WHAT IS SHRAUTHA YAJNJA? WHAT IS DARSHA-PAURNAMASESHTI?എന്താണ് ശ്രൗതയജ്ഞങ്ങൾ? എന്താണ് ദർശപൗർണമാസേഷ്ടി?

Uncategorized
  • കെ. എം. രാജൻ മീമാംസക്

സൃഷ്ടിയുടെ ആരംഭത്തിൽ അഗ്നി, വായു, ആദിത്യൻ, അങ്ഗിരസ് എന്നീ നാല് ഋഷിമാരിലൂടെ ഈശ്വരൻ ചതുർവേദങ്ങളെ യഥാക്രമം അതായത് ഋഗ്വേദം,യജുർവേദം,സാമവേദം,അഥർവ്വവേദം എന്നിവയെ പ്രകാശിപ്പിച്ചു. മന്ത്രാർത്ഥവേത്താക്കളായിരുന്ന ഋഷിമാർ അത് ബ്രഹ്മാദികൾക്ക് അർത്ഥസഹിതം ഉപദേശിച്ചു. പിന്നെ ക്രമേണ മന്ത്രാർത്ഥബോധത്തിന് ശൈഥില്യം സംഭവിച്ചപ്പോൾ അതിനുതകുന്ന ഉപായങ്ങളെക്കുറിച്ച് ഋഷിമാർ ചിന്തിച്ചു തുടങ്ങി. ഏകാന്ത ജീവിതം നയിക്കുന്ന താപസന്മാർക്ക് മന്ത്രാർത്ഥം ഗ്രഹിക്കുക സുഗമമായിരുന്നു. എന്നാൽ വിവിധ ജോലികളിൽ ഏർപ്പെട്ടിരുന്ന ഗൃഹസ്ഥന്മാരായവർക്ക് മന്ത്രാർത്ഥ ഗ്രഹണം കഠിനമായിരുന്നു. മന്ത്രങ്ങളുടെ രഹസ്യം ഗൃഹസ്ഥന്മാർക്കുകൂടി ഉൾക്കൊള്ളാൻ പറ്റുന്ന പ്രതീകാത്മകമായ (symbolic method) ഒരു പദ്ധതിയുടെ ആശ്രയം തേടാൻ ഋഷിമാർ ആഗ്രഹിച്ചു. ഈ പദ്ധതിയിലൂടെ ബാഹ്യ പദാർത്ഥങ്ങളാൽ മന്ത്രാർത്ഥത്തെ പ്രത്യക്ഷീകരിക്കാനുള്ള മഹത്തായ ശ്രമം ഋഷിമാർ പ്രാചീനകാലം മുതൽ തന്നെ ആരംഭിച്ചിരുന്നു. അഗ്നിയിൽ നെയ്യ് തുടങ്ങിയ ഉത്തമപദാർത്ഥങ്ങളെ ഹോമിക്കുന്നതിലൂടെ വായുശുദ്ധീകരണം കൂടി നടക്കുന്നു. വായുവിനെ മലിനമാക്കുന്ന കാര്യം മനുഷ്യർ പ്രതിദിനം ചെയ്തുവരുന്നു. തന്മൂലം വിഭിന്ന പ്രകാരത്തിലുള്ള രോഗങ്ങൾ ഉണ്ടാവുന്നു. യജ്ഞം ചെയ്യുന്നതിലൂടെ വായുവിനെ ശുദ്ധമാക്കി അനേകം പ്രകാരത്തിലുള്ള രോഗങ്ങളുടെ നിവാരണം സാധ്യമാവുന്നു. ഇപ്രകാരം അഗ്നിഹോത്രം മുതൽ അശ്വമേധയാഗപര്യന്തമുള്ള യജ്ഞങ്ങൾക്ക് ഋഷിമാർ പ്രാരംഭം കുറിച്ചു. ആയിരക്കണക്കിന്
വേദമന്ത്രങ്ങളുടെ അർത്ഥപ്രകാശനവും നെയ്യ് തുടങ്ങിയ ഹോമപദാർത്ഥങ്ങൾ മൂലം വായുവിനെ ശുദ്ധീകരിക്കാനും ഈ യജ്ഞങ്ങൾ കൊണ്ട് സാധിക്കും. ശ്രുതിയേ (വേദമന്ത്രങ്ങളും ബ്രാഹ്മണ ഗ്രന്ഥങ്ങളിലെ വാക്യങ്ങളും ) അടിസ്ഥാനമാക്കി നിലകൊള്ളുന്ന യജ്ഞങ്ങൾ ആണ് ശ്രൗത യജ്ഞങ്ങൾ.

യജ്ഞത്തിൽ ചെയ്യുന്നതെന്താണ്?

യാജ്ഞിക പ്രക്രിയയിൽ മുഖ്യമായും മൂന്ന് തത്വങ്ങളാണ് ഉള്ളത്. ദേവത, ദ്രവ്യം, ദേവതക്കുവേണ്ടുന്ന ദ്രവ്യം സമർപ്പിക്കുക എന്നിവയാണവ.
കാത്യായന ശ്രൗതസൂത്രത്തിൽ (1.3.1,2,3) ഇപ്രകാരം പറയുന്നു.”യജ്ഞം വ്യാഖ്യാസ്യാ മ:| ദ്രവ്യം ദേവതാ ത്യാഗ:| തദങ്ഗമിതരത്സമഭിവ്യാഹാരപ്രകരണാഭ്യാമ്|
അർത്ഥം: ഇനി യജ്ഞത്തെക്കുറിച്ച് വ്യാഖ്യാനിക്കാം. ദ്രവ്യം ദേവതക്ക് സമർപ്പിക്കുന്നതാണ് യജ്ഞം. ദേവത എന്താണെന്ന് ആദ്യം നോക്കാം. ദർശപൗർണമാസാദി യജ്ഞങ്ങുടെ യഥാർത്ഥ താത്പര്യമറിയണമെങ്കിൽ ഏതെല്ലാം ദേവതകൾക്ക് ഹവിസ്സ് പ്രദാനം ചെയ്യണമെന്നും അവയുടെ യധാർത്ഥ സ്വരൂപം എന്താണെന്നും അറിയണം. ജഡദേവതകളിൽ വെച്ച്‌ ഏറ്റവും മുഖ്യമായത് അഗ്നിയാണ്. എന്തെന്നാൽ എല്ലാ ദേവതകൾക്കുമുള്ള ഹവിസ്സ് അഗ്നിയിൽ തന്നെയാണ് സമർപ്പിക്കുന്നത്. മറ്റെല്ലാ ദേവതകൾക്കും ഹവിസ്സിനെ എത്തിക്കുന്നത് അഗ്നിയാണ്. എല്ലാ ദേവതകളുടേയും കാരണമായിട്ടുള്ളത് അഗ്നിയാണ് എന്നതാണതിനുകാരണം. യജ്ഞവിദ്യയുടെ മഹാനായ ഋഷിയും ശതപഥബ്രാഹ്മണത്തിന്റെ വക്താവുമായ യാജ്ഞവാൽക്യൻ സ്പഷ്ട രൂപത്തിൽ ഇപ്രകാരം പറയുന്നു. ” അഗ്നിർവൈ സർവേഷാം ദേവാനാമാത്മാ | (മാധ്യന്ദിന ശതപഥം 1.6.2.8)
അഗ്നിർവൈ സർവാ ദേവതാ: (മാധ്യന്ദിന ശതപഥം 14.3.2.5)

എന്താണ് ദർശപൗർണമാസേഷ്ടി?

ശ്രൗത യജ്ഞങ്ങളുടെ മൂലാധാരമാണ് (പ്രകൃതി)ദർശപൗർണമാസേഷ്ടി. ‘കദാചിത് ദൃശ്യതേ അസൗ ദർശ:’ ചതുർദശി കഴിഞ്ഞ് അമാവാസി ആരംഭിക്കുന്നതിന് മുമ്പ് മിക്കവാറും ചന്ദ്രൻ നേർത്ത് കാണുന്നു. അതിനെയാണ് ദർശമെന്നു പറയുന്നത്. മറ്റു യാഗങ്ങൾ ഇതിന്റെ വികൃതിയാണ്. അതായത് മൂലാധാരത്തിനുശേഷമാണ് സോമയാഗാദികൾ ചെയ്യേണ്ടത്. ദർശപൗർണമാസേഷ്‌ടി ചെയ്യാതെ മറ്റൊരു യാഗവും ചെയ്യാനാവില്ല. യാഗങ്ങളിൽ വരുന്ന സാമാന്യകർമ്മങ്ങൾ എല്ലാം ഇതിൽ വരുന്നുണ്ട്. ദർശ പൗർണമാസേഷ്‌ടിയിൽ വരുന്ന ഹോമങ്ങൾ ചെയ്താണ് മുഖ്യഹോമങ്ങൾ യാഗങ്ങളിൽ നടത്തേണ്ടത്. ദർശപൂ ർണ മാസാഭ്യാം സ്വർഗ്ഗകാമോ യാജേത (ആപസ്തംബ ശ്രൗതസൂത്രം 3.14.8) എന്ന ശാസ്ത്രവചനം ശ്രദ്ധേയമാണ്. അർത്ഥം : സ്വർഗ്ഗത്തെ (സുഖവിശേഷത്തെ) ആഗ്രഹിക്കുന്നവർ ദർശപൗർണ്ണമാസേഷ്ടിയാൽ യാഗം ചെയ്യണം.

അമാവാസിയുമായി ബന്ധപ്പെട്ട യജ്ഞമാണ് ദർശേഷ്ടി. പൗർ ണമിയുമായി ബന്ധപ്പെട്ടത് പൗർണമാസേഷ്ടിയും.

ദേവത, ഹവിസ്സ്, സമിധ

പൗർണമാസേഷ്ടിയുടെ മുഖ്യ ദേവതകൾ അഗ്നിയും അഗ്നിഷോമനുമാണ്. പുരോഡാശവും നെയ്യുമാണ് മുഖ്യ ഹവിസ്സ്. പുരോഡാശം ഉണ്ടാക്കുന്നത് വ്രീഹി അല്ലെങ്കിൽ യവം ഉപയോഗിച്ചാണ്.

ദർശേഷ്ടിയുടെ ദേവതകൾ അഗ്നി, ഇന്ദ്രാഗ്നി എന്നിവയാണ്. പുരോഡാശത്തിനു പുറമെ സാന്നായവും (തൈര്, പാൽ എന്നിവയുടെ മിശ്രിതം) ഹവിസ്സായി അർപ്പിക്കാറുണ്ട്.

പ്ലാശ് വൃക്ഷത്തിന്റെ സമിധയാണ് ഏറ്റവും മുഖ്യമായത്.

ദർശപൗർണമാസേഷ്ടിയുടെ പ്രയോജനങ്ങൾ

ദർശപൗർണ്ണമാസേഷ്ടി അനുഷ്ഠിക്കുന്നതിലൂടെ ഭൗതികവും ആധ്യാത്മികവുമായ അനേകം പ്രയോജനങ്ങൾ ഉണ്ട്. അന്തരിക്ഷ ശുദ്ധിയും പ്രകൃതി സന്തുലനവും ഭൗതിക പ്രയോജനങ്ങളാണ്. ഇതിന് പുറമേ ആധ്യാത്മിക ഉന്നതിയും ഉണ്ടാവുന്നു.

സ യോ ഹൈവം വിദ്വാൻ പൗർണമാസേനൈവ
പൗർണമാസിം യജതേ, അമാവാസ്യേനാമാവാസ്യാം
ക്ഷിപ്രേ ഏവ പാപ്മാനമപഹതേ ക്ഷിപ്രേ പ്രജായതേ|

(മാധ്യന്ദിന ശതപഥബ്രാഹ്മണം 11. 1. 3. 7 )
അർത്ഥം : ഏതൊരു പണ്ഡിതനാണോ വിധിയാംവണ്ണം പൗർണമാസേഷ്ടിയും ദർശേഷ്ടിയും അനുഷ്ഠിക്കുന്നത്, അയാൾ പാപവാസനകളെ വളരെ വേഗത്തിൽ തന്നെ ഇല്ലാതാക്കുന്നു. അയാൾക്ക് ഉത്തമ സന്താനങ്ങൾ ഉണ്ടാകുന്നു. പാപവാസനകൾ നശിക്കാതെ ഒരിക്കലും ഉത്തമസന്താനങ്ങൾ ഉണ്ടാവില്ല. ഇപ്രകാരം ഏതൊരു യജമാനനാണോ ദർശപൗർണമാസേഷ്ടി അനുഷ്ഠിച്ച് മന്ത്രങ്ങളുടെ പവിത്രഭാവനയെ ഗ്രഹിക്കുന്നത് അയാൾക്ക് മേല്പറഞ്ഞ ഫലങ്ങളുടെ പ്രാപ്തിയുണ്ടാവുന്നു. തന്മൂലം കുടുംബത്തിലും സമാജത്തിലും നന്മയുണ്ടാവുന്നു. സൽകർമ്മങ്ങൾ ചെയ്യാൻ ഏവർക്കും പ്രേരണ ലഭിക്കുന്നു.
നിയമിത രൂപത്തിൽ പൗർണമാസേഷ്ടി അനുഷ്ഠിക്കുന്ന യജമാനന് മാത്രമേ സോമയാഗം പോലുള്ള ശ്രൗത യാഗങ്ങൾ ചെയ്യാൻ അധികാരമുണ്ടാവുകയുള്ളു.

🙏

കെ. എം. രാജൻ മീമാംസക്
ആര്യ പ്രചാരകൻ & അധിഷ്ഠാതാവ്,
വേദഗുരുകുലം, കാറൽമണ്ണ.
https://vedagurukulam.org
https://aryasamajkerala.org.in

dayanand200

vedamargam2025

aryasamajamkeralam