സനാതന ധർമ്മം എന്താണ്?/ WHAT IS SANATHAN DHARMA?

Blog Print Media
  • കെ. എം. രാജൻ മീമാംസക്

വർക്കല ശിവഗിരിമഠം വാർഷിക തീർത്ഥാടനത്തോടനുബന്ധിച്ച് നടന്ന പൊതു സമ്മേളനത്തിൽ വെച്ച് ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനും കേരള പ്രദേശ് കോൺഗ്രസ്‌ കമ്മിറ്റി അധ്യക്ഷൻ ശ്രീ. കെ. സുധാകരനും തുടർന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി ശ്രീ. എം. വി. ഗോവിന്ദൻ മാസ്റ്റർ തുടങ്ങിയ രാഷ്ട്രീയ പ്രവർത്തകരും നവോത്ഥാനത്തിന്റെ സ്വയം പ്രഖ്യാപിത വക്താക്കൾ ആയി നടിക്കുന്ന മറ്റു പലരും സനാതന ധർമ്മത്തെ കുറിച്ച് നടത്തിയ – ചാനൽ ചർച്ചകളിലൂടെ തുടർന്ന് കൊണ്ടിരിക്കുന്ന പല പരാമർശങ്ങളും സാധാരണക്കാരായ വിശ്വാസികൾക്കിടയിൽ ആശയക്കുഴപ്പം ഉണ്ടാക്കാൻ സാധ്യയുള്ളതിനാൽ ഒരു പ്രതികരണം ഇവിടെ നൽകുകയാണ്. “ശ്രീനാരായണഗുരു സനാതനധർമ്മത്തിന്റെ വക്താവോ പ്രയോക്താവോ അല്ല. അദ്ദേഹത്തെ അങ്ങനെ ചിത്രീകരിക്കാനുള്ള ശ്രമങ്ങൾ ഇവിടെ നടക്കുന്നു” എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശവും അതിനുപിന്നാലെ “സനാതനധർമ്മം വർണാശ്രമവ്യവസ്ഥ മാത്രമാണ്, അത് ഈ കാലഘട്ടത്തിന്റെ തന്നെ അശ്ലീലമാണ് “ എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ പ്രസ്താവനയും വസ്തുതകൾക്ക് നിരക്കുന്നതല്ല.

ലോകത്തിലെ ഏറ്റവും പ്രാചീനമായ സനാതന ധർമ്മത്തെ വിമർശിക്കുന്നവർ കുരുടൻ ആനയെ കണ്ട പോലെയാണ് അഭിപ്രായങ്ങൾ പറയുന്നത്.

സദാനിൽനിക്കുന്ന ധർമ്മം, മാറ്റങ്ങൾ വരാത്തത് എന്നൊക്കയാണ് സനാതന ധർമ്മം എന്ന സംസ്കൃത പദത്തിന്റെ അർത്ഥം. അഥർവ്വവേദം പറയുന്നത് സനാതനം എന്നാൽ ഒരിക്കലും പഴകാത്തത് അഥവാ എന്നും പുതിയതായി തോന്നുന്നതാണ് എന്നാണ്. ദിനരാത്ര ചക്രങ്ങൾ മാറി മാറി വരുമ്പോഴും അതിന് പുതുമ ഒരിക്കലും നഷ്ടമാവുന്നില്ലല്ലോ. അത്തരത്തിൽ എന്നും പുതുമ നിലനിർത്തുന്ന നാശമില്ലാത്ത – തുടക്കവും അന്തവുമില്ലാത്തതാണ് സനാതന ധർമ്മം. മാറ്റമില്ലാത്ത നിയമങ്ങൾ ആണിത്. 1+1 =2 ആണ്. അത് എല്ലായിടത്തും ഒരുപോലെയാണ്. അതിനെ ഇമ്മിണി വലിയ ഒന്നാക്കാൻ ശ്രമിക്കുന്നത് വ്യർത്ഥമാണ്.

ധർമ്മവും നിയമവും രണ്ട് തരത്തിലുണ്ട്. സനാതനവും സാമയികവും. സനാതനം മാറ്റം വരാത്തതാണെങ്കിൽ സാമയികം സമയാസമയം മാറ്റം വരുന്നതാണ്. സനാതന ധർമ്മം മാറ്റം വരാത്തതാണ്. അഗ്നിനാളങ്ങൾ മുകളിലേക്ക് കത്തുന്നു. അത് ഏത് കാലത്തും ഏത് ദേശത്തും മാറ്റമില്ലാത്തതാണ്. അതുപോലെ ജലം താഴ്ന്ന പ്രതലത്തിലേക്ക് ഒഴുകുന്നതും ഒരിക്കലും മാറ്റം വരാത്തതാണ്.

ധർമ്മത്തിന് രണ്ട് രൂപങ്ങൾ ഉണ്ട്. ഒന്ന് മൂലതത്വവും മറ്റൊന്ന് ദേശകാല ഭേദങ്ങൾക്കനുസരിച്ച് മാറ്റം വരുന്നതും. മൂലതത്വത്തിന് മാറ്റം വരുന്നില്ല, എന്നാൽ ഭക്ഷണം, വസ്ത്രം, പാർപ്പിട ഘടന എന്നിവ എല്ലായിടത്തും ഒരു പോലെയല്ല. അത് മാറ്റങ്ങൾക്ക് വിധേയമാണ്. ഇക്കാലത്ത് ഈ രണ്ട് രൂപങ്ങളേയും കൂട്ടി കലർത്തുന്നുണ്ട് പലരും. അപ്പോഴാണ് അത് വികൃതമാവുന്നത്. ഇന്ന് ധാർമ്മികമായി കരുതപ്പെടുന്ന പല ആചാരങ്ങളും ഉത്സവങ്ങളും സനാതന ധർമ്മവുമായി യാതൊരു ബന്ധവും ഇല്ലാത്തതാണ്. നദിയുടെ ഉത്ഭവസ്ഥാനത്ത് അത് വളരെ ശുദ്ധവും മാലിന്യങ്ങൾ ഒട്ടും ഇല്ലാത്തതുമാണ്. എന്നാലത് വളരെ ദൂരം ഒഴുകി എത്തുമ്പോൾ ആ നദി മാലിന്യങ്ങളുടെ കൂമ്പാരമായി തീരുന്നു. സനാതന ധർമ്മവും ഇന്ന് ഈ രൂപത്തിലാണ് പ്രചരിക്കപ്പെടുന്നത്.

ഈശ്വരീയവാണിയായ വേദങ്ങളാണ് സനാതന ധർമ്മത്തിന്റെ അടിസ്ഥാനം. ഉപനിഷത്തുകളും ഗീതയും ഇതിഹാസങ്ങളുമെല്ലാം വേദങ്ങളെ പ്രകീർത്തിക്കുന്നു. എന്നാൽ കാലത്തിന്റെ കുത്തൊഴുക്കിൽ പല അനാചാരങ്ങളും അന്ധവിശ്വാസങ്ങളും സനാതന ധർമ്മത്തിന്റെ പേരിൽ പ്രചരിപ്പിക്കപ്പെട്ടു. ജാതീയത, അയിത്തം, സ്ത്രീകൾക്കും പിന്നാക്ക വിഭാഗങ്ങൾ എന്ന് വിശേഷിപ്പിക്കപ്പെടുന്നവർക്കും എതിരായ വിവേചനം എന്നിവ മധ്യകാലഘട്ടത്തിൽ വന്നുകൂടിയ അഴുക്കുകൾ ആണ്. സനാതന ധർമ്മം ദേശകാലങ്ങൾക്ക് അതീതമാണ്. ഇന്ന് കാണുന്ന സെമിറ്റിക് മതങ്ങളെ പോലെ അത് ഏതെങ്കിലും വ്യക്തിയാൽ സ്ഥാപിക്കപ്പെട്ടതല്ല. ശ്രീനാരായണ ഗുരുദേവൻ ഈ വിശാലമായ സനാതന ധർമ്മത്തിന്റെ വക്താവായിരുന്നു എന്ന് അദ്ദേഹത്തിന്റെ കൃതികൾ വായിച്ചാൽ വ്യക്തമാവും.

സനാതന ധർമ്മത്തെ കുറിച്ചുള്ള പ്രബലമായ ഒരു ആക്ഷേപം അത് വർണ്ണാശ്രമധർമ്മത്തെ പരിപോഷിപ്പിക്കുന്നു എന്നതാണ്. എന്നാൽ വർണ്ണാശ്രമധർമ്മമെന്നത് പച്ച മരുന്നാണോ അങ്ങാടി മരുന്നാണോ എന്നറിയാത്ത ബുദ്ധിജീവികൾ എന്ന് സ്വയം അഭിമാനിക്കുന്നവരാണ് ഈ ആക്ഷേപം ഉന്നയിക്കുന്നത്. ജാതി, വർണ്ണം, ആശ്രമ വ്യവസ്ഥ എന്നിവ എന്താണ് എന്ന് ഒന്ന് പരിശോധിക്കാം.

എന്താണ് വർണം? വർണവും ജാതീയതയും തമ്മിലുള്ള വ്യത്യാസം എന്താണ്?

നിരുക്തപ്രകാരം ‘വർണ്ണം’ എന്ന വാക്കിന്റെ അർത്ഥം, ഒരു വ്യക്തി തന്റെ താൽപ്പര്യത്തിനും കഴിവിനും പ്രവർത്തനത്തിനും അനുസരിച്ച് സ്വയം തിരഞ്ഞെടുക്കുന്നതാണ്. അതിനാൽ അതിന്റെ പേര് ‘വർണം’ എന്നാണ്. ജന്മനായുള്ള ജാതി മാതാപിതാക്കളിൽ നിന്നും കുലത്തിൽ നിന്നും ഉരുത്തിരിഞ്ഞതാണ്. മനുവിന്റെ അഭിപ്രായത്തിൽ, വിദ്യാഭ്യാസം നേടിയ ശേഷം വർണം നിർണ്ണയിക്കപ്പെടുന്നു. ഒരു വ്യക്തിയുടെ വർണ്ണം തിരഞ്ഞെടുക്കുന്നത് അവന്റെ ഗുണങ്ങൾ, പ്രവൃത്തികൾ, സ്വഭാവം എന്നിവയെ അടിസ്ഥാനമാക്കിയാണ്, അതേസമയം ജാതി നിർണ്ണയിക്കുന്നത് അവന്റെ ജനനത്താൽ മാത്രമാണ്. വർണ്ണം മാറുന്നതാണ്, അതായത് ഉന്നത വിദ്യാഭ്യാസം നേടി വർണ്ണത്തിൽ മുന്നേറാൻ കഴിയുന്നതുപോലെ, ജാതിയിൽ മാറ്റം സാധ്യമല്ല. ജാതീയതയിൽ, ഒരു വ്യക്തി എന്ത് പ്രവൃത്തി ചെയ്‌താലും, മരണം വരെ അവന്റെ ജാതി മാറുന്നില്ല. ജാതീയതയിൽ, ജനനത്തെയും കുലത്തെയും അടിസ്ഥാനമാക്കിയുള്ള ഒരു ബഹുമാന സമ്പ്രദായമുണ്ട്. ഉയർന്നതും താഴ്ന്നതും, തൊട്ടുകൂടായ്മയും ജാതി വ്യവസ്ഥയിൽ പരിഗണിക്കപ്പെടുന്നു, അതേസമയം വർണ്ണ വ്യവസ്ഥയിൽ ജനനത്തെ അടിസ്ഥാനമാക്കിയുള്ള തൊട്ടുകൂടായ്‌മയും ജാതി വ്യവസ്ഥയും ഇല്ല. അത് ബഹുമാന വ്യവസ്ഥയെയും യോഗ്യതകളെയും കർമ്മങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്.
മനു പറയുന്നു – ജന്മദാതാവും വിദ്യാപ്രദാതാവും – ഈ രണ്ട് പിതാക്കന്മാരിൽ അറിവ് നൽകുന്ന പിതാവ് വലുതും പ്രാധാന്യമുള്ളതുമാണ്, കാരണം അറിവ് സമ്പാദിക്കുന്ന രൂപത്തിലുള്ള സംസ്കാരം ഈ ജന്മത്തിലും പരജന്മത്തിലും നമ്മിൽ നല്ല ഫലങ്ങൾ നൽകുന്നു. വർണ്ണമനുസരിച്ച്, ഉപനയനപ്രകാരം വിദ്യാഭ്യാ സവും ദീക്ഷയും നൽകി ആചാര്യൻ നിശ്ചയിക്കുന്ന യോഗ്യത അതായത് വർണം, ആ വർണ്ണം മാത്രമാണ് ശരിയായതും = ആധികാരി കമായതും. മറ്റേതെങ്കിലും വർണത്തിൽ നിന്ന് വിദ്യാഭ്യാസവും ദീക്ഷയും ലഭിക്കുന്നതുവരെ
അത് മാറ്റാവുന്നതല്ല.

വർണ്ണവ്യവസ്ഥ ലോകത്തെല്ലായിടത്തും എല്ലാകാലത്തും നിലനിക്കുന്നതാണ്. പുരോഹിതനും ഭരണാധികാരിയും കച്ചവടക്കാരനും പണിക്കാരുമില്ലാത്ത ഒരു ലോകം ആർക്കെങ്കിലും സങ്കൽപ്പിക്കാനാവുമോ? അതിന് ജാതീയതയുമായി ഒരു ബന്ധവുമില്ല. ആശ്രമ വ്യവസ്ഥയും അപ്രകാരമാണ്. വിദ്യാർത്ഥിയും ഗൃഹസ്ഥനും പൊതുപ്രവർത്തകനും ഇല്ലാത്ത ഒരു സമൂഹത്തെ എവിടെയെങ്കിലും കാണുമോ? സനാതന ധർമ്മത്തിൽ വർണ്ണാശ്രമധർമ്മത്തിന് മുഖ്യ സ്ഥാനമുണ്ട്.

സനാതനധർമ്മത്തെ അധിക്ഷേപിക്കുന്ന പ്രസ്താവനകൾ നടത്തുന്നവർ ഒരു ഗൃഹപാഠം ചെയ്‌ത്‌ അത് എന്താണെന്ന് മനസ്സിലാക്കി വിമർശനം നടത്തണം. സാധാരണക്കാരായ ജനങ്ങളിൽ ആശയക്കുഴപ്പമുണ്ടാക്കരുത്. ബഹുമാനപ്പെട്ട മുഖ്യമന്ത്രിയും മറ്റു രാഷ്ട്രീയ നേതാക്കളും സനാതന ധർമ്മത്തെ അധിക്ഷേപിക്കുന്ന പ്രസ്താവനകൾ പിൻവലിച്ച് മാപ്പ് പറയണമെന്നും ആര്യസമാജം കേരള ഘടകം ആവശ്യപ്പെടുന്നു.

🙏
കെ. എം. രാജൻ മീമാംസക്
ആര്യപ്രചാരക് & അധിഷ്ഠാതാവ്
വേദഗുരുകുലം, കാറൽമണ്ണ

dayanand200

vedamargam2025

aryasamajamkeralam