നമസ്തേ,
നമ്മുടെ വേദവിധി പ്രകാരമുള്ള അനുഷ്ഠാനങ്ങളും ശാസ്ത്രപഠനവും എപ്രകാരമാണെന്നു ബഹുഭൂരിപക്ഷം പേർക്കും അജ്ഞാതമാണിന്ന്. അവ പഠിപ്പിക്കാനുള്ള ഗുരുകുലങ്ങളും വിരളമാണ്. എവിടെയാണോ കൂടുതൽ ആളുകൾ തടിച്ചുകൂടുന്നത് അവിടെയാണ് പോകേണ്ടത് എന്നാണ് സാമാന്യവിശ്വാസികളുടെ ധാരണ. അതവരെ പല തെറ്റിദ്ധാരണകളിലേക്കും അന്ധവിശ്വാസങ്ങളിലേക്കും നയിക്കും.
ഇന്നത്തെ തിരക്കേറിയ ഈ ജീവിതത്തിൽ ആത്മീയാന്വേണത്തിന് ആർക്കും സമയവുമില്ല. ഉള്ള സമയത്തു പോകാമെന്ന് വെച്ചാൽ അപ്രകാരം സൗകര്യത്തിന് പഠിപ്പിക്കാനും ആരുമില്ല. ഇതിനൊരു പരിഹാരം കണ്ടെത്താൻ ആകുമോ എന്നാണ് ‘വെർച്വൽ ക്ലാസ് റൂം‘ പഠനങ്ങളിലൂടെ നമ്മുടെ ശ്രമം.
പഠനം രണ്ടു തരത്തിലുണ്ട്. ഒന്ന് അനുഷ്ഠാനവും മറ്റൊന്ന് ശാസ്ത്ര പഠനവും. ദിനചര്യ, നിത്യകർമ്മങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടതാണ് അനുഷ്ഠാനങ്ങൾ എന്നു പൊതുവെ പറയാം.
വ്യകാരണത്തിൽ നിന്നു തുടങ്ങിയുള്ള സംഗോപാംഗ പഠനമാണ് മറ്റൊന്ന്. ഈ രണ്ടിനും ഈ വേദി എത്രകണ്ട് പ്രയോജനപ്പെടുത്താൻ സാധിക്കും എന്ന് നോക്കുകയാണ്. പഠിതാക്കൾക്ക് അവരുടെ സൗകര്യമുള്ള സമയത്ത് ദിവസേന ക്ലാസ് റൂമിൽ വരാം. ആ ദിവസത്തെ പാഠഭാഗം നോക്കാം. ഓൺലൈൻ ഫോറം വഴി സംശയനിവാരണം നടത്താം. നിശ്ചിത സമയങ്ങളിലും സ്ഥലങ്ങളിലും നടത്തുന്ന contact ക്ലാസ്സുകളിൽ പങ്കെടുത്ത് പ്രാക്ടിക്കൽ പഠനവും പരിശീലനവും നടത്താൻ സാധിക്കും.
ഈ പഠനപദ്ധതിയിൽ വൈദിക നിത്യകർമ്മവിധിയിൽ വരുന്ന പഞ്ചമഹായജ്ഞങ്ങളായ സന്ധ്യാവന്ദനം ആണ് ആദ്യഘട്ടത്തിൽ വരുന്നത്.
സന്ധ്യാവന്ദന പഠനം വിജയകരമായി പൂർത്തിയാക്കിയവരുടെ ഉപനയനം വേദഗുരുകുലത്തിൽ വെച്ച് നടക്കും.നേരത്തെ ഉപനയനം കഴിഞ്ഞ പഠിതാക്കളിൽ ആർക്കെങ്കിലും വിധിയാംവണ്ണം ഉപനയന സംസ്കാരം നടത്താൻ സാധിച്ചിട്ടില്ലെങ്കിൽ അവരുടെ ശാസ്ത്രവിധിപ്രകാരമുള്ള അഴിച്ചുപനയനം നടത്തിക്കൊടുക്കുന്നതാണ്.
അഗ്നിഹോത്രം, അടിസ്ഥാന വൈദിക സിദ്ധാന്തങ്ങൾ എന്നിവയാണ് രണ്ടാം ഘട്ടത്തിൽ വരുന്നത്. സന്ധ്യാവന്ദനം പഠനം പൂർത്തിയാക്കി ഉപനയന സംസ്കാരം വിധിയാം വണ്ണം നടത്തിയവർക്കാണ് അഗ്നിഹോത്രം പ്രാക്ടിക്കൽ ക്ലാസ്സുകൾക്ക് പ്രവേശനം നൽകുക. വെർച്വൽ ക്ലാസ് റൂം വഴിയും ഗുരുകുലത്തിൽ വെച്ചും ക്ലാസ്സുകൾ നടത്തുന്നതാണ്.
മൂന്നാം ഘട്ടത്തിൽ വേദാരംഭ സംസ്കാരവും പാണിനി മഹർഷിയുടെ വർണ്ണോച്ചാരണ ശിക്ഷ, വേദങ്ങളിലേ പ്രധാന സൂക്തങ്ങൾ എന്നിവ ഉൾപ്പെടുത്തയിട്ടുണ്ട്.
നാലാം ഘട്ടത്തിൽ മഹർഷി ദയാനന്ദ സരസ്വതിയുടെ സത്യാർഥപ്രകാശം, ഋഗ്വേദാദി ഭാഷ്യഭൂമിക, സംസ്കാര വിധി എന്നിവയുടെ സംക്ഷിപ്ത പഠനം നടക്കുന്നതാണ്. പണ്ഡിറ്റ് ഭഗവദ്ദത്ത, പണ്ഡിറ്റ് ഗംഗാപ്രസാദ് ഉപാധ്യായ, പണ്ഡിറ്റ് ചമുപതിജി, പണ്ഡിറ്റ് ലേഖ് റാം തുടങ്ങിയ ആദ്യകാല ആര്യപ്രചാരകന്മാർ എഴുതിയ സാഹിത്യങ്ങളുടെ സംക്ഷിപ്തമായ പരിചയവും നടത്തുന്നതാണ്. ആര്യസമാജത്തിലെ ശാസ്ത്രാർത്ഥ വിദഗ്ധരായ പണ്ഡിറ്റ് മഹേന്ദ്രപാൽ ആര്യ, ആചാര്യ ആര്യ നരേശ് ജി തുടങ്ങിയവരുടെ ഏതാനും ക്ലാസ്സുകളും നടത്താൻ ഉദ്ദേശിക്കുന്നു.
ഇത്രയും കാര്യങ്ങൾ ഉൾപ്പെട്ട സിലബസ് തയ്യാറാക്കിയിട്ടുണ്ട്.
സാംഗോപാംഗം വേദം പഠിക്കാൻ താത്പര്യമുള്ളവർക്ക് കാറൽമണ്ണ വേദ ഗുരുകുലത്തിൽ താമസിച്ചു പഠിക്കാൻ സൗകര്യമുണ്ട് (ആൺകുട്ടികളുടെ ഗുരുകുലമായതിനാൽ പുരുഷന്മാർക്ക് മാത്രമേ ഇപ്പോൾ അവിടെ പ്രവേശനം നൽകാൻ സാധിക്കൂ).
ഇതൊരു സൗജന്യ ധർമ്മ പ്രചാരപ്രവർത്തനമാണ്. സാധിക്കാവുന്ന പഠിതാക്കൾ തങ്ങൾക്കാകാവുന്ന തരത്തിൽ തനമനധനാദികളായ സഹായ സഹകരണങ്ങൾ ഗുരുദക്ഷിണയായി വേദ ഗുരുകുലത്തിന്റെ നടത്തിപ്പിലേക്ക് നല്കേണ്ടതാണ്. ദക്ഷിണ നൽകിയാൽ മാത്രമേ യജ്ഞത്തിന് പരിപൂർണ്ണത വരികയുള്ളു എന്ന് ശാസ്ത്രങ്ങൾ ഉദ്ഘോഷിക്കുന്നുണ്ട്. അപ്പോൾ മാത്രമേ അതിന് ഫലസിദ്ധിയുമുണ്ടാവുകയുള്ളൂ.
എല്ലാ ജിജ്ഞാസുക്കളെയും ഈ പഠന പദ്ധതിയിലേക്ക് സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.
ഓം കൃണ്വന്തോ വിശ്വമാര്യം (ഋഗ്വേദം 9.63.5)