വൈക്കം സത്യഗ്രഹവും ആര്യസമാജവും
VAIKKOM SATHYAGRAHA AND ARYA SAMAJ
- കെ. എം. രാജൻ മീമാംസക്
കഴിഞ്ഞ നൂറ്റാണ്ടിൻെറ ആദ്യപാദത്തിൽ കേരളത്തിൽ നടന്ന സാമൂഹ്യ – നവോത്ഥാന പ്രവർത്തനങ്ങളിൽ ഏറ്റവും മുന്നിൽ നിന്ന് പ്രവർത്തിച്ച പ്രസ്ഥാനങ്ങളിൽ ഒന്ന് ആര്യസമാജമായിരുന്നു. സാമൂഹ്യ വിഷയങ്ങളിൽ ശക്തമായ ഇടപെടൽ ആര്യസമാജം നടത്തിയിരുന്നു. എന്നാൽ കേരള ചരിത്രപുസ്തകങ്ങളിൽ ഇവയൊക്കെ തമസ്കരിക്കപ്പെട്ടിരിക്കുകയാണ്. അതിൽ ഏറെ ശ്രദ്ധേയമായ ഒന്നാണ് വൈക്കം സത്യഗ്രഹം. സർക്കാർ തലത്തിൽ ഏകപക്ഷീയമായി വൈക്കം സത്യഗ്രഹത്തിൻെറ ശതാബ്ദി ആഘോഷിക്കുന്ന ഈ വേളയിൽ ഇത് ചൂണ്ടികാട്ടാൻ ആര്യസമാജം കേരള ഘടകം ആഗ്രഹിക്കുന്നു. വേദബന്ധു ശർമ്മ, സ്വാമി ശ്രദ്ധാനന്ദൻ, പണ്ഡിറ്റ് ഋഷിറാം, ചേർത്തല തിരുമുൽപ്പാട് തുടങ്ങിയവരുടെ സേവനങ്ങൾ എല്ലാം സർക്കാർ തലത്തിൽ നടത്തുന്ന ആഘോഷപ്രചാരണ പദ്ധതികളിൽ നിന്ന് മാറ്റി നിർത്തിയിരിക്കുന്നു.
ഒരു രാഷ്ട്രീയമുന്നേറ്റമായാണ് ഇന്ന് വൈക്കം സത്യഗ്രഹത്തേയും ക്ഷേത്ര പ്രവേശന വിളംമ്പരത്തേയും മറ്റും പലരും കാണുന്നത്. എന്നാൽ ഇത് ശരിയല്ല. ഹൈന്ദവ സമൂഹത്തെ അനാചാരങ്ങളിൽ നിന്ന് മുക്തമാക്കാനുള്ള ഹിന്ദു സമാജം ഏറ്റെടുത്ത് നടത്തിയ സംരംഭങ്ങളായിരുന്നു അവ എന്നോർക്കണം. സവർണ്ണവിഭാഗക്കാർ എന്ന് പറയപ്പെടുന്നവരിൽ നിന്ന് വന്ന നിരവധി പേർ കേരളത്തിലെ നവോത്ഥാന പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകി എന്നതും ഒരു സവിശേഷതയാണ്.
വൈക്കം സത്യഗ്രഹത്തിൽ സ്വാമി ശ്രദ്ധാനന്ദനും ആര്യസമാജവും വഹിച്ച പങ്ക് സുവർണ്ണ ലിപികളിൽ എഴുതിവെക്കപ്പെട്ടതാണ്. അവർണ്ണജാതിക്കാർ എന്ന് പറയുന്നവർക്ക് വൈക്കം മഹാദേവ ക്ഷേത്രത്തിനും അതിന് ചുറ്റുമുള്ള പൊതുവഴികളിലൂടെ യാത്ര ചെയ്യാൻ അവകാശമുണ്ടായിരുന്നില്ല. എന്നാൽ അതേസമയം മുസ്ലീം – ക്രിസ്ത്യൻ മതക്കാർക്ക് നിർബാധം ആ വഴിയിലൂടെ യാത്രചെയ്യാമായിരുന്നു. ഇത്തരം അനീതികൾ കാരണം നിരവധി താഴ്ന്ന വിഭാഗക്കാർ ഇസ്ലാം – ക്രിസ്ത്യൻ മതങ്ങളിലേക്ക് മതം മാറിക്കൊണ്ടിരുന്നു. ആര്യസമാജം അവരെ ശുദ്ധിക്രിയ ചെയ്ത് പുണൂല് ധരിപ്പിച്ച് തിരിച്ച് സ്വധർമ്മത്തിലേക്ക് കൊണ്ടുവരാൻ ആരംഭിച്ചു. ഇതായിരുന്നു യഥാർത്ഥത്തിൽ വൈക്കം സമരത്തിൻെറ തുടക്കം. ഈ വിവേചനം ദേശീയ ശ്രദ്ധ ആകർഷിച്ചു. തുടർന്ന് ആരംഭിച്ച ചരിത്ര പ്രസിദ്ധമായ സത്യഗ്രഹത്തിൽ സ്വാമി ശ്രദ്ധാനന്ദൻ സജീവമായ പങ്കുവഹിക്കുകയുണ്ടായി. സ്വാതന്ത്ര്യ സമരത്തിൽ ഉജ്ജ്വലമായ പങ്ക് വഹിച്ച അഡ്വ. ജോർജ് ജോസഫ് വൈക്കം സത്യഗ്രഹത്തിൽ പങ്കെടുക്കുന്നതിനോട് ഗാന്ധിജിക്ക് യോജിപ്പ് ഉണ്ടായിരുന്നില്ല. അത് ഹിന്ദുക്കൾക്കിടയിലെ വിഷയമാണെന്നും അതിനാൽ മറ്റ് മതസ്ഥർ അതിൽ നിന്ന് വിട്ട് നിൽക്കണമെന്നും ഗാന്ധിജി ആവശ്യപെട്ടു. പഞ്ചാബിൽ നിന്ന് വന്ന അകാലികളുടെ പ്രവർത്തനത്തോടും ഗാന്ധിജിക്ക് വിയോജിപ്പ് ഉണ്ടായിരുന്നു. ജോർജ് ജോസഫ് ഈ വിഷയത്തിൽ ഗാന്ധിജിയെ അനുകൂലിച്ചില്ല എന്ന് മാത്രമല്ല വൈക്കം സത്യഗ്രഹത്തിൽ സജീവമായി പങ്കെടുത്തു. ഗാന്ധിജിയുടെയും കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെയും ഈ നിലപാടിൽ പ്രതിഷേധിച്ച് ജോർജ് ജോസഫ് കോൺഗ്രസ്സിൽ നിന്ന് രാജി വെച്ച് ജസ്റ്റീസ് പാർട്ടിയിൽ ചേർന്നു. പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചപ്പോൾ വൈക്കം പ്രക്ഷോഭത്തിന് നേതൃത്വം നൽകാൻ ആര്യസമാജം നേതാവായിരുന്ന സ്വാമി ശ്രദ്ധാനന്ദനെ കേരളത്തിലേക്ക് ക്ഷണിച്ചത് ജോർജ് ജോസഫ് ആയിരുന്നു.(കടപ്പാട് : അലഹബാദിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന The Leader News Paper, 1924 മെയ് 5). സ്വാമി ശ്രദ്ധാനന്ദൻ ഗാന്ധിജിയുമായി കൂടിക്കാഴ്ച നടത്തി. ജൂഹുവിൽ വെച്ച് രണ്ട് മണിക്കൂർ നീണ്ടുനിന്ന ഈ കൂടിക്കാഴ്ച്ചയിൽ വൈക്കം സത്യഗ്രഹ വിഷയം മാത്രമല്ല, ശുദ്ധി പ്രവർത്തനം, സംഘടനാ കാര്യങ്ങൾ തുടങ്ങിയ വിഷയങ്ങളും ചർച്ച ചെയ്തു. ഈ യോഗത്തിന്റെ കുറിപ്പ് പുറത്തിറക്കും എന്ന് ഗാന്ധിജി പറഞ്ഞിരുന്നുവെങ്കിലും അതുണ്ടായില്ല.(The Leader News Paper, 1924 മെയ് 15, 19 & 23) എന്നാൽ ഇതൊന്നും നമ്മുടെ ചരിത്ര പുസ്തകങ്ങൾ കണ്ടില്ല എന്ന് നടിച്ചു. 1924 ജനുവരി 30 മുതൽ 1925 നവംബർ 23 വരെ നടന്ന വൈക്കം സമരത്തിൽ ആര്യസമാജം സത്യഗ്രഹികൾക്ക് ഒപ്പം നിന്ന് ഒറ്റക്കെട്ടായി അനീതിക്കെതിരെ പ്രതികരിച്ചു. സമരത്തിനുള്ള ധനസമ്പാദനത്തിന് വേദബന്ധു ശർമ്മ കഠിനമായ പ്രവർത്തനം നടത്തി. ഈഴവ വിഭാഗക്കാർക്കിടയിൽ അദ്ദേഹത്തിന് നല്ല സ്വാധീനം ഉണ്ടായിരുന്നു. ഇതറിയാമായിരുന്ന ടി. കെ. മാധവനും മറ്റും വേദബന്ധു ശർമ്മയെ ഇക്കാര്യത്തിന് ചുമതലപ്പെടുത്തി. സമീപ ജില്ലകളിൽ നിന്നെല്ലാം അദ്ദേഹം സമ്പർക്കം നടത്തി വേണ്ട വിഭവസമാഹരണം നടത്തി. സ്വാമി ശ്രദ്ധാനന്ദന്റെ പ്രസംഗങ്ങൾ തർജ്ജമ ചെയ്തിരുന്നതും അദ്ദേഹമായിരുന്നു. ഒരു ആര്യപ്രചാരകൻ എങ്ങനെ പ്രവർത്തിക്കണം എന്ന് സ്വജീവിതത്തിലൂടെ കാണിച്ചു കൊടുത്ത മഹാപുരുഷന്മാരായിരുന്നു വേദബന്ധു ശർമ്മയും പണ്ഡിറ്റ് ഋഷിറാമും ആദ്യകാല ആര്യസമാജം പ്രചാരകരും. അതിനാൽ പത്രത്താളുകളിലും രേഖകളിലും അവരുടെ പ്രവർത്തനങ്ങൾ വേണ്ടത്ര വന്നില്ല. കർട്ടന് പിറകിൽ നിന്ന് പ്രവർത്തനം ഏകോപിക്കുക എന്നതായിരുന്നു അവരുടെ പ്രവർത്തന രീതി.
ഇത്തരത്തിൽ കേരളത്തിൽ നവോത്ഥാനത്തിന്റെ പതാകവാഹകരായി നിരവധി പേർ പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോഴും അത് നടന്നുകൊണ്ടിരിക്കുന്നു. എന്നാൽ ഇന്ന് അവരെയെല്ലാം തമസ്കരിച്ച് നാസ്തികരായ ഏതാനും പേർ കേരളത്തിൽ നവോത്ഥാന നേതാക്കൾ ആയി വിരാജിക്കുന്നു. ബുദ്ധിജീവികളും കപടമാധ്യമങ്ങളും അവർക്ക് ഓശാന പാടുന്നു. ഇതിന് ഒരു മാറ്റം വാഗ്ഭടാനന്ദ ഗുരുദേവനേയും വേദബന്ധു ശർമ്മയേയും പോലുള്ള മഹാരഥൻമാർ ഉഴുതുമറിച്ച ഭാർഗ്ഗവ ക്ഷേത്രത്തിൽ ഉണ്ടാവേണ്ടത് അത്യാവശ്യമാണ്. വൈക്കം സത്യഗ്രഹത്തിന്റെ നൂറാം വാർഷികം അതിന് വേദിയാകട്ടെ എന്ന് പ്രതീക്ഷിക്കുന്നു.
🙏
കെ. എം. രാജൻ മീമാംസക്
ആര്യപ്രചാരകൻ &
അധിഷ്ഠാതാവ്,
കാറൽമണ്ണ വേദഗുരുകുലം
Mob: +91 7907077891