ധർമ്മത്തിന്‍റെ ആവശ്യകത എന്തിനാണ്?

Blog മലയാളം

ഒരു ദിവസം ഗംഗാതീരത്ത് ഒരു സാധകൻ തന്റെ കമണ്ഡലുവും മറ്റും കഴുകിയശേഷം വസ്ത്രം അലക്കുകയായിരുന്നു. സന്ദർഭവശാൽ മഹർഷി ദയാനന്ദസരസ്വതി അവിടെ എത്തി. അദ്ദേഹത്തെ കണ്ട സാധകൻ ഇപ്രകാരം ചോദിച്ചു. “അങ്ങ് ഇത്രയും ത്യാഗിയും പരമഹംസനും ആയിട്ടുകൂടി ഖണ്ഡന -മണ്ഡന രൂപത്തിലുള്ള ജടിലമായ പ്രവൃത്തികളിൽ അകപ്പെടുന്നത് എന്തുകൊണ്ടാണ്? പ്രജാപ്രേമ നാടകം നടത്തുന്നത് എന്തിനാണ്? ജനങ്ങളെ ഉദ്ധരിച്ചതുകൊണ്ട് താങ്കൾ എന്ത് നേടും? ആത്മാവിനെ പ്രേമിച്ചാലും.”

മഹർഷി ചോദിച്ചു. ” ആ പ്രേമമയമായ ആത്മാവ് എവിടെയാണ്? “

സാധകൻ : അത്‌ രാജാവ് മുതൽ ആന തുടങ്ങിയ വലിയ ജീവികളിലും കൃമികീടങ്ങളിലും ഉണ്ട്. “

മഹർഷി : “ആത്മാവ് എല്ലായിടത്തും ഉണ്ടെങ്കിൽ അങ്ങ് അവയെ പ്രേമിക്കുന്നുണ്ടോ?”

സാധകൻ : ” ഞാൻ വെറുതെ പറഞ്ഞതാണെന്നാണോ താങ്കൾ കരുതിയത്? “

മഹർഷി ഗാഭീര്യ സ്വരത്തിൽ പറഞ്ഞു. “ഇല്ല. താങ്കൾ ആ മഹാനായ ആത്മാവിനെ പ്രണയിക്കുന്നില്ല. താങ്കൾക്ക് താങ്കളുടെ ഭിക്ഷയുടെ ചിന്ത മാത്രമേയുള്ളു. സ്വന്തം വസ്ത്രങ്ങൾ ഉജ്ജ്വലമാക്കിവെക്കാൻ മാത്രമേ ശ്രദ്ധയുള്ളു. തന്റെ ഭരണ പോഷണത്തിന് മാത്രമേ താല്പര്യം ഉള്ളു. ഒരു നേരത്തെ ഭക്ഷണത്തിനു വകയില്ലാത്ത ലക്ഷക്കണക്കിന് പേര് ഇവിടെയുണ്ട്. അവർ പന്ത്രണ്ട് മാസവും രാവും പകലും ദാരിദ്ര്യത്തിൽ പെട്ടുഴലുകയാണ്. താങ്കളുടെ ദേശത്ത് ആയിരക്കണക്കിന് പേര് ആജീവനാന്തം വയറു നിറച്ചു ഭക്ഷണം ലഭിക്കാത്തവരായുണ്ട്. അവരുടെ ശരീരത്തിൽ അഴുക്ക് പുരണ്ടിരിക്കുകയാണ്. ലക്ഷക്കണക്കിന് നിർധനരും ദീനരുമായ ഗ്രാമീണർ ആടുമാടുകളെപ്പോലെ വൃത്തിഹീനമായ കുടിലുകളിൽ ജീവിതം നയിച്ചുകൊണ്ടിരിക്കുന്നു. എന്നാൽ അവരുടെ കാര്യം ആരും അന്വേഷിക്കുന്നില്ല. അത്തരത്തിൽ ദുഖിതരായ അനേകം ഭാരതവാസികൾ ഉണ്ട്. ആരും അവരെ ഗൗനിക്കുന്നില്ല. അല്ലയോ മഹാത്മാവേ! അങ്ങ് ആത്മാവിനേയും വിരാടാത്മാവിനേയും സ്നേഹിക്കുന്നുവെങ്കിൽ തന്റേ അംഗങ്ങൾ ആയിഅവരെ കണ്ട് തന്റേത് പോലെ അവരുടെ ദാഹവും വിശപ്പും കൂടി ഇല്ലാതാക്കാൻ പരിശ്രമിക്കുക. യഥാർത്ഥത്തിൽ പരമാത്മാവിനെ സ്നേഹിക്കുന്നവർ ആരെയും വെറുപ്പോടെ കാണില്ല. ഉച്ചനീച ഭാവനകൾ അവർ ത്യജിക്കുന്നതാണ്. അതുപോലെ പുരുഷാർത്ഥം ചെയ്ത് അവരുടെ ദുഖങ്ങളും ക്ലേശങ്ങളും ദുഖങ്ങളും പരിഹരിക്കാൻ ശ്രമിക്കും. അത്തരം ജ്ഞാനികളായവർ മാത്രമേ ആത്മാവിനെ പ്രണയിക്കുന്നവർ ആവുകയുള്ളു. “

ഇത് കേട്ട സാധകൻ മഹർഷി ദയാനന്ദസരസ്വതിയോട് ക്ഷമ ചോദിച്ചു.