Indian army history-Veda Gurukulam

ഇന്ത്യൻ ആർമി ലഘു ചരിത്രം

Blog

1748-ൽ ഇംഗ്ലീഷ് ഈസ്റ്റ്‌ ഇന്ത്യാ കമ്പനിയുടെ കീഴിലുള്ള സേനകളുടെ കമാണ്ടർ-ഇൻ – ചീഫ് ആയി ചുമതലയേറ്റ മേജർ സ്ട്രിങ്ങർ ലോറൻസ് ആണ് ‘ഇന്ത്യൻ ആർമിയുടെ പിതാവ് എന്നറിയപ്പെടുന്നത്.

1947-ൽ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ കരസേനാ മേധാവി ജനറൽ സർ റോബർട്ട്‌ ലോക്ഹാർട്ട് ആയിരുന്നു.

1765-ൽ റോബർട്ട്‌ ക്ളൈവ് ആണ് ഇന്ത്യയിൽ ആദ്യമായി കന്റോൺമെന്റുകൾ സ്ഥാപിച്ചത്. സൈനികരെ ഒരിടത്ത് സ്ഥിരമായി പാർപ്പിച്ചു അവർക്ക് അച്ചടക്കവും സൈനിക ജീവിതാന്തരീക്ഷവും പ്രദാനം ചെയ്യുന്ന സൈനികത്താവളങ്ങളാണ് കന്റോൺമെന്റുകൾ. ഇപ്പോൾ (AD-2020-ൽ) ഇന്ത്യയിൽ 62 കന്റോൺമെന്റുകളുണ്ട്. രാജ്യത്തെ ഏറ്റവും വലിയ കന്റോൺമെന്റ് പഞ്ചാബിലെ ഭട്ടിണ്ട (Bhattinda) യിലാണ്.
കേരളത്തിലെ കന്റോൺമെന്റ് കണ്ണൂരിലാണ്.

ഇന്ത്യ-പാക്ക് വിഭജനത്തെ തുടർന്ന് നിലവിലുണ്ടായിരുന്ന സേനയെ രണ്ടായി വിഭജിച്ച് അതിൽ ഒരു വിഭാഗം പാകിസ്താനു വിട്ടുകൊടുത്തു. സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം കുറച്ചു കാലത്തേക്കു കൂടി ഇന്ത്യൻ കരസേനയിൽ ബ്രിട്ടീഷുകാർ തുടർന്നു എങ്കിലും കുറച്ചു മാസങ്ങൾക്കു ശേഷം ബ്രിട്ടീഷ് ഭടന്മാരെ തിരിച്ചയച്ചു.

ഇന്ത്യൻ കരസേനയുടെ തലവൻ‌‌മാരായി ബ്രിട്ടീഷുകാരായ ജനറൽ ഒഷിൻ ലക്ക്, ജനറൽ ലോക്ക് ഹാർട്ട്, ജനറൽ ബുച്ചർ എന്നിവർ യഥാക്രമം തുടരുകയുണ്ടായി.

1949 ജനുവരി 15-ന് സർവസൈന്യാധിപ നായി ഇന്ത്യക്കാരനായ ജനറൽ കെ.എം.കരിയപ്പെയെ നിയമിക്കുകയും അങ്ങനെ ഇന്ത്യൻ കരസേന പരിപൂർണമായും ഭാരതീയമാവുകയും ചെയ്തു. ഇതിന്റെ ഓർമ്മയ്ക്കായി എല്ലാവർഷവും ജനുവരി 15 ഇന്ത്യൻ കരസേനാ ദിനം ആയി ആചരിച്ചുവരുന്നു.

സ്വാതന്ത്ര്യം ലഭിക്കുന്നതുവരെ വിവിധ നാട്ടു രാജ്യങ്ങൾ പുലർത്തിവന്നിരുന്ന സേനാഘ ടകങ്ങൾ പിന്നീട് ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമായിത്തീർന്നു. മറ്റുചില രാജ്യങ്ങളിലെ പോലെ നിർബ്ബന്ധസൈനിക സേവനം ഇന്ത്യയിൽ നിലവിലില്ല.

ഇന്ത്യൻ കരസേനയെ റഗുലർ ആർമി, റിസർ‌‌വ്, ടെറിട്ടോറിയൽ ആർമി, എൻ.സി.സി തുടങ്ങിയ പ്രത്യേക വിഭാഗങ്ങളായി തരം തിരിച്ചിട്ടുണ്ട്. യുദ്ധരംഗത്തുള്ള വിവിധ പ്രവർത്തനങ്ങൾ നിറവേറ്റുന്നതിനു വേണ്ടി കരസേനയെ പല ഘടകങ്ങളായി തരംതിരിച്ച് പ്രത്യേക പരിശീലനം നൽകിപ്പോരുന്നു.

റഗുലർ ആർമിയിൽ പല വിഭാഗങ്ങളുണ്ട് :-

155എം.എം.ആർട്ടിലറി ഗൺ കവചിത സേനയും പീരങ്കിപ്പടയുമാണ് ഈ വിഭാഗത്തിൽ വരുന്നത്.

കവചിത സേന (Armoured Corps)

ടാങ്കുകൾ, വൻ‌‌തോക്കുകൾ, കവചിതവാഹനങ്ങൾ, ചെറിയ യന്ത്രത്തോക്കുകൾ എന്നിവ ഉപയോഗിച്ച് യുദ്ധമുന്നണിയിൽ ശത്രുനിരയെ നേരിടുകയാണ് ഈ വിഭാഗത്തിന്റെ പ്രധാന ജോലി. അശ്വസേനാ ഘടകങ്ങളും ഈ വിഭാഗത്തിൽ ഉണ്ടായിരിക്കും.

പീരങ്കിപ്പട (Artillery Battery)

ഇന്ത്യൻ ആർമിയുടെ ഭീഷ്മ ടാങ്ക്,പീരങ്കികൾ, ഹെവി ഫീൽഡ് ഗണ്ണുകൾ, മോർട്ടാറുകൾ, മിസൈലുകൾ, വിമാനവേധ തോക്കുകൾ, റോക്കറ്റുകൾ എന്നിവ ഉപയോഗിച്ച് ശത്രുനിരകളേയും ബങ്കറുകളെയും തകർക്കുക, ബോംബാക്രമണത്തിനും ആകാശ യുദ്ധത്തിനുമായി എത്തുന്ന ശത്രുവിമാനങ്ങളെ വെടിവച്ചു വീഴ്ത്തുക, ശത്രുക്കളോടു യുദ്ധം ചെയ്യുന്ന കാലാൾപ്പടയ്ക്കും കവചിതസേനാ വിഭാഗത്തിനും ശത്രുനിരയിലേക്കു സെല്ലുകൾ വർഷിച്ച് സഹായങ്ങളും സുരക്ഷിതത്വവും നൽകുക, സ‌‌ർ‌‌വോപരി ശത്രുക്കളുടെ മനോവീര്യം തകർക്കുന്നതിന് അവരുടെ സങ്കേതങ്ങളിലെയ്ക്ക് തുളച്ചുകയറി (deep thrust) നടത്തി ശത്രുമുന്നണിയെ ഛിന്നഭിന്നമാക്കുക തുടങ്ങിയ നിർണായക ജോലികളാണ് പീരങ്കിപ്പട നിർ‌‌വഹിക്കേണ്ടത്. ശത്രുസങ്കേതങ്ങളും ശത്രുക്കൾ ഉപയോഗിക്കുന്ന മോർട്ടാറുകൾ, ബോം‌‌ബുകൾ, പീരങ്കികൾ മുതലായവ സ്ഥാപിച്ചിട്ടുള്ള സ്ഥാനങ്ങൾ ആകാശം വഴിയായും റഡാർ മുഖേനയും കണ്ടുപിടിക്കുന്നതിനുള്ള ലൊക്കേറ്റിംഗ് ബാറ്ററിയും, എയർ ഒബ്സർ‌‌വേഷൻ പോസ്റ്റുകളും (Air OP) പീരങ്കിപ്പടക്കു കീഴിൽ ഉണ്ടായിരിക്കും. ആർട്ടിലറിക്കു കീഴിലുള്ള വിമാനങ്ങൾ പറത്തുന്നതും ആർട്ടിലറി ഓഫീസർമാർ തന്നെയാണ്.ആർട്ടിലറിയിൽ പാരച്യൂട്ട് ഭടൻ‌‌‌‌മാരും പ്രവർത്തിക്കുന്നുണ്ട്. ശത്രുസങ്കേതങ്ങൾക്ക് അടുത്തോ അവയ്ക്കു പുറകിലോ യുദ്ധവിമാനങ്ങളിൽ ചെന്ന് പാരച്യൂട്ടുവഴി ഇറങ്ങി യുദ്ധം ചെയ്യുന്നതിനുള്ള ഒരു പ്രത്യേക ഘടകമാണിത്.

ആർട്ടിലറി വിഭാഗത്തെ ഫീൽഡ് റെജിമെൻറ്, ലൈറ്റ് റെജിമെൻറ്, മീഡിയം റെജിമെൻറ്, ഹെവിമോർട്ടർ റെജിമെൻറ്, എയർ ഡിഫൻസ് ആർട്ടിലറി എന്നിങ്ങനെ വിവിധ ഗ്രൂപ്പുകളായി തിരിച്ചിട്ടുണ്ട്. അസാമാന്യമായ ധീരതയും കർമകുശലതയും സാങ്കേതികജ്ഞാനവും ഈ വിഭാഗത്തിന് ഉണ്ടായിരിക്കണം. ഇതെല്ലാം ആർജിച്ചിട്ടുള്ള ഇന്ത്യൻ ആർമി നിരവധി യുദ്ധങ്ങളിൽ ഐതിഹാസികമായ പങ്കു വഹിച്ചിട്ടുണ്ട്. സർ‌‌വത്ര- ഇജ്ജത്ത്-ഒ-ഇക്ബാൽ (സർ‌‌വത്ര യശസ്സും വിജയവും) എന്നതാണ് അവരുടെ മുദ്രാവാക്യം (വാർ ക്രൈ… യുദ്ധവിളി എന്നും പറയാം).

കാലാൾപ്പട (Infantry)

ഇന്ത്യൻ ആർമി ജവാൻ‌‌മാർ റൈഫിൾ പരിശീലനത്തിൽ യുദ്ധം ചെയ്യുന്നതിനുള്ള ഒരു അടിസ്ഥാന ഘടകമാണ് കാലാൾപ്പട. ശത്രുവിനോട് നേരിട്ടു യുദ്ധം ചെയ്യുക, ശത്രുസേനകളെ തടവുകാരാക്കുക, പിടിച്ചെടുത്ത സ്ഥലങ്ങൾ സം‌‌രക്ഷിക്കുക, ശത്രു സങ്കേതങ്ങളെ വളഞ്ഞു തകർക്കുക തുടങ്ങിയ ജോലികളാണ് ഈ വിഭാഗത്തിനുള്ളത്. യുദ്ധ രംഗത്തു ത്യാഗോജ്വലമായ സേവനങ്ങൾ നൽകിയിട്ടുള്ള ഒരു കാലാൾപ്പടയാണ് ഇന്ത്യക്കുള്ളത്.

കോർ ഓഫ് എൻ‌‌ജിനിയേഴ്സ് (ENGINEERS)

ഈ വിഭാഗത്തിൽ പെട്ടവർ സാങ്കേതിക പരിശീലനം സിദ്ധിച്ചവർ ആയിരിക്കും. യുദ്ധരംഗത്ത് മുന്നണിയിൽത്തന്നെ പ്രവർത്തിക്കുന്ന ഒരു ഘടകമാണിത്. പടനീക്കാ നുള്ള റോഡുകൾ, ബങ്കറുകൾ, പാലങ്ങൾ മുതലായവ നിർമ്മിക്കുക; ശത്രുക്കളുടെ കുതിച്ചു കയറ്റത്തെ തടയുന്നതിനു റോഡുകളും പാലങ്ങളും തകർക്കുകയും യുദ്ധഭൂമിയിലും രാജ്യാതിർത്തിയിലും മൈനുകൾ നിക്ഷേപിക്കുകയും ചെയ്യുക; സ്വന്തം സേനാവിഭാഗത്തിന്റെ മുന്നേറ്റത്തിനു തടസ്സമുണ്ടാക്കുന്ന ശത്രുസങ്കേതങ്ങളിലെ മൈനുകളും മറ്റും നീക്കം ചെയ്ത് വഴി സുരക്ഷിതമാക്കുക; വൈദ്യുതീകരണം, ട്രാൻസ്പോർട്ട്, യന്ത്രസംബന്ധമായ ജോലികൾ തുടങ്ങിയവ ഭദ്രമാക്കുക എന്നിങ്ങനെ അനവധി ജോലികൾ ഇവർ യുദ്ധകാലങ്ങളിൽ ചെയ്യേണ്ടതുണ്ട്. കൂടാതെ യുദ്ധമില്ലാത്ത കാലങ്ങളിൽ പ്രത്യേക എൻ‌‌ജിനീയറിങ് പ്രവർത്തനങ്ങളും ഇവർ നടത്തുന്നു. മിലിട്ടറി എൻ‌‌ജിനീയറിങ്ങിൽ പ്രത്യേക പരിശീലനം നേടിയവരാണ് ഈ ഘടകത്തെ നയിക്കുന്നത്.

കോർ ഒഫ് സിഗ്നൽസ് (SIGNALS).

യുദ്ധമുന്നണിയിൽ തന്നെ പ്രവർത്തിക്കുന്ന ഒരു ഘടകമാണ് സിഗ്നൽസ്. സേനാ വിഭാഗങ്ങളുടെ വാർത്താ വിനിമയം കൈകാര്യം ചെയ്യുക എന്നതാണ് ഇവരുടെ കർത്തവ്യം. വയർലസ് സെറ്റുകൾ. ടെലിപ്രിൻററുകൾ, റേഡിയോ ഉപകരണങ്ങൾ, തുടങ്ങിയ സങ്കീർണങ്ങളായ വാർത്താ വിനിമയ സാമഗ്രികൾ കൈകാര്യം ചെയ്യാൻ ഇവർ വിദഗ്ദ്ധപരിശീലനം നേടിയിരിക്കും. യുദ്ധരംഗത്തെ നീക്കങ്ങളെ സംബന്ധിച്ച എല്ലാവിവരങ്ങളും അതതു സമയങ്ങളിൽ ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ എത്തിക്കുന്നതും ഇവരുടെ ചുമതലയിൽ‌‌പ്പെടുന്നു.

ആർമി സപ്ലൈ കോർ (ASC) .

യുദ്ധകാലത്തും സമാധാനകാലത്തും ഒരുപോലെ കാര്യക്ഷമമായി പ്രവർത്തിക്കേണ്ട ഒരു ഘടകമാണിത്. സൈന്യങ്ങൾക്കു വേണ്ട ഭക്ഷണം, വാഹനങ്ങൾ, ഇന്ധനം തുടങ്ങി നിരവധി സാധനങ്ങളുടെ വിതരണം ഈ വിഭാഗത്തിന്റെ ചുമതലയിൽ പെടുന്നു. ആഫീസ് സംബന്ധമായും മറ്റുമുള്ള ഭരണകാര്യങ്ങളും ഈ വിഭാഗമാണ് നിർ‌‌വഹിക്കുന്നത്.

ആർമി ഓർഡ്നൻസ് കോർ (AOC)

ഇന്ത്യൻ കരസേനയുടെയും, നേവി, എയർഫോഴ്സ് തുടങ്ങിയ സർ‌‌വീസുകളുടെ വെടിക്കോപ്പുകളുടെയും പടക്കോപ്പുകളുടെയും (Arms & Ammunition) നിർമ്മാണം, വസ്ത്രങ്ങൾ മുതലായവയുടെ വിതരണം, അറ്റകുറ്റപ്പണികൾ തുടങ്ങിയ ജോലികളാണ് ഈ വിഭാഗം നിർ‌‌വഹിക്കുന്നത്. ഭാരതതിന്റെ നാനാഭാഗത്തുമുള്ള നിരവധി ഓർഡ്നൻസ് ഫാക്റ്ററികളിലായി നിരന്തരം നടക്കുന്ന സങ്കീർണങ്ങളായ ജോലിയുടെ ആകെത്തുകയായ AOC സായുധ സേനയുടെ നട്ടെല്ലാണെന്ന് പറയാം. ഈ വിഭാഗത്തിൽ പട്ടാളക്കാരും സാങ്കേതിക വിദഗ്ദ്ധന്മാരായ സിവിലിയൻ‌‌മാരും (പട്ടാളക്കാർ അല്ലാത്തവർ ) ഒത്തൊരുമിച്ചു പ്രവർത്തിക്കുന്നു. സൈനിക ഉപകരണങ്ങൾക്കായി ഒരുകാലത്ത് വിദേശ രാജ്യങ്ങളെ ആശ്രയിച്ചിരുന്ന നമ്മുടെ ഭാരതം ചിലത് ഒഴികെ ബാക്കിയുള്ളവ സ്വന്തമായി നിർമ്മിക്കുന്നു ..

ഇലക്ട്രിക്കൽ ആൻഡ് മെക്കാനിക്കൽ എൻ‌‌ജിനീയറിംങ് കോർ(EME)

മിലിറ്ററി എൻ‌‌ജിനീയങ് കോളേജിൽ നിന്നും മറ്റു കേന്ദ്രങ്ങളിൽനിന്നും പ്രത്യേക പരിശീലനം ലഭിച്ചവർ ആണ് ഈ വിഭാഗത്തിലുള്ളവർ. സൈനിക ഘടകങ്ങളിലെ വിവിധതരത്തിലുള്ള സാങ്കേതിക ഉപകരണങ്ങൾ, വാർത്താവിനിമയ യന്ത്രങ്ങൾ, വൈദ്യുത ഉപകരണങ്ങൾ, വെടിക്കോപ്പുകൾ, വാഹനങ്ങൾ തുടങ്ങിയവയുടെ സംഭരണം, പരിശോധന, സംരക്ഷണം മുതലായ സാങ്കേതിക പ്രവർത്തനങ്ങളും പരിപാലനവും ആണ് ഈ വിഭാഗം കൈകാര്യം ചെയ്യുന്നത്. അത്യന്താധുനികങ്ങളായ പടക്കോപ്പുകളും യന്ത്രോപകരണങ്ങളും കൈകാര്യം ചെയ്യുന്നതിന് പട്ടാളത്തെ സജ്ജമാക്കുന്നതിൽ ഈ വിഭാഗം മർമപ്രധാനമായ സേവനം നിർ‌‌വഹിക്കുന്നു.

റീമൗണ്ട് ആൻഡ് വെറ്ററിനറി കോർ (RVC).

മൃഗ സം‌‌രക്ഷണ ശാസ്ത്രത്തിൽ ബിരുദമെടുത്തവരും, കൃഷിശാത്രം, ഫാമിംഗ് തുടങ്ങിയ വിഷയങ്ങളിൽ പരിജ്ഞാനമുള്ളവരുമാണ് ഈ വിഭാഗത്തിൽ പ്രവർത്തിക്കുന്നത്. സൈനികാവശ്യത്തിനുള്ള ഫാം, ഡെയറി, അശ്വങ്ങൾ എന്നിവയുടെ സം‌‌രക്ഷണം ഈ വിഭാഗം നിർ‌‌വഹിക്കുന്നു.

ആർമി എഡ്യൂക്കേഷൻ കോർ (AEC).

യുദ്ധപരിശീലനത്തോടൊപ്പം വിദ്യാഭ്യാസവും എന്ന തത്ത്വമാണ് സായുധസേനയിൽ നിലവിലുള്ളത്. വിദ്യൈവ-ബലം എന്ന ചൊല്ല് ഇന്ത്യൻ സായുധ സേനയുടെ മുദ്രാവാക്യങ്ങളിൽ ഒന്നാണ്. ഒരു നല്ല മനുഷ്യൻ, ഒരു നല്ല പൗരൻ, ഒരു നല്ല യോദ്ധാവ് ഈ നിലയിലേക്കു സൈനികരെ ഉയർത്തുന്നതിനുള്ള ബുദ്ധിശാലയാണ് എഡ്യൂക്കേഷൻ കോർ. ബിരുദാനന്തര പഠനം നടത്തിയിട്ടുള്ളവരും വിവിധ ഭാഷകൾ കൈകാര്യം ചെയ്യാനറിയാവുന്നവരുമാണ് ഈ വിഭാഗത്തിൽ പ്രവർത്തിക്കുന്നത്.

ആർമി മെഡിക്കൽ കോർ (AMC) .

വൈദ്യശാസ്ത്രത്തിൽ ബിരുദം നേടിയവരും ബിരുദാനന്തര പഠനം നടത്തിയിട്ടുള്ളവരും ഈ വിഭാഗത്തിന്റെ ചുമതലകൾ നിർ‌‌വഹിക്കുന്നു; നഴ്സിംഗിൽ പരിശീലനവും ബിരുദവും ഉള്ളവരും ആർമി മെഡിക്കൽ പരിശീലന കേന്ദ്രങ്ങളിൽ പ്രത്യേക പരിശീലനം നേടിയിട്ടുള്ള ജവാൻ‌‌മാരും ഇവരെ സഹായിക്കുന്നു. സേനാ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥൻ‌‌മാരുടെയും ജവാന്മാരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ആരോഗ്യ സം‌‌രക്ഷണം, സായുധ സേനയിലേക്കു തിരഞ്ഞെടുക്കപ്പെടുന്നവരുടെ വൈദ്യ പരിശോധന, യുദ്ധ മുന്നണിയിൽ അപായം സംഭവിക്കുന്നവരുടെ ശുശ്രൂഷ. തുടങ്ങിയ സേവനങ്ങൾ ഈ വിഭാഗം നിർ‌‌വഹിക്കുന്നു.

ആർമി ഡെൻറൽ കോർ (ADC).

സൈനികരുടെയും കുടുംബാംഗങ്ങളുടെയും ദന്തചികിത്സാസംബന്ധമായ എല്ലാ കാര്യങ്ങളും ഈ വിഭാഗത്തിന്റെ കർത്തവ്യമാണ്.

കോർ ഒഫ് മിലിറ്ററി പൊലീസ് (CMP).

കരസേനയുടെ എല്ലാ ഘടകങ്ങളിലും Law & Order (നിയമപരിപാലനം), Police Duties , Piloting(വഴികാട്ടൽ), Escorting(അകമ്പടി പോകൽ), Traffic Control (ഗതാഗത നിയന്ത്രണം), Investigation (കുറ്റാന്വേഷണം) തുടങ്ങിയ ജോലികൾക്കായി മിലിറ്ററി പൊലീസിനേയും വിന്യസിച്ചിരിക്കുന്നു. ഇത് കൂടാതെ റിപ്പബ്ലിക് ദിനം, സ്വാതന്ത്ര്യ ദിനം മുതലായ വിശേഷാവസരങ്ങളിലും, പിന്നെ യുദ്ധകാലത്തും ഇവരുടെ സേവനം ആവശ്യമായി വരുന്നു. കരസേനാ ആസ്ഥാനത്തുള്ള മേജർ ജനറൽ (Major General) റാങ്കുള്ള പ്രോവൊസ്റ്റ് മാർഷൽ (Provost Marshal) -ൻറെ കീഴിലാണ് ഈ വിഭാഗം പ്രവർത്തിക്കുന്നത്. ഈ വിഭാഗത്തിൻറെ അടിസ്ഥാന പരിശീലനം (Basic Training) തുടക്കത്തിൽ ഫൈസാബാദിൽ ആയിരുന്നു. അതിനുശേഷം AD-1981 വരെ ഗാർഡ്സ് ട്രെയിനിംഗ് സെന്റർ കാംപ്ടി (Guards Training Centre, Kamptee )-യിലായിരുന്നു ചെയ്തുകൊണ്ടിരുന്നത്. ഇത് മഹാരാഷ്ട്രയിലെ നാഗ്പൂർ ജില്ലയിലാണ്. അതിനുശേഷം ബാംഗളൂരിൽ കോർ ഓഫ് മിലിട്ടറി പോലീസ് സെന്റർ ആൻഡ്‌ സ്കൂളിൽ (Corps of Military Police Centre and School) -ൽ പ്രവർത്തിച്ചു വരുന്നു. ഇതിന്റെ തലവൻ ബ്രിഗേഡിയർ റാങ്കിലുള്ള ഉദ്യോഗസ്ഥൻ ആണ്. ഇദ്ദേഹത്തെ കമാൻഡാന്റ് (Commandant) എന്ന് വിളിക്കുന്നു. ഇത് കൂടാതെ CMP Record Office-ന്റെ OIC Records (Officer -in -Charge Records ) എന്ന ex -officio പദവി (ഒരു സ്ഥാനം വഹിക്കുന്ന ആൾ നിയമപരമായി മറ്റൊരു സ്ഥാനം സ്വാഭാവികമായി ഏറ്റെടുക്കുന്ന രീതി) കൂടി ഇദ്ദേഹം വഹിക്കുന്നു. മുൻപ് പുരുഷൻമാർ മാത്രം ഉണ്ടായിരുന്ന ഈ സേനാ വിഭാഗത്തിൽ സ്ത്രീകളേയും ഉൾപ്പെടുത്തിയിട്ടുണ്ട്.

ആർമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ ട്രെയിനിങ് , പൂന (AIPT).

ഇന്ത്യൻ പട്ടാളക്കാരുടെ ശാരീരിക ക്ഷമത നിലനിർത്താനും അവർക്ക് ശാരീരികമായി പല തരത്തിലുള്ള ട്രെയിനിങ്ങുകളും കൊടുത്ത് യുദ്ധസജ്ജമാക്കാനും വേണ്ടിയുള്ള ഇൻസ്റ്റിറ്റ്യൂഷൻ ആണിത്.

ആർമി പോസ്റ്റൽ സർ‌‌വീസ് (APS) .

സായുധ സേനയുടെ തപാലാവശ്യങ്ങൾ നിർ‌‌വ്വ ഹിക്കുന്നതിന് ചുമതലപ്പെട്ട വിഭാഗമാണിത്.

മിലിറ്ററി എൻജിനീയറിങ് സർവീസ് (MES) .

പട്ടാളക്കാരുടെ വാസസ്ഥലവും അതിനോട് അനുബന്ധ മായിട്ടുള്ള എല്ലാ സജ്ജീകരണങ്ങളുടെയും സാമഗ്രികളുടെയും മേൽനോട്ടവും പരിപാലനവും(maintenance) ഈ വകുപ്പിൽ നിക്ഷിപ്ത മായിരിക്കുന്നു. MES -ൽ കൂടുതലും സിവിലിയൻമാരാണ് ഉദ്യോഗസ്ഥർ.

റിസർച്ച് ആൻഡ് ഡവലപ്മെൻറ് വിഭാഗം (DRDO).

കരസേനയടക്കമുള്ള എല്ലാ സായുധസേനാ വിഭാഗങ്ങളെയും പ്രധിനിധീകരിച്ചുകൊണ്ട് ഡിഫെൻസ് റിസർച്ച് ആൻഡ് ഡവലപ്മെൻറ് വിഭാഗം (DRDO)എന്നപേരിൽ ഒരു ഘടകം നിലവിൽ വന്നിട്ടുണ്ട്. പ്രത്യേക സാഹചര്യങ്ങളിലും വിവിധ ശീതോഷ്ണാവസ്ഥകളിലും സൈനിക സാമഗ്രികൾ ഭദ്രമായി പരിപാലിക്കുക, പട്ടാളക്കാരുടെ ഭക്ഷണകാര്യങ്ങളെപ്പറ്റിയും ജീവിത രീതികളെപ്പറ്റിയും മറ്റും ഗവേഷണങ്ങൾ നടത്തുക തുടങ്ങിയ ജോലികളാണ് ഇവർ നിർ‌‌വഹിക്കുന്നത്. നിരവധി ശാസ്ത്രജ്ഞൻ‌‌മാരും എൻ‌‌ജിനീയർമാരും ഉൾക്കൊള്ളുന്നതാണ് ഈ വിഭാഗം.

അവസാനമായിട്ടുള്ള ഒരു സേനാ വിഭാഗമാണ്..

“മിലിട്ടറി ഇന്റലിജൻസ് (MI) “.

ഇന്ത്യൻ ആർമിയുടെ സംഘടനാ സംവിധാനം എന്താണ്?

മേൽ‌‌വിവരിച്ച കരസേനാ വിഭാഗങ്ങൾ താഴെ വിവരിക്കുന്ന വിധത്തിലാണ് സംഘടിപ്പിക്ക പ്പെട്ടിരിക്കുന്നത്.

ഇതിഹാസങ്ങളിൽ വിവരിച്ചു കാണുന്ന വിവിധ ഘടകങ്ങളായ പത്തി, സേനാമുഖം, ഗുൽമം, ഗണം, വാഹിനി, അനീകിനി, അക്ഷൗഹിണി എന്നീ ഘടകങ്ങൾക്കു പകരം സെക്ഷൻ, പ്ലാറ്റൂൺ, കമ്പനി, ബറ്റാലിയൻ, ബ്രിഗേഡ്, ഡിവിഷൻ, കോർ, ആർമി കമാൻഡ് എന്നിങ്ങനെ പോകുന്നു വിവിധ റെജിമെൻറുകളുടെ ഘടന. ഉദാഹരണത്തിന് കാലാൾ പടയിലെ ഏറ്റവും ചെറിയ ഘടകമായ സെക്ഷനിൽ എട്ടു ജവാൻ‌‌മാരും ഒരു ഹവിൽദാറും ഒരു ലാൻസ് നായ്ക്കും ഒരു നായ്ക്കും ഉണ്ടായിരിക്കും. മൂന്നു സെക്ഷൻ കൂടുമ്പോൽ അതിനെ പ്ലാറ്റൂൺ എന്നു പറയുന്നു. ഇതിന്റെ കമാൻഡർ ഒരു നായബ് സുബേദാർ ആയിരിക്കും (JCO). മൂന്ന് പ്ലാറ്റൂൺ ചേർന്നതാണ് ഒരു കമ്പനി. ഇതിന്റെ കമാൻഡർ കമ്മീഷൻഡ് ആഫീസറായ ഒരു മേജർ അല്ലങ്കിൽ ക്യാപ്റ്റൻ ആയിരിക്കും. നാലു റൈഫിൾ കമ്പനിയും ഒരു സപ്പോർട്ട് കമ്പനിയും ഒരു അഡ്മിനിസ്ട്രേറ്റീവ് കമ്പനിയും ചേർന്നാൽ അത് ഒരു ബറ്റാലിയനായി; അതിന്റെ നായകത്വം വഹിക്കുന്ന കമാൻഡിങ് ഓഫീസർ ഒരു കേണലാണ്. അദ്ദേഹത്തെ സഹായിക്കാനായി സെക്കൻഡ് ‌- ഇൻ – കമാൻഡ് സ്ഥാനത്ത് ഒരു ലഫ്റ്റ്നാന്റ് കേണലും അല്ലങ്കിൽ ഒരു സീനിയർ മേജറും ആഫീസ് ഭരണരംഗത്ത് ഒരു ക്യാപ്റ്റൻ അഡ്ജുറ്റൻറും മറ്റൊരു ക്യാപ്റ്റൻ ക്വാർട്ടർമാസ്റ്ററും ഉണ്ടായിരിക്കും.

ഇതിനും പുറമേ ബറ്റാലിയൻ നടത്തിപ്പിനു വേണ്ടി ഹവീൽദാർ, കമ്പനി ഹവിൽദാർ മേജർ, കമ്പനി ക്വാർട്ടർമാസ്റ്റർ ഹവിൽദാർ, ബറ്റാലിയൻ ഹവിദാർ മേജർ, സുബേദാർ, സുബേദാർ മേജർ എന്നിവരും ക്യാമ്പ് സഹായികൾ എന്ന പേരിൽ അറിയപ്പെടുന്ന പാചകക്കാരൻ, അലക്കുകാരൻ, ക്ഷുരകൻ, തയ്യൽക്കാരൻ, ചെരുപ്പുകുത്തി, ശുചീകരണ ജോലിക്കാർ തുടങ്ങിയവരും ഉണ്ടായിരിക്കും. യുദ്ധം ചെയ്യാൻ സ്വയം പര്യാപ്തത നേടിയ യൂണിറ്റാണ് ഈ ഇൻഫെൻററി ബറ്റാലിയൻ. സാധാരണയായി എല്ലാ ബറ്റാലിയനുകൾക്കും ഒരു മാസ്റ്ററുടെ കീഴിൽ ബാൻഡു വാദ്യക്കാരും ഉണ്ടായിരിക്കും.

മൂന്നു ബറ്റാലിയനുകൾ ചേർന്നതാണ് ഒരു ബ്രിഗേഡ്. ബ്രിഗേഡിയർ ആണ് ഇതിന്റെ കമാൻഡർ. അദ്ദേഹത്തെ സഹായിക്കാനായി ഒരു ബ്രിഗേഡു മേജർ(BM), മേജർ ഡി. ക്യൂ.(DQ), ഇൻറലിജൻറ് ഓഫീസർ, മറ്റു ബ്രിഗേഡ് സ്റ്റാഫ് എന്നിവരും ഉണ്ടായിരിക്കും. ബ്രിഗേഡിനോട് ബന്ധപ്പെട്ടുകൊണ്ട് ആർട്ടിലറി, സിഗ്നൽസ്, മെഡിക്കൽ, ഇ. എം. ഇ., എ. എസ്. സി., തുടങ്ങിയ യൂണിറ്റുകളും ഉണ്ടായിരിക്കും.

മൂന്നു ബ്രിഗേഡുകൾ ചേർന്നതാണ് ഒരു ഡിവിഷൻ. മേജർ ജനറലിന്റെ പദവിയുള്ള ഒരു ഉദ്യോഗസ്ഥനായിരിക്കും ഡിവിഷൻ കമാൻഡർ. ഡിവിഷന്റെ ആസ്ഥാനത്ത് കരസേനാ വിഭാഗത്തിന്റെ മറ്റെല്ലാ ഘടകങ്ങളിലും പെട്ട യൂണിറ്റുകളെ ആവശ്യാനുസരണം ചേർത്തിരിക്കുന്ന തിനാൽ ഇതിനു യുദ്ധഭൂമിയിൽ സ്വതന്ത്രമായി യുദ്ധം ചെയ്യുവാൻ സാധിക്കുന്നു. ഡിവിഷൻ കമാൻഡറെ സഹായിക്കുവാൻ ഒരു കേണൽ കൂടാതെ ലെഫ്റ്റെനൻറ് കേണൽ പദവിയുള്ള രണ്ടു സ്റ്റാഫ് ആഫീസർമാരും മറ്റുദ്യോഗസ്ഥ‌‌ൻ‌‌മാരും ഉണ്ടായിരിക്കും.

രണ്ടോ അതിലധികമോ ഡിവിഷനുകൾ ചേർന്ന് ഒരു കോർ രൂപവത്കരിക്കപ്പെടുന്നു. ഇതിന്റെ മേധാവി കോർ കമാൻഡർ ആണ്. ഇദ്ദേഹത്തിന് ലഫ്റ്റനൻറ് ജനറലിന്റെ പദവി ഉണ്ടായിരിക്കും. ഡിവിഷൻ ഹെഡ്ക്വാർട്ടേഴ്സിൽ എന്നപോലെ കോർ ഹെഡ്ക്വാർട്ടേഴ്സിലും വിവിധ പദവികളിൽപെട്ട ഉദ്യോഗസ്ഥന്മാരും ആർട്ടിലറി, എൻ‌‌ജിനിയേഴ്സ് തുടങ്ങിയ വിഭാഗങ്ങളും ഉണ്ടായിരിക്കും.

ചില ബ്രിഗേഡുകളും ഡിവിഷനുകളും കോറുകളും ഇൻഡിപെൻഡൻറ് എന്ന പേരിൽ അറിയപ്പെടുന്നു ഇവർ ആർമി ഹെഡ്ക്വോർട്ടേഴ്സിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ ആയിരിക്കും. യുദ്ധരംഗത്തെ വിടവുകൾ നികത്താനും പുതിയ യുദ്ധമുന്നണികൾ തുറന്ന് മിന്നൽ യുദ്ധം ചെയ്യാനും ഇവരെ നിയോഗിക്കാറുണ്ട്.

ഒന്നോ രണ്ടോ മൂന്നോ ചില സന്ദർഭങ്ങളിൽ ചില ഇൻഡിപെൻഡൻറ് ഡിവിഷനുകളും ചേർന്നതായിരിക്കും ഒരു ആർമി. ഒരു സീനിയർ ലഫ്റ്റനൻറ് ജനറലായിരിക്കും ആർമി കമാൻഡറായി നിയോഗിക്കപ്പെ ടുന്നത്. യുദ്ധരംഗത്തെ സുഗമമായ നടത്തിപ്പിനുവേണ്ടി ഒരു ആർമി കമാൻഡർക്ക് വളരെയധികം അധികാരങ്ങൾ നൽകിയിട്ടുണ്ട്. അദ്ദേഹത്തിന്റെ കീഴിലുള്ള എല്ലാ ഘടകങ്ങൾക്കും പ്രത്യേകം പ്രത്യേകം കമാൻഡർമാർ ഉണ്ടായിരിക്കും. ഒരു മിനി ആർമി ഹെഡ്ക്വാർട്ടേഴ്സ് എന്ന് അതിനെ വിളിക്കാം. രണ്ടോ മൂന്നോ ആർമികൾ ചേർന്ന് ഒരു ആർമിഗ്രൂപ് സംഘടിപ്പിക്കുന്ന ഏർപ്പാടുമുണ്ട്.

ഇന്ത്യയിൽ ഏഴ് ആർമി കമാൻഡുകളാ ണുള്ളത്. ആർമി കമാൻഡുകളും അവയുടെ ആസ്ഥാനങ്ങളും താഴെ കൊടുക്കുന്നു :-

1 സതേൺ കമാൻഡ് – പൂന

  1. വെസ്റ്റേൺ കമാൻഡ് – സിംല
  2. നോർത്തേൺ കമാൻഡ് – ഉധംപൂർ
  3. സെൻ‌‌ട്രൽ കമാൻഡ് – ലഖ്നൗ
  4. ഈസ്റ്റേൺ കമാൻഡ് – കൽക്കത്ത
  5. സൗത്ത് വെസ്റ്റേൺ കമാൻഡ് – ജയ്‌പൂർ
  6. ആർമി ട്രെയിനിങ് കമാൻഡ് – സിംല

ഇന്ത്യൻ കരസേനയുടെ മേധാവിയെ ചീഫ് ഒഫ് ദ് ആർമി സ്റ്റാഫ് (COAS) എന്ന് പറയുന്നു. അദ്ദേഹത്തിന് ജനറൽ പദവിയാണ് നൽകിയിട്ടുള്ളത്. എന്നാൽ ചീഫ് ഒഫ് ദ് ആർമി സ്റ്റാഫ് ആയിരുന്ന ജനറൽ കെ. എം കരിയപ്പ , എസ്. എച്ച്. എഫ്. ജെ. മനേക്ഷാ എന്നിവർക്ക് ഫീൽഡ് മാർഷൽ എന്ന അത്യുന്നത ഓണററി പദവി നൽകുകയുണ്ടായി. ഇപ്പോൾ ജനറൽ ബിപിൻ റാവത്തിന് CDS പദവി (കമ്പയിൻന്റ് ഡിഫൻസ് സർവ്വീസസ്) നല്കിയിട്ടുണ്ട് ..
ഇദ്ദേഹത്തിന്റെ മുകളിൽ സെക്യൂരിറ്റി ഉപദേഷ്ടാവായി ശ്രീ അജിത് ഡോവൽ, IPS
(ക്യാബിനറ്റ് റാങ്കിൽ ) ഉണ്ട്.

കരസേനാ മേധാവിയുടെ ആസ്ഥാനം ഡൽഹിയാണ്. ലഫ്റ്റനൻറ് ജനറൽ പദവിയുള്ള വൈസ് ചീഫ് ഒഫ് ആർമി സ്റ്റാഫ് (VCOAS),ഡെപ്യൂട്ടി ചീഫ് ഒഫ് ആർമി സ്റ്റാഫ് (DCOAS), അഡ്ജുറ്റൻറ് ജനറൽ (AG), ക്വാർട്ടർമാസ്റ്റർ ജനറൽ (QMG), മാസ്റ്റർ ജനറൽ ഒഫ് ദി ഓർഡിനൻസ് (MGO),മിലിറ്ററി സെക്രട്ടറി (MS), എഞ്ചിനീയർ-ഇൻ – ചീഫ് (E-in-C), തുടങ്ങി ഒട്ടനവധി ഉദ്യോഗസ്ഥന്മാർ ഉണ്ടയിരിക്കും.ഇവരെല്ലാം ലെഫ്റ്റനന്റ് ജനറൽ പദവി ഉള്ളവരാണ്. കൂടാതെ മേജർ ജനറൽ പദവിയിലുള്ള പ്രൊവോസ്റ് മാർഷൽ (PM), ഡയറക്ടർ ഒഫ് ആംഡ് കോർ, ഡയറക്ടർ ഒഫ് ഇൻഫെൻററി, ഡയറക്ടർ ഒഫ് സിഗ്നൽസ്, ഡയറക്ടർ ഒഫ് ഇ.എം.ഇ., ഡയറക്ടർ ഒഫ് എ.എം.സി., ഡയറക്ടർ ഒഫ് ആർമി ഡൻറൽ സർ‌‌വീസ് തുടങ്ങിയ ഉദ്യോഗസ്ഥൻ‌‌മാരും ഭരണപരമായ മറ്റു ചുമതലകൾ നിർ‌‌വഹിക്കുന്നതിന് വിവിധ റാങ്കിലുള്ള ഉദ്യോഗസ്ഥന്മാരും അഡ്മിനിസ്‌‌‌‌ട്രേറ്റീവ് സ്റ്റാഫും ഉണ്ടായിരിക്കും.

ഇന്ത്യൻ കരസേനയിൽ ആക്റ്റീവ് സർ‌‌വീസ്, റിസർ‌‌‌‌വ് സർ‌‌വീസ് എന്നീ രണ്ടു വിഭാങ്ങൾ ഉൾപ്പെടുന്നു. ഒരു നിശ്ചിതകാലം കരസേനയിൽ സേവനമനുഷ്ഠിച്ചതിനു ശേഷം നിശ്ചിത കലയളവിലേക്ക് റിസർ‌‌വ് വിഭാഗത്തിലേക്കു മാറ്റപ്പെടുന്നതിനെയാണ് റിസർ‌‌വ് സർ‌‌വീസ് എന്നതുകൊണ്ട് വിവക്ഷിക്കുന്നത്. ഇവർ കരസേനയിലെ ആക്റ്റീവ് സർ‌‌വീസിൽ നിന്നും റിസർ‌‌വ് സർ‌‌വീസിലേക്കു മാറ്റപ്പെടുമ്പോൾ പല ആനുകൂല്യങ്ങൾക്കും അർഹരായിത്തീരുന്നു. കൂടാതെ അവർക്ക് സ്വദേശത്തു തിരിച്ചെത്തിയാൽ സംസ്ഥാന ഗവണ്മെൻറുകളുടെയും സ്വകാര്യ ഏജൻസികളുടെയും കീഴിൽ ജോലി സ്വീകരിക്കാവുന്നതാണ്. എന്നാൽ റിസർ‌‌‌‌വ് സർ‌‌വീസ് കാലഘട്ടത്തിൽ ഒരു യുദ്ധമുണ്ടാവുകയാണെങ്കിൽ അവരെ വീണ്ടും അക്റ്റീവ് സർ‌‌വീസിലേക്കു വിളിക്കുന്നതും അവരുടെ സേവനം ഉപയോഗപ്പെടുത്തുന്നതുമാണ്. ഓരോവർഷവും ആയിരക്കണക്കിനു പേരെ ഇങ്ങനെ റിസർ‌‌വിലേക്കു മാറ്റുന്ന ഏർപ്പാടുള്ളതിനാൽ പെട്ടെന്നു രാഷ്ട്രത്തിന് ഒരു യുദ്ധത്തിലേക്കു നീങ്ങേണ്ടി വരുമ്പോൾ പരിശീലനം ലഭിച്ച ഇവരെ എളുപ്പത്തിൽ തിരിച്ചുവിളിക്കുന്നതിനും അതുവഴി സൈനിക പ്രവർത്തനത്തെ ശക്തിപ്പെടുത്തുന്നതിനും സാധിക്കുന്നു. ആക്റ്റീവ് സർ‌‌വീസിൽ ജവാൻ‌‌മാർ, ജെ.സി.ഒ (JCO) മാർ, കമ്മീഷൻഡ് ആഫീസർ‌‌മാർ തുടങ്ങി വിവിധ റാങ്കുകളിലായി ഒൻപതു ലക്ഷം പേരാണ് കരസേനയിലുള്ളത്.

കരസേനയിൽനിന്നും മറ്റ് സായുധ സേനാവിഭാഗങ്ങളിൽ പിരിഞ്ഞു വരുന്ന ഉദ്യോഗസ്ഥൻ‌‌മാരുടെ പുനരധിവാസത്തിനും ക്ഷേമകാര്യങ്ങൾ അന്വേഷിക്കുന്നതിനുമായി ജില്ലാ സോൾജിയേഴ്സ് സെയ്‌‌ലേഴ്സ് & എയർമെൻ ബോർഡ് (DSS & A Board) പ്രവർത്തിച്ചു വരുന്നു.

കരസേനയിലെ റാങ്കുകൾ.

കമ്മീഷൻഡ് ഓഫീസർ.

ഫീൽഡ് മാർഷൽ(ഓണററി)
ജനറൽ
ലെഫ്റ്റനന്റ് ജനറൽ
മേജർ ജനറൽ
ബ്രിഗേഡിയർ
കേണൽ
ലെഫ്റ്റ്നന്റ് കേണൽ
മേജർ
ക്യാപ്റ്റൻ
ലെഫ്റ്റ്നന്റ്

ജൂണിയർ കമ്മീഷൻഡ് ഓഫീസേഴ്സ് റാങ്കുകൾ (JCOs).
സുബേദാർ മേജർ
സുബേദാർ
നായിബ് സുബേദാർ

മറ്റ് റാങ്കുകൾ(OR)

ഹവിൽദാർ
നായിക്
ലാൻസ് നായിക്
ജവാൻ.


( ഭാരതത്തിന്റെ അഖണ്ഡതയ്ക്കും സുരക്ഷയ്ക്കും വേണ്ടി ജീവത്യാഗം ചെയ്ത സൈനികർക്ക് പ്രണാമം.. ജയ് ഹിന്ദ്… വന്ദേമാതരം.. ഭാരത് മാതാ കീ ജയ്)