- കെ. എം. രാജൻ മീമാംസക്
വേദധർമ്മ പ്രചാരണത്തിനുവേണ്ടി മഹത്തായ ത്യാഗം ചെയ്യാൻ തയ്യാറായ നിരവധി വേദപ്രചാരകരെ ആര്യസമാജം വാർത്തെടുത്തിട്ടുണ്ട്. അവരിൽ ഒരു പ്രമുഖനായിരുന്നു പണ്ഡിറ്റ് ലേഖ്റാം. വിക്രമ സംവത്സരം 1915 ൽ (1858) ചൈത്രമാസത്തിലെ അഷ്ടമി തിഥിയിൽ പഞ്ചാബിലെ ഝലം (Jhalam District) ജില്ലയിലെ സയാദ്പുർ ഗ്രാമത്തിലാണ് ലേഖ്റാം ജനിച്ചത്. അദ്ദേഹത്തിന്റെ മാതാപിതാക്കൾ ശ്രീ. താരാസിംഗ്, ശ്രീമതി. ഭാഗ്ഭാരി എന്നിവരായിരുന്നു. പഞ്ചാബിലെ ഒരു പോലീസ് ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം സർക്കാർ സേവനത്തിൽ നിന്ന് സ്വമേധയാ രാജിവെക്കുകയും വേദങ്ങളുടെ പ്രചാരണത്തിനായി സ്വജീവിതം സമർപ്പിക്കുകയും ചെയ്തു.
മുൻഷി കൻഹയ്യലാൽ അലഖ്ധാരിയുടെ രചനകളിൽനിന്ന് പ്രേരണനേടിയ അദ്ദേഹം മഹർഷി ദയാനന്ദ സരസ്വതിയെക്കുറിച്ചും ആര്യസമാജത്തെക്കുറച്ചും അറിഞ്ഞു. പെഷ്വാറിൽ (ഇപ്പോൾ പാക്കിസ്ഥാനിൽ) ആര്യസമാജം സ്ഥാപിച്ച അദ്ദേഹം പഞ്ചാബ് ആര്യപ്രതിനിധിസഭയുടെ മുഖ്യ പ്രഭാഷകൻ ആയി. മഹർഷി ദയാനന്ദ സരസ്വതിയുടെ ആധികാരിക ജീവിത ചരിത്രം എഴുതാൻ ആഗ്രഹിച്ച അദ്ദേഹം ഇതിനായി ദീർഘദൂരം സഞ്ചരിച്ച് ആര്യസമാജത്തിന്റെ സ്ഥാപകന്റെ ജീവിതത്തെക്കുറിച്ചുള്ള വിശദമായ വിവരണങ്ങൾ ശേഖരിച്ചു. പണ്ഡിറ്റ് ലേഖ്‌റാം മുപ്പത്തിമൂന്ന് പുസ്തകങ്ങൾ എഴുതി. അദ്ദേഹത്തിന്റെ എല്ലാ രചനകളും ഉറുദുവിലാണെങ്കിലും അവ ഹിന്ദിയിലേക്കും ചില പുസ്തകങ്ങൾ സിന്ധിയിലേക്കും ഇംഗ്ലീഷിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
ആര്യസമാജത്തെയും വേദമതത്തെയും കുറിച്ചുള്ള കാഴ്ചപ്പാടുകൾ ജനങ്ങൾക്കിടയിൽ അദ്ദേഹം ശക്തമായി അവതരിപ്പിച്ചു. ആശയതലത്തിൽ അദ്ദേഹത്തെ എതിർക്കാൻ ആരും ധൈര്യം കാണിച്ചില്ല. അദ്ദേഹത്തിന്റെ ജീവിതത്തിൽ നിന്നുള്ള പ്രചോദനാത്മകമായ നിരവധി സംഭവങ്ങൾ ആര്യസമാജ ചരിത്രത്തിന്റെ സുവർണ്ണ വരികളിൽ എഴുതിചേർത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ ജീവിതത്തിൽ നിന്നുള്ള ഒരു ചെറിയ സംഭവം ഇവിടെ ഉദ്ധരിക്കുന്നു.
വേദധർമ്മത്തിന്റെയും ശുദ്ധി പ്രസ്ഥാനത്തിന്റെയും (വേദമതത്തിലേക്ക് പരാവർത്തനം) തീവ്ര പ്രചാരകനായിരുന്നു അദ്ദേഹം. ഒരു നീണ്ട കാലത്തെ പ്രചാരണ പ്രവർത്തനങ്ങൾക്ക് ശേഷം ക്ഷീണിതനായി ഒരു ദിവസം വീട്ടിലേക്ക് മടങ്ങി. അവരുടെ ഏക മകൻ വളരെ രോഗിയാണെന്നും അദ്ദേഹത്തെ ഉടൻ ഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോകാൻ കഴിയുന്നില്ലെങ്കിൽ അയാളുടെ ജീവൻ അപകടത്തിലാകുമെന്നും ഭാര്യ പറഞ്ഞു. തന്റെ മകന്റെ രോഗത്തിന്റെ ഗൗരവം മനസ്സിലാക്കിയ അദ്ദേഹം ഭക്ഷണശേഷം ഉടൻ മകനെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ തീരുമാനിച്ചു. അദ്ദേഹം ഭക്ഷണം കഴിക്കാൻ ആരംഭിപ്പോൾ ഒരു കമ്പി സന്ദേശവും വഹിച്ചുകൊണ്ടുള്ള ഒരു പോസ്റ്റ്മാൻ അവിടെയെത്തി. പഞ്ചാബിലെ പട്യാല ജില്ലയിലെ പായൽ എന്ന ഗ്രാമത്തിൽ കുറച്ച് ഹിന്ദുക്കളെ ഇസ്ലാമിലേക്ക് മതം മാറ്റാൻ പോകുകയാണെന്നായിരുന്നു ആ കമ്പി സന്ദേശത്തിൽ. ഒരു നിമിഷം പോലും ചിന്തിക്കാതെ ഉടൻ തന്നെ അദ്ദേഹം ഭക്ഷണം ഉപേക്ഷിച്ച് അടുത്ത ട്രെയിനിൽ പായൽ ഗ്രാമത്തിലേക്ക് യാത്രയായി. പായൽ ഗ്രാമത്തിൽ ട്രെയിനിന് സ്റ്റോപ്പേജ് ഇല്ലെന്ന് കണ്ടപ്പോൾ, അദ്ദേഹം ഓടുന്ന ട്രെയിനിൽ നിന്ന് എടുത്തു ചാടി, ഗുരുതരമായ ശരീര പരിക്കുകളോടെ മതപരിവർത്തന വേദിയിലെത്തി. അദ്ദേഹം വിളിച്ചുപറഞ്ഞു `ഞാൻ പണ്ഡിറ്റ് ലേഖ്റാം. ആര്യ സമാജത്തിൽ നിന്നു വരുന്നു. നിങ്ങളുമായി ശാസ്ത്രാർത്ഥത്തിന് (മതസംവാദം) ഞാൻ തയ്യാറാണ്. വാദത്തിൽ നിങ്ങൾ എന്നെ പരാജയപ്പെടുത്തിയാൽ, ഈ പാവപ്പെട്ട ഹിന്ദുക്കളോടൊപ്പം ഞാനും ഇസ്‌ലാം സ്വീകരിക്കും. അല്ലെങ്കിൽ നിങ്ങൾ എല്ലാവരും വേദധർമ്മം സ്വീകരിക്കണം. ശാസ്ത്രാർത്ഥത്തിന്റെ അവസാനത്തിൽ എല്ലാവരും വേദമതം സ്വീകരിച്ചു.
അപ്പോഴേക്കും അദ്ദേഹത്തിന് മറ്റൊരു ടെലിഗ്രാം എത്തി. അദ്ദേഹത്തിന്റെ ഏകമകൻ അസുഖം ബാധിച്ച് മരിച്ചു എന്നതായിരുന്നു അതിലെ ഉള്ളടക്കം.
ഇന്ത്യയുടെ ഈ മഹാനായ മകൻ 1897 മാർച്ച് 6 ന് ഒരു മതഭ്രാന്തന്റെ കുത്തേറ്റ മുറിവുകളാൽ മരണമടഞ്ഞു. ഇന്ന് ആര്യമുസാഫിർ എന്ന പേരിൽ പ്രശസ്തനായിരുന്ന അദ്ദേഹത്തിന്റെ 126 ആം ബലിദാന ദിനമാണ്. ഈ അവസരത്തിൽ കൃണ്വന്തോ വിശ്വമാര്യമെന്ന സങ്കല്പത്തിന്റെ ദർശനം പൂർത്തീകരിക്കുന്നതിനായി അദ്ദേഹത്തിന്റ ഈ രക്തസാക്ഷി ദിനം (മാർച്ച് 6) നമുക്ക് പ്രേരണ നൽകട്ടെ.
🙏
കെ. എം. രാജൻ മീമാംസക്
ആര്യപ്രചാരക് & അധിഷ്ഠാതാവ്
വേദഗുരുകുലം, കാറൽമണ്ണ
dayanand200
വേദമാർഗം2025
ആര്യസമാജംകേരളം
TEAM VEDA MARGAM 2025