JULY 26 : KARGIL VIJAY DIVAS – ARYA SAMAJAM KERALAM PAY HOMAGE TO OUR BRAVE SOLDIERS WHO LAID DOWN THEIR LIVES FOR THE NATION

Uncategorized

ജൂലൈ 26 : കാർഗിൽ വിജയ് ദിവസത്തിൽ ധീരബലിദാനികളായ സൈനികർക്ക് ആര്യസമാജം കേരള ഘടകത്തിന്റെ ശ്രദ്ധാഞ്‌ജലി

ഇന്ന് ജൂലൈ 26ന് കാർഗിൽ വിജയ് ദിവസ് ആയി രാഷ്ട്രം മുഴുവൻ ആചരിക്കുകയാണ്. 1998 ൽ പാക്കിസ്ഥാൻ നുഴഞ്ഞുകയറ്റക്കാരെ ഉപയോഗിച്ച് കശ്മീരിൽ ഭാരത അതിർത്തി ലംഘിച്ച് നമ്മുടെ രാജ്യത്തിന്റെ സമാധാനം തകർക്കാൻ പദ്ധതിയിട്ടു. പാക്കിസ്ഥാന്റ അർദ്ധസൈനിക വിഭാഗത്തിന് പ്രത്യേക പരിശീലനം നൽകി ശൈത്യകാലങ്ങളിൽ നിരീക്ഷണം കുറഞ്ഞ സ്ഥലങ്ങളിൽ നുഴഞ്ഞുകയറി അതിർത്തിയിലെ തന്ത്രപ്രധാനമായ പോസ്റ്റുകളിൽ എത്തി പറ്റി. ഏകദേശം നൂറ്റിമുപ്പതോളം ബങ്കറുകളിൽ അവർ ആധിപത്യം സ്ഥാപിച്ചു. ലോകത്തെ ഏറ്റവും ഉയർന്ന പ്രദേശമായ ടൈഗർ ഹിൽ പോലുള്ള പോസ്റ്റുകളിൽ അവർ അധീശത്വം ഉറപ്പിച്ചു. കൈയിൽ കരുതാൻ കഴിയുന്ന യുദ്ധസാമഗ്രികൾ കൊണ്ട് നുഴഞ്ഞു കയറിയിരുന്ന സ്ഥിതിയിൽ നിന്നും വ്യത്യസ്തമായി മോർട്ടർ പീരങ്കികൾ, യുദ്ധവിമാനങ്ങൾ വെടിവെച്ചിടാനുള്ള മിസൈലുകൾ എന്നിവ പോലും വിന്യസിച്ച് മൈനുകൾ പാകി തികച്ചും തയ്യാറെടുപ്പിലായിരുന്നു പാക്കിസ്ഥാൻ. ശൈത്യകാലത്തിന് ശേഷം റോഡ് മാർഗ്ഗം സൈനിക നീക്കങ്ങളും തന്ത്രപ്രധാനമായ ചരക്കുനീക്കങ്ങളും തകർക്കാൻ NH IA പോലും നിയന്ത്രിക്കാൻ ഉയരങ്ങളിലെ പോസ്റ്റുകളിൽ സജ്ജരായ പാക് സൈനികരെ തുരത്താൻ ഇന്ത്യൻ സൈന്യം നന്നേ പാടുപെട്ടു. പീരങ്കി വഴിയുള്ള പ്രഹരങ്ങൾ എത്താത്ത പോയന്റ് കുന്നുകളിലും പോസ്റ്റുകളിലും പതിയിരിക്കുന്ന പാക്ക് സൈന്യത്തെ തുരത്താൻ മൈനുകൾ പാകിയ വഴികൾ താണ്ടിയെത്താൻ കരസേന നന്നേ പാടുപെട്ടു. വ്യോമസേനയുടെ പോർവിമാനങ്ങളും പീരങ്കി പടയും മറ്റു കരസേന വിഭാഗത്തെയും ഏകോപിപ്പിച്ച ഓപ്പറേഷൻ അതികഠിനമായിരുന്നു. ഉയർന്ന മലനിരകൾ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചു. പ്രതികൂല സാഹചര്യങ്ങളിൽ കാർഗ്ഗിൽ പോരാട്ടത്തിന് വ്യോമസേന പോർവിമാനങ്ങളുടെയും നിരവധി പീരങ്കികളുടെ വിന്യാസത്തിലൂടെയുംജൂലൈ 3 ന് വെളുപ്പിന് ശക്തമായ പീരങ്കി ആക്രമണം നടത്തി ഇന്ത്യ തിരിച്ചടിച്ചു. അതികഠിനശ്രമത്താൽ ടോലോലിൻ കുന്ന് തിരിച്ചുപിടിച്ച് അതിലൂടെ ടൈഗർ ഹിൽ നമ്മുടെ സൈനികർ കീഴടക്കി. പാക്ക് തുറമുഖത്തു നിന്നും നാവിക നീക്കങ്ങൾ തടയാൻ ഇന്ത്യൻ നാവികസേന പഴുതുകൾ അടച്ചു സജ്ജരായി. കാർഗിൽ ദ്രാസ് ബട്ടാലിക് മേഖലകളിൽ നുഴഞ്ഞു കയറിയവരെ തുരത്തി. കൂടാതെ നുഴഞ്ഞുകയറ്റത്തിന് പാക് സൈന്യത്തെ സഹായിച്ച യുനൈറ്റഡ് ജിഹാദി കൗൺസിൽ പോലുള്ള മറ്റു തീവ്രവാദികളും ഒറ്റപ്പെട്ടു. 1999 ജൂലൈ 4ന് വെളുപ്പിന് ശക്തമായ പീരങ്കി ആക്രമണം നടത്തി ടൈഗർ ഹിൽ നാം തിരിച്ചുപിടിച്ച് ഭാരതത്തിന്റെ ത്രിവർണ്ണ പതാക ഉയർത്തി. ഇന്ത്യയുടെ ശക്തമായ തിരിച്ചടി നേരിട്ട പാക്കിസ്ഥാന് പിടിച്ചു നിൽക്കാനുള്ള സൈനിക ശേഷി ഇല്ലാതായി. 6 ദിവസം പിടിച്ചു നിൽക്കാനുള്ള ഇന്ധനം മാത്രമേ ബാക്കി ഉണ്ടായിരുന്നുള്ളു. 1999 ജൂലൈ നാലിന് പാക്കിസ്ഥാൻ പ്രസിഡണ്ട് അമേരിക്കൻ പ്രസിഡന്റ് ആയിരുന്ന ബിൽ ക്ലിൻറനെ നേരിൽ പോയി കണ്ട് പിന്തുണ തേടിയെങ്കിലും ക്ലിൻറൻ അത് ചെവികൊണ്ടില്ല. അടൽ ബിഹാരി വാജ് പേയിയുടെ നേതൃത്വത്തിലുള്ള ഭാരതം ശക്തമായ നയതന്ത്ര സംവിധാനത്തോടെ ലോകരാജ്യങ്ങളെ പാക്കിസ്ഥാന്റെ അതിർത്തി ലംഘനത്തെയും നെറികെട്ട സമീപനത്തെയും ധരിപ്പിച്ചിരുന്നു. നുഴഞ്ഞുകയറ്റക്കരെ പിൻവലിക്കാൻ ചൈനയടക്കമുള്ള രാജ്യങ്ങൾ പോലും പാക്കിസ്ഥാനോട് നിർദ്ദേശിച്ചു.1999 മെയ് മുതൽ ജൂലൈ വരെയുള്ള രണ്ടര മാസത്തെ കാർഗിൽ ഓപ്പറേഷനോടെ ഇന്ത്യയുടെ സൈനിക ശക്തിയെയും, സൈനികരുടെ മനോധൈര്യത്തെയും പോരാട്ട വീര്യത്തെയും ലോകമെമ്പാടുമുള്ള രാജ്യങ്ങൾ പ്രശംസിച്ചു. പാക് സൈന്യത്തെ തുരത്താൻ രണ്ടര മാസത്തോളം നടത്തിയ കാർഗിൽ സൈനിക നടപടിയിൽ നമ്മുടെ അഞ്ഞൂറോളം ധീര സൈനികർ രക്തസാക്ഷികൾ ആയി. സൈനിക ശക്തിയിൽ ലോകത്തിലെ നാലാംശക്തിയായ ഇന്ത്യൻ സൈന്യം രണ്ടര മാസത്തെ കഠിന പ്രയത്നത്തോടെ പാക്കിസ്ഥാനെ കീഴ്പ്പെടുത്തി. ലോകരാജ്യങ്ങൾക്ക് മുമ്പിൽ പാക്കിസ്ഥാൻ എന്താണെന്നും ഭാരതം എത്ര ശക്തമാണെന്നും തുറന്നു കാണിക്കാൻ നമുക്കു സാധിച്ചു. 1974 ആണവ ശക്തിനേടിയ ഭാരതവും 1998 ൽ നേടിയെന്നവകാശപ്പെടുന്ന പാക്കിസ്ഥാനും തുല്യരല്ല എന്ന് ഏവർക്കും അറിയാം. കഴിഞ്ഞ ദിവസം ചാന്ദ്രയാൻ 3 വിക്ഷേപിച്ച ഭാരതം റഷ്യക്കും അമേരിക്കക്കും ചൈനക്കും ഒപ്പം എത്തി നിൽക്കുന്നത് ഇന്ത്യയുടെ വളർച്ച തന്നെയാണ്. കാർഗ്ഗിൽ വിജയ്ദിവസ് ആചരിക്കുന്ന ഈ വേളയിൽ അവസരത്തിൽ രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്ത ധീര സൈനികർക്ക് ആര്യസമാജം കേരള ഘടകം ആദരാഞ്ജലികൾ അർപ്പിക്കുന്നു.

🙏

എന്ന്,

കെ. എം. രാജൻ മീമാംസക്
ആര്യപ്രചാരക് & അധിഷ്ഠാതാവ്,
വേദഗുരുകുലം, കാറൽമണ്ണ

TEAM ARYA SAMAJAM KERALAM