സത്യാർഥ പ്രകാശം സ്വാധ്യായം – സൗജന്യ ഓൺലൈൻ കോഴ്സ്
ആമുഖം – 1
വിശുദ്ധമായ സത്യസനാതന വൈദിക ധർമ്മത്തിനു ലോപം വന്നുചേർന്നിട്ടു ആയിരക്കണക്കിന് വർഷങ്ങളായിരിക്കുന്നു. പൗരാണിക ഹിന്ദുധർമ്മം എന്നപേരിൽ അതിന്റെ അവശേഷിച്ച ഭാഗങ്ങൾ അവിടെയും ഇവിടെയും കാണപ്പെടുന്നു എന്നുമാത്രം പറയാം. ഏതൊരു സച്ചിദാനന്ദ ബ്രഹ്മത്തെയാണോ മര്യാദാ പുരുഷോത്തമനായ ശ്രീരാമനും യോഗേശ്വരനായ ശ്രീകൃഷ്ണനും ഉപാസിച്ചിരുന്നത് അദ്ദേഹത്തെ ഉപേക്ഷിച്ചു ഉപാസകന്മാരായിരുന്ന രാമനെയും കൃഷ്ണനേയും ഉപാസ്യരായി കണ്ട് അവരുടെ വിഗ്രഹങ്ങൾ ഉണ്ടാക്കി ധൂപ ദീപ നിവേദ്യങ്ങളാൽ മണി കൊട്ടി പൂജകൾ ചെയ്യുന്നു. ഗീതയിൽ പറയുന്നു “ഈശ്വര: സർവ്വ ഭൂതാനാം ഹൃദ് ദേശോർജ്ജുന തിഷ്ഠതി(ഗീത 18.61). എന്നാൽ ഭക്തർ ഇന്ന് ഈശ്വരനെ തങ്ങളുടെ ഹൃദയമന്ദിരത്തിൽ നിന്നു പുറത്തെടുത്തു കവലകൾ തോറും മണ്ണും ഇഷ്ടികയും സിമന്റും ഉപയോഗിച്ചുണ്ടാക്കിയ കെട്ടിടങ്ങളിൽ സ്ഥാപിച്ചിരിക്കുന്നു. ‘വൈദികീ ഹിംസാ ന ഭവതി’ എന്നു സ്വയം പ്രമാണമുണ്ടാക്കി ഈശ്വരന്റെയും വേദങ്ങളുടെയും പേരിൽ സാധുമൃഗങ്ങളെ കശാപ്പു ചെയ്യുന്നു. കപട ഭക്തജനങ്ങൾ അങ്ങനെ ആനന്ദിതരാവുന്നു. ഗുണകർമ്മ സ്വഭാവങ്ങളുടെ അടിസ്ഥാനത്തിൽ ഉള്ള പ്രാചീന വൈദിക വർണ്ണവ്യവസ്ഥയുടെ സ്ഥാനത്തു ജന്മനാ ജാതിവ്യവസ്ഥ ശക്തിപ്പെട്ടു. ജാതിയുടെ പേരിൽ നടക്കുന്ന അക്രമങ്ങൾക്ക് കയ്യും കണക്കുമില്ല.ഇതിൽ ഹിന്ദുക്കൾ മാത്രമല്ല എല്ലാമതക്കാരും തുല്യരാണ്. കുറച്ചു മാസങ്ങൾക്ക് മുമ്പ് കോട്ടയത്തു നടന്ന കെവിൻ എന്ന ക്രൈസ്തവ സഹോദരന്റെ ദുരഭിമാനക്കൊല ഉദാഹരണം. കുട്ടിത്തം വിടാത്ത ബാലികമാരെ വൃദ്ധന്മാരെകൊണ്ടു വിവാഹം കഴിപ്പിക്കുക.അങ്ങനെ ബാലവിധവകളുടെ എണ്ണം വർധിച്ചുവരിക. അവരുടെ ജീവിതം ദുരിതസമാനമായി തീരുന്നു. ഭർത്താവ് മരിച്ചാൽ ഭാര്യയെ ജീവനോടെ ചിതയിൽ ദഹിപ്പിക്കുക. പുരോഹിതന്മാർ തങ്ങളുടെ ഇഷ്ടാനുസരണം അനാചാരങ്ങൾ പടച്ചുണ്ടാക്കി സാധുജനങ്ങളെ കൊള്ളയടിക്കുക, ജ്യോതിഷത്തിന്റെ പേരുപറഞ്ഞ് ജനങ്ങളെ പിഴിഞ്ഞു കാശടിച്ചുമാറ്റുക, തീർഥാടന കേന്ദ്രങ്ങൾ അനാശാസ്യത്തിനുള്ള വേദികളാക്കുക, “സ്ത്രീ ശൂദ്രൗ നാധീയതാമിതി ശ്രുതെ:” തുടങ്ങിയ മിഥ്യാ പ്രചാരം ചെയ്തു ജനസംഖ്യയിൽ പകുതിയിൽ അധികം വരുന്ന സ്ത്രീകളെയും താഴ്ന്നവരെന്നു പറയുന്ന വിഭാഗക്കാരെയും പഠനപാഠനത്തിൽ നിന്നും മാറ്റി നിർത്തുക തുടങ്ങി അനേകം അനാചാരങ്ങൾ അലംഘനീയ നിയമങ്ങളായി അടിച്ചേല്പിക്കപ്പെട്ടു.
പത്തൊമ്പതാം നൂറ്റാണ്ടിലെ ഈ സാമൂഹ്യാന്തരീക്ഷത്തിൽ നിന്നുവേണം സത്യാർത്ഥ പ്രകാശം സ്വാധ്യായമാരംഭിക്കേണ്ടത്. ആധുനികഭാരത ചരിത്രം പരിശോധിച്ചാൽ നിരവധി സാമൂഹ്യ പരിഷ്കർത്താക്കൾ ഇത്തരം അനീതികൾക്കെതിരെ രംഗത്തുവന്നിട്ടുണ്ട്. രാജാറാം മോഹൻ റായ്, ഈശ്വര ചന്ദ്ര വിദ്യാസാഗർ, കേശവ് ചന്ദ്രസെൻ,രാമകൃഷ്ണ പരമഹംസർ,സ്വാമി വിവേകാനന്ദൻ തുടങ്ങിയവരൊക്കെ പ്രാതഃ സ്മരണീയരാണ്. ഇവരിൽ നിന്നൊക്കെ ഋഷി ദായനന്ദൻ വ്യത്യസ്തനാവുന്നത് എങ്ങനെയാണ് എന്നാണ് ഈ ഭൂമിക കാണിച്ചു തരുന്നത്. ഇത് ഒരു മഹാപുരുഷനെയും ഇകഴ്ത്തികാട്ടാനാണെന്നു തെറ്റിദ്ധരിക്കരുതെന്ന് അഭ്യർത്ഥിക്കുന്നു. നേരത്തെ ചോദിച്ച ചോദ്യങ്ങളിലൊന്നിന്റെ ഉത്തരം ഇവിടെയാണ് ശ്രദ്ധേയമാവുന്നത്. മഹർഷി സത്യാർത്ഥ പ്രകാശത്തിന്റെ ഭൂമികയിൽ പറയുന്നത് നോക്കുക “ഈ ഗ്രന്ഥം നിർമ്മിക്കുന്നതിൽ എന്റെ പ്രധാനമായ ഉദ്ദേശ്യം യഥാർത്ഥ സത്യത്തെ പ്രകാശിപ്പിക്കുക എന്നതാകുന്നു.സത്യാർത്തിന്റെ പ്രകാശനം എന്നു പറയുന്നത് സത്യത്തെ സത്യമായും മിഥ്യയെ മിഥ്യയായും പ്രതിപാദിക്കുകതന്നെ എന്ന് അറിയേണ്ടതാകുന്നു”
സാമൂഹ്യനവീകരണ രംഗത്ത് ആ കാലഘട്ടത്തിൽ ആദ്യം വന്നത് രാജാറാം മോഹൻ റായ് ആണ്. ബംഗാൾ ആയിരുന്നു അന്ന് നവോത്ഥാനത്തിന്റെ മുഖ്യകേന്ദ്രം. അദ്ദേഹത്തിന്റെ ശ്രമത്തിന്റെ ഫലമായി 1828 ൽ സതി സമ്പ്രദായം നിയമം മൂലം നിരോധിച്ചു. ബംഗാളിൽ നിന്നു തന്നെയുള്ള മറ്റൊരു സാമൂഹ്യ പരിഷ്കർത്താവായ ഈശ്വര ചന്ദ്ര വിദ്യാസാഗർ 1856 ൽ വിധവാ വിവാഹത്തിന് നിയമനിർമ്മാണം ഉണ്ടാക്കി. രാജാറാം മോഹൻ റായ് വൈദിക വിചാരധാരയിൽ തികഞ്ഞ ശ്രദ്ധയുള്ള മഹാനായിരുന്നു. അദ്ദേഹം സ്ഥാപിച്ച ബ്രഹ്മസമാജത്തിന്റെ 1830 ജനുവരി 8 നു തയ്യാറാക്കിയ ട്രസ്റ്റ് ഡീഡിൽ ബ്രഹ്മസമാജത്തിന്റെ താഴെ പറയുന്ന സിദ്ധാന്തങ്ങൾ വ്യക്തമായി പറയുന്നുണ്ട്.
1. വേദങ്ങളെയും ഉപനിഷത്തുകളെയും മാനിക്കണം.
2.ഇവയിൽ ഏകേശ്വരവാദം പ്രതിപാദിച്ചിരിക്കുന്നു.
3.വിഗ്രഹാരാധന വേദ വിരുദ്ധമാകയാൽ ത്യാജ്യമാണ്.
4.ബഹുവിവാഹം,ബാലവിവാഹം,സതി സമ്പ്രദായം എന്നിവ വേദവിരുദ്ധമാണ്.അതിനാൽ അവ ത്യാജ്യമാണ്.
ഇതേ രാജാറാം മോഹൻ റായ് തന്റെ ആത്മകഥയിൽ ഇംഗ്ളീഷുകാരുടെ ഭരണത്തെ പറ്റി ഇങ്ങനെ പുകഴ്ത്തി പറയുന്നു “Finding them generally more intelligent, more steady and moderate in their conduct, I gave up my prejudice against them and became inclined in their favour, feeling persuaded that their role, though a foreign yoke, would lead more speedy and surely to the amelioration of the native inhabitants”
എന്നാൽ മഹർഷി ദയാനന്ദൻ സത്യർത്ഥപ്രകാശത്തിൽ വിദേശഭരണത്തെ ശക്തമായി വിമർശിക്കുന്നതു നോക്കുക”ആരെന്തു പറഞ്ഞാലും സ്വദേശിയായ രാജാവാണ് സർവ്വോപരി ഉത്തമം”
രാജാറാം മോഹൻ റായ് മേക്കോളേയുടെ ഇംഗ്ളീഷ് വിദ്യാഭ്യാസത്തെ പിന്തുണച്ചു എന്നുമാത്രമല്ല,1822 ൽ അദ്ദേഹം സ്വയം ഒരു ഇംഗ്ളീഷ് വിദ്യാലയം ആരംഭിക്കുകയും ചെയ്തു. ഇതുനുപുറമേ 1822 ൽ ഗവർണർ ജനറൽ ലോർഡ് എംഹ്ർസ്റ്റിന് അദ്ദേഹം അയച്ച ഒരു കത്തിൽ കൽക്കത്തയിൽ ബംഗാൾ സർക്കാർ സ്ഥാപിച്ച സംസ്കൃത കോളേജ് അനാവശ്യവും ഭാരതീയരുടെ ഉന്നതിക്കു തടസ്സവുമാണെന്നു പറഞ്ഞു (ആർ .എൻ. സാംധർ – രാജാറാം മോഹൻ റായ് പേജ് 24-25)
വേദ പ്രവേശിക എന്ന ‘വെർച്വൽ ക്ലാസ് റൂം’ വേദിയിലെ വിദ്യാർത്ഥികൾക്ക് പാഠ്യഭാഗങ്ങളുമായി ബന്ധപ്പെട്ട സംശയനിവാരണത്തിനുള്ള ചർച്ചകൾക്ക് ആര്യ സമാജം കേരളയുടെ ഓൺലൈൻ ഫോറത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക
അഗ്നിഹോത്രം ചർച്ചകൾക്കുള്ള വിദ്യാർത്ഥികളുടെ ഗ്രൂപ്പിന് ഇവിടെ ക്ലിക്ക് ചെയ്യുക