covid-19

Is God Helpess To Combat Diseases Like COVID 19?

Blog

കൊറോണാ വൈറസ് ബാധയെ തുടർന്ന് ലോകമാകെ ഇന്ന് ഒരു അനിശ്ചിതത്വത്തിൽ ആണല്ലോ. ജനങ്ങൾ കൂട്ടമായെത്തുന്ന പൊതുസ്ഥലങ്ങൾ എല്ലാം അടച്ചിട്ടിരിക്കുകയാണ്. അതിൽ വളരെ ചർച്ചചെയ്യപ്പെടുന്ന ഒന്നാണ് ആരാധനാലയങ്ങൾ അടച്ചിട്ട കാര്യം. 
ഈശ്വരൻ എന്ന ഒരു സത്തതന്നെയില്ലാ എന്നും ഉണ്ടെങ്കിൽ പോലും അദ്ദേഹം നിസ്സഹായൻ ആണെന്നും പലരും കരുതുന്നു. നാസ്തികരും യുക്തിവാദികളും അർബൻ നക്സലുകളും ഇതിന് സാമൂഹ്യ മാധ്യമങ്ങളിലൂടെ ഏറെ പ്രചാരവും നൽകുന്നുണ്ട്. സെമിറ്റിക് കാഴ്ച്ചപ്പാടിലുള്ള ദൈവശാസ്ത്രമനുസരിച്ച് കാര്യങ്ങളെ കാണാൻ ശ്രമിക്കുന്നവർക്കാണ് ഇത്തരം തെറ്റിദ്ധാരണകൾ ഉണ്ടാവുന്നത്.  
ഈശ്വരൻ, ധർമ്മത്തിന്റെ പരിഭാഷ, ഈശ്വരന്റെ കർമ്മഫല സിദ്ധാന്തം  തുടങ്ങിയ വൈദിക വിഷയങ്ങൾ അറിയാത്തവർക്കാണ് ഈ അബദ്ധങ്ങൾ പറ്റുന്നത്. ഇന്ന് പ്രചാരത്തിലുള്ള മത സംബ്രദായങ്ങളുടെ കാര്യത്തിലാണെങ്കിൽ ഇത് ഏറെക്കുറെ ശരിയാണെന്ന് വരാം. എന്നാൽ വൈദിക ധർമ്മം മുന്നോട്ട് വെക്കുന്ന ദാർശനിക കാഴ്ചപ്പാട് ഇന്ന് പ്രചാരത്തിലുള്ള മതസംബ്രദയങ്ങളിൽ നിന്ന് വളരെ വ്യത്യസ്തമാണ്.
ആദ്യമായി ഈശ്വരൻ എന്നതിന് ശാസ്ത്രീയവും വ്യക്തവുമായ ഒരു നിർവചനം നൽകുന്നത് വൈദിക ധർമ്മം മാത്രമാണെന്ന് അറിയുക. വേദങ്ങൾ ഉദ്ഘോഷിക്കുന്ന ഈശ്വരന്റെ നിർ വചനം ഇപ്രകാരമാണ്.
“ഏതൊരാളുടെ ഗുണകർമ്മ സ്വഭാവങ്ങളും സ്വരൂപവും സത്യമാകുന്നുവോ, ഏതൊരാൾ ചേതനാമാത്ര വസ്തുവും ഏകനും അദ്വിതീയനും സർവശക്തിമാനും നിരാകാരനും സർവത്ര വ്യാപിച്ചവനും അനാദിയും അനന്തവുമായ സത്യഗുണങ്ങളുള്ളവനും, അവിനാശി, ജ്ഞാനി, ആനന്ദിതൻ, ശുദ്ധൻ, ന്യായകാരി, ദയാലു, ജന്മമെടുക്കാത്തവൻ എന്നീ സ്വഭാവങ്ങളോട് കൂടിയവനും, ഈ ജഗത്തിന്റെ ഉൽപ്പത്തി, പരിപാലനം, വിനാശം എന്നിവ നടത്തുന്നവനും ജീവികൾക്ക് പാപ-പുണ്യങ്ങളുടെ ഫലം കൃത്യമായി നൽകുന്നത് കർമ്മമായിട്ടുള്ളവനും ആരാണോ അദ്ദേഹമാണ് ഈശ്വരൻ.”
ഈശ്വരന്റെ സ്വരൂപത്തെ ഇവിടെ വ്യക്തമാക്കുന്നുണ്ട്. ആ പരമാത്മാവ് നിരാകാരനും സച്ചിദാനന്ദ സ്വരൂപനുമാണ്. അനാദിയും അനന്തനുമായ അദ്ദേഹം ജന്മമെടുക്കുകയോ മരിക്കുകയോ ചെയ്യുന്നില്ല. വേദങ്ങളുടെ ദൃഷ്ടിയിൽ ഈശ്വരൻ ഇതാണ്. 
അതേപോലെ ധർമ്മം എന്നതിന് വേദാദി സത്യശാസ്ത്രങ്ങൾ നൽകുന്ന നിർവചനം ഇതാണ്. ” ഈശ്വരാജ്ഞയെ യഥാവത് പാലിക്കുന്നതും പക്ഷപാതരഹിതമായി സർവഹിതം ചെയ്യുന്നതും പ്രത്യക്ഷാദി പ്രമാണങ്ങളാൽ നല്ലവണ്ണം പരീക്ഷിക്കപ്പെട്ടതും വേദോക്തമായതിനാൽ എല്ലാവർക്കും മാനനീയമായതുമെന്താണോ അതാണ് ധർമ്മം”
കൊറോണാ പോലുള്ള മഹാമാരികൾ ഉണ്ടാക്കുന്നത് ഈശ്വരനല്ല. അതിന്റെ നിവാരണവും ഈശ്വരന്റെ ജോലിയായി കണക്കാക്കാനാവില്ല. രോഗങ്ങളുണ്ടാവുന്നത് എന്തെങ്കിലും നിമിത്തം മൂലമാണ്. അവയുടെ നിവാരണത്തിനും ചില നിമിത്തങ്ങൾ ആവശ്യമാണ്. മനുഷ്യരുടെ പ്രയത്നം കൊണ്ടേ രോഗങ്ങൾ ഇല്ലാതാക്കാൻ സാധിക്കൂ. എല്ലാ സദ്പ്രവൃത്തികൾക്കും ഈശ്വരന്റെ അനുഗ്രഹം ഉണ്ടാവും എങ്കിലും മനുഷ്യർ ചെയ്യേണ്ട കാര്യങ്ങളിൽ ഈശ്വരൻ കൈകടത്തില്ല. ജീവാത്മാക്കൾ കർമ്മം ചെയ്യാൻ സ്വതന്ത്രരാണ്. എന്നാൽ അതിന്റെ ഫലം അനുഭവിക്കുന്നതിൽ പരതന്ത്രരുമാണ്. ചെയ്യുന്ന പ്രവൃത്തികളുടെ ഫലം എന്തായാലും അനുഭവിച്ചേ മതിയാവൂ. 
ബൈബിൾ, ഖുർആൻ, പുരാണങ്ങൾ  തുടങ്ങിയവയിൽ വർണ്ണിക്കുന്ന രീതിയിൽ ആരാധന നടത്തുന്ന കേന്ദ്രങ്ങളാണ് ഇപ്പോൾ അടച്ചുപൂട്ടിയത്. അവിടെയുള്ള ആൾക്കൂട്ടം വൈറസിന്റെ സമൂഹവ്യാപനത്തിന് വഴിവെക്കുമെന്നു കണ്ടാണ് സർക്കാരുകൾ അവയെല്ലാം തൽക്കാലത്തേക്ക് അടച്ചിടാൻ ആഹ്വാനം ചെയ്തത്. ഇത് വകവെക്കാതെ പലരും ഈ കേന്ദ്രങ്ങളിൽ അച്ചടക്കം ലംഘിച്ച് ആൾക്കൂട്ട പ്രാർത്ഥനകൾ ഇപ്പോഴും തുടരുന്നതായി വാർത്തകൾ വരുന്നുണ്ട്.
ഈശ്വരൻ സമയാസമയങ്ങളിൽ ഭൂമിയിൽ അവതരിക്കുമെന്നും അദ്ദേഹം  ആകാശത്തിലോ മറ്റോ സിംഹാസനാരൂഢനായി തന്റെ ദൂതന്മാർ, പ്രവാചകന്മാർ, മാലാഖമാർ, മലക്കുകൾ എന്നിവരിലൂടെ ലോകത്തെ ഭരിക്കുന്നുവെന്നുമാണ് ഇന്ന് പ്രചാരത്തിലുള്ള പ്രമുഖ മതങ്ങൾ പ്രഖ്യാപിക്കുന്നത്. ക്ഷേത്രങ്ങളും, പള്ളികളും, മോസ്‌ക്കുകളുമൊക്കെ ഇത്തരം തെറ്റായ തത്വശാസ്ത്രങ്ങളെയാണ് കൊണ്ടുനടക്കുന്നത്. അവക്കൊന്നും ശാശ്വതമായ നിലനിൽപ്പും ഉണ്ടാവില്ല.  ഭാരതത്തിന്റെ ചരിത്രം പരിശോധിച്ചാൽ അനേകം ക്ഷേത്രങ്ങൾ മുസ്ലീം ആക്രമണ കാലത്ത് നിരവധി തവണ തച്ചുടക്കപ്പെട്ടിട്ടുണ്ട്. സോമനാഥ് ക്ഷേത്രം 17 തവണയാണ് ആക്രമിക്കപ്പെട്ടത്. ടിപ്പുവിന്റെ പടയോട്ടക്കാലത്ത് കേരളത്തിലും പല മഹാക്ഷേത്രങ്ങൾ തകർക്കപ്പെട്ടിട്ടുണ്ട്‌. അന്നൊന്നും അവക്ക് സംരക്ഷണം നല്കാനായി ഒരു അവതാരവും ഉണ്ടായതായി കേട്ടിട്ടില്ല. ക്രിസ്ത്യൻ പള്ളികളുടെയും മുസ്ലീ പള്ളികളുടെയും സ്ഥിതിയും മറിച്ചല്ല. യുദ്ധങ്ങളും പ്രകൃതി ദുരന്തങ്ങളും മാരക പകർച്ചാവ്യാധികളും വന്നപ്പോഴൊക്കെ അവയും അടച്ചിട്ടുണ്ട്. അന്നൊന്നും ഒരു മാലാഖയും ദൈവദൂതനും പ്രത്യക്ഷപ്പെട്ടതായി പറഞ്ഞുകേട്ടിട്ടില്ല.
എന്നാൽ വൈദിക ധർമ്മം വ്യക്തി ശുചിത്വത്തിനും അന്തരീക്ഷ പരിശുദ്ധിക്കും ഏറെ പ്രാധാന്യം നൽകുന്നുണ്ട്. പഞ്ചമഹായജ്ഞങ്ങളിൽ വരുന്ന സന്ധ്യാവന്ദനം, അഗ്നിഹോത്രം എന്നിവ ഇതിൽ ഏറെ ശ്രദ്ധേയമാണ്. സഹജീവികളോട് സ്നേഹവും ദയയും പ്രകടിപ്പിക്കാൻ പിതൃയജ്‌ഞം, ബലി വൈശ്വദേവയജ്ഞം, അതിഥി യജ്‌ഞം എന്നിവ പ്രേരണനല്കുന്നു. മത വിശ്വാസങ്ങളുടെ പേരിൽ സാധുമൃഗങ്ങളെ കൊല്ലാൻ അത് അനുശാസിക്കുന്നില്ല. സെമിറ്റിക്/പുരാണ മതങ്ങളും വൈദിക ധർമ്മവും തമ്മിലുള്ള വ്യത്യാസം ആണിത് കാണിക്കുന്നത്. വെറും പ്രാർത്ഥനകൾ കൊണ്ട് രോഗങ്ങൾ മാറുമെങ്കിൽ ഉപവേദമായ ആയുർവേദം രചിക്കേണ്ട ആവശ്യം ഋഷിമാർക്ക് ഉണ്ടായിരുന്നോ? 
മനുഷ്യന്റെ സ്വർത്ഥതക്ക് വേണ്ടി നമ്മുടെ വളർത്തു മൃഗങ്ങളായ പശു, ആട്, കോഴി തുടങ്ങിയവയെയും പട്ടി, പൂച്ച, പാമ്പ്, തേൾ മുതലാവയെപ്പോലും  ഭക്ഷിക്കുന്നവരിൽ നിന്നാണ് മാരക രോഗങ്ങൾ പൊതുവെ ആരംഭിക്കുന്നത്. പ്രകൃതിയിലെ നദികൾ, പർവതങ്ങൾ, വൃക്ഷങ്ങൾ തുടങ്ങിയവ നിരന്തരം ചൂഷണം ചെയ്യപ്പെടുന്നു. അതുമൂലം അതിവൃഷ്ടിയും അനാവൃഷ്ടിയും മറ്റു പ്രകൃതി ദുരന്തങ്ങളും ഉണ്ടാവുന്നു. 
സ്ഥിതിഗതികൾ ഇപ്രകാരം ആയിരിക്കെ മനുഷ്യർ സ്വയം ചെയ്തുകൂട്ടുന്ന ക്രൂരകൃത്യങ്ങൾക്ക് ഈശ്വരനെ പഴിക്കുന്നത് എന്തിനാണ്?