പഴയിടത്തിന് പുതുമ പോരാഞ്ഞിട്ടോ അതോ കേരളത്തെ വീണ്ടും വീണ്ടും ഭ്രാന്താലയമാണെന്ന് ഉറപ്പിക്കുന്നതിനോ ?

Uncategorized മലയാളം

ദൈവത്തിൻ്റെ സ്വന്തം നാടെന്ന് പറഞ്ഞ് സ്വയം പെരുമകൊള്ളുന്ന സാക്ഷരതയിൽ മുൻപന്തിയിൽ നിൽക്കുന്ന ഈ കൊച്ചു വലിയ കേരളത്തിൽ ഇനി എന്താണ് നടക്കാനുള്ളത്? കലകളുടെ നാടായ കേരളം 61 വർഷമായി കൊച്ചുപ്രതിഭകളുടെ കലാ അരങ്ങിനെ വളരെ നല്ല രീതിയിൽ തന്നെ നടത്തി വരുന്നു. അതിൽ ഇതുവരെയും ഭക്ഷണത്തിൻ്റെ പേരിൽ യാതൊരുവിധ പ്രശ്നങ്ങളോ പരാതികളോ ഒന്നും തന്നെ ഉണ്ടായിട്ടില്ല. പിന്നെന്തിനാണ് ഇപ്പോൾ ഇങ്ങനെ ഒരു പരിഷ്കാരം (പിടിവാശി) ഈ അഞ്ച് നാളുകളിലേക്ക് കൊണ്ടുവരുന്നത് എന്ന് മനസ്സിലാവുന്നില്ല. പഴയിടത്തിന് പുതുമയില്ലെങ്കിൽ പാചകകലയുടെ മേഖലയിൽ വേറെ ആരും ഇല്ല എന്നൊന്നും ഇല്ലല്ലോ… വേറെയും പുതുമകൾ കൊണ്ടുവരാമല്ലോ…
നമുക്കറിയാം കേരളീയർ ഏവരും ശുദ്ധ സസ്യാഹാരികൾ അല്ല… എന്നാൽ നമുക്കിടയിൽ ശുദ്ധസസ്യാഹാരികളും ഉണ്ടെന്ന് ഒരിക്കലും മറക്കരുത്. അത് നമ്മുടെ വ്യക്തിപരമായ താൽപര്യം. അങ്ങനെയിരിക്കെ കലോത്സവ അടുക്കളയിൽ മാംസാഹാരം, സസ്യാഹാരം എന്നിങ്ങനെ വെവ്വേറെ ഉണ്ടാക്കുമോ? അങ്ങനെയാണെങ്കിൽ തന്നെ അത് തൃപ്തിയോടെ കഴിക്കാൻ കഴിയുമോ? മാംസാഹാരം മാത്രം കഴിക്കുന്നവരല്ല നമ്മൾ, അത് മാത്രം കഴിച്ച് ജീവിക്കാൻ സാധിക്കുകയുമില്ല, എന്നാൽ സസ്യാഹാരം മാത്രം സാധ്യവുമാണ്. സസ്യാഹാരം മാംസാഹാരത്തോളം ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നുമില്ല.
കല എന്നത് മനസ്സും ശരീരവും അർപ്പിച്ച് ചെയ്യുന്ന ഒരു ദൈവീക സമർപ്പണമാണ്. മനസ്സുപോലെ തന്നെ ശരീരവും ഒരുപോലെ ആരോഗ്യയുക്തമായിരിക്കണം. നമുക്കറിയാം മാംസ ഭക്ഷണം ദഹനപ്രക്രിയ സങ്കീർണമാക്കുകയും ആലസ്യം നൽകുകയും ചെയ്യുന്ന ഒന്നാണ്. ഛർദി, അതിസാരം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ പെട്ടെന്ന് ഉണ്ടാവാൻ ഇടയുമുണ്ട്. ഒരുപാട് പ്രതീക്ഷകളോടെ വർഷങ്ങളായി പരിശീലനത്തോടെ, ആകാംക്ഷയോടെ, പ്രതീക്ഷയോടെ, സന്തോഷത്തോടെ കലോൽസവ വേദിയിലേക്ക് ചുവട് വെക്കാൻ വരുന്ന കുരുന്നുകളെ തന്നെ വേണോ ഈ പരീക്ഷണ പിടിവാശിക്ക് ? (മാംസാഹാരത്തിൻ്റെ കൂടുതൽ ദൂഷ്യവശങ്ങൾ ഒന്നും ഇപ്പോൾ ഇവിടെ വിവരിക്കുന്നില്ല) എന്നാൽ ഇത് വെറും ഒരു വിവാദത്തിനും വർഗീയതക്കും ജാതിചിന്തക്കും സ്വേച്ഛാധിപരമായ ഭരണത്തിന് കീഴിൽ ഏവരെയും നിർത്താനും വേണ്ടി മാത്രമാണെന്ന് ആർക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. മാംസഭക്ഷണത്തിന് ഈ നിർബന്ധം പിടിക്കുന്നവർ എന്തുകൊണ്ട് ലക്ഷക്കണക്കിന് കുരുന്നുകൾക്ക് ദിവസേന ഇത് സ്കൂളുകളിൽ ഉച്ചഭക്ഷണത്തിന് നൽകുന്നില്ല ?
പൊതുവേദിയിൽ ഹലാൽ നിയമങ്ങൾ ഒന്നും പാലിക്കാതെ ഉണ്ടാക്കുന്ന ഈ മാംസാഹാരം ഒരു മുസൽമാൻ എങ്ങിനെ കഴിക്കും? അവരുടെ നിയമം അതിനനുവദിക്കുമോ ? അത് മുസ്ലിംങ്ങൾക്ക് എതിരായ ഒരു നീക്കമായി വ്യാഖ്യാനിക്കാൻ ഇടയുണ്ട്. കലോത്സവത്തിന് തുടക്കത്തിൽ തന്നെ ഒരു തീവ്രവാദി വേഷം വിവാദമുണ്ടാക്കിയത് ആരും മറന്നു കാണില്ല എന്ന് കരുതുന്നു. ഇത്രയും പേർക്ക് വേണ്ടിയുള്ള മാംസാഹാര വസ്തുക്കൾ ഗുണമേന്മ ഉറപ്പാക്കി കൊടുക്കാൻ കഴിയുമോ? ഏഷ്യയിലെ തന്നെ ഏറ്റവും വലിയ മേളയായ സംസ്ഥാന സ്കൂൾ കലോത്സവത്തിന് മാംസ ഭക്ഷണം തയ്യാറാക്കാൻ ആര് ശുദ്ധമായ മാംസം സപ്ലൈ ചെയ്യും?
വീട്ടിലെ ആവശ്യത്തിന് 2 കിലോ ഇറച്ചി വാങ്ങുന്ന പോലെയല്ലല്ലോ ഇത്.
MPI (കേരള സർക്കാർ പൊതുമേഖലാ സ്ഥാപനമായ മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യ) യ്ക്ക് ഓർഡർ നൽകിയാലും ഇത്രയും വലിയ അളവിൽ അവർക്കും കൊടുക്കുവാൻ പറ്റില്ല.
ഏതെങ്കിലും പ്രമുഖ കമ്പനികളുടെ ഫ്രോസൻ മാംസം വാങ്ങാനെ കഴിയൂ….
അത് ഹലാൽ അല്ലെന്ന് പറഞ്ഞ് വിവാദം പൊട്ടിമുളക്കാനും സാധ്യതയുണ്ട്. ഷവർമ്മ പോലുള്ള മാംസ ഭക്ഷണം കഴിച്ച് മരണങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യം ഈ അടുത്ത നാളുകളിൽ തന്നെ നമ്മുടെ കൺമുന്നിൽ ഉണ്ട്. കലോത്സവം നടക്കുന്ന
ഈ അഞ്ച് നാളുകൾ നമ്മുടെ കുരുന്നുകൾ സന്തോഷത്തോടെ ആരോഗ്യത്തോടെ ആത്മവിശ്വാസത്തോടെ അരങ്ങേറട്ടെ…..ഇവിടെ വേണോ ഇത്തരം പരിഷ്കാരങ്ങളും പിടിവാശികളും? കേരളത്തിലെ കലാസ്നേഹികളെ……ഉണർന്ന് ചിന്തിക്കൂ….

🙏

(കെ. എം. രാജൻ മീമാംസക്, ആര്യപ്രചാരക് & അധിഷ്ഠാതാവ്, വേദഗുരുകുലം)