വ്യാകരണാചാര്യ, വൈദിക ധർമ്മ പ്രവേശിക കോഴ്സുകൾ

Blog News Notices Print Media
  • വെള്ളിനേഴി ആര്യസമാജത്തിന്റെ നേതൃത്വത്തിൽ കാറൽമണ്ണയിൽ പ്രവർത്തിക്കുന്ന വേദഗുരുകുലം എം. ഡി. യൂണിവേഴ്സിറ്റി (മഹർഷി ദയാനന്ദ് ചെയർ), രോഹ്തക്കുമായി സഹകരിച്ചുകൊണ്ട് 2024 ഏപ്രിൽ മാസത്തിൽ ആരംഭിക്കുന്ന താഴെപറയുന്ന കോഴ്സുകൾക്ക് യോഗ്യരായ വിദ്യാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.

തെരഞ്ഞെടു ക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് പഠനം, താമസം, ഭക്ഷണം എന്നിവ സൗജന്യമായിരിക്കും.

  • മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സംസ്‌കൃതം എന്നീ ഭാഷകളിൽ ആയിരിക്കും പഠനം.
  • പഠനം വിജയകരമായി പൂർത്തിയാക്കിയാൽ തങ്ങൾ വൈദികധർമ്മ പ്രചാരണത്തിനും സമാജത്തിന്റെ സർവ്വതോമുഖമായ ഉന്നമനത്തിനുമായി തങ്ങളാൽ ആവുന്ന സേവനം നടത്തുമെന്ന് വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും രേഖാമൂലം ഉറപ്പ് നൽകണം. കാറൽമണ്ണ വേദഗുരുകുലം ഇത്തരത്തിൽ സമാജസേവനം നടത്താൻ കെൽപ്പുള്ള ധർമ്മപ്രേമികളായ ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് സൗജന്യപഠനവും സേവനങ്ങളും നൽകുന്നത്.
  1. വ്യാകരണാചാര്യ

പഠനവിഷയങ്ങൾ

പാണിനി മഹർഷിയുടെ വർണ്ണോച്ചാരണ ശിക്ഷ മുതൽ പതഞ്ജലിയുടെ മഹാഭാഷ്യം വരെ ഉൾക്കൊള്ളുന്നതാണ് ഈ കോഴ്സ്. കൂടാതെ വൈദിക ധർമ്മത്തേക്കുറിച്ചുള്ള അടിസ്ഥാന ഗ്രന്ഥങ്ങളുടെ അധ്യയനം, കേരളീയരീതിയിലുള്ള വേദാലാപനം, സന്ധ്യാവന്ദനം, അഗ്നിഹോത്രം, ശ്രൗതയാഗങ്ങൾ എന്നിവയുടെ പഠനം, യോഗ – പ്രണായാമ – ധ്യാന പരിശീലനം, കളരി പരിശീലനം തുടങ്ങിയവയും ഉണ്ടായിരിക്കും.

പഠനകാലാവധി :

അഞ്ചു വർഷം (ഇത് വിദ്യാർത്ഥികളുടെ സ്മരണശേഷി, വിഷയത്തിൽ ഉള്ള താല്പര്യം എന്നിവ കണക്കിലെടുത്താണ്. ഇത് 6 മാസം വീതമുള്ള 10 തലങ്ങളിൽ (ഫേസ്) ആയാണ് നടക്കുക. ഓരോ 6 മാസവും കഴിയുമ്പോൾ മൂല്യാങ്കനം നടക്കുന്നതാണ്. അതിൽ വിജയിക്കുന്നവർക്ക് അടുത്ത തലത്തിലേക്ക് പ്രവേശനം ലഭിക്കും. ഓരോ തലങ്ങൾ വിജയകരമായി പൂർത്തിയാക്കുമ്പോഴും എം. ഡി. യൂണിവേഴ്സിറ്റി (മഹർഷി ദയാനന്ദ് ചെയർ), രോഹ്തക് നൽകുന്ന സർട്ടിഫിക്കേറ്റ് ലഭിക്കുന്നതാണ്.
ഈ പഠന പദ്ധതി വിജയകരമായി പൂർത്തിയാക്കുന്നവർക്ക് കാറൽമണ്ണ വേദഗുരുകുലം വ്യാകരണാചാര്യ എന്ന ഉപാധിയും പ്രമാണ പത്രവും നൽകുന്നതാണ്.

ഈ കോഴ്സിനുള്ള യോഗ്യത:

(അ) 2024 ഏപ്രിൽ 1 ന് 10 വയസ്സ് പൂർത്തി യായിരിക്കണം.
(ആ) സംസ്കൃതം എഴുതാനും വായിക്കാനും അറിയുന്നത് അഭികാമ്യം.
(ഇ) ഈ സൗജന്യ പഠനം ഗുരുകുലത്തിൽ പൂർണ്ണസമയം വിദ്യാർത്ഥികളായി പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് മാത്രമാണ്.
(ഈ) പെൺകുട്ടികൾക്ക് പഠനവും താമസവും ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴിയിലായിരിക്കും.

  1. വൈദിക ധർമ്മ പ്രവേശിക

പഠനവിഷയങ്ങൾ

വൈദിക സാഹിത്യങ്ങളുടെ സംക്ഷിപ്ത പരിചയം, ഈശ്വരൻ, ജീവാത്മാവ്, പ്രകൃതി, കർമ്മഫല വ്യവസ്ഥ, ധർമ്മാധർമ്മങ്ങൾ, നീതിശാസ്ത്രം, വാല്മീകി രാമായണം, വ്യാസ മഹാഭാരതം, മനുസ്മൃതി തുടങ്ങിയവയിലെ പ്രക്ഷിപ്തങ്ങൾ ശാസ്ത്രീയമായി കണ്ടെത്തി അവയുടെ സംക്ഷിപ്ത പഠനം, വൈദികാനുഷ്ഠാനങ്ങളായ സന്ധ്യാവന്ദനം, അഗ്നിഹോത്രം തുടങ്ങിയ പഞ്ച മഹായജ്ഞങ്ങളുടേയും ജനനം മുതൽ മരണം വരെ അനുഷ്ഠിക്കേണ്ട ഷോഡശ സംസ്കാരങ്ങളുടെയും പരിശീലനം, യോഗ – പ്രണായാമ – ധ്യാന പരിശീലനം, കേരളീയ രീതിയിലുള്ള വേദാലാപനം, മതങ്ങളുടെ താരതമ്യ പഠനം, മഹർഷി ദയാനന്ദ സരസ്വതിയുടെ ഗ്രന്ഥങ്ങളുടെ അധ്യയനം, ശാസ്ത്രാർത്ഥങ്ങൾ നടത്താനുള്ള പരിശീലനം തുടങ്ങിയ വിഷയങ്ങൾ ഉൾക്കൊള്ളുന്നതാണ് ഈ കോഴ്സ്.

പഠനകാലാവധി:

പ്രാഥമികം, ഉത്തമം എന്നിങ്ങനെ ആറുമാസം ദൈർഘ്യമുള്ള രണ്ട് തലത്തിൽ ആയാണ് ഈ പഠനം നടക്കുക. ആദ്യശ്രേണിയിലെ പഠനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് അടുത്ത തലത്തിലേക്ക് പ്രവേശനം ലഭിക്കുന്നതാണ്. ഓരോ തലങ്ങൾ വിജയകരമായി പൂർത്തിയാക്കുമ്പോഴും എം. ഡി. യൂണിവേഴ്സിറ്റി (മഹർഷി ദയാനന്ദ് ചെയർ), രോഹ്തക് നൽകുന്ന സർട്ടിഫിക്കേറ്റ് ലഭിക്കുന്നതാണ്. കൂടാതെ ഈ വൈദിക പഠന പദ്ധതി വിജയകരമായി പൂർത്തിയാക്കുന്നവർക്ക് കാറൽമണ്ണ വേദഗുരുകുലം വൈദിക് എന്ന ഉപാധിയും പ്രമാണ പത്രവും നൽകുന്നതാണ്.

ഈ കോഴ്സിനുള്ള യോഗ്യത:

(അ) ഈ കോഴ്സിന് വേണ്ട അടിസ്ഥാന യോഗ്യത SSLC അഥവാ തത്തുല്യ യോഗ്യത.
(ആ) സംസ്കൃതം എഴുതാനും വായിക്കാനും അറിയുന്നത് അഭികാമ്യം.
(ഇ) ധർമ്മ പ്രചാരണത്തിന് താല്പര്യം.
(ഈ) പെൺകുട്ടികൾക്ക് പഠനവും താമസവും ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴിയിലായിരിക്കും.

ഈ സൗജന്യ പഠനം ഗുരുകുലത്തിൽ പൂർണ്ണസമയം വിദ്യാർത്ഥികളായി പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് മാത്രമാണ്. വർണ്ണ – വർഗ്ഗ – ലിംഗ വ്യത്യാസമില്ലാതെ വൈദിക ധർമ്മത്തിൽ വിശ്വാസം ഉള്ള നിർദ്ദിഷ്ട യോഗ്യതയുള്ള ജിജ്ഞാസുക്കളായ ആർക്കും അപേക്ഷിക്കാവുന്നതാണ്. രജിസ്റ്റർ ചെയ്യുവാനുള്ള ലിങ്ക് 👇

https://forms.gle/SuPqXknUgHFdaW367

അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി : 2024 മാർച്ച്‌ 31 ന് വൈകുന്നേരം 5 മണി
*
കൂടുതൽ വിവരങ്ങൾക്ക് വേദഗുരുകുലവുമായി ബന്ധപ്പെടുക: 9497525923, 9446575923

എന്ന്,

🙏
TEAM ARYA SAMAJAM KERALAM