ശിവരാത്രിയുടെ രഹസ്യം
യാ നിശാ സർവ്വഭൂതാനാം തസ്യാം ജാഗർത്തി സംയമീ ജാഗർത്തി ശിവരാത്രൌ യ ശ്ശിവസ്തസ്മിൻ പ്രസീദതി
ശിവപൂജാശതകം പദ്യം 63
അർത്ഥം :- യാതൊന്ന് സകല ദേഹികൾക്കും രാത്രിയാകുന്നുവോ ആ രാത്രിയിൽ ആത്മനിഷ്ഠനായ യോഗി ഉണർന്നിരിക്കുന്നു. ഈ രാത്രിയാകുന്നു ശിവരാത്രിയെന്ന് പറയപ്പെടുന്നത്. ഈ ശിവരാത്രിയിൽ യാവനൊരുത്തൻ ജാഗരിക്കുന്നുവോ അവനിൽ ശിവൻ (മംഗളസ്വരൂപനായ പരമാത്മാവ് ) പ്രസന്നനായി ഭവിക്കുന്നു. അത്രയുമല്ല ചതുർദ്ദശിയും ശിവരാത്രിയുമായിട്ടുള്ള ബന്ധം എങ്ങിനെ വന്നു എന്നുള്ളതിനെക്കുറിച്ചും സ്വാമി നരഹരിതന്നെ പറയുന്നത് കേൾപ്പിൻ.
പഞ്ച കർമ്മേന്ദ്രിയാണ്യേവ പഞ്ച ജ്ഞാനേന്ദ്രിയാണി ച മനോഹംകൃതി ചിത്താനി ത്രീണി ബുദ്ധിശ്ചതുർദ്ദശീ ഇയം തു ശാംഭവൈ: പ്രോക്താ ശിവരാത്രിചതുർദ്ദശീ നിരാഹാരതയാ തത്ര വൃത്തിരോധീ ഭവേദ് ബുധ:
[ ശിവപൂജാശതകം പദ്യം 64- 65]
അർത്ഥം :- വാക്ക്, പാണി, പാദം, പായു, ഉപസ്ഥം എന്ന അഞ്ച് കർമ്മേന്ദ്രിയങ്ങളും ശ്രോത്രം, ത്വക്ക് , ചക്ഷുസ്സ്, ജിഹ്വ , ഘ്രാണം എന്ന അഞ്ച് ജ്ഞാനേന്ദ്രിയങ്ങളും മനസ്സ്, അഹങ്കാരം, ചിത്തം എന്ന മൂന്ന് അന്ത:കരണ വിശേഷങ്ങളും കൂടി ആകെ പതിമൂന്നാകുന്നു. ശൈവന്മാരാൽ പറയപ്പെട്ട ശിവരാത്രി ചതുർദ്ദശി ഇതാകുന്നു. ശിവരാത്രിയിൽ ചതുർദ്ദശിയായ ബുദ്ധിയുടെ വൃത്തിയെ ശബ്ദാദിവിഷയങ്ങൾ ആഹരിപ്പാൻ വിടാതെ ആത്മാവിൽ നിർത്തുകയാണ് ബുധൻ ചെയ്യേണ്ടത്.
ഇങ്ങിനെയുള്ള ശാസ്ത്രവും അനുഭൂതിയും ഓർത്ത് ശിവരാത്രിയുടെ സത്യാവസ്ഥയെ ഗ്രഹിക്കണം. വൃഥാ ഉറക്കമൊഴിച്ച് കഷ്ടപ്പെടുന്നതുകൊണ്ട് ഒരു ലാഭവും ഇല്ല . ഉണ്ടെങ്കിൽ ദു:ഖം മാത്രം. ബുദ്ധിയെ പരമാത്മാഭിമുഖിയാക്കി വച്ച് നിശ്ചലന്മാരായിരുന്ന് അല്പനേരമെങ്കിലും ശിവരാത്രി സുഖം അനുഭവിക്കുക.
ശ്രീ വാഗ്ഭടാനന്ദ ഗുരുദേവർ
(പേജ് 223, ആത്മവിദ്യ)