6th APRIL: MAHASHAY RAJPAL MARTYRDOM DAY. THE VICTIM OF FREEDOM OF SPEECH AND EXPRESSIONഏപ്രിൽ 6: മഹാശയ് രാജ്പാൽ രക്തസാക്ഷിദിനം. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ രക്തസാക്ഷി

Uncategorized

-KM Rajan Meemamsak

ആര്യസമാജത്തിന്റെ ആദ്യകാല പ്രചാരകന്മാരിൽ പ്രമുഖനായിരുന്നു മഹാശയ് രാജ്പാൽ. സിഖുകാരുടെ അഞ്ചാമത്തെ ഗുരുവായ ഗുരു അർജൻ ദേവ് സ്ഥാപിച്ച പഞ്ചാബിലെ സാംസ്കാരിക നഗരമായ അമൃത് സറിൽ സാമ്പത്തികമായി അത്ര നല്ല സ്ഥിതിയിൽ അല്ലാതിരുന്ന ഒരു കുടുംബത്തിലാണ് മഹാശയ് രാജ്പാൽ 1885 ൽ ജനിച്ചത്. അമൃത്‌സറിന്റെ ധാർമ്മികത ഉൾക്കൊള്ളുന്നതിനൊപ്പം, രാജ്‌പാൽ സാമൂഹിക-മത പരിഷ്‌കർത്താവായ മഹർഷി ദയാനന്ദസരസ്വതിയുടെ വൈദിക നവോത്ഥാന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ആകൃഷ്ടനായി. ഹിന്ദു സമൂഹത്തെ സാമൂഹിക തിന്മകളിൽ നിന്നും വ്യക്തിത്വ വളർച്ചയെ മുരടിപ്പിക്കുന്ന മതപരമായ അന്ധവിശ്വാസങ്ങളിൽ നിന്നും ശുദ്ധീകരിക്കുമെന്ന് അദ്ദേഹം പ്രതിജ്ഞയെടുത്തു. രാജ്പാൽ ആര്യസമാജ പ്രസ്ഥാനവുമായി ബന്ധപ്പെടുകയും അവസാന ശ്വാസം വരെ അർപ്പണബോധമുള്ള പ്രവർത്തകനായി തുടരുകയും ചെയ്തു.
ലാഹോർ അക്കാലത്ത് അവിഭക്ത പഞ്ചാബിന്റെ തലസ്ഥാന നഗരമായതിനാൽ സാമൂഹിക-മത രാഷ്ട്രീയ പ്രവർത്തനങ്ങളുടെയെല്ലാം കേന്ദ്രമായിരുന്നു. അവിടെയുണ്ടായിരുന്ന ഗുരുദത്ത് ഭവനിൽ പഞ്ചാബ് ആര്യപ്രതിനിധി സഭയും വേദപ്രചാരകരുടെ പരിശീലനത്തിനുള്ള ഗുരുകുലവും ഉണ്ടായിരുന്നു. ആവശ്യം വരികയാണെങ്കിൽ ഏത് സമയത്തും എവിടെയും എത്തിച്ചേർന്ന് ധർമ്മ പ്രചാരം നടത്താൻ കെൽപ്പുള്ള നൂറിലധികം വേദമിഷനറിമാർ ലാഹോറിൽ അക്കാലത്ത് ഉണ്ടായിരുന്നു. 1921 ലെ മാപ്പിള ലഹളകാലത്ത് മലബാറിലേക്ക് വന്ന സാഹസികരായ ആര്യ മിഷനറിമാരും ലഹോറിൽ നിന്ന് വന്നവരായിരുന്നു എന്നോർക്കുക. മലയാളികൾ ആയിരുന്ന വേദബന്ധു ശർമ്മ, സാധുശീലൻ പരമേശ്വരൻ പിള്ള (പിന്നീട് സ്വാമി പരമേശ്വരാനന്ദ), കീഴാനെല്ലൂർ പരമേശ്വരൻ നമ്പൂതിരി തുടങ്ങിയവരും ലഹോർ കേന്ദ്രമായി അധ്യയന – അധ്യാപനം നടത്തിയിരുന്നവരായിരുന്നു. 1947ലെ ഭാരതവിഭജനം വരെ ആര്യസമാജം ഇവിടെ വൻ വേരോട്ടം ഉള്ള പ്രസ്ഥാനം ആയിരുന്നു.

മഹാശയ് രാജ്പാൽ ലാഹോറിലും അമൃത്‌സറിലും പഞ്ചാബിലെ മറ്റ് പ്രധാന കേന്ദ്രങ്ങളിലും ആര്യസമാജത്തിന്റെ വിവിധ പ്രവർത്തനങ്ങളിൽ പങ്കെടുക്കുമായിരുന്നു. ഒരു പ്രസാധകൻ എന്ന നിലയിൽ എല്ലാ ആര്യന്മാരുടെയും പ്രയോജനത്തിനായി പലയിടത്തും നിന്ന് ശേഖരിച്ച വിവരങ്ങൾ അദ്ദേഹം പ്രസിദ്ധീകരിക്കുകയും ചെയ്യുമായിരുന്നു.
1912 ൽ രാജ്പാൽ ആന്റ് സൺസ് എന്ന ഒരു പുസ്തക പ്രസിദ്ധീകരണം രാജ്പാൽ ജി ലാഹോറിൽ തുടങ്ങി. 1947 ന് ശേഷം അത് ഡൽഹിയിലേക്ക് മാറ്റി. ആര്യസമാജ പ്രവർത്തകരുടെ ഒത്തുചേരലിനുള്ള സ്ഥലമായിരുന്നു അത്. ആര്യജഗത്തിലെ പ്രവർത്തനങ്ങൾ ചർച്ച ചെയ്യുക മാത്രമല്ല, തുടർപരിപാടികൾ തീരുമാനിക്കുകയും അവിടെ വെച്ച് ചെയ്യുമായിരുന്നു. ആര്യപ്രതിനിധി സഭയുടെ അനുമതിയോടെ, മതാന്തര സംവാദങ്ങൾ പ്രോത്സാഹിപ്പിക്കുകയും അഭിപ്രായപ്രകടനം നടത്തുകയും ചെയ്യുമായിരുന്നു. ഈ മതാന്തര സംവാദങ്ങൾ അല്ലെങ്കിൽ ശാസ്ത്രാർത്ഥം തികഞ്ഞ സമാധാനത്തിന്റെയും ശാന്തിയുടെയും ചുറ്റുപാടിലായിരിക്കാൻ ശ്രദ്ധിച്ചിരുന്നു. പക്ഷേ, മുസ്‌ലിംങ്ങൾക്കിടയിലെ വർഗീയ ഘടകങ്ങൾ പ്രത്യേകിച്ച് സുന്നി വിഭാഗങ്ങളുടെ അസഹിഷ്ണുത മൂലം അത് അധികനാൾ നീണ്ടുനിന്നില്ല.
പഞ്ചാബി മുസ്ലീം വിഭാഗത്തിലെ സുന്നികൾ ഹിന്ദുക്കളെ പൊതുവെയും ആര്യസമാജികരെ പ്രത്യേകിച്ചും പ്രകോപിപ്പിക്കാൻ എപ്പോഴും തയ്യാറായിരുന്നു. എന്നാൽ ആശയതലത്തിൽ ഉയർത്തുന്ന വെല്ലുവിളികൾക്ക് ആര്യ സമാജം അതേ നാണയങ്ങളിൽ തിരിച്ചടികൾ നൽകുമായിരുന്നു. അത്തരത്തിലുള്ള ഒരു സംഭവവുമായി ബന്ധപ്പെട്ടാണ് മഹാശയ് രാജ്പാൽ ജിക്ക് രക്തസാക്ഷി ആകേണ്ടി വന്നത്.

രംഗീലാ റസൂൽ

ഹിന്ദുക്കളേയും വിശിഷ്യാ ആര്യസമാജികളെയും പ്രകോപിപ്പിക്കുന്നതിനുവേണ്ടി 1923 ൽ മുസ്ലീങ്ങൾ രണ്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു, കൃഷ്ണ തേരി ഗീതാ ജലാനി പടേഗി(കൃഷ്ണാ നിന്റെ ഗീത കത്തിക്കേണ്ടി വരും) എന്ന പേരിൽ ഒരു പുസ്തകവും ആര്യസമാജത്തിന്റെ സ്ഥാപകനും വേദങ്ങളുടെ വ്യാഖ്യാതാവുമായ സ്വാമി ദയാനന്ദസരസ്വതിയെക്കുറിച്ചുള്ള വളരെ അരോചകമായ പരാമർശങ്ങൾ ഉൾക്കൊള്ളിച്ച്
ഉന്നീസ്വിൻ സദി കാ മഹർഷി (പത്തൊമ്പതാം നൂറ്റാണ്ടിന്റെ മഹർഷി) എന്ന പേരിൽ മറ്റൊരു പുസ്തകവും ആയിരുന്നു അത്‌. ആദ്യപുസ്തകം ഗീതയെ വളരെ മോശം ഭാഷയിൽ അപകീർത്തി പെടുത്തുന്നതായിരുന്നു. രണ്ടാമത്തെ പുസ്തകം ആര്യസമാജ സ്ഥാപകനായിരുന്ന മഹർഷി ദയാനന്ദസരസ്വതിയെ വൃത്തികെട്ട ഭാഷയിൽ വിമർശിക്കുന്നതും ആയിരുന്നു. ഈ പുസ്തകങ്ങൾ ഹിന്ദുക്കളെ അധിക്ഷേപിക്കാനും ഇസ്ലാമിലേക്ക് ആകർഷിക്കാനും ഉദ്ദേശിച്ചുള്ളതായിരുന്നു. എന്നാൽ ഈ പുസ്തകങ്ങൾക്കെതിരെ പ്രതികരിക്കാൻ ആരും ധൈര്യം കാണിച്ചില്ല.

ആര്യസമാജത്തിന്റെ കരുത്തുറ്റ നേതാവായിരുന്ന പണ്ഡിറ്റ് ചമുപതി, എം.എ. ഈ പുസ്തകങ്ങൾക്ക് പ്രമാണസഹിതം മറുപടി നൽകുമെന്ന് പ്രതിജ്ഞയെടുത്തു. രംഗീലാ റസൂൽ എന്നായിരുന്നു ഈ പുസ്തകത്തിന്റെ പേര്. ഇക്കാര്യം അദ്ദേഹം മഹാശയ് രാജ്പാലിനെ അറിയിച്ചു. മഹാശയ് രാജ്‌പാൽ ജി ഈ പദ്ധതിയെ പൂർണ്ണഹൃദയത്തോടെ പിന്തുണയ്ക്കുകയും ചെയ്തു. 1926 ൽ മഹാശയ് രാജ്പാൽ ലേഖകന്റെ പേര് വെക്കാതെ ഇത് പ്രസിദ്ധീകരിച്ചു. മുസ്ലീം തീവ്രവാദികളെ ഇത് പ്രകോപിപ്പിച്ചു. ആരാണ് ഇത് എഴുതിയത്, ആരാണ് ഇത് അച്ചടിച്ചത്, എവിടെ അച്ചടിച്ചു, ആരാണ് പ്രൂഫ് റീഡിംഗ് നടത്തിയത്, ആരാണ് പ്രസാധകൻ തുടങ്ങിയവയൊന്നും ആർക്കും അറിയുമായിരുന്നില്ല. എഴുത്തുകാരന്റെ പേര് മഹാശയ് ജി വളരെ രഹസ്യമാക്കി വെച്ചു. പുസ്തകത്തിന്റെ പേരിൽ നടന്ന അധിക്ഷേപങ്ങൾക്ക് അദ്ദേഹം സ്വയം ശിക്ഷ ഏറ്റുവാങ്ങി. പണ്ഡിറ്റ്‌ ചമുപതി എന്ന മഹാപണ്ഡിതനായിരുന്നു ഈ പുസ്തകത്തിന്റെ രചയിതാവ്. എന്നാൽ അദ്ദേഹത്തിന് ഒരു ആപത്തും വരാതിരിക്കാൻ വേണ്ടിയാണ് രാജ്പാൽ ജി ഇതിന്റെ ഭവിഷ്യത്തുകൾ ഏറ്റെടുക്കാൻ സധൈര്യം മുന്നോട്ട് വന്നത്. പഞ്ചാബിന്റെ ചില ഭാഗങ്ങളിൽ കലാപം പൊട്ടിപ്പുറപ്പെട്ടു. ആരായിരുന്നു പ്രകോപനകാരി എന്ന് നോക്കേണ്ടതുണ്ട്? മോഹൻദാസ് കരംചന്ദ് ഗാന്ധി തന്റെ വാരികയായ യങ്‌ ഇന്ത്യയിൽ ഇങ്ങനെ എഴുതി –
“രംഗീലാ റസൂലിന്റെ സർക്കുലേഷൻ പിൻവലിക്കുകയും എഴുത്തുകാരനും പ്രസാധകനും നിയമപ്രകാരം ശിക്ഷിക്കപ്പെടുന്നതും പ്രാദേശിക നേതാക്കൾ ഉറപ്പാക്കണമെന്ന്.” ഇസ്‌ലാമിന്റെ സംരക്ഷകന്റെ റോൾ ഗാന്ധിജി സ്വയം ഏറ്റെടുത്തു. ഗീതയേയും മറ്റും അപകീർത്തിപെടുത്തുമ്പോൾ ഉണ്ടാവാത്ത ഈ ആത്മരോഷം പ്രവാചകനെ വിമർശിച്ചപ്പോൾ അദ്ദേഹത്തിൽ കണ്ടു.
കടുത്ത സുന്നി മുസ്ലീങ്ങളുടെ സമ്മർദ്ദത്തെത്തുടർന്ന് പഞ്ചാബ് സർക്കാർ മഹാശയ് രാജ്പാലിനെതിരെ കേസ് ഫയൽ ചെയ്യാൻ തീരുമാനിച്ചു. ആദ്യം ജില്ലാ കോടതി, പിന്നീട് സെഷൻസ് കോടതി, ഒടുവിൽ പഞ്ചാബ് ഹൈക്കോടതി എന്നിങ്ങനെ എല്ലാത്തരം കോടതികളിലും നിയമനടപടികൾ നാല് വർഷത്തിലേറെ നീണ്ടുനിന്നു. ഒന്നര വർഷത്തെ തടവിനും 1000 രൂപ പിഴയ്ക്കും ശിക്ഷിക്കപ്പെട്ട മഹാശയ് രാജ്പാൽ ജിയെ ഒടുവിൽ പഞ്ചാബ് ഹൈക്കോടതിയിലെ ജസ്റ്റിസ് ദുലീപ് സിംഗ് കുറ്റവിമുക്തനാക്കി. തന്റെ പുസ്തകമായ രംഗീലാ റസൂലിൽ പുതിയതായി ഒന്നുമില്ലെന്നും മുഴുവൻ വിവരങ്ങളും ഇസ്‌ലാമിക പണ്ഡിതരുടെ രചനകളിൽ നിന്ന് കടമെടുത്തതാണെന്നുമുള്ള മഹാശയ് രാജ്പാൽ ജിയുടെ അപേക്ഷയോട് അദ്ദേഹത്തിന്റെ മേലധികാരി യോജിച്ചു. മാത്രമല്ല, സത്യമായിരുന്നു രംഗീലാ റസൂലിന്റെ മുഖമുദ്ര.

അവിഭക്ത പഞ്ചാബിലെ മതഭ്രാന്തരായ മുസ്ലീങ്ങൾ ഇസ്ലാമിന്റെ പ്രവാചകനെ അപമാനിച്ചവനെ ശിക്ഷിക്കാൻ സ്വയം തീരുമാനിച്ചു. മുസ്‌ലിം പള്ളികളിലെ മുല്ലകൾ ദിവസം തോറും, ആഴ്ചതോറും ഇസ്‌ലാം അപകടത്തിൽ എന്ന വിഷയത്തിൽ മത പ്രബോധനങ്ങൾ നടത്തി. അവരുടെ ഉദ്ദേശ്യം മഹാശയ് രാജ്പാലിനെ കൊല്ലുക എന്നതായിരുന്നു. ഇൽംദീൻ എന്ന ഒരു മതഭ്രാന്തൻ 1929 ഏപ്രിൽ 6 ന് ഉച്ചകഴിഞ്ഞ്, മഹാശയ് ജി തന്റെ പുസ്തകക്കടയിൽ കിടക്കയിൽ വിശ്രമിക്കുമ്പോൾ, അവിടെ കടന്നു ചെന്ന് ഇരുതല മൂർച്ചയുള്ള നീളമുള്ള കത്തി മഹാശയ് രാജ്പാൽ ജിയുടെ വയറിലേക്ക് കുത്തിയിറക്കി. മഹാശയ് രാജ്പാൽ ജി അങ്ങനെ രക്തസാക്ഷിയായി.

നിയമപാലകർ ഇൽംദീനെ പിടികൂടി വിചാരണ നടത്തി മരണം വരെ തൂക്കിലേറ്റി.

വൈദികധർമ്മത്തിനെതിരെ അപവാദ പ്രചരണം നടത്തിയപ്പോൾ അതിനെ ആശയതലത്തിൽ പ്രതിരോധിക്കാൻ ശ്രമിച്ചതിനാണ് മഹാശയ് രാജ്പാലിന് തന്റെ ജീവൻ ബലിനൽകേണ്ടി വന്നത്. ഈ ബലിദാനം ഒരിക്കലും വ്യർത്ഥമാവില്ല.
ഈ രക്തസാക്ഷി ദിനത്തിൽ മഹാശയ് രാജ്പാലിന് ശ്രദ്ധാഞ്‌ജലി അർപ്പിച്ചു നമുക്ക് ധർമ്മ മാർഗ്ഗത്തിൽ മുന്നേറാം.

🙏

(കെ. എം. രാജൻ മീമാംസക്
ആര്യപ്രചാരക് & അധിഷ്ഠാതാവ്
വേദഗുരുകുലം)
https://aryasamajkerala.org.in

dayanand200

vedamargam2025

aryasamajamkeralam