നാളെ (05.10.2022) നിരയന പഞ്ചാംഗം അനുസരിച്ച് ആശ്വിന ശുക്ലദശമി അഥവാ വിജയദശമിയാണ് (ശുദ്ധ വൈദിക പഞ്ചാംഗം അനുസരിച്ച് ഇത് കഴിഞ്ഞ സെപ്തംബർ 20ന് ആയിരുന്നു. ഈ വൈദിക പഞ്ചാംഗത്തിന്റെ കോപ്പികൾ ആവശ്യമുള്ളവർ 7907077891 എന്ന നമ്പറിൽ ബന്ധപ്പെടുക).
ശ്രേഷ്ഠകർമങ്ങൾ തുടങ്ങാൻ ഉത്തമദിനമായി പണ്ടുമുതലേ ഭാരതീയർ കരുതിപ്പോന്നിരുന്ന ഒരു ശുഭദിനമായ
വിജയദശമി ഒരു വൈദിക പർവ്വമായി പ്രാചീന കാലം മുതൽ ആചരിച്ചു വരുന്നുണ്ട്. ലോകത്തിൽ ആറു ഋതുക്കളും കൃത്യമായി വരുന്ന ഭൂഖണ്ഡം ആര്യാവർത്തം മാത്രമാണ്. മറ്റു നാടുകളിൽ തണുപ്പ് കാലവും വേനൽക്കാലവും മാത്രമേ പൊതുവേയുള്ളൂ. അതിനിടക്ക് മഴയും കിട്ടാറുണ്ട്. എന്നാൽ കാർഷിക രാജ്യമായ ഭാരതത്തിൽ പ്രാചീനകാലത്ത് മഴക്കാലം ആരംഭിച്ചാൽ കർഷകരും വ്യാപാരികളും പട്ടാളക്കാരും ബ്രാഹ്മണരും തങ്ങളുടെ ദൈനംദിന വ്യവഹാരങ്ങളിൽ അൽപ്പം മാറ്റം വരുത്താൻ നിർബന്ധിതരാകും. കനത്ത മഴയിൽ റോഡുകളും കൃഷി സ്ഥലങ്ങളും നഗരങ്ങളും ആശ്രമങ്ങളുമെല്ലാം വെള്ളം കൊണ്ട് ചുറ്റപ്പെട്ടു കിടക്കും. ആർക്കും പുറത്തിറങ്ങി അനായാസമായി പ്രവൃത്തികൾ ചെയ്യാൻ കഴിയില്ല. റോഡുകളും വാഹനങ്ങളും ഒന്നും ഇപ്പോഴത്തെ പോലെയായിരുന്നില്ല. കാൽനടയായും കാളവണ്ടിയിലും കുതിരവണ്ടിയിലുമൊക്കെയായിരുന്നുവല്ലോ അക്കാലത്തു ജനങ്ങൾ യാത്ര ചെയ്തിരുന്നത്. അതിനാൽ ഈ വിശ്രമകാലം സ്വാധ്യായത്തിനും മഴക്കാലത്തിന് ശേഷമുള്ള പരിപാടികൾ ആസൂത്രണം ചെയ്യാനും ഉപയോഗപ്പെടുത്തിയിരുന്നു. ചാതുർമാസ്യം പോലുള്ള ആധ്യാത്മിക സാധനകളും ഈ സമയത്താണ് നടത്തിയിരുന്നത്. ഈ പ്രവൃത്തികളുടെ ആരംഭമായാണ് വൈദിക ചടങ്ങായ ഉപാകർമ്മം (ഇപ്പോൾ പ്രചാരത്തിലുള്ള ‘രക്ഷാബന്ധൻ’) അനുഷ്ഠിച്ചിരുന്നത്. ഉപാകർമ്മം, കൃഷി, വ്യാപാരം, രാജ്യരക്ഷ, സ്വാധ്യായം തുടങ്ങിയവയുമായി ബന്ധപ്പെട്ടതാണ്. പ്രാരംഭം എന്നർത്ഥവുമുണ്ട് ഉപാകർമ്മത്തിന്. മനുസ്മൃതി 4.94-95 ഉപാകർമ്മത്തെക്കു റിച്ചു വിവരിക്കുന്നുണ്ട്. ദ്വിജന്മാർ അതായത് ബ്രാഹ്മണ, ക്ഷത്രിയ, വൈശ്യ വർണ്ണക്കാർ ശ്രാവണമാസത്തിലെയോ ഭാദ്രപദ മാസത്തിലേയോ പൗർണ്ണമി ദിനത്തിൽ യഥാവിധി ഉപാകർമ്മം അതായത് യജ്ഞത്തോട് കൂടി യജ്ഞോപവീതം ധരിച്ച് ശ്രാവണ പൂർണ്ണിമ മുതൽ മാഘശുക്ല പ്രതിപദം വരെ ഏതാണ്ട് നാലരമാസം വേദ സ്വാധ്യായം ചെയ്ത് പൗഷ പൗർണമിക്കോ മാഘ ശുക്ല പ്രതിപദയുടെ പൂർവ്വാഹ്നം മുതൽ മധ്യാഹ്നത്തിനു മുമ്പ് ഗൃഹത്തിന്റെയോ ഗ്രാമത്തിന്റെയോ പുറത്തുപോയി വ്രതം അവസാനിപ്പിക്കണം. തുടർന്ന് സാമാന്യരീതിയിലുള്ള പ്രവൃത്തികളിൽ പ്രവേശിക്കണം.
ഉപാകർമ്മം ഒരു വ്രതാരംഭമാണ്. ലൗകിക വ്യവഹാരങ്ങളിൽ നിന്ന് എന്നെന്നേക്കുമായി മാറിനിൽക്കൽ അല്ല ഇത്. വ്രതം പൂർത്തിയാക്കി വർദ്ധിത വീര്യത്തോടെ വീണ്ടും കർമ്മമേഖലകളിലേക്ക് പ്രവേശിക്കുകയാണ് ഉത്സർജ്ജനം അഥവാ വ്രതപൂർത്തി എന്ന കർമ്മം കൊണ്ടുദ്ദേശിക്കുന്നത്.
ഈ ചാതുർമാസ്യകാലത്ത് കാലാവസ്‌ഥ അനുകൂലമല്ലാത്തതിനാലും വിശ്രമത്തിനും പരിശീലനത്തിനും മുന്നൊരുക്കങ്ങൾക്കുമായി രാജാക്കന്മാരുടെ ദിഗ്വിജയ യാത്രകളും വ്യാപാരികളുടെ ചരക്കുകളുമായുള്ള യാത്രകളും മറ്റും നിർത്തിവെക്കാറുണ്ട്. വർഷ ഋതുവിനും ശേഷം ശരദ് ഋതുവിന്റെ ആരംഭത്തിൽ നിർത്തിവെച്ച യാത്രകളും പ്രവർത്തനങ്ങളും പുനരാരംഭിക്കും. ആശ്വിനശുക്ലദശമി ദിവസം ‘വിജയദശമി’ ആയി ആചരിച്ചിരുന്നു.
വിജയദശമി ഹൈന്ദവരുടെ ഒരു പവിത്രദിനമായാണ് കണക്കാക്കപ്പെടുന്നത്. മര്യാദാപുരുഷോത്തമനായ ശ്രീരാമൻ ഈ ദിവസമാണ് തന്റെ വിജയയാത്ര ആരംംഭിച്ച് കുറച്ചു ദിവസങ്ങൾക്ക് ശേഷം ലങ്കാപതിയായ രാവണനെ വധിച്ച് ധർമ്മം പുനഃസ്ഥാപിച്ചത്. ഇപ്പോൾ ഡൽഹിയിലും മറ്റും ആഘോഷിക്കുന്ന രാംലീലയിലെ രാവണ വധവുമായി ഈ ദിനത്തിന് ബന്ധമൊന്നുമില്ല. വർഷ ഋതുവിന് ശേഷമാണ് ഹനുമാൻ സീതാന്വേഷണത്തിന് പുറപ്പെടുന്നത് എന്നോർക്കുക. വാല്മീകി രാമായണം അനുസരിച്ച് ശ്രീരാമൻ വിജയയാത്ര തുടങ്ങിയ ദിനമാണ് വിജയദശമി. രാവണ വധം നടന്നത് ചൈത്ര കൃഷ്ണ അമാവാസി തിഥിയിലായിരുന്നു എന്ന് കരുതപ്പെടുന്നു.
ഈ വിജയദശമിയുടെ അവസത്തിൽ നമുക്ക് ഒരു നല്ല സങ്കൽപ്പം എടുക്കുന്നത് നന്നായിരിക്കും. വേദാദി സത്യശാസ്ത്രങ്ങളിൽ നിർദേശിക്കുന്ന ഈശ്വരോപസന, അഗ്നിഹോത്രം എന്നിവ ഏതു സാഹചര്യത്തിലും മുടക്കില്ല എന്നും സമയനിഷ്ഠ, കൃത്യനിഷ്ഠ എന്നിവ ജീവിതത്തിന്റെ ഒരു ഭാഗമാക്കും എന്നും സമാജത്തിന്റെ സർവതോമുഖമായ ഉന്നമനത്തിനുവേണ്ടി തങ്ങളാൽ ആവുന്നവധം പ്രവർത്തിക്കും എന്ന് എല്ലാവരും ഒരു ദൃഢ സങ്കൽപ്പം എടുത്താൽ വീടും ഗ്രാമവും രാഷ്ട്രവും ഐശ്വര്യവും സമാധാനവും കൊണ്ട് നിറയും. അതിന് നമുക്ക് കഴിയട്ടെ എന്നതാവട്ടെ ഇന്നത്തെ ചിന്ത.
ആര്യസമാജം ഈ വൈദിക പർവ്വത്തിന് വളരെ പ്രാധാന്യം നൽകുന്നുണ്ട്. ഗുരുകുലങ്ങളിൽ വിപുലമായ ചടങ്ങുകൾ ഇതുമായി ബന്ധപ്പെട്ട് നടത്താറുണ്ട്.
ഇന്ന് ഡ്യൂപ്ലിക്കേറ്റ് ആചാരങ്ങൾക്കും ഗ്രന്ഥൾക്കുമിടയിൽ നിന്ന് ഒറിജിനൽ ഏതെന്ന് കണ്ടെത്തുക സാധാരണക്കാർക്ക് വിഷമമായിരിക്കുന്നു. ആൾക്കൂട്ടം ഏറെയുള്ളതാണ് ശരി എന്ന നിഗമനത്തിൽ പലരും എത്തിച്ചേരുന്നു. പ്രാചീന ഋഷിമാർ തെളിച്ച വഴിയിലൂടെ പോയാൽ മാത്രമേ ആചാരാനുഷ്ഠാനങ്ങൾക്ക് ഫലം ലഭിക്കുകയുള്ളു. നമുക്ക് തിരക്ക് കുറഞ്ഞ ആ വഴിയിലൂടെ യാത്ര തുടരാം…🙏
ഓം കൃണ്വന്തോ വിശ്വമാര്യം…(ഋഗ്വേദം 9.63.5)
(കെ.എം.രാജൻ മീമാംസക്, ആര്യപ്രചാരക് & അധിഷ്ഠാതാവ്, വേദഗുരുകുലം, കാറൽമണ്ണ)
www.aryasamajkerala.org.in
www.vedagurukulam.org
https://m.facebook.com/Aryasamajamkeralam/?refid=46&xts%5B0%5D=12.%7B
Helpline No. 9446575923, 8590598066