Rigveda Learn Veda Arya Samaj Kerala

ഋഗ്വേദ സ്വാധ്യായം – ഒന്നാം മണ്ഡലം ഒന്നാം സൂക്തം ഒന്നാം മന്ത്രം

Blog Rigveda

ഋഗ്വേദ ഭാഷ്യം: മഹർഷി ദയാനന്ദ സരസ്വതി

ഋഗ്വേദം ഒന്നാം മണ്ഡലം, ഒന്നാം സൂക്തം, ഒന്നാമത്തെ മന്ത്രം

മധുച്ഛന്ദാ ഋഷി:|അഗ്നിർദേവതാ|ഗായത്രീ ച്ഛന്ദ:|ഷഡ്ജ: സ്വര:||

അഗ്നിമീളേ പുരോഹിതം യജ്ഞസ്യ ദേവമൃത്വിജമ്|
ഹോതാരം രത്നധാതമമ് ||
(ഋഗ്വേദം 1.1.1)

പദാർത്ഥാന്വയ ഭാഷ :– (യജ്ഞസ്യ) ഞങ്ങൾ പണ്ഡിതന്മാരുടെ സൽക്കാരം, സംഗമം, മഹിമ, കർമ്മം, എന്നിവയെ (ഹോതാരം) നൽകുന്നവനും ഗ്രഹിക്കുന്നവനുമായ (പുരോഹിതം) ഉല്പത്തിസമയത്തിനുമുമ്പ് പരമാണു മുതലായ സൃഷ്ടിയെ ധാരണം ചെയ്യുന്നവനും (ഋത്വിജം) ഉല്പത്തിസമയത്ത് വീണ്ടും വീണ്ടും സ്ഥൂല സൃഷ്ടിയെ രചിക്കുന്നവനും എല്ലാ ഋതുക്കളിലും ഉപാസിക്കുവാൻ യോഗ്യനായ (രത്നധാതമമ്) നിശ്ചയമായും മനോഹരമായ പൃഥിവിയേയും സുവർണ്ണം മുതലായ രത്നങ്ങളെയും ധാരണം ചെയ്യുന്നവനും അഥവാ (ദേവമ്) നൽകുന്നവനും എല്ലാ പദാർത്ഥങ്ങളെയും പ്രകാശിപ്പിക്കുന്നവനുമായ പരമേശ്വരനെ (ഈളേ) സ്തുതിക്കുന്നു.

അതേപോലെ ഉപകാരത്തിനായി (യജ്ഞസ്യ) ഞങ്ങൾ വിദ്യാദി ദാനങ്ങളാലും ശില്പ്രക്രിയകളാലും ഉല്പന്നമാക്കാൻ യോഗ്യമായ പദാർത്ഥങ്ങളെ (ഹോതാരം) നൽകുന്നവനും അതുപോലെ (പുരോഹിതമ്) ഈ പദാർത്ഥങ്ങളെ ഉല്പന്നമാക്കുന്നതിനു മുമ്പും ഛേദനം, ധാരണം, ആകർഷണം മുതലായ ഗുണങ്ങളെ ധാരണം ചെയ്യുന്നവനും (ഋത്വിജമ്) ശില്പവിദ്യാ സാധനങ്ങൾക്കായി (രത്നധാതമമ്) ഉത്തമോത്തമ സുവർണ്ണം മുതലായ രത്നങ്ങളെ ധാരണം ചെയ്യിക്കുന്നവനും (ദേവമ്) യുദ്ധം തുടങ്ങിയവയിൽ കലായുക്തമായ ആയുധങ്ങളാൽ വിജയിക്കുന്നവനുമായ ഭൗതിക അഗ്നിയെ (ഈളേ) വീണ്ടും വീണ്ടും ഇച്ഛിക്കുന്നു.

ഇവിടെ അഗ്നി ശബ്ദത്തിന് രണ്ട് അർത്‌ഥം നൽകിയതിന്റെ പ്രമാണങ്ങൾ ഇപ്രകാരമാണ് –
ഇന്ദ്രം മിത്രം വരുണമഗ്നിമാഹുരഥോ ദിവ്യഃ സ സുവർണോ ഗരുത്മാൻ| ഏകം സദ്വിപ്രാ ബഹുധാ വദന്ത്യഗ്നിം യമം മാതരിശ്വാനമാഹുഃ|| (ഋഗ്വേദം 1.164. 46). ഈ ഋഗ്വേദ മന്ത്രത്താൽ ഏകനായ സദ്ബ്രഹ്മത്തിന് ഇന്ദ്രൻ തുടങ്ങിയ അനേകം നാമങ്ങൾ ഉണ്ട് എന്ന് മനസ്സിലാവുന്നു. [തദേവാഗ്നിസ്ത ദാദിത്യസ്തദ്വായുസ്തദു ചന്ദ്രമാ:! തദേവ ശുക്രം തദ്‌ ബ്രഹ്മ താ ആപ: സ പ്രജാപതിഃ|| (യജുർവേദം 32.1)]. ഈ യജുർവേദ മന്ത്രത്താലും അഗ്നി തുടങ്ങിയ നാമങ്ങളുള്ളവനും സച്ചിദാനന്ദാദി ലക്ഷണങ്ങളുള്ളവനുമായ ബ്രഹ്മത്തെ അറിയേണ്ടതാണ്. (ബ്രഹ്മാഹ്യഗ്നി:| (ശതപഥ ബ്രാഹ്മണം 1.4.2.11) ആത്മാ വാ അഗ്നി:|(ശതപഥ ബ്രാഹ്മണം 1.2.3.2)] മുതലായ ശതപഥബ്രാഹ്മണത്തിന്റെ പ്രമാണങ്ങളാൽ അഗ്നി ശബ്ദം ബ്രഹ്മം, ആത്മാവ് എന്നീ രണ്ടർത്ഥങ്ങളെ സൂചിപ്പിക്കുന്നതാണ്. (അയം വാ അഗ്നി: പ്രജാശ്ച പ്രജാതിശ്ച| (ശതപഥ ബ്രാഹ്മണം 9.1.2.42)] ഈ പ്രമാണത്തിൽ അഗ്നി ശബ്ദത്തെ പ്രജാശബ്ദമായി കരുതി ഭൗതികമായും, പ്രജാപതി ശബ്ദത്താൽ ഈശ്വരനായും ഗ്രഹിക്കുന്നു. (അഗ്നിർവൈ ദേവാനാം വ്രതപതി:| ഏതദ്ധാ വൈ ദേവാ വ്രതം ചരന്തി യത്സത്യമ്| (ശതപഥ ബ്രാഹ്മണം 1.1.1.2, 5) ഈ പ്രമാണത്താൽ സത്യാചാരണ നിയമങ്ങളുടെ യഥാവിധി പാലനത്തെയാണ് വ്രതമെന്നു വിളിക്കുന്നത്. ഈ വ്രതത്തിന്റെ പതി പരമേശ്വരനാണ്. [ത്രിഭിഃ പവിത്രൈരപൂപോഹ്യർക്കം ഹൃദാ മതിം ജ്യോതിരനു പ്രജാജൻ| വർഷിഷ്‌ഠം രത്ന മകൃത സ്വധാഭിരാദിദ് ദ്യാവാപൃഥിവീ പര്യപശ്യത്|| (ഋഗ്വേദം 3.26.8)]. ഈ ഋഗ്വേദ പ്രമാണത്താൽ, ജ്ഞാനി, സർവജ്ഞനായ പ്രകാശം ചൊരിയുന്നവൻ എന്നീ വിശേഷണങ്ങളായി അഗ്നി ശബ്ദത്തെ കരുതി ഈശ്വരനെ ഗ്രഹിക്കുന്നു.

യാസ്കമുനിരത്രോഭയത്രാർഥകരണായാഗ്നിശബ്ദപുര:സരമേതൻമന്ത്രമേവം വ്യാചഷ്ടേ – അഗ്നി: കസ്മാദഗ്രണീർഭവത്യഗ്രം യജ്ഞേഷു പ്രണീയതേfങ്ഗം നയതി സന്നമമാനോfക്നോപനോ ഭവതീതി സ്ഥൈൗലാഷ്ഠീവിർന ക്നോപയതി ന സ്നേഹയതി | ത്രിഭ്യ ആഖ്യാതേഭ്യോ ജായത ഇതി ശാകപൂണി:| ഇതാദക്താദ് ദഗ്ധാദ്വാ നീതാത് |സ ഖല്വേതരകാരമാദത്തേ ഗകാരമനക്തേർവാ ദഹതേർവാ നീ: പര:| തസ്യൈഷാ ഭവതി – അഗ്നിമീളേ fഗ്നിം യാചാമീളിരധ്യേഷണാകർമ്മാ പൂജാകർമ്മാ വാ ദേവോ യോ ദേവ: സാ ദേവതാ| ഹോതാരം ഹ്വാതാരം ജുഹോതേർ ഹോതേത്യൗർണവാഭ: രത്നധാതമം രമണീയാനാം ധനാനാം ദാതൃതമമ്|
(നിരുക്തം 7.14-15)

നിരുക്തകാരനായ യാസ്കമുനിയും അഗ്നി ശബ്ദത്തിന് ഈശ്വരൻ, ഭൗതികം എന്നീ പക്ഷങ്ങളിൽ വ്യത്യസ്തമായി വ്യാഖ്യാനിച്ചിട്ടുണ്ട്. ഇത് സംസ്കൃത ഭാഷ്യത്തിൽ നിന്ന് യഥാവിധി അറിയേണ്ടതാകുന്നു. എന്നാൽ സൗകര്യത്തിനായി ഇത് സംക്ഷിപ്തമായി ഇവിടെ പറയുന്നു. സ്ഥൗലാഷ്ഠീവി ഋഷിയുടെ അഭിപ്രായമനുസരിച്ച് അഗ്നി ശബ്ദത്തിന് അഗ്രണി = ഏറ്റവും ഉത്തമമായ പദാർത്ഥം എന്നാണ് അർത്ഥം കൊടുത്തിരിക്കുന്നത്. അതായത് ഏതൊന്നിന്റേ പ്രതിപാദനമാണോ എല്ലാ യജ്ഞങ്ങളിലും ആദ്യമുണ്ടാവുന്നത് അത് എല്ലാറ്റിലും വെച്ച് ഉത്തമം തന്നെയായിരിക്കും. ഇക്കാരണത്താൽ അഗ്നി ശബ്ദത്താൽ ഈശ്വരൻ, ദാഹഗുണമുള്ള ഭൗതികാഗ്നി എന്നീ അർത്ഥങ്ങൾ ഗ്രഹിക്കപ്പെടുന്നു.

പ്രശാസിതാരം സർവ്വേഷാമണീയാംസമണോരപി|രുക്മാഭം സ്വപ്നധീഗമ്യം വിദ്യാത്തം പുരുഷം പരമ്||1|| ഏതമേകേ വദന്ത്യഗ്നിം മനുമന്യേ പ്രജാപതിമ്| ഇന്ദ്രമേകേfപരേ പ്രാണമപരേ ബ്രഹ്മ ശാശ്വതമ് ||2||
(മനുസ്മൃതി 12.122.123)

മനുവിന്റെ ഈ രണ്ടു ശ്ലോകങ്ങളിലും പരമേശ്വരന്റെ അഗ്നി മുതലായ നാമങ്ങൾ പ്രസിദ്ധമാണ്.
ഈളേ അഗ്നിം വിപശ്ചിതം ഗിരാ യജ്ഞസ്യ സാധനമ്| ശ്രുഷ്ടീവാനം ധിതാവാനമ്|| (ഋഗ്വേദം – 3.27.2)

ഈ ഋഗ്വേദപ്രമാണത്താലും ആ അനന്ത വിദ്യായുക്തൻ, ചേതനസ്വരൂപൻ എന്നീ ഗുണങ്ങളുള്ള പരമേശ്വരനെ ഗ്രഹിക്കുന്നു.

ഇനി ഭൗതികാർത്ഥങ്ങളെ ഗ്രഹിക്കുന്നതിനുള്ള പ്രമാണങ്ങൾ നൽകാം.
യദശ്വം തം പുരസ്താദുദശ്രയംസ്തസ്യാഭയേനാഷ്ട്രേനിവാതേfഗ്നിരജായത തസ്മാദ്യത്രാഗ്നിം മന്ഥിഷ്യന്ത്സ്യാത്ത ദശ്വമാനേതവൈ ബ്രൂയാത്| സ പൂർവ്വേണോപതിഷ്ഠതേ വജ്രമേവൈതദുച്ഛ്രയന്തി തസ്യാഭയേ നാഷ്ട്രേ നിവാതേfഗ്നിർജായതേ|
(ശതപഥബ്രാഹ്മണം 2.1.4.16)

വൃഷോ അഗ്നി:| അശ്വോ ഹ വാ ഏഷ ഭൂത്വാ ദേവേഭ്യോ യജ്ഞം വഹതി|

(ശതപഥബ്രാഹ്മണം 1.3.3.29-30)

ഇതുപോലുള്ള ശതപഥബ്രാഹ്മണത്തിന്റെ പ്രമാണങ്ങളാലും അഗ്നി ശബ്ദത്താൽ ഭൗതികാഗ്നിയുടെ ഗ്രഹണമുണ്ടാവുന്നു. ഈ അഗ്നി കാളക്കു സമാനം എല്ലാ ദേശദേശാന്തരങ്ങളിലും എത്തിപ്പിക്കുന്നതായതിനാൽ വൃഷം, അശ്വം എന്നിങ്ങനെയും അറിയപ്പെടുന്നു. എന്തെന്നാൽ അത് കലകളാൽ അശ്വം – അതായത് ശീഘ്രം ചലിപ്പിക്കുന്നതായതിനാൽ ശില്പവിദ്യയെ അറിയുന്ന വിദ്വാന്മാരുടെ വിമാനം മുതലായ യാനങ്ങളെ വേഗത്താൽ വാഹനങ്ങൾക്ക് സമാനം ദൂരദേശങ്ങളിലേക്ക് എത്തിക്കുന്നു. തൂർണിർഹവ്യവാഡിതി (ശതപഥബ്രാഹ്മണം – 1.3.4.12). ഈ പ്രമാണത്താലും ഭൗതികാഗ്നിയുടെ ഗ്രഹണമുണ്ടാകുന്നു. എന്തെന്നാൽ അത് പറയപ്പെട്ട ശീഘ്രത തുടങ്ങിയ ഹേതുക്കളാൽ ഹവ്യവാട്, തൂർണി എന്നിങ്ങനെ അറിയപ്പെടുന്നു. അഗ്നിർവൈ യോനിർയജ്ഞസ്യ (ശതപഥബ്രാഹ്മണം 1.4.3.11). ഇത്തരത്തിലുള്ള മറ്റനേകം പ്രമാണങ്ങളാലും അശ്വനാമത്താൽ ഭൗതികാഗ്നിയെ ഗ്രഹിക്കുന്നു.

വൃഷോ അഗ്നി: സമിധ്യതേfശ്വോ ന ദേവവാഹന:| തം ഹവിഷ്മന്ത ഈളതേ||
(ഋഗ്വേദം 3.27.14)

ഈ ഭൗതികാഗ്നിയെ ശില്പവിദ്യാവിദഗ്ദ്ധരായ പണ്ഡിതർ യന്ത്രകലകളാൽ സവാരികളിൽ പ്രദീപ്‌തമാക്കി യോജിപ്പിക്കുന്നു. അപ്പോൾ (ദേവവാഹനഃ) ആ സവാരികളിൽ ഇരിക്കുന്ന പണ്ഡിതരെ ദേശദേശാന്തരങ്ങളിൽ കാളകൾക്കോ കുതിരകൾക്കോ സമാനം വേഗത്തിൽ എത്തിക്കുന്നതാകുന്നു. അല്ലയോ മനുഷ്യരേ! നിങ്ങൾ (ഹവിഷ്മന്തമ്) വേഗാദി ഗുണങ്ങളുള്ള അശ്വരൂപമായ അഗ്നിയുടെ ഗുണങ്ങളെ (ഈളതേ) അന്വേഷിച്ചാലും. ഈ പ്രമാണത്തിലും ഭൗതികാഗ്നിയെ ഗ്രഹിക്കുന്നു.

ഭാവാർത്ഥം

ശ്ലേഷാലങ്കാരമുപയോഗിച്ച ഈ മന്ത്രത്തിൽനിന്ന് രണ്ടുതരത്തിലുള്ള അർത്ഥങ്ങൾ ഗ്രഹിക്കാവുന്നതാണ്. പിതാവിനു സമാനമായ കൃപചൊരിയുന്ന പരമേശ്വരൻ സമസ്ത ജീവജാലങ്ങളുടേയും ഹിതത്തിനും എല്ലാവിദ്യകളേയും അറിയുവാൻ പ്രാപ്തരാക്കുന്നതിനുമായി ഓരോ കല്പത്തിന്റെ ആരംഭത്തിലും വേദോപദേശം നൽകുന്നു. എങ്ങനെയാണോ പിതാവ് അഥവാ അധ്യാപകൻ പുത്രന്മാരെയും ശിഷ്യന്മാരേയും ‘നീ ഇങ്ങനെ ചെയ്യൂ അഥവാ ഇപ്രകാരം പറയൂ, സത്യവചനം ചൊല്ലൂ ‘ എന്നിങ്ങനെ ഉപദേശിക്കുമ്പോൾ ബാലകന്മാരും ശിഷ്യന്മാരും സത്യം മാത്രമേ പറയൂ, പിതാവിനെയും ആചാര്യനേയും സേവിക്കും, അസത്യം പറയുകയില്ല എന്നിങ്ങനെ പ്രവർത്തിക്കുന്നത്, ഇത്തരത്തിലുള്ള ഉപദേശങ്ങൾ പോലെ തന്നെയാണ് ‘അഗ്നിമീളേ’ തുടങ്ങിയ വേദമന്ത്രങ്ങളാലും അറിയേണ്ടത്. എന്തെന്നാൽ ഈശ്വരൻ സമസ്ത ജീവജാലങ്ങളുടേയും സുഖത്തിനുവേണ്ടിയാണ് വേദങ്ങളെ പ്രകടമാക്കിയത്. അഗ്നിമീളേ എന്ന മന്ത്രത്തിൽ പരോപകാരം ഫലമാവുന്നതിനാൽ ‘ഈളേ’ എന്ന പദം ഉത്തമപുരുഷനായിട്ടാണ് പ്രയോഗിച്ചിരിക്കുന്നത്. (അഗ്നിമീളേ …..) പരമാർത്ഥത്തിന്റേയും വ്യവഹാരവിദ്യയുടേയും സിദ്ധിക്കുവേണ്ടി അഗ്‌നിശബ്ദത്തെ പരമേശ്വരൻ, ഭൗതികം എന്നീ രണ്ടർത്ഥങ്ങളായി എടുക്കുന്നു. പണ്ടുകാലത്ത് ആര്യന്മാർ അശ്വവിദ്യയുടെ പേരിൽ ശീഘ്രഗമനത്തിന്റെ ഹേതുവായ ശില്പവിദ്യയെ ഉല്പന്നമാക്കിയിരുന്നു. അത് അഗ്നിവിദ്യയുടെ തന്നെ ഉന്ന തിയായിരുന്നു. സ്വയം പ്രകാശമുള്ളവൻ, എല്ലാറ്റിന്റേയും പ്രകാശകൻ, അനന്ത ജ്ഞാനവാൻ തുടങ്ങിയ ഹേതുക്കളുള്ളതിനാൽ അഗ്നി ശബ്ദത്താൽ പരമേശ്വരനെ ഗ്രഹിക്കണം. അതുപോലെ രൂപം, ദാഹം, പ്രകാശം, വേഗം, ഛേദനം മുതലായ ഗുണങ്ങളുള്ളതിനാലും ശില്പവിദ്യയുടെ മുഖ്യ ഘടകം മുതലായ ഹേതുക്കളാലും പ്രഥമ മന്ത്രത്തിൽ ഭൗതികാർത്ഥത്തേയുംഗ്രഹിക്കുന്നു.


തർജ്ജമ : ആര്യപ്രചാരകനും കാറൽമണ്ണ വേദഗുരുകുലം അധിഷ്ഠാതാവുമായ ശ്രീ. കെ.എം.രാജൻ
ആലാപനം : ബ്രഹ്മചാരികൾ, കാറൽമണ്ണ വേദഗുരുകുലം