ദു വിരുദ്ധമാകും?

# സർക്കാർ നിയന്ത്രിക്കുന്ന ക്ഷേത്രങ്ങളിലേക്ക് ദാനം ചെയ്യുന്നതിലൂടെ കോടിക്കണക്കിന് പണം പാഴാക്കണമെന്ന് ആര്യസമാജം ആഗ്രഹിക്കുന്നില്ല. സനാതന ധർമ്മം പ്രചരിപ്പിക്കാനായും അവശത അനുഭവിക്കുന്ന ജനങ്ങൾക്ക് സാന്ത്വനം നൽകുന്നതിനും പകരം ആ പണത്തിന്റെ നല്ലൊരു ഭാഗം സർക്കാരിന്റെ പൊതു കാര്യങ്ങൾക്കും മസ്ജിദുകൾക്കും പള്ളികൾക്കും വേണ്ടി ചെലവഴിക്കണമെണ് ആര്യസമാജം ആഗ്രഹിക്കുന്നില്ല.
മറിച്ച്, ഈ അപാരമായ സമ്പത്ത് ഉപയോഗിച്ച് ജനനന്മക്കായി വേദശാസ്ത്രത്തെക്കുറിച്ചുള്ള ഗവേഷണത്തിനായി ഗുരുകുലങ്ങളും സംസ്‌കൃത വിദ്യാലയങ്ങളും പരീക്ഷണ ശാലകളും തുറക്കണമെന്നാണ് ആര്യസമാജം ആഗ്രഹിക്കുന്നത്. നമ്മുടെ രാജ്യം സംസ്‌കൃത രാഷ്ട്രമായി മാറുന്നതിനും പുരാതന ആര്യാവർത്ത ദേശമായി മാറുന്നതിനും ഹിന്ദു കുട്ടികൾ മദ്രസകളിലും കോൺവെന്റുകളിലും പോകാതെ മോഹജാലങ്ങളിൽ പെട്ട് മുസ്ലീങ്ങളും ക്രിസ്ത്യാനികളും ആകുന്നത് ഒഴിവാക്കാൻ വേദപാഠശാലകളും അനാഥാലയങ്ങളും സേവാകേന്ദ്രങ്ങളും മറ്റും തുറക്കണം. അങ്ങനെ വിശ്വസിക്കുന്ന ആര്യസമാജം എങ്ങനെ ഹിന്ദു വിരുദ്ധമാകും?

# പൊള്ളയായ ജനാധിപത്യത്തിന്റെ അടിസ്ഥാനത്തിൽ രാഷ്ട്രീയ പാർട്ടികൾ ഹിന്ദുക്കളെ ജാതികളായി തിരിച്ച് വോട്ട് പിടിക്കാനും ഒരു പ്രത്യേക സമുദായത്തെ വളർത്തിക്കൊണ്ടുവരണമെന്നും പാവപ്പെട്ട ഹിന്ദുക്കൾ എല്ലാ മേഖലകളിൽ നിന്നും പിന്നാക്കം പോയി ഹിന്ദു രാഷ്ട്രത്തിന്റെ കേവലം കൊടിയും സ്വപ്നവും മാത്രം ഉയർത്തിക്കൊണ്ടേയിരിക്കണം എന്ന കപട മതേതര രാഷ്ട്രീയ നേതാക്കളുടെ കബളിപ്പിക്കലിനെ ആര്യസമാജം അനുകൂലിക്കുന്നില്ല.
മറിച്ച്, ഇപ്പോഴുള്ള ദുഷിച്ച വ്യവസ്ഥയെ പിഴുതെറിയുകയും മനുസ്മൃതിയുടെ (കൂട്ടിച്ചേർക്കലുകൾ ഇല്ലാത്ത വിശുദ്ധ മനുസ്മൃതിയുടെ) അടിസ്ഥാനത്തിൽ ഒരു ദേശീയ ഭരണം സ്ഥാപിക്കുകയും നമ്മുടെ രാഷ്ട്രത്തിന് ഭൂമിയെ മുഴുവൻ ഒരു കുടക്കീഴിൽ കൊണ്ടുവരാൻ കഴിയുന്ന വൈദിക ഭരണത്തിന്റെ (യഥാർത്ഥ ഹിന്ദുത്വം) ബീജാവാപം നടത്തുകയും വേണം എന്ന് ആര്യസമാജം വിഭാവനം ചെയ്യുന്നു. കൃണ്വന്തോ വിശ്വമാര്യം എന്ന് ഈ വേദവാണിയെ സാർത്ഥകമാക്കാൻ ആര്യാസമാജം ആഗ്രഹിക്കുന്നു. വൈദിക ഗണരാജ്യമുണ്ടാക്കിയ യുധിഷ്ഠിരനെയും വിക്രമാദിത്യനെയും പോലെ ഛിന്നഭിന്നമായ മനുഷ്യസമൂഹങ്ങളുടെ സ്ഥാനത്ത് ഒരു അഖണ്ഡ വൈദിക ചക്രവർത്തി രാഷ്ട്രം സ്ഥാപിക്കുകയും രാജസൂയ യാഗം നടത്തുകയും വേണം എന്ന് വിശ്വസിക്കുന്ന ആര്യസമാജം എങ്ങനെ ഹിന്ദു വിരുദ്ധമാകും?
(കടപ്പാട് : സാമൂഹ്യ മാധ്യമങ്ങൾ)
🙏

കെ. എം. രാജൻ മീമാംസക്
ആര്യപ്രചാരക് & അധിഷ്ഠാതാവ്
വേദഗുരുകുലം, കാറൽമണ്ണ

dayanand200

vedamargam2025

aryasamajamkeralam

TEAM VEDA MARGAM 2025