Sathyartha Prakasam Online course in Malayalam

ആര്യസമാജം കേരളത്തില്

Blog

ഹിന്ദുമതത്തിൽ അടിഞ്ഞു കൂടിയ ദുഷ്പ്രവണത കളെ നിർമാർജനം ചെയ്തു് അതിനെ പരിഷ്‌കരിക്കുന്നതിനുവേണ്ടി സ്ഥാപിതമായ മതപ്രസ്ഥാനമാണു് ആര്യസമാജം. മഹാനായ ദയാനന്ദസരസ്വതിയാൽ സ്ഥാപിതമായ ആര്യസമാജം കേരളത്തിലേക്കു് കടന്നു് വന്നതു് 1921-ൽ മാത്രമാണു്. 1921-ലെ മലബാർ ലഹളയെ തുടർന്നു് അശരണനായി തീർന്ന ഹിന്ദുക്കൾക്കു് ദുരിതാശ്വാസം നല്കുക എന്നതായിരുന്നു ആര്യസമാജ പ്രവർത്തകരുടെ അന്നത്തെ ഉദ്ദ്യേശം. മനുഷ്യ സ്നേഹപരമായ ഈ കടമകൾ നിർവഹിക്കുന്നതിനിടയിൽ പലതരത്തിലുള്ള പ്രശ്നങ്ങളും ആര്യ
സമാജത്തിനു് നേരിടേണ്ടിവന്നു. കേരളത്തിൽസാമൂഹ്യ പരിഷ്‌കരണപരവും മതപ്രചരണസംബന്ധവുമായ പ്രവർത്തനങ്ങൾ തുടർന്നു് പോകുവാൻ ഈ പ്രശ്‌നങ്ങൾ സമാജത്തെ നിർബന്ധിതമാക്കി. അതിദ്രുതവും ബൃഹത്തുമായ മാറ്റങ്ങളുടെ ഒരു കാലഘട്ടത്തിലാണു് സമാജം ഈ രാജ്യത്തു് പ്രവർത്തിച്ചതു്. ആ കാലയളവില്‍ രാജ്യത്തിന്റെ ചരിത്രം രൂപപ്പെടുത്തുന്നതിൽ സഹകരിക്കുവാനും, നിസാരമല്ലാത്ത സംഭാവനകൾ നല്കുവാനും സമാജത്തിനു് കഴിഞ്ഞിട്ടുണ്ടു്.

”പുതിയ ഇന്ത്യയുടെ പ്രവാചകന്മാർ എന്ന ഗ്രന്ഥത്തിൽ റൊമയിൻ റോളണ്ട് ഇപ്രകാരം എഴുതുന്നു. ഇന്ത്യയിലെ മതചിന്തയിൽ നിന്നു് തികച്ചും ഭാരതീയമായ ഒരു സമാജം ഉടലെടുത്തു.
ഏറ്റവും സമുന്നത നിലവാരത്തിലുള്ള ഒരു വ്യക്തിയാണു്, ദയാനന്ദസരസ്വതി എന്നാണു് അദ്ദേഹത്തിന്റെ പേരു്, ഈ സമാജത്തിനു് രൂപം നല്കിയതു്. ഒരു കാലത്തു് ലോകത്തിന്റെ രാജ്ഞിയായിരുന്ന ഭാരതത്തെ ആയിരം വർഷമായി അധഃപതനത്തിലാഴ്ത്തിയ ആരോടും സിംഹപ്രകൃതിയിലായിരുന്ന ഈ മനുഷ്യനു് യാതൊരു സഹാനുഭൂതിയും ഉണ്ടായിരുന്നില്ല. ശരിയായ വേദമതത്തെ മലിനപ്പെടുത്തുകയോ തെറ്റായി വ്യാഖ്യാനിക്കുകയോ ചെയ്ത എല്ലാവരെയും അദ്ദേഹം നിശിതമായി വിമർശിച്ചു.

റൊമയിൻ റോളണ്ടു് തുടരുന്നു. ഇന്ത്യയുടെ ദുർബലമായ ശരീരത്തിലേക്കു് തന്റെ അജയ്യമായ ഊർജസ്വലതയും നിശ്ചയദാഢ്യവും സിംഹരക്തവും ദയാനന്ദൻ പ്രവഹിപ്പിച്ചു. അദ്ദേഹത്തിന്റെ സാമൂഹ്യപ്രവർത്തനങ്ങളും നടപടികളും സുധീരങ്ങളായിരുന്നു. വസ്തുതകളെ സംബന്ധിച്ച പ്രശ്നങ്ങളിൽ ബ്രഹ്മസമാജം കടന്നു് ചെന്നതിനേക്കാളും ഇന്നു് രാമകൃഷ്ണമിഷൻ കടന്നു ചെല്ലാൻ ധൈര്യപ്പെടുന്നതിനേക്കാളും ദൂരത്തിൽ അദ്ദേഹം കടന്നു ചെന്നു. എല്ലാറ്റിനും ഉപരിയായി അയിത്താചാരമെന്ന ദുഷിച്ച അനീതിയുടെ നിലനില്പുപോലും അദ്ദേഹം പൊറുത്തിരുന്നില്ല. അയിത്തജാതിക്കാരുടെ ചവിട്ടിമെതിക്കപ്പെട്ട അവകാശങ്ങൾക്കു് വേണ്ടി വാദിക്കുന്ന കാര്യത്തിൽ മറ്റാരും തന്നെ അദ്ദേഹത്തെ കവച്ചു വെക്കുകയും ചെയ്തിട്ടില്ല.

ഗുജറാത്തിലെ (സൗരാഷ്ട്രയിലെ ടങ്കാര)ഈശ്വരഭക്തരായ ഒരു ബ്രാഹ്മണദമ്പതികളുടെ പുത്രനായിട്ടാണു് 1824-ൽ ദയാനന്ദൻ ഭൂജാതനായതു്. തിയോസഫിക്കൽ സൊസൈറ്റിയിലെ കേണൽ ഓൾകോൾട്ട് പ്രസിദ്ധീകരിച്ച ദയാനന്ദന്റെ ലഘു ജീവചരിത്രത്തിൽ 1856-വരെ അവധൂതനായും ധ്യാനനിരതനായും വിദ്യാതൽപരനായും ദയാനന്ദൻ നയിച്ച ജീവിതത്തെ വിവരിക്കുന്നുണ്ടു്. 1875-ൽ രാജ്‌കോട്ടിൽ* ആണു അദ്ദേഹം ആദ്യമായി ആര്യസമാജം സ്ഥാപിച്ചതു്. (ബോംബയിലെ കാക്കഡ് വാഡിയിലാണു് ആദ്യ ആര്യസമാജം 1875-ല്‍ സ്ഥാപിതമാകുന്നതു്) 1883ൽ അജ്മീറിൽ വച്ചു് അദ്ദേഹം നിര്യാതനാകുകയും ചെയ്തു. അതിനിടയിൽ പഞ്ചാബ്,ഉത്തർപ്രദേശ്, രാജസ്ഥാൻ, ബീഹാർ തുടങ്ങിയ സ്ഥലങ്ങളിൽ ആര്യസമാജം സ്ഥാപിതമായി കഴിഞ്ഞു.

സ്വരാജ്യം എന്ന ആശയം ആദ്യമായി ഉന്നയിച്ചത് സ്വാമി ദയാനന്ദനാണു്. സത്യാര്‍ഥപ്രകാശം എന്ന അദ്ദേഹത്തിന്റെ നിത്യസ്മരണീയ ഗ്രന്ഥത്തിന്റെ ആറാം അധ്യായത്തിൽ സൽഭരണം സ്വയം ഭരണത്തിനു് പകരമാവുകയില്ലെന്നു് പ്രഖ്യാപിച്ചിരിക്കുന്നു. മതപരമായ പക്ഷപാതമില്ലാതെ എല്ലാനാട്ടുകാരോടും വിദേശീയരോടും സമഭാവനയോടെ പെരുമാറുന്ന വിദേശ ഗവണ്മെന്റ് അതു് എത്രതന്നെ ദയാപൂർണമായ ക്ഷേമതല്പരവും നീതിനിഷ്ഠവുമായാൽ പോലും ജനങ്ങൾക്കു് പൂർണ സൗഖ്യം പ്രദാനം ചെയ്യുന്നതല്ല. ഹിന്ദിയിൽ ആദ്യമായി എഴുതുകയും ഹിന്ദി ഇന്ത്യയുടെ രാഷ്ട്രഭാഷയാകണമെന്നു് പറയുകയും ചെയ്ത അഹിന്ദി പ്രദേശത്തുകാരായ (ഗുജറാത്തുകാരനായിരുന്നു ദയാനന്ദൻ) ആദ്യത്തെ ഇന്ത്യക്കാരൻ അദ്ദേഹമായിരുന്നു. ഓരോ ആര്യസമാജാംഗവും ഹിന്ദിയും സംസ്‌കൃതവും പഠിക്കണമെന്നു് അദ്ദേഹം ചട്ടം നിർമിക്കുകയും ചെയ്തു. ആൺകുട്ടികൾ ക്കും പെൺകുട്ടികൾക്കും ഒരുപോലെ നിർബന്ധമായ ഒരു ദേശിയ വിദ്യാഭ്യാസപദ്ധതി ആദ്യമായി ആവിഷ്‌കരിച്ചതു് അദ്ദേഹമായിരുന്നു.

ശുദ്ധി പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവും അദ്ദേഹമാണു്. മാലിന്യനിർമാർജനം എന്ന അർഥത്തിലുള്ള ഒരു സംസ്‌കൃതപദമാണു് ശുദ്ധി. മതപരമായ അർഥത്തിൽ ശുദ്ധിയെന്നു് പ്രയോഗിക്കുന്നതു് താഴെ പറയുന്ന സന്ദർഭങ്ങളിലാണു്. അന്യമതങ്ങളിൽ ഹിന്ദുമതത്തിലേക്ക് പരിവർത്തനം അടുത്തകാലത്തോ കുറെ കാലത്തിനു് മുമ്പോ അന്യമതം സ്വീകരിച്ച ഒരാളെ വീണ്ടും ഹിന്ദുമതത്തിലേക്കെടുക്കല്‍, അധഃകൃതവർഗക്കാരുടെ പദവി ഉയർത്തൽ, ക്രിസ്ത്യാനികളെ കഴിച്ചാൽ ആദ്യമായി അനാഥശിശുമന്ദിരങ്ങളും, വിധവാസദനങ്ങളും റെസ്‌ക്യു സ്റ്റേഷനുകളും ദുരിതാശ്വാസം തുടങ്ങിയ മറ്റു ഭൂതദയാ പ്രവർത്തനങ്ങളും സംഘടിപ്പിച്ച ഇന്ത്യൻ സംഘടനയും ആര്യസമാജമാണു്.

മാപ്പിളലഹളയുംആര്യസമാജത്തിന്റെ ആശ്വാസനടപടികളുംനേരത്തെ പ്രസ്താവിച്ചതുപോലെ 1921 ലെ ലഹളയെ തുടർന്നു് ദുരിതത്തിലാണ്ട ഹിന്ദുക്കൾക്കു് ആശ്വാസം നല്കുവാനാണു് ആര്യസമാജം ആദ്യമായി കേരളത്തിൽ വന്നതു്. മലബാറിന്റെ ചരിത്രത്തിൽ അഭൂതപൂർവമായ ദുരിതങ്ങൾ ഉളവാക്കിയ ഒന്നായിരുന്നു ഈ ലഹള. രാഷ്ട്രീയമായ കാരണങ്ങളാൽ ലഹളയുടെ യഥാർഥമായതിക്തഫലങ്ങൾ പലതും ദേശീയ പത്രങ്ങളും, മുസ്ലീം പത്രങ്ങളും മറച്ചു വെച്ചിരിക്കുകയാണെന്നു് ആര്യസമാജം നേതാക്കൾ വിശ്വസിച്ചു. പഞ്ചാബു്, സിന്ധ്, ബലൂചിസ്ഥാൻ വടക്കു് പടിഞ്ഞാറൻ അതിത്തി തലസ്ഥാനം എന്നീ പ്രവിശ്യകളിലെ ആര്യസമാജത്തിന്റെ സംയുക്തസമിതി പ്രസിഡന്റായ ലാലാ ഹൻസ്‌രാജ്, യഥാർഥ സ്ഥിതിഗതികൾ മനസ്സിലാക്കുവാനും ദുരിതാശ്വാസ നടപടികൾ സംഘടിപ്പിക്കുവാനും വേണ്ട മിഷണറിമാരെ മലബാറിലേക്കയച്ചു.

ആര്യസമാജപ്രവർത്തകന്മാർ ലഹളബാധിതപ്രദേശങ്ങളിൽ ചുറ്റിസഞ്ചരിച്ചു് ഇസ്ലാം മതത്തിലേക്കു് പരിവർത്തനം ചെയ്ത ഹിന്ദുക്കളെ രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനങ്ങളിൽ എത്തിച്ചു. നവംബർ 20 നു് കോഴിക്കോട് കല്ലായിയിൽ ആര്യസമാജം ഒരു ദുരിതാശ്വാസ കേന്ദ്രം തുറന്നു. ഹിന്ദുക്കളായ അഭയാർഥികൾക്കു് അരിയും വസ്ത്രവും ഈ കേന്ദ്രത്തിൽനിന്നു് വിതരണം ചെയ്യുവാൻ തുടങ്ങി. 1922 ജനുവരി 23-ാം തീയതി ആയപ്പോഴെയ്ക്കും ദിനം പ്രതി അരിവാങ്ങുന്ന അഭയാർഥികളുടെ എണ്ണം മൂവായിരമായി വര്‍ധിച്ചു.മാർച്ചു് മാസത്തിൽ മായനാടു് എന്ന സ്ഥലത്തു് രണ്ടാമതൊരു ക്യാമ്പു് തുടങ്ങി. അവിടെ സ്ത്രീകളും കുട്ടികളും പുരുഷന്മാരുമായി, 50000-ത്തോളം അഭയാർത്ഥികൾക്കു് ദിനംപ്രതി അരി വിതരണം നടത്തിയിരുന്നു. മെയ്, ജൂൺ, ജൂലായ്, ആഗസ്റ്റ് മാസങ്ങളിൽ നിലമ്പൂർ, തൂപൂർ, തിരൂരങ്ങാടി, നീരലമുക്കു്, കോഴിക്കോട്(പുതിയറ) എന്നിവിടങ്ങ
ളിലും പുതിയ ക്യാമ്പുകൾ തുറക്കപ്പെട്ടു. പന്തീരായിരത്തിലധികം ഹിന്ദു അഭയാർത്ഥികൾക്കു് ദിനം പ്രതി അരികൊടുക്കുകയും വസ്ത്രം വിതരണം ചെയ്യുകയും നാട്ടിലേക്കു് മടങ്ങിപ്പോകാൻ ചെറിയ തോതിൽ സാമ്പത്തിക സഹായം നല്കുകയുമുണ്ടായി. പൂനയിലെ സർവന്റ്‌സ് ഓഫ് ഇന്ത്യാ സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള സെന്റ്രൽ റിലീഫ് കമ്മിറ്റിയും, കേരള കോൺഗ്രസ്സ് റിലീഫ് കമ്മറ്റിയും, ഹിന്ദുക്കളും മുസ്ലീങ്ങളുമായ അഭയാർഥികൾക്കു് കഞ്ഞി പകർച്ച നടത്തുകയും ചിലപ്പോഴെല്ലാം അരിവിതരണം ചെയ്യുകയും ചെയ്തപ്പോൾ, ആര്യസമാജം വക ക്യാമ്പുകളിൽ ഹിന്ദു അഭയാർഥികൾക്കു് വേണ്ടിയും, നിർബന്ധിച്ച് മതപരിവർത്തനം ചെയ്യപ്പെട്ടവര്‍ക്കു് വേണ്ടിയും അരിവിതരണം നടത്തുകയാണു് ചെയ്തത്.

ശുദ്ധിപ്രസ്ഥാനം

നിർബന്ധിച്ചു് മതപരിവർത്തനം ചെയ്യപ്പെട്ടവരെ വീണ്ടും ഹിന്ദുമതത്തിലേക്കു് സ്വീകരിക്കാമോ എന്ന പ്രശ്നം മലബാറിലെ ഹിന്ദുക്കൾ ചർച്ച ചെയ്യുകയായിരുന്നു. ഉവ്വു്, എന്നു് ആര്യസമാജം ഉത്തരം നല്കി. ശുദ്ധി സംസ്കാരക്രിയ നടത്തിയാൽ അന്യമതസ്ഥരെപ്പോലും ഹിന്ദുമതത്തിലേക്കു് സ്വീകരി
ക്കാമെന്നു് ഹിന്ദുശാസ്ത്രങ്ങളിൽ പറഞ്ഞിട്ടുള്ളതായി ആര്യസമാജം അവകാശപ്പെട്ടു. കാശി, പൂന,മിഥില എന്നിവിടങ്ങളിലെ ഹിന്ദുപണ്ഡിതന്മാർ ആര്യസമാജത്തിന്റെ നിലപാടിനെ പിൻതാങ്ങുകയും അതിനു വലിയ പ്രചാരണം നല്കുകയും ചെയ്തു. സാമൂതിരിയുടെ കൊട്ടാരത്തിൽ വെച്ചു് വൈദികരുടെ ഒരു യോഗം വിളിച്ചു. അവരും ആര്യസമാജത്തിന്റെ നിലപാടിനു് അംഗീകാരം നല്കി. 1922 – ആഗസ്റ്റ് മദ്ധ്യമായപ്പോഴേക്കും നിർബന്ധിച്ചു് മതം മാറ്റം ചെയ്യപ്പെട്ട 1800 ഹിന്ദുക്കളെ വീണ്ടും ഹിന്ദുമതത്തിലേക്കു് കൊണ്ടുവരുവാൻ ആര്യസമാജത്തിനു് കഴിഞ്ഞു. ഇസ്ലാം മതത്തിലേക്കു് പരിവര്‍ത്തനം ചെയ്യപ്പെട്ട ചെറുമര്‍ ഹിന്ദുമതത്തിലേക്കു് തിരികെ വരുവാന്‍ വിസമ്മതിച്ചു. ഹിന്ദുമതം സ്വീകരിച്ചാല്‍ വീണ്ടും അവര്‍ തീണ്ടല്‍ ജീതിക്കാരായി തീരും എന്നുള്ളതു് കൊണ്ടും, മുസ്ലീങ്ങളുടെ ഇടയില്‍ ജീവിക്കാന്‍ പിന്നീടു് പ്രാണഭയം ഉള്ളതു് കൊണ്ടുമായിരുന്നു അവര്‍ ഹിന്ദുമതത്തിലേക്കുള്ള പുനഃപരിവര്‍ത്തനം ഇഷ്ടപ്പെട്ടാതിരുന്നതു്. എന്നാല്‍ തീയരും മറ്റു് ജാതിക്കാരും ധാരളമായി ഹിന്ദുമതത്തിലേക്കു് വന്നു. അവരെയെല്ലാം സ്വന്തം ഗ്രാമത്തില്‍ പുനരധിവസിപ്പിച്ചതിനു് ശേഷം അവര്‍ക്കു് സംരക്ഷണം നല്കുവാനുള്ള പ്രാദേശിക സമിതികളും ആര്യസമാജം സംഘടിപ്പിച്ചു.

ചേലനായന്മാരെ തിരിച്ചെടുക്കല്‍

അര്‍ധ മുസ്ലീങ്ങളായി കരുതപ്പെട്ടിരുന്ന ചേലനായന്മാരെ തിരിച്ചെടുക്കാന്‍ ഉത്തര കേരള നായര്‍ സമാജം പരിശ്രമിച്ചു വരികയായിരുന്നു. ടിപ്പുവിന്റെ ആക്രമണകാലത്തു് ഇസ്ലാം മതം സ്വീകരിക്കുകയും പിന്നീടു് ഹിന്ദുക്കളായി ജീവിക്കുകയും ചെയ്തവരാണു് ചേലനായന്മാര്‍. മറ്റു് നായന്മാര്‍ തങ്ങളോടു് ഇടപഴകുവാന്‍ അവരെ അനുവദിച്ചില്ല. അതിനാല്‍ അവര്‍ അര്‍ധ-മുസ്ലീങ്ങളേപ്പോലെ പ്രത്യേക വിഭാഗമായി നിലനിന്നു. അവരെ ഹിന്ദുമതത്തിലേക്കു് തിരികെ കൊണ്ടു വരുന്ന കാര്യത്തില്‍ ഉത്തര കേരള നായര്‍ സമാജവുമായി സഹകരിക്കാന്‍ ആര്യസമാജം തീര്‍ച്ചയാക്കി. 1923 ജനുവരി 13-ാം തീയതി കണ്ണൂര്‍ ജില്ലയില്‍ ചൊവ്വ എന്ന സ്ഥലത്തു് വെച്ചു് യാഥാസ്ഥികരായ നായന്മാരും ചേലനായന്മാരും പങ്കെടുത്ത വലിയൊരു പന്തി ഭോജനം ഏര്‍പ്പെടുത്തി. വേഗത്തില്‍ മറ്റ് സാമൂഹ്യാചാരങ്ങളിലും ഈ രണ്ടു് വിഭാഗക്കാരും തമ്മില്‍ ഇറ(ണ)ങ്ങിപ്പെരുമാറാന്‍ ഇടവരികയും അങ്ങനെ ക്രമത്തിൽ അവർ ഒന്നാ യി തീരുകയും ചെയ്തു. ഇപ്പോൾ മലബാറിൽ ചേലനായ്കന്മാർ എന്ന ഒരു വിഭാഗം ഇല്ല. ആര്യസമാജത്തിന്റെ ഈ പുനഃപരിവർത്ത നശ്രമങ്ങൾക്കു് നിയമപ്രാബല്യമില്ല എന്നു വരുത്തിതീർക്കുവാനുള്ള ചില സംരംഭങ്ങളും ഇതിനിടയിൽ നടക്കുകയുണ്ടായി. മദിരാശിയിലെ അഡയാർ തിയോസഫിക്കൽസൊസൈറ്റി അംഗമായിരുന്ന ഒരു ഇംഗ്ലീഷ് വനിതയെ ആര്യസമാജം വഴി ഹിന്ദുമതത്തിലേക്കു് പരിവർത്തനം ചെയ്തതിനു ശേഷം അവരെ, ബോബെക്കാരനായ ഒരു വ്യാപാരി വിവാഹം ചെയ്തിരുന്നു. നിർഭാഗ്യവശാല്‍ ‍കുറച്ചു കാലത്തിനുശേഷം ആ സ്ത്രീ മരണപ്പെട്ടു. ആ സ്ത്രീക്കു് മദിരാശിയിലെ ഒരു ബാങ്കിൽ കുറച്ചു നിക്ഷേപമുണ്ടായിരുന്നു. മദിരാശി ഗവണ്മെന്റിന്റെ അഡ്മിനിസ്റ്റ്രർ ജനറൽ ഈ നിക്ഷേപത്തിന്റെ ചുമതല ഏറ്റെടുക്കുകയും, മരണപ്പെട്ടസ്ത്രീ ഒരു ക്രിസ്ത്യാനിയും ബ്രിട്ടീഷുകാരിയുമാകയാൽ അവളുടെ നിക്ഷേപം ബ്രിട്ടനിലേക്കു് അയക്കേണ്ടതാണെ ന്നു് വാദിക്കുകയും ചെയ്തു. ആര്യസമാജം നടത്തുന്ന പുനഃപരിവർത്തനത്തിന്റെ നിയമസാധുത്വം സംബന്ധിച്ചു് ഒരു ടെസ്റ്റ്‌കേസ് എന്ന നിലയിൽ ആര്യസമാജം വഴിയായി ഈ കേസ് ഹൈക്കോടതിയിൽ വാദിക്കപ്പെട്ടു. ഹിന്ദുമതത്തിലേക്കു് പരിവർത്തനം ചെയ്തതിനു് ശേഷം വിവാഹിതയായ ആ സ്ത്രീ, ഒരു ഹിന്ദുവാണെന്നും, ഹിന്ദു നിയമമാണു് അവർക്കു് ബാധകമായതെന്നുമായിരുന്നു ഉന്നയിക്കപ്പെട്ട വാദഗതി. ഈ വാദഗതി ഹൈക്കോടതി സ്വീകരിച്ചതോടെ ആര്യസമാജം നടത്തുന്ന പുനഃപരിവർത്തനങ്ങൾക്കു് നിയമ സാധുതയുണ്ടെന്ന കാര്യം വ്യക്തമായി. (നരോത്തം ജി വേഴ്സസ് അഡ്മിനിസ്റ്റ്രേറ്റീവ് ജനറൽ) ആര്യസമാജം അയിത്തത്തിനെതിരെ കോഴിക്കോടു് പട്ടണത്തിൽ ജാതിഹിന്ദുക്കൾ മാത്രം താമസിക്കുന്ന ഒരു പ്രദേശമാണു തളി.

അവിടുത്തെ റോഡുകൾ മുനിസിപ്പാലിറ്റി വകയാണു്. ആ പ്രദേശത്തെ കക്കൂസുകൾ വൃത്തിയാക്കി ഇരുന്നതു്. തമിഴ്‌നാട്ടിൽ നിന്നും ഇറക്കുമതി ചെയ്തിരുന്ന ക്രിസ്ത്യാനികളായ തോട്ടി തൊഴിലാളികളായിരുന്നു. ഹിന്ദുക്കളായ തോട്ടിതൊഴിലാളികൾ തീണ്ടൽക്കാരാകയാൽ അവിടെ പ്രവേശനമില്ല. ഈ നടപടിയെ ആര്യസമാജം എതിർത്തു. തോട്ടിപ്പണിയുടെ ആകർഷകത കൊണ്ടല്ല എന്നാൽ ഹിന്ദുക്കളായ തോട്ടിതൊഴിലാളികളെ തീണ്ടൽ ജോലിക്കാരായി കണക്കാക്കുകയും അവർ ക്രിസ്ത്യാനികളായ നിമിഷം മുതൽ തീണ്ടൽ അസ്തമിക്കുകയും ചെയ്യുന്നു എന്ന ആശയത്തോടുള്ള എതിർപ്പു് കൊണ്ടായിരുന്നു. ഈ സമ്പ്രദായത്തെ ഇല്ലായ്മ ചെയ്യുന്നതിനു് ആര്യസമാജം തളിപ്രദേ ശത്തെ ജനങ്ങൾക്കിടയിൽ ഉദ്‌ബോധന പരമായ പ്രചാരവേല സംഘടിപ്പിക്കുകയും, ക്രിസ്ത്യൻ തൊഴിലാളികളെ ഇറക്കുമതി ചെയ്യുന്നത്
അവസാനിപ്പിക്കാൻ അവരുടെ മുൻസിപ്പൽ കൗൺസിലർ മുഖേന പരിശ്രമിക്കണമെന്നു് ആഹ്വാനം ചെയ്യുകയും ചെയ്തു. ആര്യസമാജത്തിന്റെ പ്രവർത്തനങ്ങൾ അചിരേണഫല പ്രാപ്തിയിലെത്തി.

കല്പാത്തി റോഡ് പ്രക്ഷോഭം

യാഥാസ്ഥിതികരായ ബ്രാഹ്മണന്മാരുടെ ഒരു കേന്ദ്രമായിരുന്നു പാലക്കാട്. ബ്രാഹ്മണന്മാരുടെ അഗ്രഹാര റോഡുകളിൽകൂടി ഈഴവർ ഉൾപ്പെടെയാതൊരു തീണ്ടൽ ജാതിക്കാരെയും നടക്കാൻ
അനുവദിച്ചിരുന്നില്ല. 1924-25ൽ വൈക്കം സത്യാഗ്രഹത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട പാലക്കാട്ടെ ഈഴവർ ഒരു ഈഴവവക്കീലിന്റെ നേതൃത്വത്തിൽ കല്പാത്തിയിലെ അഗ്രഹാരം റോഡിൽക്കൂടി നടക്കുവാൻ നിശ്ചയിച്ചു. ബഹുമാന്യനായ ഈ ഈഴവവക്കീൽ അഗ്രഹാരം റോ
ഡിൽ കാല്കുത്തിയ ഉടനെ തന്നെ ബ്രാഹ്മണരുടെ ഒരു വലിയ സംഘം അയാളുടെ മേൽചാടി വീഴുകയും കഠിനമായ ദേഹോപദ്രവമേല്പിച്ചു് വലിച്ചിഴയ്ക്കുകയും ചെയ്തു. മർദ്ദനം വളരെ മൃഗീയമായിരുന്നു. എങ്കിലും വക്കീലിന്റെ അനുയായികൾ സത്യാഗ്രഹികളായിരുന്നതിനാൽ തിരിച്ചടിക്കാതെ തിരിഞ്ഞോടുകയാണു് ചെയ്തത്. ഇതു് നാട്ടിലാകെ വലിയ ഒച്ചപ്പാടുണ്ടാക്കി. ഈ സമയത്തു് ആര്യസമാജം വൈക്കം സത്യാഗ്രഹത്തെ സഹായിക്കാൻ ആലപ്പുഴയിൽ പരിപാടികൾ ആസൂത്രണം ചെയ്ത് വരികയായിരുന്നു. ബ്രാഹ്മണരുടെ നടപടിയിൽ ക്ഷുഭിതരായ ഈഴവർ തിരുവിതാംകൂറിൽ നിന്നു് ക്രിസ്ത്യൻ മിഷണറിമാരെ പാലക്കാട്ടേക്കു് ക്ഷണിക്കുകയും ചില പ്രമുഖ ഈഴവകുടുംബങ്ങള്‍ ക്രിസ്ത്യാനികളാകാൻ തീരുമാനിക്കുകയും ചെയ്തു. ഒരാഴ്ചയ്ക്കുള്ളിൽ ആറു മതപരിവർത്തനങ്ങൾ നടന്നു. ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ട കുടുംബക്കാർക്കു് കല്പാത്തി റോഡിൽകൂടി സ്വച്ഛന്ദം നടക്കാൻ അനുവാദമുണ്ടായിരുന്നപ്പോൾ, ഹിന്ദുക്കളായി തുടര്‍ന്ന
അവരുടെ ബന്ധുക്കൾക്കു് കല്പാത്തിയെ സമീപിക്കാൻ പോലും അനുവാദമുണ്ടായിരുന്നില്ലെന്ന വസ്തുത പത്രങ്ങളിൽ വരികയുണ്ടായി. ഈ സന്ദര്‍ഭത്തിൽ ശരിയായ വിചിന്തനത്തിനു ശേഷംആര്യസമാജം പ്രവർത്തകന്മാർ ഉടനെ പാലക്കാട്ടേക്കു് പുറപ്പെട്ടു. 1925-ന്റെ ആദിയിൽ തന്നെ ആര്യസമാജം പാലക്കാട്ടു് ഒരു കേന്ദ്രം തുറന്നു. ഹിന്ദു ക്കളായിരിക്കുമ്പോൾ അശുദ്ധരായ ആളുകൾ ക്രിസ്ത്യാനികളാകുന്ന നിമിഷത്തിൽ ശുദ്ധരാവുക എന്ന ആചാരത്തിന്റെ അർഥശൂന്യത ബ്രാഹ്മണരെ ബോദ്ധ്യപ്പെടുത്തുവാൻ ആര്യസമാജം ഒരു മാസക്കാലത്തോളം പരിശ്രമിച്ചു. പക്ഷേ ഈ അഭ്യർഥനകൾക്കു് ഫലമുണ്ടായില്ല. ഒടുവിൽ കല്പാത്തിക്കു് പുറത്തുള്ള ചില പുരോഗമന വാദികളോടുകൂടി കല്പാത്തിയിൽ പ്രവേശിക്കാൻ സമാജം തീരുമാനിച്ചു. ആര്യസമാജം സംഘടിപ്പിക്കുന്നതു് സത്യാഗ്രഹമല്ലെന്നു് ബ്രാഹ്മണർ മനസ്സിലാക്കി. ആര്യസമാജത്തിന്മേൽ പരിവർത്തനം ചെയ്ത ഈഴവരടങ്ങിയ ജാഥകൾ സവർണജാതിയില്‍പ്പെട്ട ഒരു ആര്യസമാജം മിഷണറിയുടെ നേതൃത്വത്തിൽ സംഘടിക്കുകയും, റോഡിൽ കൂടി നടക്കുകയും ചെയ്തു. ഏതാനും ദിവസത്തേക്കു് യാതൊരു കുഴപ്പവുമുണ്ടായിരുന്നില്ലെങ്കിലും പിന്നീടു് ബ്രാഹ്മണർ രഹസ്യമായി സംഘടിച്ചു് സമാജത്തിന്റെ ജാഥയെ ആക്രമിച്ചു.

1925-ലെ മദ്രാസ് അഡ്മിനിസ്റ്റ്രേഷന്‍ റിപ്പോര്‍ട്ടു് (പേജ് XIII) ഈ സംഭവത്തെ ഇങ്ങനെ പറഞ്ഞിരിക്കുന്നു. ”ഉയർന്ന ജാതിക്കാരായഹിന്ദുക്കൾ പാലക്കാട്ടെ ഈഴവരെ അയിത്തജാതി
ക്കാരായാണുപരിഗണിക്കുന്നത്. തങ്ങളുടെ സാമൂഹ്യ പദവിയിൽ ഉയർച്ച ലഭിക്കുമെന്നു് പ്രതീക്ഷിച്ചുകൊണ്ടു് ഈ ഈഴവർ അടുത്തകാലത്തായി ക്രിസ്തുമതത്തിലേക്കു് ചേരുവാൻ തുടങ്ങിയിട്ടുണ്ടു്. ആര്യസമാജക്കാർ അവരുടെ അണിയിലേക്കു് ഇവരെ സ്വാഗതം ചെയ്തു. കല്പാത്തിയിലെ രഥോത്സവത്തിൽ പങ്കുകൊള്ളുവാൻ തങ്ങൾക്കു് അവകാശമുണ്ടെന്നു് 1924-ൽ ചില ഈഴവർ വാദിക്കാൻ തുടങ്ങിയപ്പോൾ ചില കുഴപ്പങ്ങളെല്ലാമുണ്ടായി. 1925-ൽ ഈ കുഴപ്പങ്ങൾ പുതിയ രൂപത്തിൽ പ്രത്യക്ഷപ്പെട്ടു. യാഥാസ്ഥിതിക ബ്രാഹ്മണരുടെ കേന്ദ്രമായ കല്പാത്തി അഗ്രഹാരത്തിൽ പ്രവേശിക്കാൻ ഒക്ടൊബർ 31-ാം തീയതി ആര്യസമാജക്കാർ ഒരു ശ്രമം നടത്തി. അവർ ഈഴവരാണെന്നകാരണം പറഞ്ഞു് ബ്രാഹ്മണർ അവരെ തടഞ്ഞു. അവർ ചില ബ്രാഹ്മണരെ കുത്തി. നവംബർ മാസത്തിൽ രഥോത്സവസമയത്തു് വീണ്ടും കുഴപ്പങ്ങൾ ഉണ്ടാകുമെന്ന് കരുതി ഒരു മുൻ കരുതലെന്ന നിലയിൽ ക്രിമിനൽ പ്രൊസീജ്യർകോഡിലെ 144-ാം വകുപ്പു് പ്രകാരം ഈഴവർ ചെറുമർ മുതലായവരുടെ മേൽ അഗ്രഹാരത്തിൽ പ്രവേശിക്കരുതെന്ന നിരോധനാജ്ഞ പുറപ്പെടുവിച്ചു.”

ആര്യസമാജം പ്രവർത്തകന്മാർ മദിരാശിഗവർണറെ സമീപിച്ചു് നിരോധന കല്പനപിൻ വലിക്കാൻ നിവേദനം നടത്തി. നിരോധന കല്പനപിൻവലിക്കുകയും സ്ഥിതിഗതികൾ നേരിട്ട് മനസ്സിലാക്കാൻ ഒരു ഏകാംഗ കമ്മീഷനെ നിയോഗിക്കുകയും ചെയ്തു. കമ്മീഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഗവണ്മെന്റെ് പുറപ്പെടുവിച്ച കമ്മ്യുണിക്കേയിൽ സങ്കടം നേരിട്ട കക്ഷിക്കാർ കോടതിയെ സമീപിക്കണമെന്നും ഗവണ്മെന്റ് ഈ പ്രശ്‌നത്തിൽ പക്ഷം പിടിക്കുന്നതല്ലെന്നും വ്യക്തമാക്കിയിരുന്നു. ഇതിനിടയിൽ ഈഴവ സമുദായത്തിൽ നിന്നു് ആര്യസമാജത്തിലേക്കു് പരിവർത്തനം ചെയ്തഒരു സർക്കാർ ഉദ്യോഗസ്ഥൻ അയാളുടെ കൃത്യനിർവഹണത്തിനിടയിൽ കല്പാത്തിയിലൂടെ നടന്നു പോകുമ്പോൾ അയാളെ തടഞ്ഞു വെക്കുകയും ദേഹോപദ്രവം ഏല്പ്പിക്കുകയും ഉണ്ടായി. അയാൾ പോലീസിൽ പരാതി ബോധിപ്പിച്ചതിനെ തുടർന്നു് കയ്യേറ്റക്കാരുടേ മേൽ കേസ് ചാർജ് ചെയ്യുകയും, കയ്യേറ്റക്കാരുടേ തലവനെ പാലക്കാട് സബ് ഡിവിഷണിൽ മജിസ്റ്റ്രേറ്റ് ശിക്ഷിക്കുകയും ചെയ്തു. ഉടനെ തന്നെ ബ്രാഹ്മണർ മദിരാശി ഹൈക്കോടതിയിൽ ഒരു റിവിഷൻ പെറ്റീഷൻ ഫയൽ ചെയ്തു. ഏറ്റവും മികച്ച നിയമജ്ഞരുടെ സഹായത്തോടുകൂടി കേസു് പ്രോസിക്യുട്ട് ചെയ്യാൻ ആര്യസമാജം വേണ്ട ഏർപ്പാടുകൾ ചെയ്തു. ഒന്നാം കക്ഷിക്കു് അതായതു് ഈഴവ സമുദായത്തിൽ നിന്നു് ആര്യസമാജത്തിലേക്കു് പരിവർത്തനം ചെയ്ത വ്യക്തിക്കു് കല്പാത്തി റോഡിൽ കൂടി നടക്കുവാൻ അവകാശമുണ്ടെന്നും, ഹർജിക്കാരനു് അതായത് അയാളെ തടഞ്ഞ ബ്രാഹ്മണനു്, ഒന്നാം കക്ഷിയെ തടഞ്ഞുവയ്ക്കാന്‍ യാതൊരു വിധത്തിലും അവകാശമില്ലെന്നുമാണു് ഹൈക്കോടതി വിധി.

മദിരാശി ഹൈക്കോടതിയുടെ ഈ വിധിയെ തുടർന്ന് അയിത്തജാതിക്കാർക്കു് പ്രവേശനമില്ലാതിരുന്ന പല റോഡുകളും അവർക്കു് തുറന്നു കൊടുക്കാൻ ഉയർന്നജാതിക്കാരെ പ്രേരിപ്പിക്കാൻ ആര്യസമാജത്തിനു് കഴിഞ്ഞു. ക്ഷേത്രപ്രവേശന പ്രക്ഷോഭം ആര്യസമാജം ഗൗരവപൂർവം നടത്തിയ മറ്റൊരു പ്രക്ഷോഭം തീണ്ടൽജാതിക്കരനെ ഹിന്ദുക്ഷേത്രങ്ങളിൽ പ്രവേശിപ്പിക്കുന്നതിനു് വേണ്ടിയുള്ള ക്ഷേത്രപ്രവേശനപ്രക്ഷോഭമായിരുന്നു. ഈഴവർക്കും മറ്റു് അവർണ സമുദായക്കാർക്കും ഹിന്ദുക്ഷേത്രങ്ങളിൽ പ്രവേശനം നിഷേധിച്ചിരുന്ന സാഹചര്യത്തിൽ പല അനിഷ്ടസംഭവങ്ങളും രാജ്യത്ത് നടന്നിരുന്നു. പല സ്ഥലത്തും നായരീഴവ ലഹളകൾ നടന്നു. ഇതു് മുതലാക്കി, അവർണ സമുദായക്കാരെ ക്രിസ്തുമതത്തിലേയ്ക്കും ഇസ്ലാം മതത്തിലേയ്കും പരിവർത്തനം ചെയ്യുന്നതിനുള്ള സംരഭങ്ങളും തുടങ്ങി. ഏതാനും പരിവർത്തനങ്ങൾ നടക്കുകയും ചെയ്തു. ക്ഷേത്രങ്ങൾ കൊള്ളിവച്ചു നശിപ്പിക്കാനുള്ള പ്രവണതകളും അപൂർവമായിട്ടെങ്കിലും നടന്നു.

ഈ സാഹചര്യത്തിൽ അവർണ സമുദായക്കാർക്കു് ക്ഷേത്രപ്രവേശനം അനുവദിക്കുന്നതിനുള്ള ഒരു പ്രക്ഷോഭം സംഘടിപ്പിച്ചു കൊണ്ട് പരിതഃസ്ഥിതിയെ നേരിടാൻ ആര്യസമാജം നിശ്ചയിച്ചു. ക്ഷേത്രപ്രവേശനത്തിനു് വേണ്ടിയുള്ള ആര്യസമാജത്തിന്റെ ശ്രമങ്ങൾക്കെതിരെയായി ദുർബലങ്ങളായ ചില എതിർപ്പുകൾ ഉണ്ടാകാതിരുന്നില്ല. ആര്യസമാജസ്ഥപകനായ ദയാനന്ദസരസ്വതി ക്ഷേത്രാരാധനയെ അനുകൂലിച്ചിരുന്നില്ലെന്നാണു് എതിപ്പുകാർ ചൂണ്ടികാണിച്ച ഒരു വസ്തു. ആര്യസമാജത്തിന്റെ ആദർശങ്ങളിൽ ദൃഢമായ അറിവു സമ്പാദിക്കാതിരുന്നവർക്കു് ഇതൊരു ന്യായമായ കാരണമായി തോന്നുകയും ചെയ്തു.

വാസ്തവത്തിൽ മതവിശ്വാസികളുടെ ഒരു സമ്മേളനസ്ഥലമെന്ന നിലയിൽ ക്ഷേത്രങ്ങൾ നിലനില്ക്കുന്നതിനെ ദയാനന്ദസരസ്വതിയോ ആര്യസമാജമോ എതിർത്തിട്ടില്ല. ചില ബിംബാരാധനാസമ്പ്രദായങ്ങളെയാണു് ആര്യസമാജം എതിർത്തതു്. വേദങ്ങൾ അംഗീകരിക്കാത്ത ബിംബാധരാധനയായിരുന്നു അവ. നേരെമറിച്ചു് ഈശ്വരഭക്തിയുടെ പ്രകടനമായിട്ടാണു് ക്ഷേത്രാരാധനയെ കണക്കാക്കുന്നതെങ്കിൽ സ്വാമിദയാനന്ദൻ അതിനെതിരായിരുന്നില്ല. ഇന്നു് നടന്നുവരുന്ന രീതിയിലുള്ള ബിംബാരാധനാ സമ്പ്രദായങ്ങൾക്കെതിരായി ക്ഷേത്രത്തിൽ തടിച്ചു കൂടിയിരുന്ന ജനങ്ങളോടാണു സ്വാമി ദയാനന്ദൻ ആഹ്വാനം ചെയ്തതു്. ഇത്തരം പ്രചരണ പ്രവർത്തന ങ്ങൾക്കു് വേണ്ടിയുള്ള യാത്രയിൽ ദയാനന്ദൻ ക്ഷേത്രങ്ങളിൽ താമസിക്കുകയും ചെയ്തിരുന്നു. അതിനാൽ ക്ഷേത്രങ്ങളെ ദയാനന്ദൻ എതിർത്തിരുന്നു എന്നു് പറയുന്നതു് അർഥശൂന്യമാണു്. എങ്കിലും ആര്യസമാജത്തിലെ ഒരു പ്രധാന മിഷനറിയെ സമാജത്തിൽ നിന്നു് വിട്ട് ഹിന്ദുമത പരിഷ്‌കർത്താവായി പ്രവർത്തിക്കാൻ ആര്യസമാജം കേന്ദ്രകമ്മിറ്റി നിയോഗിച്ചു. അദ്ദേഹം ഒന്നാമത്തെ തിരുവിതാംകൂർ ക്ഷേത്രപ്രവേശനകമ്മിറ്റി രൂപികരിച്ചു് അതിന്റെ സെക്രട്ടറിയായി പ്രവർത്തിച്ചു. കേരളത്തിലും ഉത്തരേന്ത്യയിലുമുള്ള ഹിന്ദുക്കളായ നാട്ടു
രാജാക്കന്മാരിൽ ക്ഷേത്രപ്രവേശനത്തിനു് അനുകൂലമായ മനോഭാവം സൃഷ്ടിക്കാൻ ആര്യസമാജം ഇക്കാലത്തു് ശക്തിയായി പ്രവർത്തിക്കുകയുണ്ടായി. തിരുവിതാംകൂറിലെ സുപ്രസിദ്ധമായ ക്ഷേത്രപ്രവേശനവിളംബരത്തിനു് മുമ്പു് ആര്യസമാജം ഈ രംഗത്തു് നിർവഹിച്ച സേവനം സർവവിദിതമത്രെ!


Author: – By Late Pandit Vedabandhu Sharma

(കേരളചരിത്രം-2-ാം ഭാഗം- (1974) പേജ് 564 മുതൽ 574 വരെ.)
സമ്പാദകന്‍ കെ. കനകരാജ്.
(കടപ്പാട്: സാമൂഹ്യ മാധ്യമങ്ങൾ)