- കെ. എം. രാജൻ മീമാംസക്
(1913 ഒക്ടോബർ ഏഴിന് ദൽഹിയിൽ വെച്ച് സ്വാമി ശ്രദ്ധാനന്ദൻ ഭാരതീയ ആര്യ യുവ സമ്മേളനത്തിൽ നടത്തിയ അദ്ധ്യക്ഷ പ്രസംഗത്തിൽ നിന്നുള്ള ഏതാനും ഭാഗങ്ങൾ. ഇന്നും വളരെ പ്രേരകദായകമാണ് ഈ ഉദ്ബോധനം.)
" .....ഞാൻ ഉപദേശം നൽകാറില്ല. കാരണം ഉപദേശിക്കാനുള്ള യോഗ്യത എനിക്കില്ല. മുൻഷിറാമോ തുളസീദാസോ എന്ത് ചെയ്യുന്നു എന്നല്ല നോക്കേണ്ടത്, സേവകനാകാൻ പ്രയത്നിക്കണം. ആര്യസമാജത്തിന് നേതാക്കളേക്കാൾ സേവകരെയാണ് അധികം ആവശ്യം. ആത്മവിശ്വാസം ചോർന്നുപോകുന്ന അവസരത്തിൽ നാം രാമസേവകനായ ഹനുമാനെ ഓർക്കുക. ലങ്കാവിജയിയായ മഹാരാജാവ് ശ്രീരാമചന്ദ്രൻ അയോദ്ധ്യയിലേക്ക് മടങ്ങി. ലങ്കാധിപതി വിഭീഷണനും ഹനുമാൻ, അംഗദൻ തുടങ്ങിയ വിദ്വാന്മാരും അദ്ദേഹത്തെ അനുഗമിച്ചിരുന്നു. അവർ അയോദ്ധ്യാപുരിയിലെത്തി. ഈ സമയം സീതാദേവി എല്ലാവർക്കും വിലപിടിപ്പുള്ള പുരസ്ക്കാരങ്ങൾ നൽകവെ തനിക്കേറ്റവും പ്രിയപ്പെട്ടവനായ ഹനുമാന് അമൂല്യമായ ഒരു രത്നമാലയും സമ്മാനിച്ചു. ഉടനെ ഹനുമാൻ ആ മാലയിൽ നിന്നും ഒരോ മുത്തുകൾ അടർത്തിയെടുത്ത് അത് പൊട്ടിച്ചുനോക്കുവാൻ തുടങ്ങി. ഇതുകണ്ട സീത ഹനുമാനോട് കാര്യം തിരക്കി. ഹനുമാൻ പറഞ്ഞു. "അമ്മേ ഞാൻ ഈ മുത്തുകൾക്കുള്ളിലെവിടെയെങ്കിലും രാമൻ്റെ പേര് എഴുതിയിട്ടുണ്ടോയെന്ന് നോക്കുകയായിരുന്നു. രാമൻ്റെ നാമം ഇതിലില്ലെങ്കിൽ ഈ മുത്തുകൾ കൊണ്ട് എനിക്കെന്ത് പ്രയോജനം? "
യുവാക്കളെ ! ഞാൻ നിങ്ങളോട് ചോദിക്കുന്നു, ദയാനന്ദരൂപിയായ രാമൻ്റെ സൈന്യത്തിൽ ഹനുമാനാകാൻ നിങ്ങളിലാരാണ് തയ്യാറായി മുന്നോട്ട് വരിക? മഹാവീരന്മാരുടെ അഭാവത്തിൽ ദയാനന്ദൻ്റെ ജോലി അപൂർണ്ണമായി നിൽക്കുന്നു. ആ ജോലി പൂർത്തീകരിക്കാൻ, പാപികളുടെ ലങ്കാപുരി ദഹിപ്പിക്കാൻ കഴിവുറ്റ മഹാവീരന്മാർ നിങ്ങളിൽ നിന്നും മുന്നോട്ട് വരുമെന്ന് ഞാൻ ആശിക്കുന്നു.”
(അവലംബം: സ്വാമി ശ്രദ്ധാനന്ദ് ഏക് വിലക്ഷൺ വ്യക്തിത്വ്. പേജ് 515).
ഈ പ്രസ്താവന നൂറ് വർഷങ്ങൾക്ക് ശേഷം ഇന്നും പ്രസക്തമാണ്. വൈദിക ധർമ്മം ഭാരതത്തിന്റെ അകത്തുനിന്നും പുറത്തുനിന്നും കനത്ത വെല്ലുവിളികൾ നേരിട്ടുകൊണ്ടിരിക്കുന്നു. ഇതിനെ പ്രതിരോധിക്കാൻ നാം സജ്ജരാവേണ്ടതുണ്ട്. മഹർഷി ദയാനന്ദന്റെ 200 ആം ജന്മവാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ നാമെല്ലാം ഒറ്റക്കെട്ടായി വേദപതാകയും സത്യാർത്ഥപ്രകാശവും കയ്യിലേന്തി ജനങ്ങൾക്കിടയിലേക്ക് ഇറങ്ങി ചെല്ലേണ്ടതുണ്ട്.
സ്വാമി ശ്രദ്ധാനന്ദന്റെ 100 ലധികം വർഷം മുമ്പുള്ള യുവാക്കളോടുള്ള ആഹ്വാനം നമുക്ക് ശിരസാവഹിച്ച് മുന്നേറാം.
ഓം കൃണ്വന്തോ വിശ്വമാര്യം (ഋഗ്വേദം 9.63.5)
🙏
കെ. എം. രാജൻ മീമാംസക്,
ആര്യപ്രചാരക് & അധിഷ്ഠാതാവ്,
വേദഗുരുകുലം, കാറൽമണ്ണ
dayanand200
വേദമാർഗം2025
ആര്യസമാജംകേരളം
TEAM VEDA MARGAM 2025