വ്യാകരണ പഠനത്തിന് ആമുഖം
ദേവഭാഷയാണ് സംസ്കൃതം. ചതുർവേദങ്ങൾ, ദർശനശാസ്ത്രങ്ങൾ, ഉപനിഷത്തുകൾ തുടങ്ങിയ ജ്ഞാനഭണ്ഡാരങ്ങളെല്ലാം തന്നെ സംസ്കൃതത്തിലാണ്. “സമ്” ഉപസർഗ്ഗത്തോടുകൂടിയ “കൃ” ധാതുവിനോടുകൂടി “ക്ത” പ്രത്യയം ചേരുമ്പോഴാണ് സംസ്കൃത ശബ്ദം സിദ്ധിക്കുന്നത്. സംസ്കരിക്കപ്പെട്ടത് അഥവാ ശുദ്ധീകരിക്കപ്പെട്ടത് എന്നെല്ലാമാണ് സംസ്കൃത ശബ്ദത്തിനർത്ഥം.ജ്ഞാനരാശിയുടെ അവഗമനത്തിനായി സംസ്കൃതം അത്യന്താപേക്ഷികമാണ്. ഇതിലൂടെ മാത്രമേ ആത്മിക-സാമ്രാജിക ഉന്നതി കൈവരികയുള്ളു.
സംസ്കൃത ഭാഷയെ യഥാവിധി മനസ്സിലാക്കുന്നതിനായി വ്യാകരണശാസ്ത്രം പഠിക്കേണ്ടതാണ്. വ്യാകരണ പഠനത്തിലൂടെ മാത്രമേ ശബ്ദങ്ങളുടെ ഉല്പത്തിയും, അർത്ഥസംബന്ധതയും മനസ്സിലാക്കാനാവൂ. വ്യാകരണ ശാസ്ത്രത്തിലെ പ്രസിദ്ധവും പ്രാമാണികവുമായ ഗ്രന്ഥങ്ങളാണ് പാണിനി മഹർഷിയുടെ “അഷ്ടാധ്യായിയും” അതിന്റെ ഭാഷ്യമായ പതഞ്ജലിമുനികൃത “മഹാഭാഷ്യവും”. ഇവയുടെ അധ്യയനത്താൽ ലൗകിക-വൈദിക വ്യാകരണ ജ്ഞാനം കൈവരുന്നു. മാനവ മസ്തിഷ്കത്തിന്റെ ആശ്ചര്യജനിതവും മഹത്വപൂർണവുമായ ആവിഷ്കാരങ്ങളാണ് ഈ ഗ്രന്ഥങ്ങൾ എന്നാണ് വിദ്വജ്ജനപക്ഷം. ഇവയിലൂടെ സംസ്കൃതവ്യാകരണത്തിന്റെ പരിപൂർണ ജ്ഞാനം ഉണ്ടാവുന്നു.
എന്നാൽ സർവ്വജ്ഞാനഭണ്ഡാരങ്ങൾക്കും അടിസ്ഥാനമായ സംസ്കൃതവ്യാകരണ പഠനം ഇന്ന് ലുപ്തമായിക്കൊണ്ടിരിക്കുന്നു. പ്രാചീനകാലത്തിൽ നിർബന്ധിതവിഷയവും എല്ലാവരും പഠിച്ചിരുന്നതുമായ സംസ്കൃത വ്യാകരണത്തെ ഇന്ന് ഏതാനും പേരേ അധ്യയനം ചെയ്യുന്നുള്ളു എന്നത് ഖേദകരമായ ഒരു കാര്യമാണ്. ഇത് എല്ലാവർക്കും പഠിക്കാനാവില്ലെന്നും, കഠിനമാണെന്നുള്ളതുമാണ് മിക്കവരുടെയും അഭിപ്രായം. ഇത് ഈ വിഷയത്തിൽ അവർക്കുള്ള അജ്ഞാനം മൂലമാണ് ഉണ്ടാവുന്നത്. ക്രമരഹിതവും സ്വേച്ഛാധിഷ്ഠിതവുമായ പഠന-പാഠന രീതി വ്യാകരണത്തെ അപചയത്തിലേക്ക് നയിച്ചു. സംസ്കൃത വ്യാകരണത്തെ കഠിനമാക്കിയത് സിദ്ധാന്തകൗമുദിപോലെയുള്ള പ്രക്രിയാഗ്രന്ഥങ്ങളാണ്. ഇവ അഷ്ടാധ്യായിയെ അടിസ്ഥാനമാക്കി നിർമിച്ചതാണെങ്കിലും സൂത്രക്രമവും അനുവൃത്തിയും ഇവയിൽ അഷ്ടാധ്യായിയുടേതുപോലെ നിശ്ചിതമല്ല. അക്കാരണത്താൽ ഈ രീതിയിലുള്ള പഠനക്രമത്താൽ ബുദ്ധിമാനായൊരു വ്യക്തിക്ക് ചുരുങ്ങിയത് പന്ത്രണ്ട് വർഷം അധ്യയനം ചെയ്താലേ വ്യാകരണം പൂർത്തിയാക്കാനാവുകയുള്ളു. അങ്ങനെ വ്യാകരണം പഠിച്ചുകഴിഞ്ഞാൽ തന്നെ സൂത്രസംബന്ധ ജ്ഞാനം പൂർണമായി കൈവരില്ല.
ഇവിടെയാണ് അഷ്ടാധ്യായി മറ്റുള്ളവയിൽ നിന്ന് വ്യത്യസ്തമാവുന്നത്.പ്രാചീന മഹർഷിമാരുടെ പഠന- പാഠന ക്രമമാണ് അഷ്ടാധ്യായി സമ്പ്രദായത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. മറ്റു ഗ്രന്ഥങ്ങൾ വ്യാകരണത്തെ കഠിനമാക്കുമ്പോൾ അഷ്ടാധ്യായി അതിനെ സരളമാക്കുന്നു. കൃത്യമായ സൂത്രക്രമവും അനുവൃത്തി-അധികാരാദി ഘടകങ്ങളുമാണ് ഇതിനു കാരണം. ഈ രീതിയിൽ വ്യാകരണം അധ്യയനം ചെയ്യുന്ന ബുദ്ധിമാനായൊരു വ്യക്തിക്ക് മൂന്നു വർഷം കൊണ്ട് വ്യാകരണം പഠിക്കാനാവും. മാത്രമല്ല ശബ്ദസംബന്ധമായ ഒരു ജ്ഞാനവും അവശേഷിക്കുകയുമില്ല. ഇപ്രകാരം ഋഷീശ്വരന്മാരാൽ നിർധാരിതമായ ഈ ക്രമത്തിൽ വ്യാകരണ അധ്യയനം ചെയ്യുമ്പോൾ അത് കഠിനമാവുകയില്ല. വ്യാകരണത്തിന്റെ മഹത്വത്തെക്കുറിച്ച് മഹർഷി ദയാനന്ദ സരസ്വതി സത്യാർത്ഥപ്രകാശത്തിൽ ഇങ്ങനെ എഴുതിയിരിക്കുന്നു “വ്യാകരണം, ധർമ്മ ശാസ്ത്രം, വ്യവഹാരവിദ്യ മുതലായവ പുരുഷന്മാർ അഭ്യസിക്കുന്നതുപോലെ സ്ത്രീകളും അഭ്യസിക്കണം. ഇവയിൽ വ്യാകരണം, ധർമ്മശാസ്ത്രം, വൈദ്യം, ഗണിതം, ശില്പവിദ്യ എന്നിവ സ്ത്രീകൾ അവശ്യം അഭ്യസിക്കേണ്ടതാവുന്നു. എന്തെന്നാൽ ഈ പറഞ്ഞ വിദ്യകളൊന്നും പഠിക്കാതിരിക്കുന്നതായാൽ സത്യാസത്യങ്ങളെ വേർതിരിച്ചറിയുക, ഭർത്താവ് മുതലായവരോട് അനുകൂലമായി പെരുമാറുക, സന്താനങ്ങളെ ഉത്പാദിപ്പിച്ച് വേണ്ടുംവിധം വളർത്തി നല്ലവണ്ണം പഠിപ്പിക്കുക, ഗൃഹകൃത്യങ്ങളെല്ലാം വേണ്ടതുപോലെ നടത്തുകയും നടത്തിക്കുകയും ചെയ്യുക എന്നീ കാര്യങ്ങൾ നിർവഹിക്കുവാൻ അവർക്കു കഴിയുന്നതല്ല.” ഇതിൽനിന്നു മനസ്സിലാവുന്നത് വ്യാകരണം എല്ലാ മനുഷ്യർക്കും അവശ്യം പഠിക്കേണ്ട ഒരു വിഷയമാണെന്നതാണ്.പ്രാചീനകാലത്തിൽ വ്യാകരണം എല്ലാവരും പഠിക്കേണ്ടത് അനിവാര്യമായിരുന്നു. ഇത്തരത്തിലുള്ള അധ്യയന-അധ്യാപന വ്യവസ്ഥ ഉണ്ടായിരുന്നപ്പോഴാണ് ഭാരതം വിശ്വഗുരുവിൻ്റെ സ്ഥാനം അലങ്കരിച്ചിരുന്നത്. ഭാരതത്തെ ആ സ്ഥാനത്തിൽ വീണ്ടും തിരിച്ചെത്തിക്കണമെങ്കിൽ വ്യാകരണാദി ശാസ്ത്രങ്ങളുടെ പഠനം അത്യന്താപേക്ഷികമാണ്.
ഇതുവരെ വ്യാകരണത്തെക്കുറിച്ച് പറയുകയുണ്ടായി. മേൽപറഞ്ഞ പദ്ധതിയിലെ വ്യാകരണ പ്രക്രിയയെ മനസ്സിലാക്കാനുള്ള ഒരു ശ്രമമാണ് ഇവിടെ നടത്തുന്നത്. അതിനായി “സംസ്കൃത-വ്യാകരണ-പ്രവേശിക” എന്ന പേരിൽ ഒരു ക്ലാസ് ആരംഭിക്കുകയാണ്. ഇതിലൂടെ വ്യാകരണത്തിലെ ബാലപാഠങ്ങളും അതുപോലെ വ്യാകരണത്തിലേക്കുള്ള പ്രവേശനം കൂടിയാണ് ഉദ്ദേശിക്കുന്നത്. ഇത് വ്യാകരണത്തെ ഗഹനമായി പഠിക്കാനാഗ്രഹിക്കുന്നവർക്ക് കൂടുതൽ ഉപകാരമാവും. കൂടാതെ സംസ്കൃത ഭാഷക്കുള്ള ഒരു അടിത്തറ കൂടിയാവും ഈ പഠനം. വിഷയ ഗാംഭീര്യത ഉണ്ടെങ്കിലും ശരിയായ രീതിയിലെ പഠനം ഇതിനെ സരളമാക്കും. ഛാന്ദോഗ്യ ഉപനിഷത്തിൽ “വേദാനാം വേദം” എന്ന് വിശേഷിപ്പിക്കപ്പെട്ട വ്യാകരണത്തിൻ്റെ മഹത്വത്തെ മനസ്സിലാക്കാൻ വ്യാകരണപഠിതാക്കൾക്ക് കഴിയട്ടെ.
എല്ലാ പഠിതാക്കൾക്കും വേദഗുരുകുലത്തിന്റെ ശുഭാശംസകൾ നേരുന്നു.
(ബ്രഹ്മചാരി വിഷ്ണു ആര്യ, വേദഗുരുകുലം)