കാറൽമണ്ണ വേദഗുരുകുലത്തിന്റെ ഏഴാം വാർഷികാഘോഷം 2022 ഡിസംബർ 23, 24, 25 തിയ്യതികളിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഡിസംബർ 23 ന് കാലത്ത് സുകൃതഹോമം (അഗ്നിഹോത്രത്തോടൊപ്പം ഗായത്രീമന്ത്രത്താൽ ആഹുതി നടത്തുന്ന വിശേഷാൽ ഹോമം) വൈകുന്നേരം 4 ന് ഭജനസന്ധ്യ. 24ന് കാലത്ത് മൃത്യുഞ്ജയഹോമം (അഗ്നിഹോത്രത്തോടൊപ്പം മൃത്യുഞ്ജയ മന്ത്രത്താൽ ആഹുതി നൽകുന്ന വിശേഷ യജ്ഞം) വൈകുന്നേരം 3 ന് സ്കൂൾ വിദ്യാർത്ഥികൾക്കായുള്ള സനാതനധർമ്മ പ്രശ്നോത്തരി, തുടർന്ന് പെരുമ്പാവൂർ ഗീതാഞ്ജലി സംഗീതവിദ്യാലയം അവതരിപ്പിച്ച ഭജനസന്ധ്യ എന്നിവയും നടന്നു.
25 ന് സ്വാമി ശ്രദ്ധാനന്ദ ബലിദാന ദിനത്തിൽ വേദഗുരുകുലം കുലപതി പണ്ഡിതരത്നം ഡോ. പി.കെ മാധവന്റെ അദ്ധ്യക്ഷതയിൽ നടന്ന പൊതുപരിപാടിയിൽ മുഖ്യ അതിഥിയായി തെലങ്കാനയിലെ നിഗമ നീഡം വേദഗുരുകുലത്തിലെ പരമാചാര്യനായ ആചാര്യ ഉദയൻ മീമാംസക് ജി കാലത്ത് 9 മണിക്ക് ആര്യധ്വജാരോഹണം നിർവഹിച്ച് പരിപാടികൾ ആരംഭിച്ചു. തുടർന്ന് ആചാര്യ ഉദയൻ മീമാംസക് രചിച്ച ‘പാണിനീയ ശിക്ഷ (വൃദ്ധപാഠം, ശിക്ഷാഭാവപ്രകാശോപേതാ) എന്ന ഗ്രന്ഥത്തിന്റെ മലയാള പരിഭാഷയും (തർജ്ജമ: ബ്രഹ്മചാരി വിഷ്ണു ശർമ്മൻ), മലയാളത്തിൽ ആദ്യമായി ബൈബിൾ രൂപത്തിൽ പ്രസിദ്ധീകരിച്ച സത്യാർത്ഥപ്രകാശം പുസ്തകത്തിൻ്റെ രണ്ടാം പതിപ്പ് (സമ്പാദകൻ: കെ.എം. രാജൻ മീമാംസക്) ആചാര്യ ഉദയൻ മീമാംസക് പ്രകാശനം ചെയ്തു. കൂടാതെ ഉന്നതപഠനത്തിനായി യോഗ്യരായ വിദ്യാർത്ഥികൾക്ക് വെള്ളിനേഴി ആര്യസമാജം നൽകുന്ന സ്കോളർഷിപ്പ് വിതരണവും, വാർഷികോത്സവത്തിൻ്റെ രണ്ടാം ദിവസം വേദഗുരുകുലത്തിൽ വെച്ച് നടത്തിയ സനാതനധർമ്മ പ്രശ്നോത്തരി മത്സരവിജയികൾക്കുള്ള പ്രമാണപത്രവും വൈദിക സാഹിത്യങ്ങളും വിതരണവും അദ്ദേഹം നിർവഹിച്ചു. ചെർപ്പുളശ്ശേരി നഗരസഭാംഗം ശ്രീമതി. കെ. രജനി, ശ്രീ. ആദിത്യ മുനി, ആചാര്യ വിശ്വശ്രവ, ശ്രീ, സൂരജ് പ്രകാശ് കുമാർ, ശ്രീ. പുരുഷോത്തമൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു. വേദഗുരുകുലം രക്ഷാധികാരി ഡോ. ശശികുമാർ നെച്ചിയിൽ, എം. ഡി. (ആയു.), പെരുമ്പാവൂർ ആര്യസമാജം അദ്ധ്യക്ഷൻ ശ്രീ. കെ. കെ. ജയൻ ആര്യ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. വേദഗുരുകുലം അധിഷ്ഠാതാവ് കെ. എം. രാജൻ മീമാംസക് സ്വാഗതവും അധ്യക്ഷൻ. ശ്രീ. വി. ഗോവിന്ദ ദാസ് നന്ദിയും പ്രകാശിപ്പിച്ചു.
ഇതിനോടൊപ്പം വേദഗുരുകുലത്തിലെ ബ്രഹ്മചാരികളുടെ ബൗദ്ധിക ശാരീരിക പ്രദർശനങ്ങളും ഉണ്ടായിരുന്നു. തുടർന്ന് വിഭവ സമൃദ്ധമായ സദ്യയോടെ വേദഗുരുകുലം ഏഴാം വാർഷികോത്സവം വളരെ ഭംഗിയായി അവസാനിച്ചു.
TEAM VEDA GURUKULAM, KARALMANNA