വൈദികസാഹിത്യം

Vaidika Sahithyam

മഹർഷി ദയാനന്ദ സരസ്വതി

പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാർധം. അവിദ്യയുടെയും അനാചാരങ്ങളുടെയും കാർമേഘങ്ങൾ വേദസൂര്യനെ മറച്ചുകൊണ്ടിരിക്കുന്നു. ഭാരതീയ പൈതൃകത്തെയും സംസ്കാരത്തെയും തകിടം മറിക്കുന്നതിനുവേണ്ടി മേക്കോളെ പ്രഭു വിഭാവനം ചെയ്ത വിദ്യാഭ്യാസ പദ്ധതി തകൃതിയായി പ്രചരിച്ചുകൊണ്ടിരിക്കുന്നു. വൈദിക ധർമ്മം (ഹിന്ദു ധർമ്മം) അനാചാരങ്ങളിൽ ആടിയുലഞ്ഞ് നാശോന്മുഖമായിക്കൊണ്ടിരിക്കുന്നു. വിദേശയാത്ര നടത്തിയാൽ ധർമ്മ ഭ്രഷ്ടനായി, താഴ്ന്ന ജാതിക്കാർ എന്ന് പറയപ്പെടുന്നവരെ തൊട്ടുപോയാൽ അശുദ്ധമായി, മുസ്ലീങ്ങളിൽ നിന്ന് ഭക്ഷണം സ്വീകരിച്ചാൽ അവർക്ക് ഹിന്ദു ധർമ്മത്തിൽ പിന്നീട് സ്ഥാനമില്ല, ഭീഷണിയും പ്രലോഭനങ്ങളും മൂലം മതം മാറിപ്പോയ ഹൈന്ദവർക്ക് തിരിച്ചുവരാൻ യാതൊരു വ്യവസ്ഥയുമില്ലെന്ന് പുരോഹിതന്മാർ വിധിക്കുന്നു, ധാർമ്മിക കേന്ദ്രങ്ങളിലും ക്ഷേത്രങ്ങളിലും കപട ബ്രാഹ്മണരുടെ ക്രൂരകേളികൾ, ബാലവിധവകളുടെ ദയനീയ രോദനങ്ങൾ, ശൈശവ വിവാഹങ്ങൾ വ്യാപകമായി നടക്കുന്നു, ‘നാരീ നരകസ്യ ദ്വാരം’ എന്ന് പറഞ്ഞ് അക്കാലത്തെ ശങ്കരാചാര്യന്മാർ സ്ത്രീകളെ നരകത്തിന്റെ ദ്വാരമെന്ന് വിശേഷിപ്പിക്കുന്നു. ഭർത്താവ് മരണപ്പെട്ടാൽ സ്ത്രീകളെ ജീവനോടെ ചിതയിലേക്ക് ചാടാൻ നിർബന്ധിക്കുന്നു, പെൺകുട്ടികളെ ജനന സമയത്തുതന്നെ വധിക്കുന്നു, യജ്ഞങ്ങളിലും താന്ത്രിക കർമ്മങ്ങളിലും മിണ്ടാ പ്രാണികളുടെയും മനുഷ്യകുഞ്ഞുങ്ങളുടെപോലും ബലി നിർബാധം നടക്കുന്നു.

ഈ അന്ധകാരാവസ്ഥയിലാണ് ഒരു മഹാപുരുഷന്റെ ഉദയമുണ്ടായത്. ഗൗതമൻ, കണാദൻ, കപിലൻ, കുമാരിലഭട്ടൻ തുടങ്ങിയവരുടെ പാണ്ഡിത്യവും ഹനുമാൻ, ഭീഷ്മർ തുടങ്ങിയവരുടേതുപോലുള്ള ബ്രഹ്മചര്യവും ശങ്കരാചാര്യരുടേത് പോലുള്ള ധീഷണ പാടവവും ഭീമനു തുല്യമായ ബലവും ശ്രീബുദ്ധനു തുല്യമായ ത്യാഗ – വൈരാഗ്യങ്ങളും ശിവജി, ഗുരു ഗോവിന്ദ സിംഹൻ, റാണാ പ്രതാപ് തുടങ്ങിയവരുടേതുപോലുള്ള ഇഛാശക്തിയും ചേർന്നിണങ്ങിയ മഹർഷി ദയാനന്ദ സരസ്വതിയായിരുന്നു ആ മഹാപുരുഷൻ. ഭാരതീയ നവോത്ഥാനത്തിന്റെ നായകനായിരുന്ന അദ്ദേഹത്തിന്റെ ജീവചരിത്രം ആണ് ഈ പുസ്തകം.

ഇത് തയ്യാറാക്കിയിരിക്കുന്നത് ആര്യപ്രചാരകനും കാറൽമണ്ണ വേദഗുരുകുലത്തിന്റെ അധിഷ്ഠാതാവുമായ ശ്രീ.കെ.എം.രാജൻ മീമാംസകാണ്. വെള്ളിനേഴി ആര്യസമാജം പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന്റെ വില 60 രൂപയാണ്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക +91 9497525923, +91 9446575923