ഇന്ന് ആഷാഢ പൂർണ്ണിമയായി ബഹുഭൂരിപക്ഷം പഞ്ചാംഗങ്ങളും കണക്കാക്കുന്നു. ഗുരു പൂർണ്ണിമയായും ഈ ദിനം ആചരിക്കുന്നു. എന്നാൽ യഥാർത്ഥത്തിൽ ഇന്ന് അധിമാസമായ ശ്രാവണമാസത്തിലെ ആദ്യത്തെ പൂർണ്ണിമയാണ്. രണ്ടാമത്തെ പൂർണ്ണിമ വരുന്നത് 2020 ആഗസ്റ്റ് 3 നാണ്. (അധിമാസമായതിനാൽ രണ്ടു പൂർണ്ണിമകൾ ഈ മാസത്തിൽ വരുന്നുണ്ട്.) അന്നാണ് ശ്രാവണ പൂർണ്ണിമ, ആവണി അവിട്ടം, രക്ഷാബന്ധൻ എന്നിവയായി ആചരിക്കുന്നത്.
എന്നിരുന്നാലും ഇന്ന് ആഷാഢ പൂർണ്ണിമ അഥവാ വ്യാസ ജയന്തിയായി നിരവധി പേർ കരുതി ഗുരുപൂജയും മറ്റും നടത്തുന്നുണ്ട് (നേരത്തെ സൂചിപ്പിച്ചപോലെ ഇപ്പോൾ ആഷാഢമാസം കഴിഞ്ഞ് ശ്രാവണമാസമാണ്. കൂടുതൽ വിവരങ്ങൾക്ക് കാറൽമണ്ണ വേദ ഗുരുകുലം പ്രസിദ്ധീകരിച്ച കേരളീയ വൈദിക പഞ്ചാംഗം നോക്കുക. https://aryasamajkerala.org.in/books-published-by-arya-samajam-kerala/kerala-vedic-panchagam-vedic-jyothisham-arya-samajam-kerala-aryasamajkerala/ ).
യഥാർത്ഥത്തിൽ ആരാണ് മാതൃകാ ഗുരു? ആരാണ് മാതൃകാ ശിഷ്യൻ? ഈ വിഷയം ഒന്ന് സ്വാധ്യായം ചെയ്യുന്നത് നന്നായിരിക്കും.
മഹാഭാരത കാലശേഷം വേദധർമ്മ പ്രചാരണാർത്ഥം ജീവിതം തപസ്യയാക്കിയ രണ്ടു ഗുരുശിഷ്യ ജോഡികളെ മാത്രമേ ആർഷ ഭാരതം കണ്ടിട്ടുള്ളു. ഗുരുശിഷ്യന്മാർ ഏറെയുണ്ടായിട്ടുണ്ട്. എന്നാൽ വേദപ്രചരണം മുഖ്യലക്ഷ്യമായി കണ്ടവരെയാണ് ഇവിടെ സൂചിപ്പിക്കുന്നത്. അതിൽ ഒന്നാമത് ഗോവിന്ദ ഭഗവദ്പാദരും ശങ്കരാചാര്യരും ആണ്. അതിനു ശേഷം ഭാരതം കണ്ട ഗുരു -ശിഷ്യന്മാർ ഗുരു വിരജാനന്ദ ദണ്ഡിയെന്ന അന്ധനായ വ്യാകരണ വയ്യാകരണനും മഹർഷി ദയാനന്ദസരസ്വതിയുമാണ്. ഗുരു വിരജാനന്ദനിൽ നിന്നും വെറും മൂന്നുവർഷം കൊണ്ടു പഠനം പൂർത്തിയാക്കിയ മഹർഷി ദയാനന്ദൻ തന്റെ ജീവിതം വേദപ്രചാരണത്തിനായി സമർപ്പിച്ചു. നമുക്ക് ഈ ഗുരുശിഷ്യന്മാരെ പ്രണമിച്ചുകൊണ്ടു അവരിൽ നിന്നും പ്രേരണ നേടി അവരുടെ മാർഗ്ഗത്തിൽ ചരിക്കാൻ ഗുരുക്കന്മാരുടെയും ഗുരുവായ പരമേശ്വരൻ അനുഗ്രഹിക്കട്ടെ ! ഇതായിരിക്കും യഥാർത്ഥ ഗുരുപൂജ.
ഇന്ന് പ്രചാരത്തിലുള്ള ആചാരമായ ഗുരുവിന്റെ സ്ഥാനത്തു ഒരു മുതിർന്ന വ്യക്തിയെ ഇരുത്തി അവരുടെ കാൽകഴുകി പുഷ്പങ്ങളർപ്പിച്ചു പൂജ ചെയ്താൽ മാത്രം ഗുരുപൂജയാവില്ലെന്നു സാരം. ഗുരുവും ഈശ്വരനും ഒന്നിച്ചുവന്നാൽ ആദ്യം വന്ദിക്കേണ്ടത് ഈശ്വരനെയല്ല തന്റെ ഗുരുവിനെയാണ് എന്ന് അജ്ഞരായ ചിലർ പറഞ്ഞു പരത്തുന്നുണ്ട്. ഗുരുവിന്റെ കൂടി ഗുരുവായ ആ ഈശ്വരനെ ‘സ: പൂർവേഷാമപി ഗുരു ‘ എന്നാണ് യോഗദർശനം പറയുന്നത്. പൂർണ്ണനായ ഈശ്വരന് തന്നെയാണ് പ്രാമുഖ്യം നൽകേണ്ടത് എന്ന് ‘ഗുരുർ ബ്രഹ്മാ ഗുരുർ വിഷ്ണുർ ഗുരുദേവോ മഹേശ്വരാ ‘എന്ന മന്ത്രത്തെ തെറ്റായി വ്യാഖ്യാനിച്ചു ആൾദൈവങ്ങളെ പൂജിക്കുന്നത് വേദവിരുദ്ധമാണെന്നു മഹർഷി ദയാനന്ദൻ സത്യാർത്ഥ പ്രകാശത്തിൽ പറയുന്നുണ്ട്. അതിനാൽ യഥാർത്ഥ ഗുരുപൂജ ഗുരുവിന്റെ ഉപദേശങ്ങളെ ശിരസ്സാവഹിച്ചു കൊണ്ടു ശങ്കരാചാര്യരും മഹർഷി ദയാനന്ദനും കാട്ടിത്തന്ന ആത്മ സമർപ്പണമാണ്. എല്ലാവർക്കും മംഗളാശംസകൾ നേരുന്നു.
Author : KM Rajan – Arya Pracharak and Adishtatha of Veda Gurukulam Karalmanna