ആര്യസമാജം എന്ന സാമൂഹ്യ നവോത്ഥാന ധാർമ്മിക പ്രസ്ഥാനം ആരംഭിക്കുന്ന സമയത്ത് മഹർഷി ദയാനന്ദൻ നൽകിയ പ്രസ്താവന

Blog News Notices Print Media
  • കെ. എം. രാജൻ മീമാംസക്

1875-ൽ ഉത്സാഹികളായ നിരവധി മാന്യന്മാർ ബോംബെയിൽ ഒരു ആര്യസമാജം എന്ന സാമൂഹ്യ നവോത്ഥാന ധാർമിക പ്രസ്ഥാനം സ്ഥാപിക്കാൻ സ്വാമി ദയാനന്ദ സരസ്വതിയോട് അഭ്യർത്ഥിച്ചപ്പോൾ, ദാർശനികനായിരുന്ന ആ സന്യാസി തന്റെ നിലപാട് വ്യക്തമാക്കുകയും അവർക്ക് ഇപ്രകാരം മുന്നറിയിപ്പ് നൽകുകയും ചെയ്തു.

“സഹോദരൻമാരെ! എനിക്ക് സ്വതന്ത്രമായ അഭിപ്രായമില്ല. ഞാൻ വേദങ്ങൾക്ക് അധീനനാണ്, നമ്മുടെ ഭാരതത്തിൽ ഇരുപത്തിയഞ്ച് കോടി (അന്നത്തെ ഭാരതത്തിലെ ജനസംഖ്യ) ആര്യന്മാരുണ്ട്. പല വിഷയങ്ങളിലും ഇവർ തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ട്. അത് പരസ്പരമുള്ള തുറന്ന ചർച്ചയിലൂടെ പരിഹരിക്കാവുന്നതാണ്. ഞാൻ ഒരു സന്യാസിയാണ്, നിങ്ങൾ എൻ്റെ അന്നദാതാക്കൾ ആണ്. എനിക്ക് സത്യമെന്ന് ബോധിക്കുന്നത് ഭയമില്ലാതെ എല്ലാവരേയും ഉദ്ബോധിപ്പിക്കുക എന്നതാണ് ഒരു സന്യാസി എന്ന നിലയിൽ എന്റെ കടമ. ഞാൻ പ്രശസ്തി ഇഷ്ടപ്പെടുന്നില്ല. ആരെങ്കിലും എന്നെ പുകഴ്ത്തിയാലും ഇകഴ്ത്തിയാലും, വിമർശിച്ചാലും ധർമ്മത്തെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കേണ്ടത് എന്റെ കടമയായി ഞാൻ കരുതുന്നു. ആര് അത് വിശ്വസിച്ചാലും ഇല്ലെങ്കിലും എനിക്ക് ഇതിൽ നഷ്ടമോ നേട്ടമോ ഇല്ല, നിങ്ങൾക്ക് സമൂഹത്തിൽ ഇറങ്ങിച്ചെന്ന് പരിശ്രമം നടത്തി ദാനധർമ്മാദികൾ ചെയ്യാൻ സാധിക്കുമെങ്കിൽ ഒരു സംഘടന ഉണ്ടാക്കുക. അതിന് എനിക്ക് വിരോധമില്ല. എന്നാൽ അത് വ്യവസ്ഥാപിത രീതിയിൽ നടത്തിയില്ലെങ്കിൽ, ഭാവിയിൽ ആശയക്കുഴപ്പങ്ങൾ ഉണ്ടാകാനിടയുണ്ട്. ഞാൻ മറ്റുള്ളവർക്ക് ഉപദേശം നൽകുന്നപോലെ നിങ്ങൾക്കും നൽകുന്നതാണ്. എനിക്ക് സ്വതന്ത്രമായ അഭിപ്രായമില്ലെന്നും ഞാൻ സർവ്വജ്ഞനല്ലെന്നും ഓർക്കുക. ഇതിൽ എൻ്റെ ഭാഗത്ത് എന്തെങ്കിലും തെറ്റുകൾ കണ്ടെത്തിയാൽ, അത് നല്ലവണ്ണം പരിശോധിച്ച ശേഷം തിരുത്തേണ്ടതാണ്. നിങ്ങൾ ഇത് ചെയ്യുന്നില്ലെങ്കിൽ, ഈ സംഘടനയും സാമ്പ്രദായക രൂപം പൂണ്ട് അതിൽ ന്യൂനതകൾ വന്നേക്കാം. അതുപോലെ തന്നെ ‘ബാബ വാക്യം പ്രമാണം’ എന്ന തരത്തിൽ ആയിത്തീർന്ന് വ്യത്യസ്ത മതവിശ്വാസങ്ങൾ പ്രബലമാവും. മതഭ്രാന്ത് മൂത്ത് കലഹിക്കുകയും പോരാടുകയും ചെയ്യും. എപ്രകാരമാണോ വ്യത്യസ്ത മത- മതാന്തരങ്ങൾ ഭാരതത്തിൽ രൂപമെടുത്ത് ഭാരതത്തിൻ്റെ ദേശീയ ഐക്യത്തിന് തടസ്സങ്ങൾ ഉണ്ടാക്കിയത് ഇതും അപ്രകാരമായിത്തീരും. ഭാരതത്തിൽ വ്യത്യസ്ത ആശയക്കാർ ഉണ്ടെങ്കിലും അവരെല്ലാം വേദത്തെ മാനിക്കുന്നവരാണ്. വ്യത്യസ്ത ആശയങ്ങൾ ഉൾകൊണ്ട ഈ നദികൾ വേദമാകുന്ന സമുദ്രത്തിൽ എത്തിച്ചേരുന്നതിലൂടെ ധാർമ്മികവും, ലൗകികവും, പ്രായോഗികവുമായ നവീകരണത്തിന് വഴിയൊരുക്കും. ഇത് കലാ-നൈപുണ്യങ്ങൾ മെച്ചപ്പെടുത്തി മനുഷ്യന്റെ ജീവിതത്തെ വിജയകരമാക്കുകയും. ധർമ്മാർത്ഥ- കാമ- മോക്ഷമെന്ന പുരുഷാർത്ഥത്തിലേക്ക് എത്തിക്കുകയും ചെയ്യും.”

  • സ്വാമി ദയാനന്ദസരസ്വതി

🙏

കെ. എം. രാജൻ മീമാംസക്
ആര്യപ്രചാരക് & അധിഷ്ഠാതാവ്
വേദഗുരുകുലം, കാറൽമണ്ണ

dayanand200

വേദമാർഗം2025

ആര്യസമാജംകേരളം

TEAM VEDA MARGAM 2025