ദീപങ്ങളുടെ ഉത്സവമായ ദീപാവലിയെ ഭാരതീയർ ലോകമെങ്ങും ആഹ്ലാദത്തോടെ വരവേൽക്കാൻ പോവുകയാണല്ലോ. ദീപാവലി ആഘോഷത്തിന്റെ ഉത്ഭവത്തെക്കുറിച്ച് പല ഐതിഹ്യങ്ങളും നിലവിലുണ്ട്. അതിലൊന്ന് ശ്രീരാമൻ വനവാസം പൂർത്തിയാക്കി അയോധ്യയിൽ തിരിച്ചെത്തിയതിന്റെ ആഹ്ലാദത്താൽ ജനങ്ങൾ സർവ്വത്ര വിളക്കുകൾ തെളിയിച്ചുവെക്കുകയും മധുരപലഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തതിന്റെ ഓർമ്മക്കായാണ് ദീപാവലി ആഘോഷം ആരംഭിച്ചത് എന്നാണ്. പക്ഷെ ശ്രീരാമന്റെ പൂർവ്വികരുടെ കാലത്തും ഈ ഉത്സവം ഇവിടെ നിലനിന്നിരുന്നു എന്നോർക്കുക. ദീപാവലിയുടെ വൈദിക വീക്ഷണം ഒന്നുപരിശോധിക്കാം. കാർത്തിക മാസത്തിലെ അമാവാസി വളരെ പ്രാധാന്യത്തോടെയാണ് പ്രാചീന കാലം മുതൽ കണക്കാക്കി വരുന്നത്. വർഷക്കാലത്തിനുശേഷം തണുപ്പുകാലം ആരംഭിക്കുന്ന സമയമാണ് ഇത്. നീണ്ട മഴക്കാലത്ത് വെള്ളം നിറഞ്ഞൊഴുകിയ ഭൂമിയിൽ പലയിടത്തും മാലന്യങ്ങളും ദുർഗന്ധങ്ങളും അടിഞ്ഞുകൂടി വായുമണ്ഡലം മലീമസമായിരിക്കുന്ന സമയമാണിത്. പലയിടങ്ങളിലും വർഷകാല വിളയെടുപ്പുകഴിഞ്ഞ് പത്തായങ്ങളിൽ ധാന്യങ്ങൾ നിറഞ്ഞുനിൽക്കുന്നുണ്ടാവും. കർഷകരുടെ ആഹ്ലാദത്തിന് അതിരില്ല. വായുമണ്ഡലത്തിന്റെ ശുദ്ധീകരണം യജ്ഞം കൊണ്ടേ സാധ്യമാവൂ. ഈ അവസരത്തിൽ ശ്രൗത – സ്മാർത്ത സൂത്രങ്ങളിൽ വിവരിക്കുന്ന യജ്ഞങ്ങൾ നടത്തിയിരുന്നു. ഗോഭില ഗൃഹ്യസൂത്രം തൃതീയ പ്രപാഠകം, സപ്തമ ഖണ്ഡം 7 മുതൽ 24 വരെയുള്ള സൂത്രങ്ങൾ, പാരസ്കര ഗൃഹ്യസൂത്രം രണ്ടാം കാണ്ഡം 17 ആം കണ്ടികയിലെ ഒന്നുമുതൽ 18 വരെയുള്ള സൂത്രങ്ങൾ, ആപസ്തംബ ഗൃഹ്യസൂത്രം പത്തൊമ്പതാം ഖണ്ഡം, മാനവ ഗൃഹ്യസൂത്രം മൂന്നാം ഖണ്ഡം, മനുസ്മൃതി 4.26 എന്നിവയിൽ ‘സസ്യാന്തേ നവസസ്യേഷ്ട്യാ തഥര്ത്വന്തേ ദ്വിജോധ്വരൈ:’ എന്ന നവസസ്യേഷ്ടി അഥവാ നവ അന്നേഷ്ടി (നവ = പുതിയത്, സസ്യം = കൃഷിഉല്പന്നങ്ങൾ അഥവാ ധാന്യം, ഇഷ്ടി =യജ്ഞം ) എന്ന പുത്തൻ ധാന്യങ്ങളുപയോഗിച്ചുനടത്തേണ്ടുന്ന യജ്ഞത്തെ കുറിച്ച് പറയുന്നു. അമാവാസി ദിനത്തിൽ ദർശേഷ്ടി യജ്ഞം നടത്താറുണ്ട്. കാർത്തികമാസത്തിലെ അമാവാസിക്ക് ദർശേഷ്ടിയും നവസ്യേഷ്ടിയും നടത്താനുള്ള വിധികൾ കർമ്മകാണ്ഡ ഗ്രന്ഥങ്ങളിലുണ്ട്.
ചാന്ദ്രവർഷത്തിലെ പന്ത്രണ്ട് പൗർണ്ണമികളിൽ സവിശേഷമായത് അശ്വിനി മാസത്തിലെ പൗർണ്ണമിയാണെങ്കിൽ (വിജയദശമി), കാർത്തികമാസത്തിലെ അമാവാസി പന്ത്രണ്ട് അമാവാസികളിൽ വളരെ പ്രാധാന്യമുള്ളതായാണ് കണക്കാക്കുന്നത്. ദീർഘമായ ഈ അന്ധകാര രാത്രിയിൽ പുതുധാന്യങ്ങളുടെ ആഗമനത്തെ ദീപമാലകളാൽ സഹർഷം ജനങ്ങൾ ആഘോഷിക്കുന്നു. വൈദിക പ്രാധാന്യമുള്ള ഈ ദീപാവലി ഉത്സവത്തിൽ അന്തരീക്ഷം മലീമസമാക്കുന്ന പടക്കങ്ങളും മായം ചേർത്ത മധുരപലഹാരങ്ങളും വർജ്ജിച്ച് സമാജത്തിന് ഉത്സാഹം നൽകുന്ന സേവാപ്രവർത്തനങ്ങളിൽ വ്യാപൃതരാവുകയുമാണ് വേണ്ടത്. വേദോദ്ധാരകനായിരുന്ന മഹർഷി ദയാനന്ദന്റെ നിർവാണ ദിനം കൂടിയാണ് ദീപാവലി. അനാചാരങ്ങളിലും അന്ധവിശ്വാസങ്ങളിലും ആണ്ടുപോയ സമാജത്തിന് പുത്തനുണർവ് നൽകിയ ഋഷിയെ സ്മരിച്ചുകൊണ്ട് ശാരദീയ നവസ്യേഷ്ടി നടത്തി സേവാപ്രവർത്തനങ്ങൾ ചെയ്തുകൊണ്ട് ദീപാവലി നമുക്ക് ആഘോഷിക്കാം. എല്ലാവർക്കും ആര്യസമാജം കേരള ഘടകത്തിൻ്റെയും, കാറൽമണ്ണ വേദഗുരുകുലത്തിൻ്റെയും ഹൃദയം നിറഞ്ഞ ദീപാവലി ആശംസകൾ.
🙏🏾
കെ. എം. രാജൻ മീമാംസക്
ആര്യപ്രചാരക് & അധിഷ്ഠാതാവ്
വേദഗുരുകുലം, കാറൽമണ്ണ
TEAM VEDA GURUKULAM