മഹർഷി ദയാനന്ദസരസ്വതിയുടെ 200-ാം ജന്മവാർഷികാഘോഷവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ സ്വയം സേവക് സംഘം സർസംഘചാലക് ശ്രീ. മോഹൻ ജി ഭാഗവത് നൽകിയ പ്രസ്താവന

Uncategorized

ചൈത്ര കൃഷ്ണ 5-7 യുഗാബ്ദ് 5124 (12-14 മാർച്ച് 2023)

  • തർജ്ജമ : കെ. എം. രാജൻ മീമാംസക് വൈദേശിക അധീശത്വത്തിന്റെ കാലഘട്ടത്തിൽ, രാജ്യം അതിന്റെ സാംസ്കാരികവും ആത്മീയവുമായ അടിത്തറയിൽ നിന്ന് വഴിതെറ്റിയപ്പോൾ, മഹർഷി ദയാനന്ദസരസ്വതി ഉദയം ചെയ്തു. രാഷ്ട്രത്തിന്റെ ആത്മീയ സ്വത്വത്തെ ശക്തിപ്പെടുത്തുന്നതിനായി ‘വേദങ്ങളിലേക്ക് മടങ്ങുക’ എന്ന് ഉദ്ഘോഷിച്ചുകൊണ്ട് അദ്ദേഹം സമാജത്തെ അതിന്റെ വേരുകളുമായി വീണ്ടും ബന്ധിപ്പിക്കുന്ന അത്ഭുതകരമായ ഒരു ദൗത്യം ഏറ്റെടുത്തു നടത്തി. സമൂഹത്തിന് ശക്തിയും ബോധവും പ്രദാനം ചെയ്യുകയും കാലത്തിന്റെ ഒഴുക്കിൽ വന്ന തിന്മകളെ അകറ്റുകയും ചെയ്യുന്ന മഹാപുരുഷന്മാരുടെ പരമ്പരയിലെ തിളങ്ങുന്ന നക്ഷത്രമാണ് മഹർഷി ദയാനന്ദസരസ്വതി. മഹർഷി ദയാനന്ദസരസ്വതിയുടെ ആവിർഭാവവും അദ്ദേഹത്തിന്റെ പ്രേരണയും സൃഷ്ടിച്ച സാംസ്കാരിക വിപ്ലവത്തിന്റെ പ്രകമ്പനങ്ങൾ ഇന്നും നമുക്ക് അനുഭവപ്പെടുന്നു. സത്യാർത്ഥപ്രകാശത്തിൽ സ്വരാജിനെ നിർവചിക്കുമ്പോൾ, സ്വദേശി, സ്വഭാഷ, സ്വബോധം എന്നിവയില്ലാതെ സ്വരാജ് ഉണ്ടാകില്ലെന്ന് അദ്ദേഹം എഴുതി. മഹർഷി ദയാനന്ദന്റെ പ്രചോദനവും ആര്യസമാജത്തിന്റെ പങ്കാളിത്തവും ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിൽ വളരെ പ്രധാനമാണ്. ആത്മാഭിമാനമുള്ള നിരവധി സ്വാതന്ത്ര്യസമര സേനാനികൾ അദ്ദേഹത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടു. കൃണ്വന്തോ വിശ്വമാര്യം എന്ന ആഹ്വാനത്തോടെ ആരംഭിച്ച ആര്യസമാജത്തിലൂടെ യഥാർത്ഥ അർത്ഥത്തിൽ ഇന്ത്യയെ ആര്യാവർത്തം (ശ്രേഷ്ഠഭാരതം) ആക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രാഥമിക ലക്ഷ്യം. സ്ത്രീകളെ മുന്നോട്ടു കൊണ്ടുവരുന്നതിനായിപ്രാചീന രീതിയിലുള്ള കന്യാപാഠശാലകളും കന്യാഗുരുകുലങ്ങളും മറ്റും സ്ഥാപിച്ച് വേദപഠനത്തിന് വ്യവസ്ഥ ഒരുക്കിയതിനുപുറമേ
    പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് ഏറെ പ്രചാരം നൽകി. ആദർശ ജീവിതശൈലിയുണ്ടാക്കുന്നതിന് വേണ്ടി ആശ്രമ വ്യവസ്ഥ (ബ്രഹ്മചര്യം, ഗാർഹസ്ത്ഥ്യം, വാനപ്രസ്ഥം, സന്ന്യാസം) ആഗ്രഹിക്കുക മാത്രമല്ല, അവക്കുവേണ്ടി ക്രമീകരണങ്ങൾ ചെയ്യുകയും ചെയ്തു. രാജ്യത്തെ യുവതലമുറയിൽ തേജസ്‌, സംസ്കാരം, വ്യസനമുക്തി, രാഷ്ട്രഭക്തി, സമർപ്പണഭാവം എന്നിവ ഉണ്ടാക്കിയെടുക്കാൻ ഗുരുകുലങ്ങൾ, ഡിഎവി സ്‌കൂളുകൾ തുടങ്ങിയവ പ്രചരിപ്പിച്ച് ഒരു വിപ്ലവം തന്നെ സൃഷ്ടിച്ചു. ഗോരക്ഷ, പശു വളർത്തൽ, പശുക്കളെ അടിസ്ഥാനമാക്കിയുള്ള കൃഷി, പശുക്കളെ പരിപോഷിപ്പിക്കുക തുടങ്ങിയ അദ്ദേഹത്തിന്റെ വീക്ഷണം ഇന്നും ആര്യസമാജത്തിന്റെ പ്രവർത്തനങ്ങളിൽ വ്യക്തമായി കാണാം. ശുദ്ധിപ്രസ്ഥാനം ആരംഭിച്ച് ധർമ്മപ്രചാരണത്തിന് പുതിയ ഒരു മേഖല തന്നെ അദ്ദേഹം തുറന്നുകൊടുത്തു. അത് ഇന്നും മാതൃകാപരമാണ്. മഹർഷി ദയാനന്ദന്റെ ജീവിതം അദ്ദേഹം മുന്നോട്ടുവച്ച തത്വങ്ങളുടെ മൂർത്തീഭാവമായിരുന്നു. ലാളിത്യം, കഠിനാധ്വാനം, ത്യാഗം, സമർപ്പണം, നിർഭയത്വം, തത്ത്വങ്ങൾ പാലിക്കൽ എന്നിവ അദ്ദേഹത്തിന്റെ ജീവിതത്തിലെ ഓരോ നിമിഷത്തിലും പ്രതിഫലിക്കുന്നു. മഹർഷി ദയാനന്ദന്റെ ഉപദേശങ്ങളുടെയും ഗ്രന്ഥങ്ങളുടെയും പ്രസക്തി ഇന്നും നിലനിൽക്കുന്നു. അദ്ദേഹത്തിന്റെ ദ്വിശതാബ്ദി ആഘോഷിക്കുന്ന ഈ അവസരത്തിൽ രാഷ്ട്രീയ സ്വയംസേവക സംഘം അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു. എല്ലാ സ്വയംസേവകരും ഈ മഹത്തായ അവസരത്തിൽ സംഘടിപ്പിക്കുന്ന പരിപാടികളിൽ ആത്മാർത്ഥമായി പങ്കെടുത്ത് അവരുടെ ആദർശങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കണം. തൊട്ടുകൂടായ്മ, വ്യസനം, അന്ധവിശ്വാസങ്ങൾ എന്നിവയിൽ നിന്ന് മുക്തമാകുന്നതിലൂടെയും ‘സ്വത്വ’ ത്തിൽ നിന്ന് പ്രചോദനം നേടി ഓജസ്സുള്ള ഒരു സമാജം വാർത്തെടുക്കുന്നതിലൂടെയുമാണ് അദ്ദേഹത്തിന് യഥാർത്ഥ ശ്രദ്ധാഞ്ജലി നൽകാൻ സാധിക്കുക എന്ന് രാഷ്ട്രീയ സ്വയം സേവക് സംഘം വിശ്വസിക്കുന്നു.

അഖില ഭാരതീയ പ്രതിനിധി സഭ
രാഷ്ട്രീയ സ്വയം സേവക് സംഘം
സേവാസാധനാ എവം ഗ്രാമ വികസന കേന്ദ്രം,
പട്ടികല്യാണ – പാനിപ്പത് (ഹരിയാന)

(കടപ്പാട് : സത്യാർത്ഥ് സൗരഭ് ഹിന്ദി മാസിക ജൂൺ 2023 ലക്കം)

തർജ്ജമ : കെ. എം. രാജൻ മീമാംസക്

dayanand200

vedamargam2025

aryasamajamkeralam

TEAM VEDA MARGAM 2025