വളരെ ഗഹനമായ തത്വങ്ങളാണ് ഓം എന്ന അക്ഷരം പ്രതിനിധാനം ചെയ്യുന്നത്. വേദം എന്ന വാക്കിനർത്ഥം ജ്ഞാനം അഥവാ അറിവ് എന്നാണ്. എല്ലാ അറിവുകളും ഓം എന്ന അക്ഷരത്തിൽ അടങ്ങിയിട്ടുണ്ട്. അന്ധകാരത്തിൽ നിന്നും പ്രകാശത്തിലേക്ക് പിടിച്ചുയർത്തുന്നതിന്റെ പ്രതീകമായാണ് ഓംകാരത്തെ കരുതി വരുന്നത്. അ,ഉ,മ് എന്നീ മൂന്നക്ഷരങ്ങളുടെ സങ്കലനമാണ് ഓംകാരമെന്നത്. ഇതിൽ അടങ്ങിയിരിക്കുന്ന ഓരോ അക്ഷരത്തിനും അതിന്റെ അർത്ഥ വ്യാപ്തിയുണ്ട് . ’അ’ ആദിമത്വത്തേയും ’ഉ’ ഉത്കർഷത്തെയും ’മ’ മിതിയേയും ചൂണ്ടിക്കാണിക്കുന്നു. അതിനാലാകണം ഓംകാരത്തെ സൃഷ്ടിസ്ഥിതിലയങ്ങളുടെ സങ്കല്പമായി വിശേഷിപ്പിക്കുന്നത്.
മഹർഷി ദയാനന്ദസരസ്വതി സത്യാർത്ഥപ്രകാശത്തിൽ വിശേഷിപ്പിക്കുന്നത് ഇപ്രകാരമാണ്. ഓം എന്നത് ഈശ്വരന്‍റെ സർവ്വാർത്ഥ വാചക ശബ്ദമാണ്. ഈ ശബ്ദം മൂന്ന് അക്ഷരങ്ങൾ ചേർന്നുണ്ടായതാണ് – അ, ഉ, മ്.
അകാരത്തിന് വിരാട് (വിവിധ ജഗത്തിനെ രചിക്കുന്നവൻ), അഗ്നി (ജ്ഞാന സ്വരൂപൻ), വിശ്വൻ (സർവ്വവ്യാപി) തുടങ്ങിയ അർത്ഥങ്ങളുണ്ട് (അകാരേണ വിരാഡഗ്നിവിശ്വാദീനി).
ഉകാരത്തിന് ഹിരണ്യഗർഭൻ (സൂര്യാദി പ്രകാശവസ്തുക്കളെ ഗർഭത്തിൽ ധരിക്കുന്നവൻ), വായു (അനന്തബലവാൻ) തൈജസൻ (എല്ലാറ്റിനും പ്രകാശം കൊടുക്കുന്നവൻ) തുടങ്ങിയ അർത്ഥങ്ങളുണ്ട് (ഉകാരേണ ഹിരണ്യഗർഭവായുതൈജസാദീനി).
മ്കാരത്തിന് ഈശ്വരൻ (അധീശൻ), ആദിത്യൻ (നാശരഹിതൻ), പ്രാജ്ഞൻ (സർവ്വജ്ഞൻ) തുടങ്ങിയ അർത്ഥങ്ങളുണ്ട് (മകാരേണേശ്വരാദിത്യപ്രാജ്ഞാദീനി).
വേദങ്ങളിലും ഉപനിഷത്തുകളിലും ഓം എന്ന അക്ഷരത്തെക്കുറിച്ച് പരാമർശമുണ്ടെങ്കിലും ഒരു നിർവചനം എന്ന നിലയിൽ എടുത്ത് കാണിക്കാവുന്നത് നചികേതസ്സിന് യമൻ ഉപദേശിക്കുന്ന കഠോപനിഷത്തിലെ മന്ത്രമാണ്.
സർവേ വേദാ യത് പദമാമനന്തി
തപാംസി സർവാണി ച യദ് വദന്തി Ι
യദിച്ഛന്തോ ബ്രഹ്മചര്യം ചരന്തി
തത്തേ പദം സംഗ്രഹേണ ബ്രവീമ്യോമിത്യേതത്ΙΙ
(കഠോപനിഷദ്, രണ്ടാം വല്ലി, പതിനഞ്ചാം മന്ത്രം )
സകല വേദങ്ങളും ഏതു പദത്തെക്കുറിച്ച് പ്രതിപാദിക്കുന്നുവോ, തപസ്സനുഷ്ഠിക്കുന്നവരെല്ലാം എന്തിനെക്കുറിച്ച് (വദന്തി)പറയുന്നുവോ, എന്ത് ഇച്ഛിച്ചു കൊണ്ട് ബ്രഹ്മചര്യം അനുഷ്ഠിക്കപ്പെടുന്നുവോ, അതേ പദത്തെ ചുരുക്കത്തിൽ (ബ്രവീമി) പറഞ്ഞു തരാം. (ഓം ഇത്യേതത്) – ഓം എന്നതാണത്. ഓം എന്ന അക്ഷരത്തിന്റെ പ്രാധാന്യം മനസ്സിലാക്കിത്തരാൻ ഉതകുന്ന ശ്ലോകമാണിത്. മാണ്ഡൂക്യോപനിഷദ് തുടങ്ങുന്നതു തന്നെ ഓം എന്ന അക്ഷരത്തെക്കുറിച്ച് പ്രതിപാദിച്ചുകൊണ്ടാണ്. പ്രണവം എന്നും ഓമിനെ വിശേഷിപ്പിക്കാറുണ്ട്. പ്രകർഷേണ നവം അതായത് എന്നും പുതുമയോട് കൂടിയത് എന്നർത്ഥം. ഓമിന്റെ മഹത്വം ഉൾക്കൊണ്ട് കൊണ്ടാണ് എല്ലാ മന്ത്രങ്ങൾക്ക് മുമ്പിലും ഓം എന്ന ശബ്ദം പ്രയോഗിക്കുന്നത്. അവ രക്ഷണഗതികാന്തിപ്രീതി…… (പാണിനീയ ധാതുപാഠം-1.396 ) എന്ന ധാതുവിനോട് മൻ പ്രത്യയം (അവതേ ഷ്ടിലോപശ്ച-ഉണാദി കോഷം-1.142) ചേർന്നാണ് ഓം ശബ്ദം സിദ്ധമാവുന്നത്. ‘അവതി രക്ഷതീത്യോമ്’ സർവ്വ രക്ഷകനായ ഈശ്വരന്റെ പേരാണ് ഓം.
🙏
കെ. എം. രാജൻ മീമാംസക്
ആര്യപ്രചാരക് & അധിഷ്ഠാതാവ് വേദഗുരുകുലം