International yoga day

അന്താരാഷ്ട്ര യോഗദിനാശംസകൾ

Blog

ജൂൺ 21അന്താരാഷ്ട്ര യോഗദിനമായി ആചരിക്കുന്ന ഈ അവസരത്തിൽ എല്ലാവർക്കും ശുഭാശംസകൾ നേരുന്നു.

ഭാരതം ലോകത്തിന് നൽകിയ മഹത്തായ സംഭാവനയാണ് യോഗശാസ്ത്രം. ക്ഷണഭംഗുരവും അനിത്യവുമായ ശരീരം കൊണ്ട് ഇഹത്തിലും പരത്തിലും ആനന്ദ പ്രാപ്തി ഉണ്ടാക്കാമെന്ന് നമ്മുടെ ഋഷീശ്വരന്മാർ അനാദികാലം മുമ്പേ കണ്ടെത്തിയിരുന്നു. മറ്റെല്ലാ ശാസ്ത്രങ്ങളുടേയും എന്നപോലെ യോഗശാസ്ത്രത്തിന്റെ ബീജവും കുടികൊള്ളുന്നത് വേദങ്ങളിലാണ്. യജുർ വേദം പതിനൊന്നാം അധ്യായം പതിനാലാം മന്ത്രം വർണ്ണിക്കുന്നത് നോക്കിയാലും.
യോഗേയോഗേ തവസ്തരം വാജേവാജേ ഹവാമഹേ| സഖായ ഇന്ദ്ര മൂതയേ||
(യജുർ വേദം 11.14)

ഭാവർത്ഥം: വീണ്ടും വീണ്ടും യോഗാഭ്യാസം ചെയ്യുകയും മാനസികവും ശാരീരികവുമായ ബലത്തെ വർധിപ്പിക്കുകയും ചെയ്യുന്ന സമയത്ത് നാം പരസ്പരം മിത്രഭാവത്താൽ തങ്ങളുടെ രക്ഷയും, അനന്തബലവാനും ഐശ്വര്യശാലിയുമായ ഈശ്വരന്റെ ധ്യാനവും ചെയ്യുന്നു. അതുവഴി എല്ലാവിധ സഹായങ്ങളും അദ്ദേഹത്തോടഭ്യർഥിക്കുന്നു

ഓരോ വ്യക്തിയും സമസ്ത ദുഃഖങ്ങളിൽനിന്നും മോചനം നേടി നിത്യാനന്ദപ്രാപ്തി നേടാനാഗ്രഹിക്കുന്നു. യോഗത്തിന്റെ മഹത്വം അറിയാൻ പതഞ്ജലി മഹർഷിയുടെ യോഗദർശനത്തിൽ വർണ്ണിക്കുന്ന ഹേയം, ഹേയഹേതു, ഹാനം, ഹാനോപായം എന്നിവയുടെ സ്വരൂപത്തെ നല്ലവണ്ണം മനസ്സിലാക്കണം. എന്നാൽ മാത്രമേ ദുഃഖനിവൃത്തിയും സുഖപ്രാപ്തിയും നേടാനാവൂ. വൈദിക ധർമ്മമനുസരിച്ച്‌ പരമപുരുഷർത്ഥമായ ഈശ്വര സാക്ഷാത്ക്കാരം നേടാനുള്ള പടികളാണ് യോഗദർശനത്തിൽ വിവരിക്കുന്ന അഷ്ടാംഗ യോഗം. യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി എന്നിവയാണവ. ഇത് ക്രമത്തിലും ചിട്ടയോടെയും നിഷ്ഠയോടെയും അനുഷ്ഠിച്ചാൽ മാത്രമേ അത് യോഗമാവൂ.

ഇന്ന് ‘യോഗ’ എന്നപേരിൽ അറിയപ്പെടുന്നത് ഏതാനും ശാരീരിക വ്യായാമങ്ങളും ശ്വസനക്രിയകളുടെ പരിശീലനവുമാണ്. ഇത് കൊണ്ട് ഏറെ ഗുണങ്ങൾ പലർക്കും ഉണ്ടാവുന്നുണ്ട് എന്നത് നിസ്തർക്കമാണ്. എന്നാലിത് യഥാർത്ഥത്തിൽ യോഗദർശനം മുന്നോട്ടു വെക്കുന്ന പദ്ധതിയാകുന്നില്ല.

യമ-നിയമങ്ങൾ ഉറച്ചശേഷം ആസന – പ്രണായാമാദികൾ പരിശീലിച്ചാലെ ഉദ്ദേശിക്കുന്ന ലക്ഷ്യം നേടാനാവൂ. ഇന്ന് മിക്ക യോഗാ കേന്ദ്രങ്ങളിലും അത് വേണ്ടരീതിയിൽ നടക്കുന്നുണ്ടോ എന്ന് സംശയമാണ്. ശാരീരികവും മാനസികവുമായ പല അസുഖങ്ങളും ആസനങ്ങളും പ്രണായാമങ്ങളും കൊണ്ട്‌ ഇല്ലാതാക്കാൻ ഉപകരിക്കും എന്ന തിരിച്ചറിവ് പല നാസ്തികരെയും യോഗയിലേക്ക് (യോഗ എന്നു പറയുന്നത് വ്യാകരണ ദൃഷ്ടിയിൽ ശരിയല്ല. യോഗം അല്ലെങ്കിൽ യോഗശാസ്ത്രം ആണ് ശരി) ആകർഷിക്കുന്നുണ്ട് എന്നത് ഒരു വാസ്തവമാണ്. എന്നാൽ ഇത് കൊണ്ടുമാത്രം സ്ഥായിയായ സുഖം ഒരിക്കലും ലഭിക്കില്ല. മാത്രവുമല്ല, ഇന്ന് യോഗാസനങ്ങളും പ്രണായമങ്ങളും ഏറെ വാണിജ്യവൽക്കരിക്കപ്പെട്ടിട്ടുമുണ്ട്.

മുമ്പെങ്ങും ഉണ്ടായിട്ടില്ലാത്ത തരത്തിലുള്ള ഒരു പ്രതിസന്ധിഘട്ടത്തിലൂടെയാണ് ലോകം ഇന്ന് കടന്നുപോകുന്നത്. എല്ലായിടത്തും ഭയവും ആശങ്കകളും മാനസിക സം ഘർഷങ്ങളുമാണ് കാണാൻ കഴിയുന്നത്. ഈ അവസരത്തിലാണ് നാം അന്താരാഷ്ട്ര യോഗദിനം കൊണ്ടാടുന്നത് എന്നത് ശ്രദ്ധേയമാണ്. കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട് ഇന്ന് ലോകത്തു കാണുന്ന ഭയാനക സ്ഥിതിയിൽ നിന്ന് നമുക്ക് തിരിച്ചുവരേണ്ടതുണ്ട്. അതിനുള്ള ഏറ്റവും സരളവും ചെലവ് തീരെയില്ലാത്തതുമായ ഏകവഴി ഭാരതം വിശ്വത്തിനു നൽകിയ യമനിയമങ്ങളിൽ അടിയുറച്ച സാധനാപദ്ധതിയിലൂടെ ഈശ്വരസാക്ഷാൽക്കാരം വരെ സാധ്യമാക്കുന്ന യോഗമാർഗ്ഗമാണ്. ആധ്യാത്മിക ഉന്നതിക്കൊപ്പം ഭൗതികനേട്ടങ്ങളും ആരോഗ്യപരിപാലനം, അന്തരീക്ഷ ശുദ്ധി എന്നിവയുമോക്കെ യോഗജീവിതം കൊണ്ട് നേടിയെടുക്കാം.

നാളെ (21.06.2020) വൈദിക ദൃഷ്ടിയിൽ വളരെ വിശേഷമായ ഒരു ദിനം കൂടിയാണ്. ശുദ്ധ വൈദിക പഞ്ചാംഗം (കാറൽമണ്ണ വേദഗുരുകുലം ഈ പഞ്ചംഗം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോപ്പികൾ ആവശ്യമുള്ളവർക്ക് https://aryasamajkerala.org.in/books-published-by-arya-samajam-kerala/vedic-jyothisham-vedic-panchangam-arya-samajam-kerala-arya-samaj-kerala/
എന്ന ലിങ്കിലൂടെ അത് വാങ്ങാവുന്നതാണ്) അനുസരിച്ച് ദക്ഷിണായനാരംഭം, കർക്കിടക വാവ്‌, വർഷ ഋതു ആരംഭം, ശ്രാവണ പുരുഷോത്തമ (അധിമാസം) മാസാരംഭം, സൗരമാസമായ ‘നഭസ്’ ആരംഭം എന്നിവ നാളെയാണ്. കൂടാതെ സൂര്യഗ്രഹണവും വരുന്നുണ്ട്. നാളെ പുലർച്ചെ 03.14 ന് കർക്കടക സംക്രാന്തിയാണ്. സൂര്യൻ ഉഷ്ണമേഖലാ സായന കർക്കടക (Cancer) രാശിയിലേക്ക് പ്രവേശിക്കും. അതോടെ ദക്ഷിണാർദ്ധഗോളത്തിൽ ശൈത്യകാലവും ആരംഭിക്കും. സൂര്യന്റെ ചരിവ് +23.26 ഉം രേഖാംശം 90° യും ആവുമ്പോൾ ഉച്ചവേനൽ കാലമാണ്. ആ ദിവസം ഏറ്റവും ദൈർഘ്യമേറിയ ദിനവുമാണ്. അന്നുമുതൽ ദക്ഷിണായനം തുടങ്ങും. വീടുകളിലും ആധ്യാത്മിക കേന്ദ്രങ്ങളിലും ബൃഹത് അഗ്നിഹോത്രം, സത്സംഗം, യോഗാഭ്യാസം എന്നിവ നടത്താൻ ഏറെ വിശേഷപ്പെട്ട ദിനമാണ്.

ലോക്ഡൗൺ നിയന്ത്രണം പാലിച്ചുകൊണ്ടും ആരോഗ്യസുരക്ഷാക്രമീകരണങ്ങൾ അനുവർത്തിച്ചുകൊണ്ടും നാളെ കാലത്ത് കാറൽമണ്ണ വേദ ഗുരുകുലത്തിലെ ആചാര്യൻമാരും ബ്രഹ്മചാരികളും ആര്യസമാജം പ്രവർത്തകരും ചേർന്ന് വിശേഷയജ്ഞവും സത്സംഗവും നടത്തുന്നുണ്ട്. ലഡാക്കിന്റെ മഞ്ഞുമലകളിൽ ജീവൻ പണയം വെച്ച് മാതൃഭൂമിയുടെ അതിർത്തികാക്കുന്നതി നിടെ വീരമൃത്യുവരിച്ച നമ്മുടെ ധീരസൈനികർക്ക് ശ്രദ്ധാഞ്ജലി അർപ്പിക്കുന്ന ചടങ്ങും സംഘടിപ്പിക്കുന്നുണ്ട്.
ചൈനീസ് ഉൽപ്പന്നങ്ങൾ ബഹിഷ്കരിച്ചുകൊണ്ടും സ്വദേശി വസ്തുക്കൾ മാത്രമേ ഇനി ഉപയോഗിക്കൂ എന്നും പ്രതിജ്ഞ ചെയ്ത് നമുക്ക് ഈ വർഷത്തെ യോഗാദിനം കൊണ്ടാടാം. എല്ലാവർക്കും ശുഭാശംസകൾ നേരുന്നു.
ഓം കൃണ്വന്തോ വിശ്വമാര്യം! (ഋഗ്വേദം 9.63.5).