200 -ാം ജന്മവാർഷികത്തിൽ (1824 – 2023) മഹർഷി ദയാനന്ദന് സ്മരണാഞ്ജലി

Uncategorized മലയാളം
  • കെ. എം. രാജൻ മീമാംസക്

ഭാരതം കണ്ട മഹാപുരുഷൻമാരിൽ അഗ്രഗണ്യനായിരുന്നു മഹർഷി ദയാനന്ദ സരസ്വതി. ഭാരതത്തിൻ്റെ ഏറ്റവും ശോച്യമായ അന്ധകാരാവസ്ഥയിലാണ് ഈ മഹാപുരുഷന്റെ ഉദയമുണ്ടായത്. ഗൗതമൻ, കണാദൻ, കപിലൻ, കുമാരിലഭട്ടൻ എന്നിവരുടെ പാണ്ഡിത്യവും ഹനുമാൻ, ഭീഷ്മർ എന്നിവരുടെ ബ്രഹ്മചര്യനിഷ്ഠയും ശങ്കരാചാര്യരുടേതുപോലുള്ള യോഗശക്തിയും ഭീമന് തുല്യമായ ബലവും ശ്രീബുദ്ധന്റേതിന് സമാനമായ ത്യാഗ-വൈരാഗ്യങ്ങളും പതഞ്ജലി, വ്യാസൻ എന്നിവരുടേതുപോലുള്ള ആദ്ധ്യാത്മികതയും ഛത്രപതി ശിവജി, ഗുരുഗോവിന്ദ സിംഹൻ എന്നിവരുടേതുപോലുള്ള നീതി വ്യവസ്ഥയും മഹാറാണാപ്രതാപന്റേതു പോലുള്ള പ്രതാപവും തേജസ്സും ഒത്തിണങ്ങിയ യുഗപുരുഷനായ മഹർഷി ദയാനന്ദസരസ്വതി ഭാരത നഭോമണ്ഡലത്തിലുയർന്ന അവിദ്യാന്ധകാരത്തെ തുടച്ചു മാറ്റാനായി രംഗപ്രവേശം ചെയ്തു. ഡോ.എസ്. രാധാകൃഷ്ണൻ, മഹർഷി അരവിന്ദൻ, രവീന്ദ്രനാഥടാഗോർ, മഹാത്മാഗാന്ധി, ആനി ബസന്റ് തുടങ്ങി ദേശീയരും വിദേശീയരുമായ നിരവധി പ്രമുഖർ മഹർഷി ദയാനന്ദനെ പ്രകീർത്തിച്ചിട്ടുണ്ട്.
മഹർഷിയുടെ പ്രധാനപ്പെട്ട സംഭാവനകൾ നമുക്കൊന്ന് പരിശോധിക്കാം.

ഒരു കപട പണ്ഡിതനോ, വ്യാജ പുരോഹിതനോ, മൗലവിക്കോ താന്ത്രികർക്കോ പാതിരിമാർക്കോ പരാജയപ്പെടുത്താൻ കഴിയാത്തതും, ഒരുതരത്തിലുള്ള അനാചാരങ്ങൾക്കോ ഏതെങ്കിലും തരത്തിലുള്ള സ്വാധീനമോ, ചലനമോ ഉണ്ടാക്കാൻ കഴിയാത്ത ഒരു വ്യക്തിയായിരുന്നു മഹർഷി ദയാനന്ദ സരസ്വതി.

ഭാരതം മുഴുവൻ മാത്രമല്ല, ലോകമെമ്പാടും വേദജ്ഞാനത്തിൻ്റെ പ്രകാശം പരത്തിയ വേദജ്ഞാനിയാണ് അദ്ദേഹം.

ചെറുപ്രായത്തിൽ തന്നെ യഥാർത്ഥ ശിവനെ അന്വേഷിച്ച് വീടുവിട്ടിറങ്ങിയ ഒരു ജിജ്ഞാസു.
ധനസമൃദ്ധിയെയും സുഖഭോഗങ്ങളെയെല്ലാം ഉപേക്ഷിച്ച് സത്യ- സനാതന – ധർമ്മത്തിൻ്റെ പാതയിലേക്ക് വരികയും, ആ പാതയിൽ നിന്ന് അണുവിട വ്യതിചലിക്കാത്ത മഹാ പുരുഷനായിരുന്നു അദ്ദേഹം.

വേദ പ്രചാരണത്തിനായി തൻ്റെ സർവ്വസ്വവും ഗുരുവിന് ദക്ഷിണയായി സമർപ്പിച്ച മഹത് വ്യക്തിത്വം.

ഭാരതസ്വാതന്ത്ര്യസമരത്തിൽ ജനങ്ങളെ ജാഗരൂകരാക്കിയ വിപ്ലവകാരി.

വിദേശി ഭരണത്തെക്കാളും ഉത്തമം സ്വരാജ്യം ആണ് എന്ന ആശയം ആദ്യമായി പ്രഖ്യാപിച്ച രാഷ്ട്ര ചിന്തകൻ.

ഗോസംരക്ഷണത്തിനായി ആദ്യമായി ഗൗരക്ഷണി സഭ രൂപീകരിക്കുകയും അതിന്റെ നിയമങ്ങൾ അവതരിപ്പിക്കുകയും ചെയ്ത മൃഗസ്നേഹി.

സമൂഹത്തിലെ ദുരാചാരങ്ങളെ സധൈര്യം കടന്നാക്രമിച്ച നിർഭയനായ സന്യാസി.

സത്യത്തിൽ നിന്ന് ഒരിക്കലും വ്യതിചലിക്കാൻ തയ്യാറായിരുന്നില്ല.
വേദങ്ങളിൽ മാത്രമല്ല, ഖുറാൻ, പുരാണങ്ങൾ, ബൈബിൾ, ത്രിപിടകം തുടങ്ങി മറ്റ് മതഗ്രന്ഥങ്ങളിലും അറിവ് നേടിയ അദ്ദേഹം
സത്യത്തിനും ധർമ്മത്തിനും വേണ്ടി
എല്ലാ കാപട്യങ്ങളെയും, കുപ്രചരങ്ങളെയും, ദുരാചാരങ്ങളെയും, അന്ധവിശ്വാസങ്ങളെയും നിഷേധിച്ച്, തകർത്തെറിഞ്ഞ്, സത്യത്തിന്റെ പാത കാട്ടിത്തന്ന ഒരു മഹാജ്ഞാനിയായിരുന്നു.

ഭാരതത്തിൽ സംഘടിതമായി നടന്നിരുന്ന മതം മാറ്റങ്ങളെ ശക്തമായി പ്രതിരോധിച്ചു എന്നുമാത്രമല്ല, സ്വധർമ്മത്തിൽ നിന്ന് വിട്ടുപോയവരെ ശുദ്ധിപ്രസ്ഥാനം വഴി വൈദിക ധർമ്മത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന മഹാപുരുഷനാണ് മഹർഷി ദയാനന്ദ സരസ്വതി.

ഒരുതരത്തിലുള്ള സുഖലോലുപതകൾക്കോ അത്യാഗ്രഹത്തിനോ വ്യതിചലിപ്പിക്കാൻ കഴിയാത്ത സത്യനിഷ്ഠൻ.

വിമർശനങ്ങൾക്കും, കല്ലേറുകൾക്കും ആക്രമണങ്ങൾക്കും മുന്നിൽ പതറാതെ അവയെയെല്ലാം ദൃഢനിശ്ചയത്തോടെ നേരിട്ട സ്ഥിതപ്രജ്ഞൻ.

യജ്ഞങ്ങൾ, യാഗങ്ങൾ, യോഗാഭ്യാസം തുടങ്ങിയ പ്രാചീന ഭാരതീയ പദ്ധതികളെ പുനഃസ്ഥാപിച്ച മഹർഷി. സാംഗോപാംഗ വേദപഠനത്തിനായി ആർഷഗുരുകുലങ്ങൾ പുനസ്ഥാപിച്ച ഋഷിവര്യൻ.

സതിസമ്പ്രദായം, ശൈശവ വിവാഹം, സമൂഹത്തിലെ ഉച്ചനീചത്വങ്ങൾ തുടങ്ങിയ ദുരാചാരങ്ങളെ തുറന്നുകാട്ടി. സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിന് കഠിനാധ്വാനം ചെയ്ത സാമൂഹിക പരിഷ്കർത്താവാണ്.

മഹർഷി ദയാനന്ദ സരസ്വതിയുടെ 200 -ാം ജന്മവാർഷികം ലോകമെമ്പാടും വിപുലമായി ആഘോഷിക്കുന്ന ഈ വേളയിൽ അധികം ആളുകൾ സഞ്ചരിക്കാൻ ധൈര്യപ്പെടാത്ത അദ്ദേഹം വെട്ടിത്തെളിച്ച വൈദിക പാതയിലൂടെ നമുക്ക് നിർഭയം മുന്നേറാം…..

വേദമാർഗ്ഗം 2025 എന്ന പദ്ധതി അതിനുള്ള ഒരു തുടക്കം മാത്രമാണ്. ഈ അവസരത്തിൽ അദ്ദേഹത്തിന് സ്മരണാഞ്ജലി അർപ്പിക്കുന്നു.

നൂറുനൂറായിരം ജന്മം ലഭിക്കിലും
നൂറുനൂറായിരം ചിതയിൽ കിടക്കിലും
നിന്നോടെനിക്കുള്ള ഋണഭാരം തീർക്കുവാൻ ഒരുനാളുമാവില്ലെനിക്കെൻ ഗുരോ…!
മഹർഷേ സ്വാമി ദയാനന്ദാ !

🙏

കെ. എം. രാജൻ മീമാംസക്, ആര്യപ്രചാരക് & അധിഷ്ഠാതാവ്, വേദഗുരുകുലം, കാറൽമണ്ണ.