യജ്ഞ സാമഗ്രി നിർമ്മാണ പ്രശിക്ഷണം

Blog News Notices Print Media

യജ്ഞാനുഷ്ഠാനത്താൽ ആധ്യാത്മികവും ഭൗതികവുമായ അനേകം പ്രയോജനങ്ങൾ ഉള്ളതായി ആർഷ ശാസ്ത്രങ്ങൾ പ്രകീർത്തിക്കുന്നുണ്ട്.

സ്വർഗ്ഗകാമോയജേത സ്വർഗം (സുഖം) ആഗ്രഹിക്കുന്നവർ യജ്‌ഞം ചെയ്യണം എന്ന് ശതപഥ ബ്രാഹ്മണം പറയുന്നു. ശ്രേഷ്ഠ ബുദ്ധി, സൽകീർത്തി, സൽസന്താനം, ഐശ്വര്യം എന്നിവക്ക് പുറമേ രോഗങ്ങളിൽ നിന്ന് മുക്തിയും യജ്ഞത്തിന്റെ പ്രയോജനമാണ്.

അപസ്മാരം, മാനസികമായ അസ്വാസ്ഥ്യങ്ങള്‍, സ്ഥിരമായ മൈഗ്രേന്‍, ക്ഷയം, ഗര്‍ഭസംബന്ധമായ രോഗങ്ങള്‍, പ്രമേഹം, രക്തസമ്മര്‍ദ്ദം, കുഷ്ഠം, പൊണ്ണത്തടി, ത്വക്ക് രോഗങ്ങള്‍, കടുത്ത ആസ്ത്മ, സോറിയാസിസ് എന്നിവയുള്ളവർ ഉചിതമായ ഹവിസ്സുകളാൽ നിഷ്ഠയോടെ രണ്ടുനേരവും അഗ്നിഹോത്രം ചെയ്‌താൽ അവക്ക് ശമനമുണ്ടാകുമെന്ന് ആയുർവേദ ഗ്രന്ഥങ്ങളിലും ആധുനിക ശാസ്ത്ര ഗവേഷണങ്ങളിലും വ്യക്തമാക്കപ്പെട്ടിട്ടുണ്ട്.

യയാ പ്രയുക്തയാ ചേഷ്ഠയാ രാജയക്ഷ്മാ പുരാജിതഃ.
താം വേദവിഹിതാമിഷ്ടിമാരോഗ്യാര്‍ത്ഥീ പ്രയോജയേത്.
(ആയുര്‍വ്വേദാചാര്യനായ ചരകന്‍ ചികിത്സാസ്ഥാനത്തില്‍ 8.189)

അര്‍ത്ഥം: പ്രാചീനകാലത്ത് രാജയക്ഷ്മം തുടങ്ങിയ മഹാരോഗങ്ങള്‍ യജ്ഞം കൊണ്ടാണ് നിവാരണം ചെയ്തത്. ആരോഗ്യപൂര്‍ണ്ണമായ ജീവിതം നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ വേദത്തില്‍ പറഞ്ഞ ഹോമത്തെ അനുഷ്ഠിക്കൂ.

അഗ്നിഹോത്രത്തിൽ നിന്ന് മേല്പറഞ്ഞ പ്രയോജനങ്ങൾ ലഭിക്കണമെങ്കിൽ യജ്ഞത്തിൽ ഉപയോഗിക്കുന്ന സമിധ, ഹവിസ്സ് എന്നിവ ഉണ്ടാക്കുന്നതും മന്ത്രോച്ചാരണം നടത്തുന്നതുമെല്ലാം വിധിയാം വണ്ണം ആയിരിക്കണം.

ഇത്തരത്തിൽ അഗ്നിഹോത്രത്തിന്റെ ശാസ്ത്രീയ വശങ്ങളെ പരിചയപ്പെടുത്തുന്ന ഒരു ശില്പശാല 2023 ഡിസംബർ 31ന് ഞായറാഴ്ച കാലത്ത് 10 ന് കാറൽമണ്ണ വേദഗുരുകുലത്തിൽ വെച്ച് നടത്തുന്നു. സമിധ, സാമഗ്രികൾ, ഹവിസ്സ് എന്നിവ എങ്ങനെ തയ്യാറാക്കണം, എത്ര അളവിൽ ഉപയോഗിക്കണം, മന്ത്രോച്ചാരണം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ തുടങ്ങിയ വിഷയങ്ങൾ ഉൾക്കൊള്ളുന്ന ഈ ശില്പശാല നയിക്കുന്നത് ആര്യജഗത്തിലെ ഉന്നത സംന്യാസിവര്യനും വേദഗുരുകുലം രക്ഷാധികാരിയുമായ സ്വാമി ആശുതോഷ് ജി പരിവ്രാജക് ആണ്. ഈ ശിൽപ്പശാലയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും ബന്ധപ്പെടുക: +91 9497525923, 9446575923