- കെ. എം. രാജൻ മീമാംസക്
ഒരിക്കൽ ആര്യസമാജത്തിന്റെ സമുന്നത സന്ന്യാസിയായിരുന്ന സ്വാമി ദർശനാനന്ദ സരസ്വതി ഡൽഹിയിൽ പ്രഭാഷണം നടത്തുകയായിരുന്നു.
ഈ സംഭവം നടന്നത് സദർ ബസാറിനും പഹാഡി ധീരജിനും ഇടയിലാണ്. സമീപത്ത് ഹാഫിസ് ബന്നയുടെ സത്രം ഉണ്ടായിരുന്നു, അവിടെ ദൂരെ സ്ഥലങ്ങളിൽ നിന്നുള്ള യാത്രക്കാർ അവരുടെ കാളകളെ കെട്ടിയിടുമായിരുന്നു. അന്ന് ഒരു വൈകുന്നേരം സമയം
ആയിരുന്നു. സ്വാമിജിയുടെ പ്രഭാഷണം ആളുകൾ ശ്രദ്ധയോടെ ശ്രവിക്കുന്നുണ്ടായിരുന്നു. കർമ്മവും ഫലങ്ങളും എന്നതായിരുന്നു പ്രഭാഷണത്തിന്റെ വിഷയം. ഓരോ മനുഷ്യനും അവന്റെ കർമ്മങ്ങളുടെ ഫലം അനുഭവിക്കണമെന്ന് സ്വാമിജി പറഞ്ഞു. ഒരാളുടെ പ്രവൃത്തിയുടെ അനന്തരഫലങ്ങൾ ഒഴിവാക്കാൻ കഴിയില്ല, മറ്റൊരാളുടെ പ്രവൃത്തിയുടെ അനന്തരഫലങ്ങൾ മറ്റാർക്കും അനുഭവിക്കാൻ കഴിയില്ല. പ്രഭാഷണം ശ്രവിച്ചവരിൽ റോഹ്തക് ഗ്രാമത്തിൽ നിന്ന് എത്തിയ മൂന്നുപേരും ഉണ്ടായിരുന്നു. പ്രഭാഷണം കഴിഞ്ഞ് ആ മൂന്ന് പേർ സ്വാമിജിയുടെ അടുത്ത് വന്ന് “ബാബാജി, ഞങ്ങൾക്ക് അങ്ങയോട് സ്വകാര്യമായി സംസാരിക്കണം” എന്ന് പറഞ്ഞു. മൂവരും ചേർന്ന് സ്വാമിജിയെ അടുത്തുള്ള കാട്ടിലേക്ക് കൊണ്ടുപോയി. സ്വാമിജിക്ക് അവരെക്കുറിച്ച് ചില സംശയങ്ങൾ തോന്നിത്തുടങ്ങി, പക്ഷേ അവർ മൂന്നുപേരും നിലത്തിരുന്ന് സ്വാമിജിക്ക് ഇരിക്കാൻ ഒരു ഷീറ്റ് വിരിച്ചു കൊടുത്തു. അന്നത്തെ പ്രഭാഷണത്തെപ്പറ്റിയുള്ള ചില ചോദ്യങ്ങൾ അവർ സ്വാമിജിയോട് ചോദിച്ചു, അദ്ദേഹത്തിന്റെ ഉത്തരങ്ങൾ ലഭിച്ചപ്പോൾ അവർ വളരെ സംതൃപ്തരായി.
അവരിൽ ഒരാൾ വളരെ ഗൗരവത്തോടെ അവരുടെ കഥ മുഴുവൻ പറഞ്ഞു – “സ്വാമിജി, ഞങ്ങൾ മൂന്ന് പേരും കൊള്ളക്കാരാണ്. ഡൽഹിയിൽ മോഷണം നടത്താൻ വന്നതായിരുന്നു ഞങ്ങൾ. എന്നാൽ അങ്ങയുടെ പ്രഭാഷണം ഞങ്ങളുടെ ഹൃദയത്തെ മാറ്റിമറിച്ചു. ഇന്നുമുതൽ ഞങ്ങൾ ഈ ജോലി ഉപേക്ഷിക്കുന്നു.” അദ്ദേഹം സ്വാമിജിയെ വളരെ ബഹുമാനത്തോടെ ആദരിക്കുകയും അദ്ദേഹത്തിൻ്റെ താമസസ്ഥലത്ത് തിരിച്ചു കൊണ്ടുചെന്നാക്കുകയും ചെയ്തു.
അന്നു മുതൽ ഈ മൂന്നു പേരുടെയും ജീവിതം ആകെ മാറി. അവർ പിന്നീട് ആര്യസമാജത്തിൽ ചേർന്ന് മികച്ച സാമൂഹ്യസേവനം നടത്തി. അവരിൽ ഒരാളാണ് ചൗധരി പിരുസിംഗ്, തന്റെ ഗ്രാമമായ മറ്റിന്ദുവിൽ തന്റെ മുപ്പത് ബിഗാ ഭൂമി ദാനം ചെയ്യുകയും സ്വാമി ശ്രദ്ധാനന്ദൻ അവിടെ ഗുരുകുലം സ്ഥാപിക്കുകയും ചെയ്തു. രണ്ടാമത്തെ വ്യക്തി ഫർമാന ഗ്രാമത്തിലെ ലാലാ ഇച്ഛാറാം ആയിരുന്നു, അദ്ദേഹത്തിന്റെ മക്കളായ ഹരിശ്ചന്ദ്ര ജി വിദ്യാലങ്കറും പ്രൊഫ. രാംസിംഗ് ജിയും ആര്യസമാജത്തിന്റെ നേതാക്കളും പണ്ഡിതന്മാരുമായി. മൂന്നാമത്തേത് ഫർമാന ഗ്രാമത്തിലെ ചൗധരി ജുഗ് ലാൽ ജേൽദാർ ആയിരുന്നു. അദ്ദേഹം ധീരത, നിർഭയത്വം, സാമൂഹിക പരിഷ്കരണ പ്രവർത്തനങ്ങൾ എന്നിവയാൽ വളരെ പ്രശസ്തനായി.
പ്രബോധകരും ഉപദേശം സ്വീകരിക്കുന്നവരും സത്യസന്ധരായിരുന്ന കാലമായിരുന്നു അത്. ഇന്ന് പ്രഭാഷണം നടത്തുന്നവർ ആയിരങ്ങളും കേൾക്കുന്നവരായി ലക്ഷങ്ങളും ഉണ്ട്! എന്നാൽ ഈ ശ്രോതാക്കളിൽ ആരുടെയും ജീവിതത്തിൽ ഈ മൂന്നുപേരുടെയും ജീവിതരീതിയിൽ മാറ്റം വരുത്തിയപോലെ ഒരു പ്രഭാവം വരുത്താൻ ആർക്കും തന്നെ കഴിയുന്നില്ല.
(കടപ്പാട് : ജഗ്ദേവ് സിംഗ് സിദ്ധാന്തി ജി (മുൻ എം.പി)യുടെ
ശാന്തിധർമ്മി മാസികയിൽ പ്രസിദ്ധീകരിച്ച ലേഖനം)
കെ. എം. രാജൻ മീമാംസക്
ആര്യപ്രചാരക് & അധിഷ്ഠാതാവ്
വേദഗുരുകുലം, കാറൽമണ്ണ