വൈദികസാഹിത്യം

Uncategorized

സംശയനിവാരിണി

സ്വർഗ്ഗവും നരകവും എന്താണെന്നു ഒരിക്കൽ പോലും ആലോചിക്കാത്തവരായി ആരുമുണ്ടാകില്ല. ഒരു പക്ഷേ ഈ ചോദ്യം പലരോടും ചോദിച്ചിരിക്കാം നിങ്ങൾ.
“സ്വർഗം ഏഴാമത്തെ ആകാശത്തിൽ, നാലാമത്തെ ആകാശത്തിൽ, വൈകുണ്ഠത്തിൽ – ഇങ്ങനെ പലയിടത്തു – സ്ഥിതി ചെയ്യുന്നു. സ്വർഗത്തിൽ നല്ല കാലാവസ്ഥയും നല്ല പൂന്തോട്ടങ്ങളും ഉണ്ട്. അവിടെ തിന്നാനും കുടിക്കാനും ആവശ്യമുള്ളത് ധാരാളം കിട്ടും. മദ്യത്തിന്റെ നദികൾ ഒഴുകുന്നു. സുന്ദരികളായ അപ്സരസ്സുകൾ ഗാനവും നൃത്തവും ചെയ്തു കൊണ്ടു നമ്മെ സേവിക്കുന്നു. ഈ ലോകത്തിൽ ലഭിക്കാതെ പോയ എല്ലാ സുഖ സൗകര്യങ്ങളും അവിടെ നമ്മെ കാത്തിരിക്കുന്നു “
ഇത്തരത്തിൽ സ്വർഗ്ഗ നിർവ്വചനങ്ങൾ ഒത്തിരി കേട്ടവരാണ് നമ്മൾ. ഇതിൽ തൃപ്തരാണോ നാം? ആരാണ് മേൽ പറഞ്ഞ സ്വർഗത്തിൽ പോയി വന്നിട്ടുള്ളത്? ഇനിയും നമുക്ക് സംശയങ്ങൾ ബാക്കിയാണ്.
വേറൊരു സ്വർഗ്ഗ നിർവചനം നോക്കാം.
“സ്വർഗം ഒരു കാല്പനിക ലോകമല്ല. സവിശേഷമായ സുഖാവസ്ഥ എവിടെയുണ്ടോ അതാണ് സ്വർഗം. സ്വർഗ്ഗവും നരകവും മറ്റെവിടെയും അല്ല, ഈ ലോകത്തു തന്നെയാണ്. യാതൊരു കഷ്ടതകളുമില്ലാതെ എവിടെയാണോ സുഖ സൗകര്യങ്ങൾ ഉള്ളത്, സന്താനങ്ങൾ ആജ്ഞാനുവർത്തികൾ ആയിട്ടുള്ളത് അതാണ് സ്വർഗം. ഏതൊരു വീട്ടിലാണോ സ്നേഹവും സഹാനുഭൂതിയും പരസ്പര വിശ്വാസവും ഉള്ളത് ആ വീട് സ്വർഗ്ഗമാണ്. അങ്ങനെയല്ലാത്തത് നരകം. എവിടെ ധർമ്മം ഉണ്ടോ അവിടെ സ്വർഗം ഉണ്ട്. എവിടെ അധർമ്മം ഉണ്ടോ അവിടെ നരകവും ഉണ്ടായിരിക്കും. “
വൈദിക ധർമ്മം മുന്നോട്ടു വെക്കുന്ന ഈ നിർവചനം നിങ്ങളെ സംശയത്തിനിട വരാതെ സംതൃപ്തരാക്കിയിട്ടുണ്ട് എന്നത് തീർച്ചയാണ്.
ഇത്തരം നിരവധി ചോദ്യങ്ങൾ നിങ്ങളുടെ മനസ്സിൽ, പലയിടങ്ങളിലും ചോദിച്ചിട്ടും തൃപ്തമായ ഉത്തരം കിട്ടാതെ കിടക്കുന്നുണ്ടായിരിക്കും.
അത്തരം നൂറിലധികം ചോദ്യങ്ങൾക്കുള്ള, വൈദിക സിദ്ധാന്തത്തിലധിഷ്ഠിതമായ ഉത്തരങ്ങൾ ‘സംശയ നിവാരണി’ എന്ന പുസ്തകം നിങ്ങൾക്ക് നൽകുന്നു. ഈശ്വരൻ, പ്രകൃതി, ജീവാത്മാവ്, കർമ്മം, കർമ്മ ഫലം, വേദങ്ങൾ, ധർമ്മം, ഉപസനാ വിഷയങ്ങൾ എന്നിവയിൽ സാധാരണക്കാർക്കുണ്ടാവുന്ന എല്ലാ സംശയങ്ങൾക്കും പ്രമാണ സഹിതം ഇതിൽ മറുപടിയുണ്ട്. മലയാളത്തിൽ ആദ്യമായാണ് ഇത്തരമൊരു വൈദിക പുസ്തകം പ്രശ്നോത്തരി രൂപത്തിൽ ഇറങ്ങുന്നത്.
കുട്ടികളെ വായിക്കാൻ പ്രേരിപ്പിക്കുകയും നമ്മൾ വായിക്കുകയും ചെയ്താൽ തിരിച്ചറിവ് ഉള്ളവരായി മാറാൻ ഉപകരിക്കുന്ന ‘സംശയ നിവാരണി’ പേരു പോലെ തന്നെ എല്ലാ സംശയങ്ങളെയും നിവാരണം ചെയ്യാൻ ഉപകരിക്കുന്നതാണ്. “വൈക്കത്തപ്പൻ നിങ്ങൾക്ക് എന്തു തന്നു ” എന്നുള്ള ചോദ്യങ്ങൾ നമ്മളോട് ചോദിക്കാതിരിക്കാൻ നമ്മുടെ മക്കൾക്കും ആ ചോദ്യങ്ങൾക്ക് മറുപടി പറയാൻ കഴിയാതെ പതറാതിരിക്കാൻ നമുക്കും ഈ പുസ്തകം ഒരു മുതൽക്കൂട്ടാണ്.

ശ്രീ.മദൻ രഹേജ യുടെ ‘ശങ്കാ സമാധാൻ’ എന്ന ഹിന്ദി പുസ്തകത്തിന്റെ തർജ്ജമയാണിത്.
കാറൽമണ്ണ വേദഗുരുകുലത്തിന്റെ അധിഷ്ഠാതാവും ആര്യ പ്രചാരകനുമായ ശ്രീ. കെ.എം. രാജൻ മീമാംസക് തർജ്ജമ നിർവഹിച്ച ഈ പുസ്തകം വെള്ളിനേഴി ആര്യസമാജമാണ്‌
പ്രസിദ്ധീകരിച്ചിരിക്കുന്നത്. വില 200 രൂപ.
ബന്ധപ്പെടേണ്ട നമ്പർ : +91 9497525923, +91 9446575923