ഗീതയിൽ വർണിക്കുന്ന ഈശ്വരീയ സ്വരൂപം

Uncategorized മലയാളം
  • കെ. എം. രാജൻ മീമാംസക്

ലോകത്ത് ഏറെ പ്രചാരം ലഭിച്ച ഒരു ധാർമ്മിക ഗ്രന്ഥമാണ് ഭഗവദ് ഗീത. ശങ്കരാചാര്യ സ്വാമികൾ മുതൽ മഹാത്മാഗാന്ധി വരെ അനേകം പേർ ഗീതയിൽ നിന്ന് പ്രചോദനം നേടുകയും അവക്ക് വ്യാഖ്യാനങ്ങൾ രചിക്കുകയും ചെയ്തിട്ടുണ്ട്. ഭാരതത്തിലെ ഓരോ സമ്പ്രദായക്കാരും അവരുടെ സിദ്ധാന്തങ്ങൾക്ക് അനുരൂപമായി ഗീതയെ വ്യാഖ്യാനിച്ചിട്ടുണ്ട്. പല വ്യാഖ്യാനങ്ങളും വേദാദി സത്യശാസ്ത്രങ്ങൾക്ക് അനുകൂലമല്ല എന്നും പണ്ഡിതർ അഭിപ്രായപ്പെടുന്നു. ഈശ്വരൻ അവതരിക്കുക, അദ്ദേഹത്തിന് ഇല്ലാത്ത രൂപങ്ങൾ നൽകുക, ഈശ്വരനെ ഒരു മനുഷ്യരൂപമുള്ള വ്യക്തിയായി ചിത്രീകരിച്ച് അദ്ദേഹത്തിന്റെ അനന്തഗുണങ്ങൾ പരിമിതികൾ ഉള്ളതാണെന്നും ജനന – മരണങ്ങൾ അദ്ദേഹത്തിനും ബാധകമാണ് എന്ന തരത്തിലുള്ള ഭാഷ്യങ്ങൾ ആണ് ഏറെയും. ഇത് സാധാരണക്കാരെ എക്കാലത്തും ആശയകുഴപ്പത്തിൽ ആക്കിയിട്ടുണ്ട്. മതം മാറ്റലോബികൾ ഇത് നന്നായി ഉപയോഗപ്പെടുത്തുന്നുമുണ്ട്. പതിനായിരം ശ്ലോകങ്ങൾ മാത്രമുണ്ടായിരുന്ന ജയം എന്ന് പ്രസിദ്ധമായ വ്യാസന്റെ കാവ്യം ഒരു ലക്ഷത്തിൽ അധികം ശ്ലോകങ്ങൾ ഉള്ള മഹാഭാരതമായി ഇന്ന് മാറിയപ്പോൾ അതിൽ പ്രക്ഷിപ്തങ്ങൾ എത്രകണ്ട് കടന്നുകൂടി കാണും എന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളു. ഭഗവദ് ഗീതയും 70 ശ്ലോകങ്ങളിൽ നിന്ന് 700 ലധികം ശ്ലോകത്തിലെത്തിയപ്പോൾ ഈ കൂട്ടിച്ചേർക്കലുകളിൽ നിന്ന് വിമുക്തമാണ് എന്ന് നമുക്ക് പറയാൻ സാധിക്കില്ലല്ലോ..
മഹർഷി ദയാനന്ദസരസ്വതി ഈ വിഷയങ്ങൾ സത്യാർത്ഥപ്രകാശം എന്ന തന്റെ അമരഗ്രന്ഥത്തിൽ സൂചിപ്പിക്കുന്നുണ്ട്.

ഗീതയിൽ കാണുന്ന വളരെ മഹത്തായ ഈശ്വരസ്വരൂപം ഒന്ന് പരിശോധിച്ചാൽ അതിന് വിരുദ്ധമായി ഗീതയിലോ മഹാഭാരതത്തിൽ തന്നെയോ വിവരണങ്ങൾ ഉണ്ടെങ്കിൽ അത് കൂട്ടിച്ചേർക്കൽ ആണെന്ന് വ്യക്തമാവുന്നതാണ്. ഈശ്വരന്റെ സത്യസ്വരൂപത്തെ കുറിച്ച് ഗീതയിൽ വർണ്ണിക്കുന്ന പ്രശസ്തമായ ഏതാനും ശ്ലോകങ്ങൾ നോക്കാം.

ഈശ്വരൻ്റെ സ്വരൂപം:-

• സർവതഃ പാണിപാദം തത്സർവതോfക്ഷിശിരോമുഖമ് l
സർവ്വതഃ ശ്രുതിമല്ലോകേ സർവമാവൃത്യ തിഷ്ഠതി ll
(13. 13)

ഈശ്വരൻ സർവ്വവ്യാപിയാണ്. അദ്ദേഹം എല്ലായിടത്തും ഒരുപോലെ നിലകൊള്ളുന്നു. അദ്ദേഹം എല്ലാം കാണുകയും കേൾക്കുകയും ചെയ്യുന്നു.

• അക്ഷരം പരമം ബ്രഹ്മ സ്വഭാവോfധ്യാത്മമുച്യതേ l
ഭൂതഭാവോദ്ഭവകരോ വിസർഗഃ കർമ്മസംജ്ഞിതഃ ll
(8. 3)

ഈശ്വരൻ ജനനത്തിനും മരണത്തിനും അതീതനാണ്. അദ്ദേഹം അവതാരമെടുക്കുന്നില്ല.

• ബഹിരന്തശ്ച ഭൂതാനാമചരം ചരമേവ ച l
സൂക്ഷ്മത്വാത്തദവിജ്ഞേയം ദൂരസ്ഥം ചാന്തികേ ച തത് ll
(13. 15)

ഈശ്വരൻ അതിസൂക്ഷ്മനായതിനാൽ കണ്ണുകൾ മുതലായ ബാഹ്യ ഇന്ദ്രിയങ്ങളാൽ അറിയപ്പെടാൻ കഴിവില്ല. ഈശ്വരൻ എവിടെയും വരുന്നുമില്ല, പോകുന്നുമില്ല. കാരണം അദ്ദേഹം ദൂരസ്ഥലങ്ങളിലും സമീപസ്ഥലങ്ങളിലും ഒരുപോലെ ഒരേസമയം സ്ഥിതികൊള്ളുന്നു. എന്നാൽ അദ്ദേഹം രൂപരഹിതനായതിനാൽ ദൃശ്യമാകുന്നില്ല എന്നേ ഉള്ളൂ.

• യയാ ധർമ്മമധർമ്മം ച കാര്യം ചാകാര്യമേവ ച l
അയഥാവത്പ്രജാനാതി ബുദ്ധിഃ സാ പാർത്ഥ രാജസി ll
(18. 31)

ഹേ അർജുനാ! ഈ രൂപരഹിതമായ അതിസൂക്ഷ്മവും സർവ്വവ്യാപിയുമായ ഈശ്വരനെ അറിയണമെങ്കിൽ, ഹൃദയത്തിൽ അദ്ദേഹത്തെ ധ്യാനിക്കുന്നതിലൂടെ അറിയാൻ കഴിയും, കാരണം അദ്ദേഹത്തെ പുറത്ത് കണ്ടെത്താനാവില്ല. ആത്മാവുള്ളിടത്ത് മാത്രമേ അദ്ദേഹത്തെ കാണപ്പെടുന്നുള്ളൂ, രണ്ടുപേരും നമ്മുടെ ഹൃദയത്തിൽ വസിക്കുന്നു, പുറത്തല്ല.

• ഈശ്വര: സർവഭൂതാനാം ഹൃദ്ദേശേfർജുന തിഷ്ഠതി l
ഭ്രാമയൻ സർവഭൂതാനി യന്ത്രാരൂഢാനി മായയാ ll
(18. 61)

ഹേ അർജുനാ! ആ ഈശ്വരൻ തന്റെ രൂപരഹിതമായ ശക്തികളാൽ ഈ ലോകത്തെ ഒരു യന്ത്രം പോലെ വ്യാപിക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്യുന്നു.

• തമേവ ശരണം ഗച്ഛ സർവഭാവേന ഭാരത l
തത്പ്രസാദാത്പരാം ശാന്തിം സ്ഥാനം പ്രാപ്സ്യസി ശാശ്വതമ് ll
(18. 62)

ഹേ അർജുനാ! പൂർണ്ണമായ ചൈതന്യത്തോടെ അതേ രൂപരഹിതമായ സർവ്വവ്യാപിയായ അദ്ദേഹം ഈ ലോകത്തെ സൃഷ്ടിച്ച് പ്രവർത്തിപ്പിക്കുന്നു , അങ്ങനെയുള്ള അദ്ദേഹത്തിനെ പൂർണഭാവനയോടെ സ്വയം സമർപ്പിച്ച് അഭയം തേടുക. അദ്ദേഹത്തെ ശരണം പ്രാപിച്ചാൽ പരമമായ ശാന്തിയും ശാശ്വതമായ സന്തോഷവും സുഖവും ലഭിക്കും. (കൃഷ്ണൻ ഈശ്വരന് നിന്ന് വ്യത്യസ്തനാണെന്ന് തമേവ എന്ന വാക്ക് തെളിയിക്കുന്നു).

ഇതിൽ നിന്നും വ്യക്തമാവുന്നത് സർവ്വവ്യാപിയും സർവ്വജ്ഞനും സർവ്വശക്തനും നിരാകാരനും ദയാലുവും ന്യായകാരിയും അനന്തഗുണങ്ങൾ ഉള്ളവനും ജനന-മരണങ്ങൾ ബാധിക്കാത്തവനും അനാദിയുമാണ് ഈശ്വരൻ എന്നാണ്. ആ ഈശ്വരൻ മാത്രമാണ് ഉപാസനക്ക് യോഗ്യനായിട്ടുള്ളത്.
🙏

കെ. എം. രാജൻ മീമാംസക്
ആര്യപ്രചാരക് & അധിഷ്ഠാതാവ്
വേദഗുരുകുലം, കാറൽമണ്ണ

dayanand200

വേദമാർഗം2025

ആര്യസമാജംകേരളം

TEAM VEDA MARGAM 2025