കാമ-ക്രോധ-ലോഭങ്ങൾ നരകത്തിലേക്കുള്ള ദ്വാരങ്ങളാണെന്ന് ശ്രീകൃഷ്ണൻ ഉപദേശിക്കുന്നു.
യോഗേശ്വരനായ ശ്രീകൃഷ്ണൻ്റെ യഥാർത്ഥ ജീവിതവും സ്വഭാവവും അറിയണമെങ്കിൽ പുരാണ ഗ്രന്ഥങ്ങളേയല്ല, ഭഗവത് ഗീതയേയും മഹാഭാരതത്തേയുമാണ് സമീപിക്കേണ്ടത്.
ഗീതോപദേശം അർജ്ജുനൻ്റെ ജീവിതത്തെ മാത്രമല്ല മാറ്റിമറിച്ചത്, അത് ഇന്നും എന്നും ആ ജ്ഞാനത്തെ സമീപിക്കുന്ന സർവ്വമാനവരുടേയും ജീവിതത്തെ മാറ്റിമറിച്ചു കൊണ്ടിരിക്കുന്നു. ജീവിതത്തിലുടനീളം അനീതിക്കെതിരെ ശബ്ദമുയർത്തുകയും യുക്തിബോധത്തോടെ പ്രതികരിക്കുകയും ചെയ്തിരുന്നു കൃഷ്ണൻ. നിഷ്കാമമായി കർമ്മങ്ങൾ അനുഷ്ഠിക്കുകയും ആ കർമ്മത്തിൻ്റെ ഫലം വിജയമായാലും പരാജയമായാലും തുല്യമായി സ്വീകരിക്കുവാനുള്ള തപോ ബലവും അദ്ദേഹം നേടിയിരുന്നു. അതുപോലെ തന്നെ ഭഗവത്ഗീത ആറാം അദ്ധ്യായം 5-ാം ശ്ലോകം സ്വയം അവമതിക്കാതെ ആത്മവിശ്വാസം നേടുമ്പോൾ നാം തന്നെ നമ്മുടെ മിത്രമാകുന്നുവെന്നും സ്വയം അവമതിക്കുമ്പോൾ ശത്രുവും ആയിത്തീരുന്നുവെന്ന് വിശദീകരിക്കുന്നു. കൂടാതെ ശ്ലോകം 16.21 ൽ
” ത്രിവിധം നരകസ്യേദം
ദ്വാരം നാശനമാത്മന:
കാമ: ക്രോധസ്തഥാലോഭ-
സ്തസ്മാദേതത്രയം ത്യജേത് “
കാമവും ക്രോധവും ലോഭവും ചേർന്ന ഈ മൂന്നു കാര്യങ്ങൾ നരകത്തിലേക്കുള്ള വാതിലുകളാകുന്നു. ആത്മാവിനെ നാശത്തിലേക്കു നയിക്കുന്നതിനാൽ ഈ മൂന്നു കാര്യങ്ങളെ നാം ഉപേക്ഷിക്കണം.
എന്ന ഗീതാവചനം മാത്രം മതി അത് ജീവിതചര്യയാക്കിയ കൃഷ്ണനിലെ യോഗേശ്വരത്വം തിരിച്ചറിയാൻ.
മഹർഷി ദയാനന്ദ സരസ്വതി പറയുന്നു. “മഹാഭാരതത്തിലെ ഏറ്റവും ശേഷ്ഠനായ കഥാപാത്രമാണ് യോഗിരാജ് ശ്രീകൃഷ്ണൻ. ആപ്ത പുരുഷന്മാരുടെയും സിദ്ധന്മാരുടെയുമെല്ലാം എല്ലാ ഗുണകർമ്മ സ്വഭാവളെയും യോഗേശ്വരകൃഷ്ണനിൽ നമുക്ക് കാണാവുന്നതാണ് “
മഹാ പണ്ഡിതനും കൃഷ്ണചരിതത്തിൻ്റെ
കർത്താവുമായ ബംഗിങ്ചന്ദ്ര
ചതോപാദ്ധ്യായയും ഇപ്രകാരമെഴുതി ” കാഴ്ചയിൽ പൗരാണിക വേഷധാരിയും ഭാരതത്തിൻ്റെ യഥാർത്ഥ ഹൃദയമറിഞ്ഞ ഉന്നത വ്യക്തിത്വവുമാണ് കൃഷ്ണൻ.”
ജന്മാഷ്ടമിയുടെ നിറവിൽ സർവ്വ മംഗളങ്ങളും നേരുന്നു.
കടപ്പാട് : വൈ. കെ. വാധ്വ