Arya Samaj Kerala Veda Gurukulam

രാമായണം ത്യാഗത്തിന്റെ ഇതിഹാസം : പണ്ഡിതരത്നം ഡോ. പി. കെ. മാധവൻ

Blog News

ആദികാവ്യമായ വാല്മീകി രാമായണം വേദപ്രതിപാദിതമായ ത്യാഗപ്രധാനമായ ജീവിതരീതിയെയാണ് ഉയർത്തികാട്ടുന്നതെന്ന് പണ്ഡിതരത്നം ഡോ.പി.കെ.മാധവൻ അഭിപ്രായപ്പെട്ടു. കാറൽമണ്ണ വേദഗുരുകുലത്തിൽ ഓണാഘോഷപരിപാടികളുടെ ഭാഗമായി നടന്ന കുടുംബസംഗമത്തിൽ പ്രഭാഷണം നടത്തുകയായിരിന്നു ഗുരുകുലത്തിന്റെ കുലപതികൂടിയായ അദ്ദേഹം. “വേദോപബൃംഹണാർത്ഥായ” എന്ന് വാല്മീകി മഹർഷി തന്നെ പറയുന്ന രാമായണപഠനം, ഇദം ന മമ – ഇതൊന്നും എന്റേതല്ല, എന്റെ സ്വാർത്ഥത്തിനു വേണ്ടിയല്ല എന്ന ധർമ്മ തത്ത്വത്തിലധിഷ്ഠിതമായ ലളിതജീവിതത്തിലേക്ക് ജനങ്ങളെ നയിക്കുന്നു. ലളിതജീവിതവും ത്യാഗവും സേവനവും ഇക്കാലത്ത്‌ ഏറെ പ്രസക്തിയുള്ള വിഷയങ്ങളാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വേദഗുരുകുലം അധ്യക്ഷൻ ശ്രീ.വി.ഗോവിന്ദ ദാസ് മാഷുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ വെച്ച് കാറൽമണ്ണ വേദഗുരുകുലം സ്കൂൾ വിദ്യാർത്ഥികൾക്കായി അന്താരാഷ്ട്രാടിസ്ഥാനത്തിൽ നടത്തിയ സൗജന്യ രാമായണം ഓൺലൈൻ മത്സരത്തിലെ വിജയികൾക്ക് പ്രമാണപത്രവും സമ്മാനങ്ങളും ഡോ.പി.കെ.മാധവൻ നൽകി. വേദഗുരുകുലം അധിഷ്ഠാതാവ് ആര്യപ്രചാരക് ശ്രീ.കെ.എം.രാജൻ സ്വാഗതവും കാറൽമണ്ണ ആര്യസമാജം അധ്യക്ഷൻ ശ്രീ.കെ.വി.ശ്രീധരൻ നന്ദിയും പ്രകാശിപ്പിച്ചു. ആചാര്യ വാമദേവ് ആര്യ അനുഗ്രഹ പ്രഭാഷണം നടത്തി. ഗുരുകുലത്തിലെ ബ്രഹ്മചാരികളുടെ സൂത്രാലാപനവും ഭഗവദ് ഗീതാ പാരായണവും നടന്നു.

രാമായണം മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ കുമാരി.അനഘ കെ.ജി (GVHS ചെർപ്പുളശ്ശേരി), കുമാരി.കീർത്തി കൃഷ്ണ വി.പി.(സരസ്വതി വിദ്യാനികേതൻ, മുളയങ്കാവ്) എന്നിവർ മറുപടി പ്രഭാഷണവും നടത്തി. മൂന്നാം സ്ഥാനം കരസ്ഥമാക്കിയ കുമാരി.ആദിത്യ എം.സി. (വേദവ്യാസ വിദ്യാപീഠം, അത്തോളി, കോഴിക്കോട്) ക്ക് ചടങ്ങിൽ പങ്കെടുക്കാൻ സാധിക്കാത്തതിനാൽ സമ്മാനത്തുകയും പ്രമാണപത്രവും തപാലിൽ അയച്ചു കൊടുത്തു. മത്സരത്തിൽ 60 ശതമാനമോ അതിലധികമോ മാർക്ക് നേടിയ എല്ലാവർക്കും ഗുരുകുലത്തിൽ നിന്നുള്ള പ്രമാണപത്രം തപാലിൽ അയച്ചുകൊടുക്കുന്നതാണ്. കുട്ടികൾക്കായി ‘വ്യാകരണ പ്രവേശിക’ എന്ന ഒരു ഓണ്ലൈൻ പഠനവും ഉടൻ ആരംഭിക്കുന്നതാണ് എന്ന് ഗുരുകുലം അധിഷ്ഠാതാവ് ശ്രീ.കെ.എം.രാജൻ അറിയിച്ചു.

വിഭവ സമൃദ്ധമായ ഓണ സദ്യയും ഉണ്ടായിരുന്നു. കോവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ വളരെ ലളിതമായാണ് ചടങ്ങ് സംഘടിപ്പിച്ചത്