സൂര്യ -ചന്ദ്ര ഗ്രഹണങ്ങളും യജ്ഞവും

Blog മലയാളം

ഇന്നലെ വൈകുന്നേരം സായം കാലത്ത് സൂര്യഗ്രഹണം ആയതിനാൽ ആ സമയത്ത് വൈകുന്നേരം സ്ഥിരം ചെയ്യുന്ന യജ്‌ഞം ചെയ്യാമോ എന്ന് പലരും സംശയം ഉന്നയിച്ചിരുന്നു. പലർക്കും ഉണ്ടാകാവുന്ന ഒരു സംശയം ആണിത്.

നമ്മുടെ ആർഷഗ്രന്ഥങ്ങൾ ഈ വിഷയത്തിൽ എന്ത് പറയുന്നു എന്ന് നോക്കാം. ഗ്രഹണസമയത്ത് സൽകർമ്മങ്ങൾ ഒന്നും ചെയ്യരുത് എന്ന് വൈദിക വാങ്മയത്തിൽ എവിടെയും പറഞ്ഞു കേട്ടിട്ടില്ല. എന്നാൽ വളരെ വിശിഷ്ടമായ ദർശ-പൗർണ്ണമാസേഷ്ടി അമാവാസി-പൗർണ്ണമി തിഥികളുമായി ബന്ധപ്പെട്ടു നടത്തണം എന്ന് മനുസ്മൃതി 4 .25 ൽ (अग्निहोत्रं च जुहुयादाद्यन्ते द्युनिशोः सदा ।दर्शेन चार्धमासान्ते पौर्णामासेन चैव हि ।। 4/25) അനുശാസിക്കുന്നുണ്ട്. ഗ്രഹണങ്ങൾ നടക്കുന്നത് അമാവാസി-പൗർണ്ണമി ദിനങ്ങളിൽ ആണെന്ന് പ്രത്യേകം ഓർക്കുമല്ലോ.

അഗ്നിഹോത്രം മുതലായ നിത്യ കർമ്മങ്ങൾ എല്ലാ ദിവസങ്ങളിലും അനുഷ്ഠിക്കേണ്ടവയാണ്.ഇതിൽ അനദ്ധ്യായം (അവധി) ഇല്ലെന്നു നമ്മുടെ വൈദിക ഗ്രന്ഥങ്ങളിൽ അനുശാസിക്കുന്നു –

വേദോപകരണേ ചൈവ സ്വാദ്ധ്യായേ ചൈവ നൈത്യകേ |
നാനുരോധോfസ്‌ത്യനദ്ധ്യായേ ഹോമമന്ത്രേഷു ചൈവ ഹി ||

                   ( മനുസ്മൃതി- 2.81)                

ഗ്രഹണങ്ങൾ ഒരു ജ്യോതിശാസ്ത്ര പ്രതിഭാസമാണ്. അതിനെ ആ തരത്തിൽ തന്നെ കാണുകയാണ് ഉചിതം. അതിന്റെ പേരിൽ ഇന്ന് പ്രചരിക്കുന്ന വിശ്വാസങ്ങൾക്ക് വൈദിക പ്രാമാണ്യം ഒന്നുമില്ല എന്നാണ് എന്റെ സ്വാധ്യായത്തിൽ നിന്ന് മനസ്സിലായത്.
🙏

കെ. എം. രാജൻ മീമാംസക്
ആര്യപ്രചാരക് & അധിഷ്ഠാതാവ്
വേദഗുരുകുലം, കാറൽമണ്ണ