Rigveda Free online lesson Learn Veda

ഋഗ്വേദ സ്വാധ്യായം 2

Blog Rigveda

ഒന്നാം മണ്ഡലം ഒന്നാം സൂക്തം രണ്ടാം മന്ത്രം
ഋഗ്വേദ ഭാഷ്യം: മഹർഷി ദയാനന്ദ സരസ്വതി


മധുച്ഛന്ദാ ഋഷി:|അഗ്നിർദേവതാ|പിപീലികാമധ്യാ നിചൃത്ഗായത്രീഛന്ദ:| ഷഡ്ജ: സ്വര:||  

അഗ്നി: പൂർവ്വേഭിര്ഋഷിഭിരീഡ്യോ നൂതനൈരുത|
സ ദേവാങ് ഏഹ വക്ഷതി ||2||

പദാർത്ഥാന്വയഭാഷ:  

(പൂർവ്വേഭി:) ഇപ്പോഴത്തെയും പ്രാചീനകാലത്തെയും പണ്ഡിതന്മാർ (നൂതനൈ:) വേദാർത്ഥത്തെ പഠിക്കുന്ന ബ്രഹ്മചാരിയും അതുപോലെ നവീന തർക്കങ്ങളിലും കാര്യങ്ങളിലും വ്യാപരിക്കുന്ന പ്രാണന്മാർ ( ഋഷിഭി:) മന്ത്രാർത്ഥങ്ങളെ ദർശിക്കുന്ന പണ്ഡിതർ, അവരുടെ തർക്കങ്ങളിലും കാരണങ്ങളിലും വർത്തിക്കുന്ന പ്രാണന്മാർ എന്നിവർക്കെല്ലാം (അഗ്നി:) ആ പരമേശ്വരൻ (ഈഡ്യ:) സ്തുതിക്കാൻ യോഗ്യനാണ്. അതുപോലെ ഭൗതികാഗ്നി നിത്യവും അന്വേഷണ യോഗ്യവുമാണ്.
         പ്രാചീനരും നവീനരുമായ ഋഷിമാർക്ക് ഇതാണ് പ്രമാണം – ഋഷിപ്രശംസാ ചൈവമുച്ചാവചൈരഭിപ്രായൈർ ഋഷീണാം മന്ത്രദൃഷ്ടയോ ഭവന്തി |                              (നിരുക്തം – 7.3)
ആ ഋഷിമാർ ഗൂഢവും അൽപ്പാഭിപ്രായയുക്തവുമായ മന്ത്രങ്ങളുടെ അർത്ഥങ്ങളെ യഥാവിധി മനസ്സിലാക്കുന്നതിനാൽ പ്രശംസിക്കപ്പെടാൻ യോഗ്യരാണ്.  കൂടാതെ ആ ഋഷിമാരുടെ മന്ത്രദൃഷ്ടിയിൽ അതായത് അവരുടെ അർത്ഥവിചാരത്തിൽ പുരുഷാർത്ഥത്തിൽ നിന്ന് യഥാർത്ഥ ജ്ഞാനവും വിജ്ഞാനത്തിന്റെ പ്രവൃത്തിയുമുണ്ടാകുന്നു എന്നതാണ്. അതിനാൽ അവർ സൽക്കരിക്കാൻ യോഗ്യരുമാണ്. സാക്ഷാത്കൃതധർമ്മാണ ഋഷയോ ബഭൂവുസ്തേfവരേഭ്യോfസാക്ഷാത്‌കൃതധർമ്മഭ്യ ഉപദേശേന മന്ത്രാൻസംപ്രാദുരുപദേശായ ഗ്‌ളായന്തോfവരേബിൽമഗ്രഹണായേമം ഗ്രന്ഥം സമാമ്നാസിർവേദം ച വേദാങ്ഗാനി ച ബിൽമം ഭിൽമം ഭാസനമിതി വാ|                           ( നിരുക്തം – 1.20)
ആരെല്ലാമാണോ ധർമ്മാധർമ്മങ്ങളെ ശരിയായവണ്ണം പരീക്ഷിക്കുന്ന ധർമ്മാത്മാക്കളും യാഥാർത്ഥവക്താക്കളും ആയിരുന്നത്, അതേപോലെ ആരെല്ലാമാണോ സർവ്വവിദ്യകളും യഥാവിധി മനസ്സിലാക്കിയിരുന്നത് അവർ മാത്രമാണ് ഋഷികളായിരുന്നത്. ആരെല്ലാമാണോ മന്ത്രാർത്ഥങ്ങളെ ശരിയാംവണ്ണം അറിയാതിരുന്നതും അറിയാൻ സാമർത്ഥ്യമില്ലാത്തവരുമായിരുന്നത്, അവർക്ക് തങ്ങളുടെ ഉപദേശങ്ങളാൽ വേദമന്ത്രങ്ങളുടെ അർത്ഥസഹിതം ഉപദേശം ചെയ്‌തുകൊണ്ടിരിക്കുന്നത്, ഉത്തരോത്തരം തലമുറതലമുറകൾക്കായി വേദാർത്ഥത്തിന്റെ പ്രചാരം ഉന്നതിയോടെ നിലനിൽക്കാനും അതുപോലെ ഓരോ മനുഷ്യനും തന്റെയും മേല്പറഞ്ഞ ഋഷിമാരുടെയും എഴുതപ്പെട്ട വ്യാഖ്യാനം കേൾക്കാനായി തങ്ങളുടെ ബുദ്ധിക്ഷയത്താൽ ഗ്ളാനിയെ പ്രാപിക്കാതിരിക്കാനുമായുള്ള പ്രയോജനത്തിനാണ്. ഇതിന്റെ സഹായത്തിനായി അതായത് അവർക്ക് സുഗമതയാൽ വേദാർത്ഥ ജ്ഞാനമുണ്ടാകുന്നതിനായി ആ ഋഷിമാർ നിഘണ്ടു, നിരുക്തം തുടങ്ങിയ ഗ്രന്ഥങ്ങളെ ഉപദേശിച്ചു. തന്മൂലം എല്ലാ മനുഷ്യർക്കും വേദ – വേദാങ്ഗങ്ങളുടെ യഥാർത്ഥ ബോധമുണ്ടാകുന്നു.
പുരസ്താൻമനുഷ്യാ വാ ഋഷിഷൂത്ക്രാമത്സു ദേവാനബ്രുവൻകോ ന ഋഷിർഭവിഷ്യതീതി| തേഭ്യ ഏതം തർക്കമൃഷിം പ്രായച്ഛൻ മന്ത്രാർത്ഥചിന്താഭ്യൂഹമഭ്യൂഢമ്|
                              (നിരുക്തം – 13.12)
ഈ പ്രമാണത്താൽ ഇവിടെ ഋഷിശബ്ദത്തിന്റെ അർത്ഥം തർക്കമാണെന്നു വ്യക്തമാവുന്നു.
അവിജ്ഞാതതത്ത്വേfർത്ഥേ കാരണോപപത്തിതസ്തത്ത്വജ്ഞാനാർത്ഥമൂഹസ്തർക്ക:|
                       (ന്യായദർശനം – 1.1.40)
ന്യായശാസ്ത്രത്തിൽ ഗൗതമമുനി തർക്കത്തിന്റെ ലക്ഷണം ഇപ്രകാരമാണ് പറഞ്ഞിരിക്കുന്നത്. ഇതിൽനിന്നു മനസ്സിലാവുന്നത് ഏതൊന്നാണോ സിദ്ധാന്തത്തെ ഗ്രഹിക്കാനായി വിചാരിക്കുന്നത് അതിന്റെ പേരാണ് തർക്കം. ‘പ്രാണാ ഋഷയഃ’ |
        (ശതപഥ ബ്രാഹ്മണം 7.2.1.5)
ഇത്തരത്തിലുള്ള ശതപഥ ബ്രാഹ്മണ പ്രമാണങ്ങളാൽ ഋഷി ശബ്ദത്തെ പ്രാണൻ, ദേവൻ എന്നീ അർത്ഥങ്ങളാൽ വ്യാഖ്യാനിക്കുമ്പോൾ ഋതുക്കൾ എന്ന് സിദ്ധിക്കുന്നു. (ഋതവോ വൈ ദേവാഃ – ശതപഥ ബ്രാഹ്മണം 7.2.2.26).
(സ: ഉത) ആ പരമേശ്വരൻ (ഇഹ) ഈ ലോകത്തിലോ അഥവാ ഈ ജന്മത്തിലോ (ദേവാൻ) ഉത്തമോത്തമ ഇന്ദ്രിയങ്ങൾ, വിദ്യ തുടങ്ങിയ ഗുണങ്ങളേയും ഭൗതികാഗ്നിയേയും നല്ല നല്ല ഭോഗ്യപദാർത്ഥങ്ങളേയും (ആ വക്ഷതി) പ്രാപിപ്പിക്കുന്നു.
   (അഗ്നി: പൂർവ്വേ……) ഈ മന്ത്രത്തിന്റെ അർത്ഥം നിരുക്തകാരൻ ചെയ്തതുപോലെ തന്നെ ഇവിടെ എഴുതിയിരിക്കുന്നു. 

ഭാവാർത്ഥം:-

ഏതെല്ലാം മനുഷ്യരാണോ എല്ലാ വിദ്യകളും പഠിച്ച് മറ്റുള്ളവരെ പഠിപ്പിക്കുന്നതും തന്റെ ഉപദേശങ്ങളാൽ എല്ലാവർക്കും ഉപകാരം ചെയ്യുന്നവരും അഥവാ ചെയ്തവരും ആകുന്നത് അവർ പൂർവ്വശബ്ദത്താൽ ഗ്രഹിക്കുന്നു. ഇപ്പോൾ പഠിക്കുന്ന വിദ്യോപാസകരായ അഭ്യാസികൾ നൂതന ശബ്ദത്താൽ ഗ്രഹിക്കപ്പെടുന്നു. അവരെല്ലാവരും പൂർണ്ണ പണ്ഡിതരും ശുഭഗുണങ്ങളുമുള്ളവരുമായതിനാൽ  ഋഷിമാർ എന്നറിയപ്പെടുന്നു. എന്തെന്നാൽ ആരെല്ലാമാണോ മന്ത്രാർത്ഥങ്ങളെ അറിഞ്ഞുകൊണ്ട് ധർമ്മത്തിന്റെയും വിദ്യയുടേയും പ്രചാരവും തന്റെ സത്യോപദേശത്താൽ എല്ലാവർക്കും കൃപചൊരിയുന്ന നിഷ്കപടരായവരും പുരുഷാർത്ഥം ചെയ്യുന്നവരും ധർമ്മത്തിന്റെ സിദ്ധിക്കായി ഈശ്വരോപാസന ചെയ്യുന്നവരും കാര്യസിദ്ധിക്കായി ഭൗതികാഗ്നിയുടെ ഗുണങ്ങളെ അറിഞ്ഞു തങ്ങളുടെ കർമ്മങ്ങളെ സിദ്ധിപ്പിക്കുന്നവരും അതേപോലെ പ്രാചീനരും നവീനരുമായ വിദ്വാന്മാരുടെ തത്ത്വങ്ങളെ അറിയുന്നതിനുവേണ്ടി യുക്തി പ്രമാണങ്ങളാൽ സിദ്ധിച്ച തർക്കത്താലും, കാരണ – കാര്യ ജഗത്തിൽ വസിക്കുന്ന പ്രാണന്മാർ എന്നിവയാലും ഈശ്വരനേയും ഭൗതികാഗ്നിയേയും ഗുണങ്ങളോടൊപ്പം അന്വേഷിക്കാൻ യോഗ്യമാണ്. സർവ്വജ്ഞനായ പരമേശ്വരൻ പൂർവ ത്തിലേയും വർത്തമാനത്തിലേയും അതായത്‌ ത്രികാലസ്ഥരായ ഋഷിമാരെ തന്റെ സർവ്വജ്ഞതയാൽ അറിഞ്ഞുകൊണ്ട് ഈ മന്ത്രത്തിൽ പരമാർത്ഥം, വ്യവഹാരം എന്നീ  രണ്ടു വിദ്യകൾ പ്രദർശിപ്പിച്ചിട്ടുണ്ട്. ഇതിൽ നിന്നോ അഥവാ ഇതിലോ ഭൂത ഭവിഷ്യകാലങ്ങളുടെ വിഷയങ്ങളെ പറയുന്നതിൽ ദോഷം വരികയില്ല. എന്തെന്നാൽ വേദം സർവ്വജ്ഞനായ പരമേശ്വരന്റെ വചനമാണ്. ആ പരമേശ്വരൻ ഉത്തമഗുണങ്ങളേയും അതേപോലെ ഭൗതികാഗ്നിയെ വ്യവഹാരകാലങ്ങളിൽ സംയുക്തമാക്കിക്കൊണ്ട് ഉത്തമോത്തമ ഭോഗപദാർത്ഥങ്ങളെ നല്കുന്നവനാണ്. പഴയ പദാർത്ഥത്തെ അപേക്ഷിച്ച് പുതിയ പദാർത്ഥം നവീനവും പുതിയതിനെ അപേക്ഷിച്ച് ആദ്യത്തേത് പുരാതനവുമാകുന്നു.
നോക്കിയാലും, നിരുക്തകാരനും ഇതേ അർത്ഥത്തിലാണ്‌ ഈ മന്ത്രത്തെ വ്യാഖ്യാനിച്ചിരിക്കുന്നത്. പ്രാകൃത ജനങ്ങൾ അതായത് അജ്ഞാനികൾ ഏതൊരു പ്രസിദ്ധമായ ഭൗതികാഗ്നിയെ പാചകം ചെയ്യുക തുടങ്ങിയ കാര്യങ്ങൾക്കായി സ്വീകരിക്കുന്നു ഇത്തരത്തിലുള്ള അർത്ഥം ഈ മന്ത്രത്തിൽ നിന്ന് ഗ്രഹിക്കരുത്. മറിച്ച് എല്ലാറ്റിനെയും പ്രകാശിപ്പിക്കുന്ന പരമേശ്വരനേയും എല്ലാവിദ്യകളുടേയും ഹേതുവായി വർത്തിക്കുന്ന ‘വിദ്യുത്’ എന്ന പേരിലുള്ള ആ ഭൗതികാഗ്നിയേയും ഇവിടെ അഗ്‌നിശബ്ദത്താൽ വിശേഷിപ്പിക്കുന്നു. 
( അഗ്നി: പൂർവ്വേ….) ഈ മന്ത്രത്തിന്റെ വ്യാഖ്യാനം നവീന വ്യാഖ്യാതാക്കൾ യഥാവിധിയല്ല ചെയ്തിരിക്കുന്നത്. ഉദാഹരണമായി സായണാചാര്യൻ ഈ മന്ത്രത്തെ ഇപ്രകാരമാണ് വ്യാഖ്യാനിച്ചിരിക്കുന്നത്. (പുരാതനൈർഭൃഗ്വങ്ഗിരഃപ്രഭൃതിഭിർനൂതനൈരുതേദാനീംതനൈരസ്മാഭിരപി സ്തുത്യഃ | ദേവാൻ ഹവിർഭുജ ആവക്ഷതി|) പ്രാചീനരായ ഭൃഗു, അങ്ഗിരസ് തുടങ്ങിയവർക്കും നവീനർക്കും അതായത് നമുക്കും അഗ്നിയെ സ്തുതിക്കുക എന്നത് ഉചിതമാണ്. അത് ദേവതകൾക്ക് ഹവിസ്സ്, അതായത് ഹോമിക്കപ്പെട്ട പദാർത്ഥങ്ങളെ അവർക്ക് ഭക്ഷിക്കാനായി എത്തിച്ചുകൊടുക്കുന്നു. ഇപ്രകാരം തന്നെയാണ് യൂറോപ്യരും ആര്യാവർത്തത്തിലെ നവീനരും ഇംഗ്ലീഷ് ഭാഷയിൽ എഴുതിയിരിക്കുന്നത്. അതേപോലെ കപോലകല്പിത ഗ്രന്ഥങ്ങളിൽ ഇപ്രകാരം തന്നെ തുടർന്നുകൊണ്ടിരിക്കുന്നു. ഈശ്വരപ്രകാശിതമായ അനാദിയായ വേദങ്ങളുടെ ഇപ്രകാരത്തിലുള്ള വ്യാഖ്യാനം ക്ഷുദ്രാശയവും നിരുക്തം, ശതപഥം തുടങ്ങിയ സത്യഗ്രന്ഥങ്ങളിൽ നിന്ന് വിരുദ്ധവുമാണ്. ഇത് എപ്രകാരമാണ് സത്യമാവുക എന്നുള്ളത് ആശ്ചര്യജനകമാണ്


(തർജ്ജമ : ആര്യപ്രചാരകനും കാറൽമണ്ണ വേദഗുരുകുലം അധിഷ്ഠാതാവുമായ ശ്രീ. കെ.എം.രാജൻ)