Rigveda Free online lesson Learn Veda

ഋഗ്വേദ സ്വാധ്യായം 4

Blog Rigveda

ഋഗ്വേദ ഭാഷ്യം: മഹർഷി ദയാനന്ദ സരസ്വതി



മധുച്ഛന്ദാ വൈശ്വാമിത്ര ഋഷി:|അഗ്നിർദേവതാ| ഗായത്രീഛന്ദ:| ഷഡ്ജ: സ്വര:||  
അഗ്നേ യം യജ്ഞമധ്വരം വിശ്വതഃ പരിഭൂരസി|സ ഇദ്ദേവേഷു ഗച്ഛതി||           (ഋഗ്വേദം 1.1.4)

പദാർത്ഥം :

(അഗ്നേ) അല്ലയോ പരമേശ്വര! അങ്ങ് (വിശ്വതഃ)  സർവത്ര വ്യാപിച്ച് (യമ്) ഏതൊരു (അധ്വരമ്) ഹിംസ തുടങ്ങിയ ദോഷങ്ങളില്ലാത്ത (യജ്ഞമ്) വിദ്യ തുടങ്ങിയ പദാർത്ഥങ്ങളുടെ ദാനരൂപമായ യജ്ഞത്തെ (പരിഭൂഃ) എല്ലാ പ്രകാരത്തിലും പാലിക്കുന്നവനാണ്. (സ ഇത്) ആ യജ്ഞം (ദേവേഷു) വിദ്വാന്മാർക്കിടയിൽ (ഗച്ഛതി) പ്രചരിച്ച് ലോകത്തെ സുഖമയമാക്കുന്നു. അതേപോലെ (അഗ്നേഃ) ഭൗതികമാവുന്ന ഈ അഗ്നി (വിശ്വതഃ) പൃഥിവി തുടങ്ങിയ പദാർത്ഥങ്ങളോടൊപ്പം അനേക ദോഷങ്ങളിൽ നിന്ന് വേർപെട്ട് (യമ്) ഏതൊരു (അധ്വരമ്) വിനാശം തുടങ്ങിയ ദോഷങ്ങളില്ലാത്ത (യജ്ഞമ്) ശില്പവിദ്യാമയമായ യജ്ഞത്തെ (പരിഭൂഃ) എല്ലാ പ്രകാരത്തിലും സിദ്ധിപ്പിക്കുന്നു. (സ ഇത്) ആ യജ്ഞം (ദേവേഷു) ഉത്തമോത്തമ പദാർത്ഥങ്ങളിൽ (ഗച്ഛതി) എത്തിച്ചേർന്ന് എല്ലാവർക്കും ലാഭകാരിയായിത്തീരുന്നു.


ഭാവാർത്ഥം :

ഈ മന്ത്രത്തിൽ ശ്ലേഷാലങ്കാരമാണ് ഉപയോഗിച്ചിരിക്കുന്നത്. ഏതൊരു കാരണത്താലാണോ വ്യാപകനായ പരമേശ്വരൻ തന്റെ സത്തയാൽ മേൽപ്പറഞ്ഞ യജ്ഞത്തെ നിരന്തരം രക്ഷിച്ചു പോരുന്നത്, അക്കാരണത്താൽ തന്നെ ആ യജ്ഞം ഉത്തമോത്തമ ഗുണങ്ങളെ നൽകുന്നതിന്‌ കാരണമാവുന്നു. ഇപ്രകാരം ഉത്തമ ശില്പവിദ്യയെ ഉല്പന്നമാക്കുന്ന ദിവ്യഗുണയുക്തമായ അഗ്നിയേയും ഈശ്വരൻ രചിച്ചിരിക്കുന്നു. ആ ഗുണങ്ങളെ കേവലം ധാർമ്മികരും പരിശ്രമികളും വിദ്വാന്മാരുമായ മനുഷ്യർ മാത്രമേ പ്രാപിക്കുകയുള്ളൂ.


(തർജ്ജമ : ആര്യപ്രചാരകനും കാറൽമണ്ണ വേദഗുരുകുലം അധിഷ്ഠാതാവുമായ ശ്രീ. കെ.എം.രാജൻ)