സ്വവർഗ്ഗവിവാഹം ഒരു അധാർമ്മിക പ്രവൃത്തി

Uncategorized
  • കെ. എം. രാജൻ മീമാംസക്

വിവാഹ സംസ്കാരം: വൈദിക ധർമ്മത്തിന്റെയും വിവിധ മതങ്ങളുടെയും കാഴ്ചപ്പാടിൽ

ഇന്ന് നമ്മുടെ രാജ്യത്ത്, സ്വവർഗ ലൈംഗിക ബന്ധങ്ങൾക്ക് സാമൂഹിക അംഗീകാരം നൽകുവാനും അവരെ വിവാഹിതരായ ദമ്പതികളായി കണക്കാക്കുവാനും അവരുടെ അവകാശങ്ങൾ നിറവേറ്റാനുള്ള നിർഭാഗ്യകരമായ വ്യഗ്രതയും കാണുന്നുണ്ട്. ഈ വിഷയത്തിൽ സുപ്രീം കോടതിയുടെ പോലും ഏതാനും നിരീക്ഷണങ്ങൾ അധാർമ്മികമായിപ്പോകുന്നുണ്ട്. ചീഫ് ജസ്റ്റിസിന്റെ വ്യക്തിപരമായ അഭിപ്രായങ്ങളും അങ്ങേയറ്റം നിരാശാജനകവും ഒഴിവാക്കാവുന്നതുമാണെന്ന് തോന്നുന്നു.

നമുക്ക് വൈദികധർമ്മം അനുശാസിക്കുന്ന വിവാഹ ആചാരങ്ങളുമായി ബന്ധപ്പെട്ട വേദാധിഷ്ഠിത വിശ്വാസങ്ങളും ക്രമീകരണങ്ങളും ഒന്ന് നിരീക്ഷിക്കാം.

നമ്മുടെ സംസ്കാരത്തിൽ, പാരമ്പര്യമനുസരിച്ച്, വേദങ്ങളും സ്മൃതി ശാസ്ത്രങ്ങളും പിന്തുണയ്ക്കുന്ന ആചാരങ്ങൾ ഒരു മനുഷ്യനെ പരിഷ്കൃതനും മര്യാദയുള്ളവനും സംസ്കാരമുള്ളവനും നിർഭയനുമാക്കുന്നു. ഹൈന്ദവ സംസ്കാരത്തിൽ ഗർഭധാരണം മുതൽ ശവസംസ്കാരം വരെ പതിനാറ് സംസ്കാരങ്ങൾ നടത്താൻ വിധിയുണ്ട്.
ഈ പതിനാറ് സംസ്കാരങ്ങളിൽ വരുന്ന ഒന്നാണ് ‘വിവാഹ സംസ്കാരം.’

മനുഷ്യജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ആചാരങ്ങളാണ് വിവാഹ ചടങ്ങുകൾ. ഇത് കേവലം രണ്ട് ശരീരങ്ങളുടെ കൂടിച്ചേരലല്ല, മറിച്ച് രണ്ട് ആത്മാക്കളുടെ വിശുദ്ധ ഐക്യമാണ്. കുടുംബജീവിതം ആരംഭിക്കുന്നത് വിവാഹത്തോടെയാണ്.

ഈ ഗൃഹസ്ഥാശ്രമം നാല് ആശ്രമങ്ങളിൽ ഏറ്റവും മികച്ചതായി കണക്കാക്കപ്പെടുന്നു, കാരണം-
(1) ബാക്കിയുള്ള മൂന്ന് ആശ്രമങ്ങൾ – ‘ബ്രഹ്മചര്യം, വാനപ്രസ്ഥം, സന്യാസാശ്രമം’ എന്നിവ ഈ ഗൃഹസ്ഥാശ്രമത്തെ ആശ്രയിച്ചിരിക്കുന്നു.
ഈ മൂന്ന് ആശ്രമവാസികളും ഗൃഹസ്ഥരോട് ഭിക്ഷ യാചിച്ച് പലതരത്തിലുള്ള സഹായങ്ങൾ നേടിയാണ് ജീവിക്കുന്നത്.
(2) ഗൃഹസ്ഥാശ്രമത്തിൽ വസിക്കുമ്പോൾ ഒരു മനുഷ്യൻ തന്റെ മൂന്ന് കടങ്ങളിൽ നിന്ന് മുക്തനാകുന്നു – പിതൃ ഋണം, ഋഷി ഋണം, ദേവ ഋണം.

(3) മാത്രമല്ല, ഗർഭധാരണം മുതൽ ശവസംസ്കാരം വരെയുള്ള എല്ലാ സംസ്കാരങ്ങളും വിവാഹ സംസ്കാരം ഉണ്ടെങ്കിൽ മാത്രമേ സാധ്യമാകൂ. കാരണം വ്യക്തമാണ്, വിവാഹം ഇല്ലെങ്കിൽ പിന്നെ കുട്ടി ജനിക്കില്ല. കുട്ടികൾ ജനിക്കാത്തപ്പോൾ ഒരു ആശ്രമ സംവിധാനവും പ്രവർത്തിക്കില്ല.
(4) നാല് പുരുഷാർത്ഥങ്ങളിൽ ധർമ്മം, അർത്ഥം, കാമം എന്നീ മൂന്ന് പുരുഷാർത്ഥങ്ങൾ നേടിയെടുക്കുന്നതിനുള്ള മാർഗ്ഗം കൂടിയാണ് വിവാഹം.
(5) നമ്മുടെ ശാസ്ത്രഗ്രന്ഥങ്ങളിൽ, ഭാര്യയില്ലാത്ത പുരുഷന് യജ്ഞം ചെയ്യാൻ പോലും അർഹതയില്ല എന്ന് പറയുന്നുണ്ട്.
അയജ്ഞോ വാ ഏഷ: യോfപത്നീക: (തൈത്തിരീയ ബ്രാഹ്മണം 2.2.2.6)
(6) മനുഷ്യന്റെ മാനസികവും ആത്മീയവുമായ വികാസത്തിനും വിവാഹം അത്യാവശ്യമാണ്. വിവാഹം ഒരു വ്യക്തിയുടെ കാഴ്ചപ്പാട് മാറ്റുന്നു. സഹിഷ്ണുത, ത്യാഗം, ക്ഷമ, ദാനധർമ്മം, ഔദാര്യം തുടങ്ങിയ ഗുണങ്ങളും ഇത് വികസിപ്പിക്കുന്നു.
ഇക്കാരണങ്ങളാൽ വിവാഹ ചടങ്ങുകൾ വേദങ്ങളിലും ഗൃഹ്യസൂത്രങ്ങളിലും സ്മൃതി ഗ്രന്ഥങ്ങളിലും മറ്റും വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.
‘വി’ ഉപസർഗ്ഗത്തോടുകൂടിയ ‘വഹ പ്രാപണേ’ എന്ന ധാതുവിനോട് ‘ഘഞ്’ പ്രത്യയം ചേർത്താൽ ‘വിവാഹം’ എന്ന പദം ലഭിക്കും, അതായത് -വിവാഹ: വിശിഷ്ടവഹനമ്. വിവാഹത്തെ വിശിഷ്ട വഹന (ഉത്തരവാദിത്തം) മായാണ് മാനിക്കപ്പെടുന്നത്. എന്തെന്നാൽ വിവാഹശേഷം വധൂ – വരന്മാരുടെ ഉത്തരവാദിത്വങ്ങളും കർത്തവ്യങ്ങളും വർധിക്കുന്നു
മഹർഷി ദയാനന്ദൻ തന്റെ സംസ്‌കാരവിധിയിൽ ‘വിവാഹം’ എന്നതിന്റെ നിർവചനം ഇപ്രകാരമാണ് നൽകിയിരിക്കുന്നത്.
സന്താനോത്പത്തയേ വർണാശ്രമാനുകൂലമുത്തമ കാര്യസിദ്ധയേ ച സ്ത്രീപുരുഷയോ: സംബന്ധോ വിവാഹഃ l, അതായത് ഒരു ശിശുവിന്റെ നിർമ്മാണത്തിന്, വർണാശ്രമം അനുസരിച്ച് ഉചിതമായ കാര്യങ്ങൾ ചെയ്യാൻ, സ്ത്രീയും പുരുഷനും തമ്മിലുണ്ടാക്കുന്ന ബന്ധത്തെ ‘വിവാഹം’ എന്ന് വിളിക്കുന്നു.
തൈത്തിരീയ ഉപനിഷത്തിൽ പോലും (1.11.1) *പ്രജാതന്തും മാ വ്യവച്ഛേത്സീ: * അതായത് ‘സന്താനരൂപത്തിലുള്ള വംശ പാരമ്പര്യത്തെ തകർക്കരുത്’ എന്ന് പറഞ്ഞ് – വിവാഹത്തിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞിട്ടുണ്ട്. ഇത് ശാരീരികമോ സാമൂഹികമോ ആയ ഒരു ബന്ധമായി കണക്കാക്കുന്നില്ല, പകരം അതിന് ജീവിതത്തിന്റെ തുടർച്ചയുടെ രൂപം നൽകിയിട്ടുണ്ട്.

വിവാഹസംസ്കാരത്തിലെ പാണിഗ്രഹണ സമയത്ത് വരൻ വധുവിനോട് ഇപ്രകാരം പറയുന്നു. “സൗഭാഗ്യത്തിനും ജീവിതാന്ത്യം വരെ ഒന്നിച്ച് നൽക്കുന്നതിനുമായി ഭഗൻ, അര്യമാവ്, സവിതാ തുടങ്ങിയ ദേവതകളുടെ അനുഗ്രഹത്തോടെ ഗൃഹസ്ഥധർമ്മം പാലിക്കുന്നതിനായി ഞാൻ നിൻ്റെ കരം ഗ്രഹിക്കുന്നു.
ഗൃഭ്ണാമി തേ സൗഭഗത്വായ ഹസ്തം മയാ പത്യാ ജരദഷ്ടിർയഥാസഃ l
ഭഗോ അര്യമാ സവിതാ പുരന്ധിർമഹ്യം ത്വാദുർഗാർഹപത്യായ ദേവാ: ll
(ഋഗ്വേദം 10.85.36)
ഇക്കാരണത്താൽ വിവാഹ ചടങ്ങിനെ പാണിഗ്രഹണ ചടങ്ങ് എന്നും വിളിക്കുന്നു.
വധു ഭർതൃഗൃഹത്തിൽ പോയി ഒരു കുഞ്ഞിന് ജന്മം നൽകണം, ഭാര്യാഭർത്താക്കന്മാർക്കിടയിൽ സ്നേഹം വർദ്ധിപ്പിക്കണം, വീട്ടുകാരുടെ കടമകളും ഉത്തരവാദിത്തങ്ങളും നന്നായി നിർവഹിക്കണം, ഭർത്താവിനൊപ്പം ഏകമനസ്സോടെ ജീവിക്കുക, നല്ല പരിചരണം നൽകുക. മക്കൾക്ക് നല്ല സംസ്കാരം നൽകുക. അവരെ ഭാവിയിലെ നല്ല പൗരന്മാരാക്കണം തുടങ്ങിയ അനേകം ആശകൾ വധുവിൽ നിന്ന് പ്രതീക്ഷിക്കുന്നു.

ഇഹ പ്രിയം പ്രജയാ സമൃധ്യതാമസ്മിൻ ഗൃഹേ ഗാർഹപത്യായ ജാഗൃഹിl
ഏനാ പത്യാ തന്വം സം സൃജസ്വാfധാ ജിവ്രീ വിദഥമാ വിദാഥ: l
(ഋഗ്വേദം 10.85.27)

സപ്തപ്രദക്ഷിണവും സപ്തപദിയും വ്യത്യസ്തമായ ആചാരങ്ങളാണെന്നത് ഇവിടെ ശ്രദ്ധിക്കേണ്ടതാണ്. വധൂവരന്മാർ അഗ്നിക്കു ചുറ്റും ഏഴ് പ്രദക്ഷിണം നടത്തുന്നതാണ് സപ്തപ്രദക്ഷിണം. ഓരോ പ്രദക്ഷിണത്തിനും ഓരോ വചനങ്ങളുമുണ്ട്. വധൂവരന്മാർ ഒരുമിച്ച് ഏഴ് ചുവടുകൾ നടക്കുന്നതാണ് സപ്തപദി. എന്നാൽ സപ്തപദി സപ്ത പ്രദക്ഷിണത്തിന് ശേഷം ചെയ്യുന്നതാണ്. ഓരോ ചുവടിലും ഓരോ പ്രതിജ്ഞ എടുക്കും. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് കൊണ്ട് ഇങ്ങനെ പ്രതിജ്ഞ എടുക്കുന്നു. ഇപ്പോൾ ഞങ്ങൾ ഭാര്യാഭർത്താക്കന്മാരും സുഹൃത്തുക്കളും ആയിക്കഴിഞ്ഞു, ഞങ്ങൾ എന്നേക്കും ഒരുമിച്ചായിരിക്കുമെന്ന് കുടുംബത്തിന് ഉറപ്പ് നൽകുന്നു.

വിവാഹ ചടങ്ങിലെ പ്രദക്ഷിണങ്ങളുടെയും വാക്കുകളുടെയും പാരമ്പര്യത്തിൽ ഈ അഞ്ചാമത്തെ പ്രദക്ഷിണത്തിലെ വാഗ്ദാനവും വളരെ പ്രസക്തമാണ് –

ഇന്ദ്രാഗ്നീ ദ്യാവാപൃഥിവീ മാതരിശ്വാ മിത്രാവരുണാ ഭഗോ അശ്വിനോഭാ|
ബൃഹസ്പതിർമ്മരുതോ ബ്രഹ്മ സോമ ഇമാം നാരീം പ്രജയാ വർദ്ധയന്തു.
(അഥർവവേദം 14.1.54)

വരൻ പറയുന്നു- ഇന്ദ്രൻ, അഗ്നി, ദ്യൗ, പൃഥിവി, മാതരിശ്വാവ്, മിത്രൻ, വരുണൻ, ഭഗൻ, അശ്വിനീകുമാരന്മാർ, ബൃഹസ്പതി, മരുദ്, വേദം, സോമൻ എന്നിവർ എന്റെ ഈ ഭാര്യയിലൂടെ ഞങ്ങൾക്ക് സന്താനങ്ങളെ നൽകിയാലും.

തനിക്കും ഭർത്താവിനോട് സ്‌നേഹമുണ്ടാകുമെന്നും കുട്ടികൾക്ക് ജന്മം നൽകുന്നതിലൂടെ കുടുംബത്തിന്റെയും സമൂഹത്തിന്റെയും ഭാവി തലമുറയെ കെട്ടിപ്പടുക്കാൻ സഹായകമാകുമെന്നും അതേ വാഗ്ദാനമാണ് വധുവും നൽകുന്നത്.

ഈ പ്രദക്ഷിണങ്ങൾക്ക് ശേഷം, വധുവും വരനും ഒരുമിച്ച് ഏഴ് ചുവടുകൾ നടന്ന് അന്നം, ബലം, ധനം, സുഖം, സന്താനങ്ങൾ, ഋതുഭേദാനുസൃതമായി വ്യവഹാരം നടത്തുന്നതിനും പരസ്പര സൗഹൃദത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു.

  • ഓം ഇഷേ ഏകപദീ ഭവ, ഓം ഊർജേ ദ്വിപദീ ഭവ, ഓം രായസ്പോഷായ ത്രിപദീ ഭവ, ഓം മായോഭവ്യായ ചതുഷ്പദീ ഭവ, ഓം പ്രജാഭ്യ: പഞ്ചപദീ ഭവ, ഓം ഋതുഭ്യ: ഷട്പദീ ഭവ, ഓം സഖേ സപ്തപദീ ഭവ.*
    (ആ. ഗൃ. സൂ. 1.7.19) ഇതിനെ സപ്തപദി എന്ന് വിളിക്കുന്നു. അതിനുശേഷം ഈശ്വരനേയും സമൂഹത്തെയും കുടുംബാംഗങ്ങളെയും സാക്ഷികളായി കണക്കാക്കി, അന്നുമുതൽ ഭാര്യാഭർത്താക്കന്മാരുടെ രൂപത്തിൽ അജ്ഞാതരായ ഒരു യുവതിയും യുവാവും തമ്മിൽ അഭേദ്യമായ ഒരു സൗഹൃദം രൂപപ്പെടുന്നു. ‘മൈത്രീ സപ്തപദീനമുച്യതേ.’ l

ഇപ്രകാരം വേദങ്ങൾ അനുസരിച്ച് വിവാഹം ആദർശപരവും ആദരണീയവുമായ ഒരു സാമൂഹിക പ്രക്രിയയാണ്, മധുരമായ ഒരു ബന്ധമാണ്. ഗൃഹസ്ഥം എന്നത് ഒരു പവിത്രമായ ആശ്രമത്തിന്റെ അടിസ്ഥാനമാണ്, അതിന്റെ ലക്ഷ്യം കേവലം ശാരീരിക ആസ്വാദനമല്ല, അത് യമം, നിയമം, സംയമം എന്നിവയാൽ നിയന്ത്രിക്കപ്പെടുന്ന ശക്തവും അഭേദ്യവുമായ ബന്ധമാണത്. അത് ഉത്തരവാദിത്തങ്ങൾ നിറഞ്ഞതാണെങ്കിലും അത് അഭീഷ്ടത്തെ നൽകുന്നതാണ്.

നൂറ്റാണ്ടുകളായി വിധർമ്മികളുടെ എല്ലാ ദുഷ്പ്രയത്നങ്ങൾക്കിടയിലും, നമ്മുടെ സാമൂഹികവും സാംസ്കാരികവുമായ വ്യക്തിത്വം ഇന്ന് നിലനിൽക്കാൻ കഴിഞ്ഞെങ്കിൽ, അത് സാധ്യമായത് നമ്മുടെ വൈദികമായ ഈ ദാമ്പത്യ ബന്ധത്തിന്റെ പവിത്രതയും മാന്യതയും തുടർച്ചയും കൊണ്ടാണ്.

ലോകത്തിലെ മറ്റ് പ്രധാന മതങ്ങളായ ക്രിസ്ത്യൻ, മുസ്ലീം, യഹൂദികൾ തുടങ്ങിയവയിലും ഈ സ്വവർഗ്ഗ വിവാഹ ബന്ധങ്ങൾക്ക് ഒരു അംഗീകാരവും ഇല്ലെന്നതും ശ്രദ്ധിക്കേണ്ടതാണ്. വിശുദ്ധ ദാമ്പത്യത്തിലൂടെ മനുഷ്യരാശിയുടെ തുടർച്ച ഉറപ്പാക്കുന്ന പ്രക്രിയയെ എല്ലാ മതങ്ങളും വിഭാഗങ്ങളും അംഗീകരിക്കുന്നു. മൃഗപക്ഷികളിൽ ആൺ-പെൺ വഴി ആ പ്രജനന പ്രക്രിയയുടെ തുടർച്ചയും പ്രകൃതി ഉറപ്പാക്കുന്നു.

അതുകൊണ്ടാണ് പ്രകൃതിയുടേയും സംസ്കാരത്തിന്റെയും രണ്ടിൻ്റേയും സഭ്യവും മാന്യവുമായ അടിസ്ഥാന സങ്കൽപ്പങ്ങളെ അനാവശ്യമായി തകർക്കാൻ ശ്രമിക്കുന്ന ഒരുപിടി ബുദ്ധിജീവികളുടെ ഗൂഢശ്രമങ്ങളിൽ പെട്ടുപോകാതെ നാം കൂടുതൽ ജാഗ്രത പാലിക്കുകയും ഈ വിഷയത്തിൽ സജീവമായ ബോധവൽക്കരണം നടത്തുകയും ചെയ്ത് പൂർണ്ണ ശക്തിയോടെ ഇതിനെ എതിർക്കേണ്ടതുണ്ട്. അപലപനീയമായ സ്വവർഗ്ഗവിവാഹം പോലുള്ള ശ്രമങ്ങളെ ചെറുക്കേണ്ടത് ആവശ്യമാണ്.

ഇതിനെതിരെ പ്രതികരിക്കേണ്ടത് നമ്മുടെയെല്ലാം ഉത്തരവാദിത്തമാണ്. രാഷ്ട്രധർമ്മമാണത്.
(കടപ്പാട് : വിപിൻ മിത്ര് ഗുപ്ത)

കെ. എം. രാജൻ മീമാംസക്
ആര്യപ്രചാരകൻ & അധിഷ്ഠാതാവ്
വേദഗുരുകുലം, കാറൽമണ്ണ.

dayanand200

vedamargam2025

aryasamajamkeralam

TEAM VEDA MARGAM 2025